Back To Top

 മുടികളയലും മുറിക്കലും

മുടികളയലും മുറിക്കലും

Spread the love

ഹജ്ജിൽ നിന്നും ഉംറയിൽ നിന്നും വിരമിക്കുന്നത് തലമുടി കളഞ്ഞു കൊണ്ടോ മുറിച്ചു കൊണ്ടോ ആവണമെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഖുർആൻ വഴിയായും സുന്നത്ത് വഴിയായും സ്ഥിരപ്പെട്ട ഒന്നാണത്. ഖുർആൻ പറയുന്നു:

لقد صدق الله رسوله الرؤيا بالحق لتدخلن المسجد الحرام إن شاء الله آمنین محلقين رؤوسكم ومقصرين لا تخافون (الفتح)
(അല്ലാഹു ഉദ്ദേശിച്ചെങ്കിൽ സമാധാനചിത്തരായും പേടിക്കാതെയും തലമുണ്ഡനം ചെയ്തോ മുടിവെട്ടിയവരായോ നിങ്ങൾ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുമെന്നുള്ള സ്വപ്നം അല്ലാഹു സത്യമായും തന്റെ ദൂതന്ന് യാഥാർത്ഥ്യമാക്കിക്കൊടുത്തു.)
ഹദീഥിൽ ഇപ്രകാരം കാണാം.
أنَّ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ قالَ: رحمَ اللَّهُ المحلِّقينَ قالوا والمقصِّرينَ يا رسولَ اللَّهِ قالَ رحمَ اللَّهُ المحلِّقينَ قالوا والمقصِّرينَ يا رسولَ اللَّهِ قالَ رحمَ اللَّهُ المحلِّقينَ قالوا والمقصِّرينَ يا رسولَ اللَّهِ قالَ والمقصِّرين ( البخاري ومسلم)
(തല മുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് നബി (സ) പ്രാർത്ഥിച്ചു. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, മുടി വെട്ടിയവരെയും നബി (സ) അപ്പോഴും പറഞ്ഞു: തല മുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവർ പറഞ്ഞു: അല്ലാഹു വിന്റെ ദൂതരേ, മുടിവെട്ടിയവരെയും നബി (സ) പിന്നെയും പറഞ്ഞു: തല മുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, മുടിവെട്ടിയവരെയും നബി പറഞ്ഞു. മുടിവെട്ടിയവരെയും)

തഹല്ലുലിന് മുടി വെട്ടിയാലും മതി എന്നും തലമുണ്ഡനം ചെയ്യലാണ് ഏറ്റവും ഉത്തമമെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നു. ചുരുങ്ങിയതു മൂന്നു മുടിയെങ്കിലും വിരൽ വലുപ്പത്തിൽ വെട്ടണം. സ്ത്രീകൾ മുടി കൂട്ടിപ്പിടിച്ച് മുൻഭാഗത്തേക്കെടുത്ത് അറ്റം വിരൽ വലുപ്പത്തിൽ വെട്ടുകയാണ് വേണ്ടത്. അവർ മുടി കളയാൻ പാടില്ല. ഹജ്ജിൽ ഏർപ്പെട്ടവർ മുടി വെട്ടുന്നതു ഹറമിൽ വെച്ച് യൗമുന്നഹ്റിലോ തശ് രീഖിന്റെ ദിവസങ്ങളിലോ ആവണം. ഉംറ ചെയ്യുന്നവർ സഅ് യിനു ശേഷം മർവയുടെ അടുത്തു വെച്ചും. കഷണ്ടി കാരണം മുടിയില്ലെങ്കിൽ കത്തി കൊണ്ട് തലവടിക്കണം. മുടി കളഞ്ഞാൽ മീശവെട്ടലും നഖം മുറിക്കലും സുന്നത്താണ്. സ്ത്രീകൾ മുടിവെട്ടുന്നതു സംബന്ധിച്ച് നബി (സ) പറയുന്നു:
ليس على النساء حلق وإنما على النساء التقصير (أبوداود)
(സ്ത്രീകൾ മുടി കളയരുത്. അവർ മുടിവെട്ടുകയേ ചെയ്യാവൂ.)

Prev Post

ജംറകൾ എറിയൽ

Next Post

ത്വവാഫുൽ ഇഫാദ:

post-bars

Related post

You cannot copy content of this page