പ്രായശ്ചിത്തം
ഭാര്യാസംസർഗ്ഗമൊഴിച്ചുള്ള നിഷിദ്ധകാര്യം വല്ലതും ചെയ്താൽ അതുകൊണ്ട് ഹജ്ജ് നിഷ്ഫലമാവുകയില്ല. അതിനു പ്രായശ്ചിത്തം നൽകൽ നിർബന്ധമാണ്. ഒരു ആടിനെ അറുക്കുകയോ, അതിനു കഴിവില്ലെങ്കിൽ ആറ് അഗതികൾക്കു ഭക്ഷണം നൽകുകയോ, അതും സാധ്യമല്ലെങ്കിൽ മൂന്നുനാൾ നോമ്പനുഷ്ഠിക്കുകയോ ആണ് പ്രായശ്ചിത്തം. ഇഹ്റാമിലായിരിക്കെ ഭാര്യാസംസർഗ്ഗം വഴി ഹജ്ജ് നിഷ്ഫല മാവും. എങ്കിലും ഹജ്ജിന്റെ ബാക്കി കർമ്മങ്ങൾ അനുഷ്ഠിക്കുകയും പ്രായശ്ചിത്തമായി ഒരു ഒട്ടകത്തെ അറുക്കുകയും അടുത്ത വർഷം വീണ്ടും ഹജ്ജ് നിർവ്വഹിക്കുകയും വേണം. ഹജ്ജിന്റെ ബാക്കി കർമ്മങ്ങൾ അനുഷ്ഠിക്കുകയും അടുത്തവർഷം വീണ്ടും ഹജ്ജ് ചെയ്യുകയും മാത്രമാണ് സ്ത്രീക്ക് നിർബന്ധം.
മൂന്ന് മുടിയെങ്കിലും മുറിക്കുകയോ പറിക്കുകയോ ചെയ്താൽ ബലി നിർബന്ധമാണ്. ഒരു മുടി പറിച്ചാൽ ഒരു മുദ്ദ് ഭക്ഷണസാധനവും രണ്ട് മുടിക്കു രണ്ട് മുദ്ദുമാണ് പ്രായശ്ചിത്തം.
ഇഹ്റാമിലാണെന്ന കാര്യം വിസ്മരിച്ചോ, അറിവില്ലാതെയോ തുന്നിയ വസ്ത്രം ധരിക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ ചെയ്താൽ പ്രാ യശ്ചിത്തം നിർബന്ധമില്ല.
വേട്ടമൃഗത്തെ കൊന്നാൽ
ഇഹ്റാമിൽ ഏർപ്പെട്ടിരിക്കെ വേട്ടമൃഗത്തെ കൊന്നാൽ തുല്യമൂല്യമുള്ള മറ്റൊരു മൃഗത്തെ ബലി നൽകുകയോ, അതിന്റെ വില ദരിദ്രർക്കു ദാനം നൽകുകയോ, നോമ്പനുഷ്ഠിക്കുകയോ ചെയ്യണം. ഉരുവിന്റെ വില കണക്കാക്കി അര സാഇന് ഒരു നോമ്പ് എന്ന കണക്കിലാണ് നോമ്പനു ഷ്ഠിക്കേണ്ടത്.
ഒരാളാണ് വേട്ട മൃഗത്തെ കൊന്നതെങ്കിൽ പ്രായശ്ചിത്തത്തിന്റെ മൊത്തം ബാധ്യത അയാൾ കയ്യേൽക്കണം. ഒന്നിലധികം പേരുണ്ടങ്കിൽ അവർ ഒന്നിച്ച് വഹിച്ചാൽ മതി.
ഹറമിലെ മൃഗവും ചെടിയും
ഇഹ്റാമിൽ ഏർപ്പെട്ടാലും ഇല്ലെങ്കിലും ഹറമിലെ മൃഗങ്ങളെ വേട്ടയാടലും സസ്യങ്ങൾ മുറിച്ചു കളയലും എല്ലാവർക്കും നിഷിദ്ധമാണ്. ഹറമിൽ മുളക്കുന്ന ഇദ്ഖർ എന്ന പുല്ലിന് ഈ നിരോധം ബാധകമല്ല. ചെടി മുറിച്ചാൽ അതിന് വിലകെട്ടി ദാനം ചെയ്യണമെന്നാണ് ഇമാം ശാഫിഈ യുടെ പക്ഷം. പ്രകൃത്യാ മുളച്ച് പൊന്തുന്ന ചെടികൾക്ക് മാത്രമേ ഇതു ബാധകമാവുകയുള്ളൂ. മനുഷ്യർ വെച്ചു പിടിപ്പിക്കുന്നവയ്ക്ക് ഇത് ബാധകമല്ല.
ഹജ്ജോ ഉംറയോ ഉദ്ദേശ്യമില്ലെങ്കിൽ മക്കയിൽ പ്രവേശിക്കാൻ ഇഹ്റാം ആവശ്യമില്ല.