ഹജ്ജിന്റെ ശ്രേഷ്ഠത
നിർബന്ധമായ ഹജ്ജ് നിർവഹിക്കാൻ പ്രവാചകൻ വളരെയേറെ പ്രേരണ നൽകിയിട്ടുണ്ട്. ചില റിപ്പോർട്ടുകൾ താഴെ ഉദ്ധരിക്കുന്നു.
അബൂഹുറയ്റയിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നബി (സ)യോട് ആരോ ചോദിച്ചു. കർമങ്ങളിൽ ഏറ്റവും ഉത്തമമായത് ഏതാണ്? തിരുമേനി പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. വീണ്ടും ചോദിക്കപ്പെട്ടു. പിന്നെ ഏത്. പിന്നീട് അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ്. പിന്നീട് ഏത്?” വീണ്ടും ചോദ്യം. തിരുമേനി പ്രതിവചിച്ചു: മബ്റൂറായ ഹജ്ജ്. മബ്റൂറായ ഹജ്ജ് എന്നാൽ പാപം കലരാത്ത ഹജ്ജ് എന്നർത്ഥം.
ഹജ്ജ് ഒരു ജിഹാദ്
1. ഹസനുബ്നു അലിയ്യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “ഒരാൾ നബി(സ)യുടെ അരികിൽ വന്നു പറഞ്ഞു: ഞാൻ ഭീരുവാണ്. വളരെയേറെ ദുർബലനുമാണ്. അവിടന്നു പറഞ്ഞു: എന്നാൽ പരാക്രമമില്ലാത്ത ജിഹാദിലേക്ക് – ഹജ്ജിലേക്ക് – വരൂ. (അബ്ദുർറസ്സാഖ്, ത്വബ്റാനി, ഇതിന്റെ റിപ്പോർട്ടർമാർ പ്രബലരാണ്.)
2. അബൂഹുറയ്റയിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: “വൃദ്ധൻമാരുടെയും ദുർബലരുടെയും സ്ത്രീകളുടെയും ജിഹാദാണ് ഹജ്ജ്” (നസാഇ)
3. ആഇശ (റ)യിൽ നിന്ന് നിവേദനം: അവർ ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകരേ, കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതാണല്ലോ ജിഹാദ്. ഞങ്ങളും ജിഹാദ് ചെയ്യട്ടെയോ? തിരുമേനി പറഞ്ഞു: നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് മബ്റൂറായ ഹജ്ജ് ആണ്. (ബുഖാരി, മുസ്‌ലിം)
4. ബുഖാരിയും മുസ്‌ലിം അവരിൽ നിന്നു തന്നെ ഉദ്ധരിക്കുന്നു. ആഇശ (റ) പറഞ്ഞു: ഞാൻ നബി (സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളും നിങ്ങളോടൊപ്പം യുദ്ധം ചെയ്തു ജിഹാദ് ചെയ്യട്ടെയോ? തിരുമേനി പറഞ്ഞു: നിങ്ങൾക്കുള്ളത് ഏറ്റവും ഉത്തമമായ, ചന്തമാർന്ന ജിഹാദാണ് ഹജ്ജ്. മബ്റൂറായ ഹജ്ജ്. ആഇശ (റ) പറഞ്ഞു: തിരുമേനിയിൽനിന്ന് ഇത് കേട്ടശേഷം ഞാൻ ഹജ്ജ് ഒഴിവാക്കാറില്ല.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp