Back To Top

 ഹജ്ജിന് പുറപ്പെടുന്നവരുടെ സംശയങ്ങൾക്ക് മറുപടി

ഹജ്ജിന് പുറപ്പെടുന്നവരുടെ സംശയങ്ങൾക്ക് മറുപടി

Spread the love

ഹജ്ജിന് പണം കെട്ടുന്ന സമയത്ത് ഞാൻ എന്റെ കസിനിന്റെ പക്കൽനിന്ന് കുറച്ച് സംഖ്യ കടം വാങ്ങിയിരുന്നു. ഞാൻ വാങ്ങിയതിലും കൂടുതൽ സംഖ്യ എന്റെ ചില പാർട്ട്ണർഷിപ്പ് ബിസിനസ്സിൽ ഇട്ടിട്ടുണ്ട്. ആ സംഖ്യ പെട്ടെന്ന് പിൻവലിക്കാൻ പറ്റാത്തതുകൊണ്ടാണ് കസിനിന്റെ പക്കൽനിന്ന് കടം വാങ്ങിയത്. ആ കാര്യം അവനെ അറിയിച്ചിട്ടുമുണ്ട്. എന്റെ കടത്തിന്റെ ഉത്തരവാദിത്വം എന്റെ മകനെ ഞാൻ ഏൽപിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തിൽ ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന ശേഷം, വാങ്ങിയ സംഖ്യ തിരിച്ചു തരുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഞാൻ ഇപ്രകാരം ഹജ്ജിന് പോകുന്നതിൽ തെറ്റുണ്ടോ?

ഇല്ല. ഹജ്ജ് യാത്രക്ക് മുമ്പ് അവധിയെത്തിയ കടം തിരിച്ചേൽപിക്കണമെന്നും അവധിയെത്താത്ത കടം യഥാസമയം വീട്ടാൻ ഏർപ്പാട് ചെയ്യണമെന്നുമാണ് നിയമം. ഇവിടെ ഒരു താൽക്കാലിക അഡ്ജസ്റ്റ്‌മെന്റായി താങ്കൾ വാങ്ങിയ കടം ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമേ കൊടുക്കേണ്ടതുള്ളൂ. അതിനുള്ള സാമ്പത്തിക ശേഷിയും താങ്കൾക്കുണ്ട്. അവശ്യ സന്ദർഭത്തിൽ വേണ്ടത് ചെയ്യാൻ മകനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ. ഈ സാഹചര്യത്തിൽ താങ്കൾ ഹജ്ജിന് പോകുന്നതിന് തടസ്സമില്ല.

ഹജ്ജ് കർമങ്ങൾക്ക് തടസ്സം നേരിടാതിരിക്കാൻ സ്ത്രീകൾക്ക് ആർത്തവം പിന്തിക്കാനുള്ള മരുന്ന് ഉപയോഗിക്കാമോ?

ഹജ്ജ് യാത്രയിൽ കർമങ്ങൾ അനുഷ്ഠിക്കാൻ തടസ്സമാകുമെന്ന ആശങ്കയുള്ള സ്ത്രീകൾക്ക് ആർത്തവം പിന്തിക്കാനുള്ള മരുന്ന് കഴിക്കാവുന്നതാണ്. ദീനിൽ നിഷിദ്ധമല്ലാത്തതും ശരീരത്തിന് ദോഷം വരുത്താത്തതുമായ മരുന്നായിരിക്കണം എന്നേയുള്ളൂ.

ഒരാൾക്ക് ജീവിതത്തിൽ ഒരു പ്രാവശ്യമേ ഹജ്ജ് നിർബന്ധമുള്ളൂ എന്നിരിക്കെ ഒന്നിലധികം പ്രാവശ്യം ഹജ്ജ് നിർവഹിക്കുന്നതിന്റെ വിധിയെന്താണ്?

ഒരാൾക്ക് ജീവിതത്തിൽ ഒരു പ്രാവശ്യമേ ഹജ്ജ് നിർബന്ധമുള്ളൂവെങ്കിലും ഒന്നിലധികം പ്രാവശ്യം ഹജ്ജ് ചെയ്യുന്നത് വിരോധിക്കപ്പെട്ടിട്ടില്ല. ഹജ്ജും ഉംറയും തുടർച്ചയായി ചെയ്യുന്നതിന്റെ പുണ്യവും പ്രതിഫലവും വിവരിക്കുന്ന ഹദീസുകളും വന്നിട്ടുണ്ട്. ഹജ്ജത്തുൽ വിദാഇൽ നബി(സ)യുടെ കൂടെ ഹജ്ജ് ചെയ്തവരിൽ പലരും മുൻവർഷം അബൂബക്ർ(റ)ന്റെ നേതൃത്വത്തിൽ നടന്ന ഹജ്ജിൽ പങ്കെടുത്തവരായിരുന്നു.

സാമ്പത്തിക ശേഷിയില്ലാത്തതിന്റെ പേരിൽ ഹജ്ജ് നിർബന്ധമില്ലാത്ത ഒരാൾ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾക്ക് ഹജ്ജിന് സഹായം ചെയ്തുകൊടുക്കുന്നതിൽ പുണ്യമുണ്ടോ?

പുണ്യമുണ്ട്. ഒരു സൽക്കർമം അനുഷ്ഠിക്കാൻ ആഗ്രഹിച്ച ഒരാളെ അതിന് സഹായിക്കുക എന്നത് പുണ്യകരമാണ്.

മരിച്ചുപോയ ഉമ്മക്കുവേണ്ടി ഹജ്ജും ഉംറയും ചെയ്യുന്നതിന്റെ വിധിയെന്താണ്?

മരിച്ചുപോയ ഉമ്മക്കു വേണ്ടി ഹജ്ജും ഉംറയും ചെയ്യാവുന്നതാണ്. ഹജ്ജ് ചെയ്യുന്ന ആൾ മുമ്പ് തനിക്കു വേണ്ടി ഹജ്ജും ഉംറയും ചെയ്തവനായിരിക്കണം എന്ന ഉപാധിയുണ്ട്. സ്വന്തത്തിന് വേണ്ടി ഹജ്ജും ഉംറയും ചെയ്തവർ മാത്രമേ മറ്റുള്ളവർക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്താൽ അത് സാധുവാകുകയുള്ളൂ.

ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന ഒരാൾ അടുത്ത വർഷവും ഹജ്ജ് നിർവഹിക്കുകയാണെങ്കിൽ അതിന്റെ കൂടെ ഉംറയും നിർവഹിക്കൽ നിർബന്ധമാണോ?

ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന വ്യക്തി ഉംറ കൂടി നിർവഹിച്ചിട്ടുണ്ടെങ്കിൽ അടുത്ത വർഷം നിർവഹിക്കുന്ന ഹജ്ജിന്റെ കൂടെ ഉംറ നിർവഹിക്കൽ നിർബന്ധമില്ല. കാരണം, ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമേ ഹജ്ജ് പോലെ ഉംറയും നിർബന്ധമുള്ളൂ. എങ്കിലും സൗകര്യം ലഭിക്കുകയാണെങ്കിൽ ഹജ്ജ് യാത്രയിൽ ഉംറ കൂടി നിർവഹിക്കലാണ് പുണ്യകരം.

ഭർത്താവ് മരണപ്പെട്ട സ്ത്രീക്ക് ഇദ്ദയിലായിരിക്കെ ഹജ്ജിനുള്ള അനുമതി ലഭിക്കുകയാണെങ്കിൽ എന്ത് ചെയ്യണം?

ഭർത്താവ് മരണപ്പെട്ട സ്ത്രീക്ക് ഇദ്ദയിലായിരിക്കെ ഹജ്ജിന് അനുമതി ലഭിക്കുകയാണെങ്കിൽ ഹജ്ജിന് പുറപ്പെടാൻ പാടില്ല. ഇദ്ദയുടെ കാലം കഴിഞ്ഞ ശേഷമേ യാത്ര പുറപ്പെടാൻ പാടുള്ളൂ.

ഒരു സ്ത്രീ ഹജ്ജിന് പുറപ്പെട്ട ശേഷമാണ് ഭർത്താവ് മരിച്ചതെങ്കിൽ ആ സ്ത്രീ യാത്ര തുടരുകയാണോ, അതോ നാട്ടിലേക്ക് തിരിച്ചുവരികയാണോ വേണ്ടത്?

ഒരു സ്ത്രീ ഹജ്ജിന് പുറപ്പെട്ട ശേഷമാണ് ഭർത്താവ് മരണപ്പെട്ടതെങ്കിൽ നാട്ടിലേക്ക് തിരിച്ചു വരാൻ സാധിക്കുന്ന അവസ്ഥയിലും ഇഹ്‌റാമിൽ പ്രവേശിക്കുന്നതിനു മുമ്പുമാണെങ്കിൽ, പ്രബലമായ അഭിപ്രായമനുസരിച്ച് യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു വരികയാണ് വേണ്ടത്. നാട്ടിലേക്ക് തിരിച്ചുവരാൻ സാധിക്കാത്ത അവസ്ഥയിലും ഇഹ്‌റാമിൽ പ്രവേശിച്ച ശേഷവുമാണെങ്കിൽ ഉദ്ദേശിച്ച കർമം പൂർത്തിയാക്കി തിരിച്ചുവന്നാൽ മതി. പക്ഷേ, ഭർത്താവ് മരണപ്പെട്ട സ്ത്രീ ഇദ്ദയുടെ സമയത്ത് പാലിക്കേണ്ട മര്യാദകൾ പാലിക്കൽ ഏതവസ്ഥയിലും നിർബന്ധമാണ്.

ഏതോ കാരണത്താൽ പിണങ്ങി നിൽക്കുന്ന ഒരു വ്യക്തിയോട് ഹജ്ജിന് പുറപ്പെട്ട വ്യക്തി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചിട്ട് വിജയിച്ചില്ല. എങ്കിൽ ഹജ്ജിന് പോകുന്ന വ്യക്തി എന്ത് ചെയ്യണം? അയാളുടെ ഹജ്ജ് സ്വീകരിക്കപ്പെടുകയില്ലേ?

ഹജ്ജ് യാത്രികൻ യാത്രക്കു മുമ്പായി എല്ലാ പിണക്കങ്ങളും തീർത്ത് പുറപ്പെടുകയാണ് വേണ്ടത്. അതിന് ശ്രമിക്കാതെ ഹജ്ജിന് പോകുന്ന വ്യക്തിയുടെ ഹജ്ജ് അല്ലാഹു സ്വീകരിച്ചുകൊള്ളണമെന്നില്ല. എന്നാൽ, ഒരാൾ എത്ര ആത്മാർഥമായ ശ്രമങ്ങൾ നടത്തിയിട്ടും അത് വിജയിക്കുന്നില്ലെങ്കിൽ അതിൽ അയാൾ കുറ്റക്കാരനാവുകയോ അത് ഹജ്ജിന്റെ സ്വീകാര്യതയെ ബാധിക്കുകയോ ചെയ്യുകയില്ല. ബന്ധപ്പെട്ട വ്യക്തിയുടെ ഹിദായത്തിനും മാനസാന്തരത്തിനും വേണ്ടി പ്രാർഥിക്കുകയാണ് വേണ്ടത്.

എനിക്ക് ഇരുപത് പവന്റെ ആഭരണമുണ്ട്. അതിൽനിന്ന് പത്ത് പവന്റെ ആഭരണങ്ങൾ വിറ്റാണ് ഞാൻ ഹജ്ജിന് പോകുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ഈ ആഭരണങ്ങൾ ഞാൻ ഉപയോഗിക്കുന്നുവെങ്കിലും ഞാനിതുവരെ അതിന്റെ സകാത്ത് നൽകിയിട്ടില്ല. അതിന് ഞാൻ സകാത്ത് നൽകേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എത്ര? പ്രസ്തുത ആഭരണം വിറ്റ് ഹജ്ജിന് പോകുന്നത് ശരിയാണോ?

താങ്കളുടെ ഉടമസ്ഥതയിലുള്ള ആഭരണത്തിന്റെ ഒരുഭാഗം വിറ്റുകിട്ടുന്ന സംഖ്യ ഉപയോഗിച്ച് ഹജ്ജിന് പോകുന്നതിൽ ഒരു പ്രശ്‌നവുമില്ല. പക്ഷേ, താങ്കളുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾക്ക് മുഴുവൻ കഴിഞ്ഞ വർഷങ്ങളിലെ സകാത്ത് കണക്കാക്കി നൽകേണ്ടതാണ്. ഓരോ വർഷവും ആകെ ആഭരണത്തിന്റെ രണ്ടര ശതമാനമാണ് സകാത്തായി നൽകേണ്ടത്. ആഭരണങ്ങളുടെ സകാത്തിന്റെ കാര്യത്തിൽ പ്രബലമായ അഭിപ്രായ പ്രകാരം എൺപത്തിയഞ്ച് ഗ്രാം ഉണ്ടെങ്കിൽ, ആഭരണമല്ലാത്ത സ്വർണം പോലെത്തന്നെ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകേണ്ടതാണ്.

അൻപത് ത്വവാഫ് ചെയ്താൽ അതിന് ഒരു ഹജ്ജിന്റെ പ്രതിഫലം ലഭിക്കുമെന്ന് ചിലർ പറയുന്നത് ശരിയാണോ?

ശരിയല്ല. അതിന് ഒരടിസ്ഥാനവുമില്ല.

മരണപ്പെട്ട കുറേ ആളുകൾക്ക് വേണ്ടി ഒരു ഉംറ ചെയ്താൽ അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?

ലഭിക്കുകയില്ല. ഒരു ഉംറയുടെ പ്രതിഫലം ഒരാൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഹജ്ജും അങ്ങനെത്തന്നെയാണ്.

എനിക്ക് വിവാഹ പ്രായമെത്തിയ ഒരു മകളുണ്ട്. അവൾ പഠിക്കുകയാണ്. ഈ സാഹചര്യത്തിൽ ഞാൻ ഹജ്ജിന് പോകുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

ഇല്ല. പരിശുദ്ധ ഭൂമിയിൽ പോയി ഹജ്ജ് നിർവഹിച്ച് തിരിച്ചുവരാനും തിരിച്ചു വരുന്നതുവരെ താൻ ചെലവിന് കൊടുക്കേണ്ടവരുടെ ചെലവിനും ആവശ്യമായ സംഖ്യയുള്ളവർക്കെല്ലാം ഹജ്ജ് നിർബന്ധമാകുന്നു. പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടി വളർന്നുവലുതായി അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കുക എന്നത് ഹജ്ജ് നിർബന്ധമാകാനുള്ള ഉപാധിയല്ല.

ഇഹ്‌റാമിൽ പുരുഷന്മാർക്ക് തുന്നിയ വസ്ത്രം ധരിക്കാൻ പാടില്ലല്ലോ. അപ്പോൾ ഇടക്ക് മൂത്രം പോകുന്ന അസുഖമുള്ളവർ എന്ത് ചെയ്യും?

ഇഹ്‌റാമിൽ ധരിക്കാൻ പാടില്ല എന്ന് പറഞ്ഞ തുന്നിയ വസ്ത്രം കൊണ്ട് ഉദ്ദേശിച്ചത് ശരീരത്തിന്റെ ആകൃതിയിലോ ഏതെങ്കിലും അവയവത്തിന്റെ ആകൃതിയിലോ വൃത്തത്തിൽ തുന്നിയതാണ്. ഷർട്ട്, ബനിയൻ, അണ്ടർ വെയർ, പാന്റ്‌സ്, പൈജാമ തുടങ്ങിയവ ഉദാഹരണം. എന്നാൽ, തുന്നിയതാണെങ്കിലും വൃത്താകൃതിയിലല്ല തുന്നിയതെങ്കിൽ കോണകം പോലെയുള്ള അടിവസ്ത്രം ഉപയോഗിക്കുന്നതിന് വിരോധമില്ല. എവിടെയെങ്കിലും തുന്നലുണ്ടാകുന്നത് പ്രശ്‌നമല്ല.

ഇഹ്‌റാഹിനു ശേഷം ഷൂ ധരിക്കാമോ?

ഇഹ്‌റാമിൽ ഞെരിയാണി മൂടാത്ത പാദരക്ഷയാണ് പുരുഷന്മാർ ധരിക്കേണ്ടത്. സ്ത്രീകൾക്ക് ഞെരിയാണി മൂടുന്ന പാദരക്ഷയും ധരിക്കാവുന്നതാണ്.

ഇഹ്‌റാം ചെയ്ത വ്യക്തി സുഗന്ധമുള്ള എണ്ണയും സോപ്പും ഉപയോഗിക്കാൻ പാടുണ്ടോ?

ഇഹ്‌റാമിൽ പ്രവേശിക്കുന്നതിന് മുമ്പ് ശരീരത്തിൽ സുഗന്ധം പൂശുന്നത് സുന്നത്താണെങ്കിലും ഇഹ്‌റാം ചെയ്ത ശേഷം സുഗന്ധമുള്ള എണ്ണ, സോപ്പ് മുതലായ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.

മദീന വഴി ഹജ്ജിന് പോകുന്ന ഒരു സ്ത്രീ മീഖാത്തിൽ വെച്ച് ഉംറക്ക് ഇഹ്‌റാം ചെയ്യുകയാണെങ്കിൽ അത് മരിച്ചുപോയ തന്റെ ഭർത്താവിന് വേണ്ടി ആകുന്നതിന് വിരോധമുണ്ടോ?

മദീന വഴി ഹജ്ജിന് പോകുന്ന സ്ത്രീ മുമ്പ് തനിക്കുവേണ്ടി ഉംറ ചെയ്തിട്ടുണ്ടെങ്കിൽ മീഖാത്തിൽ വെച്ച്, മരിച്ചു പോയ ഭർത്താവിനു വേണ്ടി ഉംറക്ക് ഇഹ്‌റാം ചെയ്യുന്നതിന് വിരോധമില്ല. മുമ്പ് ഉംറ ചെയ്യാത്ത സ്ത്രീയാണെങ്കിൽ ആദ്യമായി ചെയ്യുന്ന ഉംറയും ഹജ്ജും തനിക്കു വേണ്ടിയായിരിക്കണം. മറ്റുള്ളവർക്കു വേണ്ടി ഹജ്ജും ഉംറയും നിർവഹിക്കുന്നവർ അവ രണ്ടും ആദ്യമായി തങ്ങൾക്കു വേണ്ടി നിർവഹിച്ചവരായിരിക്കണം.

ഇഹ്‌റാം ചെയ്ത ഒരാൾ മസ്ജിദുൽ ഹറാമിൽ പ്രവേശിച്ച ശേഷം ആദ്യമായി ചെയ്യേണ്ടത്, രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്‌കാരമാണോ അതോ ത്വവാഫോ?

ഇഹ്‌റാം ചെയ്ത വ്യക്തി മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുമ്പോൾ ജമാഅത്ത് നമസ്‌കാര സമയമല്ലെങ്കിൽ ത്വവാഫ് ചെയ്യുകയാണ് വേണ്ടത്; ജമാഅത്ത് നമസ്‌കാരം നടക്കുന്ന സമയമാണെങ്കിൽ അതിൽ പങ്കെടുക്കുകയും. ജമാഅത്ത് നമസ്‌കാരം നടക്കാത്ത സമയത്ത് പ്രവേശിക്കുന്ന ആൾക്ക് ഉടനെ ത്വവാഫ് ചെയ്യാൻ ഉദ്ദേശ്യമില്ലെങ്കിൽ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ച ശേഷം ഇരുന്നാൽ മതി.

സ്ത്രീകൾ ത്വവാഫ് വേളയിൽ മാസ്‌ക് ധരിക്കുന്നതിന് വിരോധമുണ്ടോ?

ഇല്ല. സ്ത്രീകൾ മുഖം മൂടി ധരിക്കുന്നതേ വിരോധിക്കപ്പെട്ടിട്ടുള്ളൂ.

ത്വവാഫ് ചെയ്യുന്നതിനിടയിൽ വുദൂഅ് മുറിഞ്ഞു പോയാൽ എന്ത് ചെയ്യണം? വീണ്ടും വുദൂഅ് ചെയ്ത് വരികയാണെങ്കിൽ ത്വവാഫ് പുനരാരംഭിക്കേണ്ടത് എവിടെ നിന്നാണ്?

ത്വവാഫിനിടയിൽ വുദൂഅ് മുറിഞ്ഞു പോവുകയാണെങ്കിൽ വീണ്ടും വുദൂഅ് എടുത്ത് ത്വവാഫ് പുനരാരംഭിക്കുകയാണ് വേണ്ടത്. ത്വവാഫ് മുറിഞ്ഞുപോയ കറക്കം മുതൽ പുനരാരംഭിച്ചാൽ മതി. പക്ഷേ, കറക്കത്തിന്റെ ഇടക്കുവെച്ചാണ് ത്വവാഫ് മുറിഞ്ഞു പോയതെങ്കിൽ മുറിഞ്ഞുപോയ കറക്കം പരിഗണിക്കപ്പെടുകയില്ല. അതിന് പകരം അവസാനത്തിൽ ഒരു കറക്കം വർധിപ്പിച്ചാൽ മതി.

ത്വവാഫിനിടയിൽ വെച്ച് സ്ത്രീക്ക് ആർത്തവമുണ്ടായാൽ എന്താണ് ചെയ്യേണ്ടത്?

ത്വവാഫിനിടയിൽ സ്ത്രീക്ക് ആർത്തവമുണ്ടായാൽ ഉടനെ ത്വവാഫ് അവസാനിപ്പിച്ച് പള്ളിയിൽനിന്ന് പുറത്തു പോവുകയാണ് വേണ്ടത്. പിന്നീട് ശുദ്ധിയായ ശേഷം നഷ്ടപ്പെട്ട ത്വവാഫ് നിർവഹിച്ചാൽ മതി.

സ്വഫാ-മർവക്കിടയിലെ സഅ്‌യിന് വുദൂഅ് നിർബന്ധമാണോ? നിർബന്ധമല്ലെങ്കിൽ ത്വവാഫിന് ശേഷം ആർത്തവമുണ്ടായ സ്ത്രീക്ക് സഅ്‌യ് നടത്താമോ?

പ്രബലമായ അഭിപ്രായമനുസരിച്ച് സഅ്‌യിന് വുദൂഅ് നിർബന്ധമില്ല. ത്വവാഫിനു ശേഷം ആർത്തവമുണ്ടായ സ്ത്രീ സഅ്‌യ് നിർവഹിക്കുന്നതിന് വിരോധമില്ല. സ്വഫാ മർവക്കിടയിൽ സഅ്‌യ് നടത്തുന്ന സ്ഥലം പള്ളിയിൽ പെടാത്തതിനാൽ അവിടെ ആർത്തവകാരികൾ പ്രവേശിക്കുന്നതിന് വിരോധമില്ല.

ചെരിപ്പ് സൂക്ഷിച്ച ബാഗ് തോളിലിട്ട് ത്വവാഫ് ചെയ്യുന്നത് ശരിയാകുമോ? മൂത്രപ്പുരയിലും മറ്റും പോകുമ്പോൾ ചെരിപ്പിൽ നജസാകാൻ സാധ്യതയില്ലേ?

നജസായിട്ടുണ്ട് എന്ന് ഉറപ്പില്ലാത്ത ചെരിപ്പ് ബാഗിലിട്ട് ത്വവാഫ് ചെയ്യുന്നതിന് വിരോധമില്ല. നജസായിട്ടുണ്ട് എന്ന് ഉറപ്പുള്ള ചെരിപ്പ് ത്വവാഫ് വേളയിൽ ചുമക്കുന്നത് ശരിയല്ല. മൂത്രപ്പുരകളിൽ ചെരിപ്പ് കഴുകാനുള്ള സൗകര്യമുള്ളതിനാൽ ചെരിപ്പിൽ നജസുണ്ടാകുമെന്ന് പറയുന്നതിന് അർഥമില്ല.

ഇഹ്‌റാം ചെയ്ത ആൾക്ക് ടവ്വൽ, കണ്ണട, മോതിരം, ബെൽറ്റ്, തുന്നിയ ബാഗ് എന്നീ വസ്തുക്കൾ ഉപയോഗിക്കുന്നതിന് വിരോധമുണ്ടോ?

വിരോധമില്ല.

ത്വവാഫ് വേളയിൽ സ്ത്രീകൾ മുൻകൈ മറയ്ക്കുന്നതിന് വിരോധമുണ്ടോ?

ഇഹ്‌റാം ചെയ്ത സ്ത്രീ കൈയുറയും മുഖംമൂടുന്ന ബുർഖയും ധരിക്കുന്നത് വിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും അന്യപുരുഷന്മാരുടെ മുമ്പിൽവെച്ച് വസ്ത്രം കൊണ്ട് മുഖവും മുൻകൈയും മറയ്ക്കുന്നതിന് വിരോധമില്ല. പ്രവാചക പത്‌നിമാർ അങ്ങനെ ചെയ്തിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ഇഹ്‌റാം ചെയ്തശേഷം മുടി കൊഴിഞ്ഞു പോകുകയാണെങ്കിൽ എന്ത് ചെയ്യണം?

ഇഹ്‌റാം ചെയ്ത ശേഷം ഉദ്ദേശ്യ പൂർവമല്ലാതെ മുടികൊഴിഞ്ഞു പോവുകയാണെങ്കിൽ അതിന് പ്രായശ്ചിത്തമൊന്നും വേണ്ടതില്ല. മനഃപൂർവം മുടിവെട്ടുകയോ പറിക്കുകയോ ചെയ്യുന്നതാണ് വിരോധിക്കപ്പെട്ടിട്ടുള്ളത്.

ഹജ്ജിനുള്ള ഒരു യാത്രയിൽ, ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ ഒന്നിലധികം ആളുകൾക്ക് വേണ്ടി ഒന്നിലധികം ഉംറ ചെയ്യുന്നതിന്റെ വിധിയെന്താണ്?

പല ആളുകളും ഒരു യാത്രയിൽ ഒന്നിലധികം ആളുകൾക്ക് വേണ്ടി ഉംറ ചെയ്യാറുണ്ടെങ്കിലും നബി(സ)യുടെയും സ്വഹാബിമാരുടെയും ജീവിതത്തിൽ അതിന് മാതൃകയില്ലാത്തതിനാൽ പ്രമുഖ പണ്ഡിതന്മാർ അത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. അശുദ്ധി കാരണത്താൽ സ്വതന്ത്രമായ ഒരു ഉംറ നിർവഹിക്കാൻ സാധിക്കാതിരുന്നതിനാൽ സങ്കടപ്പെട്ട ആഇശ(റ)ക്ക് സഹോദരന്റെ കൂടെ തൻഈമിൽ പോയി ഇഹ്‌റാം ചെയ്ത് ഉംറ നിർവഹിക്കാൻ അനുവാദം നൽകിയ ഒരു സംഭവമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ആഇശ(റ) യുടെ കൂടെ പോയ സഹോദരൻ അബ്ദുർറഹ്മാൻ(റ) ഉംറ നിർവഹിക്കുകയുണ്ടായില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ആഇശ(റ)യെപ്പോലെ സ്വതന്ത്രമായ ഉംറ നിർവഹിക്കാൻ സൗകര്യം ലഭിക്കാത്തവർക്ക് അങ്ങനെ ചെയ്യാമെന്നതല്ലാതെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പല ആളുകൾക്കുമായി ഉംറ ആവർത്തിച്ച് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല. മറ്റുള്ളവർക്കുവേണ്ടി ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ അതിനുവേണ്ടി പ്രത്യേകം യാത്ര ചെയ്യുകയാണ് വേണ്ടത്.

ചില ആളുകൾ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ വെച്ച് നമസ്‌കാരം ജംഉം ഖസ്വ്‌റുമാക്കാതെ പൂർത്തിയാക്കി നമസ്‌കരിക്കുന്നതായി കാണാറുണ്ട്. പ്രവാചക ചര്യയനുസരിച്ച് അവിടങ്ങളിൽ വെച്ചുള്ള നമസ്‌കാരങ്ങൾ എങ്ങനെയാണ് നിർവഹിക്കേണ്ടത്?

ഹജ്ജ് ദിവസങ്ങളിൽ മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ വെച്ച് എല്ലാ നമസ്‌കാരവും ജംഉം ഖസ്വ്‌റുമാക്കാതെ നിർവഹിക്കുന്നത് നബി(സ)യുടെ ചര്യക്കെതിരാണ്. ‘ഹജ്ജ് കർമങ്ങൾ എന്നിൽനിന്ന് കണ്ട് മനസ്സിലാക്കി അങ്ങനെ ചെയ്യുക’ എന്നാജ്ഞാപിച്ച നബി(സ) മിനായിൽ വെച്ച് ഓരോ നമസ്‌കാരവും ജംഅ് ആക്കാതെ അതതിന്റെ സമയത്താണ് നിർവഹിച്ചിരുന്നത്. എന്നാൽ ളുഹ്ർ, അസ്വ്ർ, ഇശാഅ് എന്നീ നമസ്‌കാരങ്ങൾ ഖസ്വ്ർ ആക്കി രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിച്ചത്. അറഫയിൽ വെച്ച് ളുഹ്‌റും അസ്വ്‌റും ജംഉം ഖസ്വ്‌റുമാക്കി ളുഹ്‌റിന്റെ സമയത്ത് രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിച്ചത്. അന്ന് മഗ്‌രിബും ഇശാഉം മുസ്ദലിഫയിൽ എത്തിയ ശേഷം മഗ്‌രിബ് മൂന്ന് റക്അത്തും ഇശാഅ് രണ്ട് റക്അത്തും ഒന്നിച്ച് നമസ്‌കരിക്കുകയാണുണ്ടായത്. നബി(സ)യുടെ കൂടെ ഹജ്ജ് നിർവഹിച്ച മക്കാനിവാസികളും അങ്ങനെത്തന്നെ നമസ്‌കരിച്ചു. ഹജ്ജ് വേളയിലെ പ്രസ്തുത നമസ്‌കാരങ്ങൾ ഹജ്ജ് കർമങ്ങളുടെ ഭാഗമായി പണ്ഡിതന്മാർ കാണുന്നു.

ഹജ്ജിന് മുടിയെടുക്കേണ്ടതിനാൽ ഉംറയിൽ തലമുണ്ഡനം ചെയ്യുന്നതിനെക്കാൾ മുടിവെട്ടുന്നതല്ലേ നല്ലത്?

ഉംറ നിർവഹിച്ച ശേഷം ഹജ്ജിന് കൂടുതൽ ദിവസം അവശേഷിക്കുന്നില്ലെങ്കിൽ ചോദ്യത്തിൽ സൂചിപ്പിച്ച പോലെ മുടിവെട്ടുകയാണ് നല്ലത്. കൂടുതൽ ദിവസം അവശേഷിക്കുന്നുണ്ടെങ്കിൽ തല മുണ്ഡനം ചെയ്യുന്നത് തന്നെയാണ് ഉത്തമം.

ഹാജിമാർ നിർവഹിക്കേണ്ട ബലികർമം ഏതെല്ലാമാണ്? ബലിമൃഗങ്ങളുടെ മാംസം അറുക്കുന്നവർക്ക് ഭക്ഷിക്കാമോ?

എല്ലാ ഹാജിമാരും ഒരേ പോലെ നിർവഹിക്കേണ്ട ബലികർമമില്ല. ഓരോരുത്തരും സ്വീകരിച്ച കർമങ്ങളുടെ രീതിയനുസരിച്ച് ബലിയിൽ വ്യത്യാസമുണ്ടാവും. ഉദാഹരണമായി, ഹജ്ജിനു മാത്രം ഇഹ്‌റാം ചെയ്യുന്ന ‘ഇഫ്‌റാദ്’ രൂപത്തിൽ ഹജ്ജ് നിർവഹിക്കുന്നവർക്ക് ബലി നിർബന്ധമില്ല. ഹജ്ജ് മാസങ്ങളിൽ ഉംറ നിർവഹിച്ച് അതേ വർഷം ഹജ്ജ് നിർവഹിക്കുന്ന ‘തമത്തുഅ്’ രൂപത്തിൽ ഹജ്ജ് ചെയ്യുന്നവരും ഹജ്ജും ഉംറയും ഒന്നായി നിർവഹിക്കുന്ന ‘ഖിറാൻ’ രൂപത്തിൽ ഹജ്ജ് ചെയ്യുന്നവരും ബലിയറുക്കൽ നിർബന്ധമാണ്. ആ ബലിക്ക് ‘ഹദ് യ്’ എന്നാണ് പറയുക. അതിന്റെ മാംസം അറുക്കുന്നവർക്ക് ഭക്ഷിക്കാവുന്നതാണ്. ഹജ്ജിൽ നിർബന്ധമായ ഒരു കാര്യം ഉപേക്ഷിക്കുകയോ നിഷിദ്ധമായ ഒരു കാര്യം ചെയ്തുപോവുകയോ ചെയ്തതിന്റെ പേരിൽ നിർബന്ധമായ പ്രായശ്ചിത്ത ബലി (ഫിദ്‌യ) അത് ചെയ്തു പോയവർക്ക് നിർബന്ധമാണ്. അതിന്റെ മാംസം അറുക്കുന്നവർ ഭക്ഷിക്കാൻ പാടില്ല. ഹറമിലെ ദരിദ്രർക്ക് മാത്രം അവകാശപ്പെട്ടതാണത്. ഹജ്ജുമായി ബന്ധമില്ലാത്ത, ബലിപെരുന്നാളിനോടനുബന്ധിച്ച സുന്നത്തായ ബലി (ഉദുഹിയ്യത്ത്) ആണ് മൂന്നാമത്തേത്. അതിന്റെ മാംസം അറുക്കുന്നവർക്കും അനുവദനീയമാണ്.

അറിയാതെ സംഭവിക്കാൻ സാധ്യതയുള്ള അബദ്ധങ്ങളുടെ പ്രായശ്ചിത്തമായി ബലിയറുക്കുന്നതിന് വല്ല അടിസ്ഥാനവുമുണ്ടോ?

ഇല്ല. അറിയാതെ സംഭവിക്കാൻ സാധ്യതയുള്ള അബദ്ധങ്ങളുടെ പേരിൽ ബലിയറുക്കുന്നതിന് ഒരടിസ്ഥാനവുമില്ല.

ഹജ്ജിൽ എത്ര പ്രാവശ്യമാണ് മുടിയെടുക്കേണ്ടത്?

ഹജ്ജിൽ ഒരു പ്രാവശ്യമേ മുടിയെടുക്കേണ്ടതുള്ളൂ. ദുൽഹജ്ജ് പത്തിന് ജംറത്തുൽ അഖബയിൽ കല്ലേറ് കഴിഞ്ഞ ശേഷമാണ് മുടിയെടുക്കേണ്ടത്.

ജംറകളിലെ കല്ലേറ് കഴിഞ്ഞ ശേഷം എന്താണ് പ്രാർഥിക്കേണ്ടത്?

മൂന്ന് ജംറകളിൽ ഒന്നാമത്തെ ജംറയായ ‘ജംറത്തുസ്സുഗ്‌റാ’യിലും രണ്ടാമത്തെ ജംറയായ ‘ജംറത്തുൽ വുസ്ത്വാ’യിലും കല്ലേറ് കഴിഞ്ഞ ശേഷം ഖിബ്‌ലയുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട് കൈ ഉയർത്തി പ്രാർഥിക്കൽ സുന്നത്താണ്. ഐഹികവും പാരത്രികവുമായ ഏത് കാര്യത്തിനു വേണ്ടിയും പ്രാർഥിക്കാം. അവസാനത്തെ ജംറയായ ‘ജംറത്തുൽ അഖബ’യിൽ പ്രാർഥനയില്ല.

ഉംറയിൽ തലമുണ്ഡനം ചെയ്ത ആളുടെ തലമുടി ഹജ്ജ് സമയത്ത് വളർന്നില്ലെങ്കിൽ എന്ത് ചെയ്യും?

തലയിൽ ഉള്ള മുടി കളഞ്ഞാൽ മതി. ഹജ്ജിന് മുമ്പ് മുടി വളരുകയില്ല എന്ന ആശങ്കയുള്ളവർ ഉംറയിൽ മുടിവെട്ടിയാൽ മതി.

ജംറകളിൽ എറിയാൻ ആവശ്യമായ കല്ലുകൾ മുഴുവൻ മുൻകൂട്ടി ശേഖരിച്ചു വെക്കുന്നതിന് വിരോധമുണ്ടോ?

വിരോധമില്ല. ഓരോ ദിവസവും ആവശ്യമായ കല്ലുകൾ അതത് ദിവസം പെറുക്കുന്നതിനും വിരോധമില്ല.

ഹജ്ജ് കർമങ്ങൾ അനുഷ്ഠിക്കേണ്ട സ്ഥലങ്ങളിലേക്ക് കാൽനടയായി പോകുന്നതിന് കൂടുതൽ പുണ്യമുണ്ടോ?

ഹജ്ജ് കർമങ്ങൾ അനുഷ്ഠിക്കേണ്ട സ്ഥലങ്ങളിലേക്ക് കാൽനടയായി പോകുന്നതിന് പ്രത്യേക പുണ്യമൊന്നുമില്ല. ഓരോരുത്തരുടെയും ആരോഗ്യവും സൗകര്യവുമനുസരിച്ച് നടന്നോ വാഹനങ്ങളിലോ പോകാവുന്നതാണ്. ഹജ്ജിന് ജനങ്ങളിൽ വിളംബരം ചെയ്യാൻ ഇബ്‌റാഹീം നബി(അ)യോട് അല്ലാഹു കൽപിച്ചപ്പോൾ, ‘ജനങ്ങൾ കാൽനടയായിട്ടോ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് സവാരി ചെയ്‌തോ അവർ വന്നുകൊള്ളും’ എന്നാണ് പറഞ്ഞത്. നബി(സ) വാഹനപ്പുറത്ത് കയറിയാണ് ഹജ്ജ് കർമങ്ങൾ അനുഷ്ഠിച്ചത്.

ത്വവാഫുൽ ഇഫാദ ദുൽഹജ്ജ് പത്തിനു തന്നെ നിർവഹിക്കേണ്ടതുണ്ടോ?

ത്വവാഫുൽ ഇഫാദ സൗകര്യപ്പെടുമെങ്കിൽ ദുൽഹജ്ജ് പത്തിനു തന്നെ നിർവഹിക്കലാണ് ഉത്തമം. അതിന് സൗകര്യപ്പെടുകയില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും ആകാവുന്നതാണ്. അത് ഹജ്ജിന്റെ റുക്‌നായതിനാലും ഇഹ്‌റാമിൽനിന്ന് പൂർണമായി വിരമിക്കാൻ അത് ഉപാധിയായതിനാലും കഴിയും വേഗത്തിൽ നിർവഹിക്കുകയാണ് നല്ലത്.

ഹജ്ജിലുള്ള പ്രാർഥനകൾ അറബിയിൽ തന്നെ ആയിരിക്കണമെന്ന് നിർബന്ധമുണ്ടോ?

ഹജ്ജിൽ അറബിയിൽ തന്നെ പ്രാർഥിക്കൽ നിർബന്ധമായ പ്രാർഥനയൊന്നുമില്ല. എങ്കിലും ഇഹ്‌റാമിനു ശേഷമുള്ള തൽബിയത്ത്, ത്വവാഫിന്റെ ആരംഭത്തിലും, റുക്‌നുൽ യമാനിക്കും ഹജറുൽ അസ്‌വദിനുമിടയിലുള്ള പ്രാർഥന, സ്വഫായുടെയും മർവയുടെയും മുകളിൽ വെച്ചുള്ള പ്രാർഥന എന്നിവ അറബിയിൽ തന്നെ ആകുന്നതാണ് ഉത്തമം. മനഃപാഠമാക്കാൻ പ്രയാസമില്ലാത്ത പ്രസ്തുത പ്രാർഥനകൾ അർഥമറിഞ്ഞ് ഹൃദയ സാന്നിധ്യത്തോടെ ചൊല്ലുകയാണ് വേണ്ടത്. വിവിധ സ്ഥലങ്ങളിൽ നടത്താനുദ്ദേശിക്കുന്ന പ്രാർഥനകൾ അറബിയിലും മാതൃഭാഷയിലുമാകാവുന്നതാണ്.

ഹജ്ജ് കഴിഞ്ഞ് തിരിച്ചുവരാൻ ദിവസങ്ങൾ ബാക്കിയിരിക്കെ, ഹ്രസ്വസന്ദർശനാർഥം ജിദ്ദയിൽ പോകാൻ ഉദ്ദേശിച്ചവർ അതിനു മുമ്പായി ത്വവാഫുൽ വിദാഅ് ചെയ്യൽ നിർബന്ധമാണോ?

നിർബന്ധമാണ്. അവസാന ബന്ധം പരിശുദ്ധ ഭവനമാകുന്നതുവരെ നിങ്ങളിലൊരാളും പുറപ്പെട്ടുപോകരുതെന്ന് നബി(സ) പ്രസ്താവിച്ചിരിക്കുന്നു.

ഹജ്ജിന്റെ കർമങ്ങളിൽ ഏതെങ്കിലും മറന്നുപോയാൽ എന്താണതിന്റെ പ്രതിവിധി?

ഓർമയാകുമ്പോൾ ചെയ്താൽ മതി. അതിന് പ്രത്യേക പ്രായശ്ചിത്തമൊന്നും ആവശ്യമില്ല.

ഒരാൾ ഇഹ്‌റാമിലായിരിക്കെ മരണപ്പെടുകയാണെങ്കിൽ അയാളെ സംസ്‌കരിക്കേണ്ടത് സാധാരണ മയ്യിത്തിനെ സംസ്‌കരിക്കുന്നതുപോലെ തന്നെയാണോ?

ഇഹ്‌റാമിലായിരിക്കെ ഒരാൾ മരണപ്പെടുകയാണെങ്കിൽ അയാളെ കുളിപ്പിക്കുകയും ഇഹ്‌റാമിന്റെ വസ്ത്രത്തിൽ തന്നെ കഫൻ ചെയ്യുകയുമാണ് വേണ്ടത്. തല മൂടുവാനോ സുഗന്ധം പൂശുവാനോ പാടില്ല. ഹജ്ജത്തുൽ വിദാഇൽ ഒരു സ്വഹാബി ഒട്ടകപ്പുറത്തുനിന്ന് വീണ് മരണപ്പെട്ടപ്പോൾ അങ്ങനെ ചെയ്യാനാണ് നബി(സ) കൽപിച്ചത്. അദ്ദേഹം പുനർജീവിപ്പിക്കപ്പെടുന്നത് തൽബിയത്ത് ചെല്ലിക്കൊണ്ടായിരിക്കും എന്ന് നബി(സ) പ്രസ്താവിക്കുകയുണ്ടായി.

ഹജ്ജിൽ ഏതെങ്കിലും ദിവസം നോമ്പ് സുന്നത്തുണ്ടോ?

ഹജ്ജിൽ പ്രത്യേക സുന്നത്ത് നോമ്പൊന്നുമില്ല. ഏറെ പുണ്യകരമായ അറഫ നോമ്പുപോലും അറഫയിൽ സംഗമിക്കുന്ന ഹാജിമാർക്ക് സുന്നത്തില്ല. എന്നു മാത്രമല്ല, അത് നിരോധിക്കപ്പെട്ടിരിക്കുന്നു.

സംസം വെള്ളം കുടിക്കാനല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാമോ?

സാധാരണ വെള്ളം ഉപയോഗിക്കുന്ന എല്ലാ ആവശ്യത്തിനും സംസം വെള്ളവും ഉപയോഗിക്കാം.

ഹാജിമാർ കൂടുതൽ സമയം ഉപയോഗിക്കേണ്ടത് വ്യക്തിപരമായ ഇബാദത്തുകൾക്കാണോ, മറ്റുള്ളവർക്ക് സേവനം ചെയ്യാനാണോ?

ഹാജിമാർ വ്യക്തിപരമായ ഇബാദത്തുകൾക്കെന്നപോലെ മറ്റുള്ളവരുടെ സേവനത്തിനും സമയം വിനിയോഗിക്കേണ്ടതാണ്. ജനസേവനവും ആരാധനയാണല്ലോ. ഒരു റമദാനിൽ നബി(സ)യുടെ കൂടെ യാത്രചെയ്തിരുന്ന ചിലർ നോമ്പനുഷ്ഠിക്കുകയും മറ്റു ചിലർ നോമ്പെടുക്കാതിരിക്കുകയും ചെയ്തിരുന്നു. ഉച്ച സമയമായപ്പോൾ നോമ്പുകാർ തളർന്ന് കിടക്കുകയും നോമ്പെടുക്കാത്തവർ ടെന്റ് കെട്ടുക, മൃഗങ്ങൾക്ക് തീറ്റയും വെള്ളവും കൊടുക്കുക തുടങ്ങിയ സേവനങ്ങൾ ചെയ്യുകയും ചെയ്തു. അത് കണ്ട് നബി(സ) പറഞ്ഞു: ”ഇന്ന് നോമ്പെടുക്കാത്തവരാണ് എല്ലാ പ്രതിഫലവും കൊണ്ടുപോയത്.”

നബി(സ)യുടെ റൗദ സന്ദർശിക്കുമ്പോൾ പുതിയ വസ്ത്രം ധരിക്കേണ്ടതുണ്ടോ?

ഇല്ല. റൗദ സന്ദർശിക്കുന്നവർ പുതുവസ്ത്രം ധരിക്കണമെന്നതിന് ഒരടിസ്ഥാനവുമില്ല.

🪀 കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Prev Post

വശ്യമായ വിശുദ്ധ മന്ദിരം

Next Post

മരുഭൂമിയിലെ മഹാദ്ഭുതം

post-bars

Related post

You cannot copy content of this page