ഹജ്ജ് – അനുഷ്ഠിക്കേണ്ടതെപ്പോൾ?
ഹജ്ജ് നിർബന്ധമായാൽ അത് സാവകാശം നിർവഹിച്ചാൽ മതിയെന്നാണ് ശാഫിഈ, സൗരി, ഔസാഈ, മുഹമ്മദുബ്നുൽ ഹസൻ എന്നിവർ അഭിപ്രായപ്പെടുന്നത്. ജീവിതത്തിൽ എപ്പോഴെങ്കിലും അത് നിർവഹിച്ചാൽ മതി. ഹജ്ജ് നിർബന്ധമായ ഒരാൾ അത് പിന്തിച്ചു നിർത്തുകയും മരണത്തിനു മുമ്പായി നിർവഹിക്കുകയും ചെയ്താൽ അയാൾ കുറ്റക്കാരനാവുകയില്ല. കാരണം, നബി (സ) ഹജ് 10-ാം വർഷം വരെ പിന്തിച്ചുനിർത്തുകയുണ്ടായി. തന്റെ പത്നിമാരും ധാരാളം സ്വഹാബികളും അവിടത്തോടൊപ്പമുണ്ടായിരുന്നു. ഹജ്ജ് നിർബന്ധമായതാണെങ്കിൽ 6-ാം വർഷത്തിലും, അത് ഉടനെ നിർവഹിക്കേണ്ടതായിരുന്നുവെങ്കിൽ തിരുമേനി അത് പിന്തിക്കുമായിരുന്നില്ല.
ശാഫിഈ പറയുന്നു: ഹജ്ജ് ജീവിതത്തിൽ ഒരിക്കലാണ് നിർബന്ധമാകുന്നതെന്നും അതിന്റെ സമയം പ്രായപൂർത്തി മുതൽ മരണം വരെയാണെന്നും ഇതിൽ നിന്ന് നമുക്ക് തെളിവു ലഭിക്കുന്നു.
എന്നാൽ അബൂഹനീഫ, മാലിക്, അഹ്മദ്, ശാഫിഇയുടെ ചില അനുയായികൾ, അബൂയൂസുഫ് എന്നിവരുടെ അഭിപ്രായത്തിൽ ഹജ്ജിന്റെ അനുഷ്ഠാനം താമസംവിനാ നിർബന്ധമാവുന്നതാണ്. ഇബ്നു അബ്ബാസിൽ നിന്നുള്ള ഒരു ഹദീസാണ് അവർക്ക് തെളിവ്. നബി (സ) പറഞ്ഞു: “ആരെങ്കിലും ഹജ്ജ് ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ അതുടനെ നിർവഹിച്ചുകൊള്ളട്ടെ. കാരണം, ചിലപ്പോൾ രോഗം വന്നു രോഗിയായേക്കാം. വാഹനം നഷ്ടപ്പെട്ടേക്കാം. (മറ്റു ആവശ്യങ്ങൾ വന്നേക്കാം. (അഹ്മദ്, ബൈഹഖി, ഇബ്നുമാജ)
നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് തന്നെ ഉദ്ധരിക്കുന്നു: ഹജ്ജ് (നിർബന്ധമായത്) നിങ്ങൾ ധൃതിയിൽ അനുഷ്ഠിക്കുക. കാരണം, പിന്നീട് എന്ത് തടസ്സങ്ങളാണ് വന്നുചേരുന്നതെന്ന് നിങ്ങൾക്കറിയില്ല (അഹ്മദ്, ബൈഹഖി). അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ആവശ്യങ്ങളും രോഗങ്ങളുമായി എന്ത് തടസ്സങ്ങളാണ് വന്നു ചേരുന്നതെന്ന് നിങ്ങൾ അറിയില്ല.
ഈ ഹദീസുകൾ നിർബന്ധത്തെയല്ല, സുന്നത്തിനെയാണ് കുറിക്കുന്നതെന്ന് ആദ്യവിഭാഗം പറയും. കാരണം, പ്രായപൂർത്തിക്കുശേഷം ഹജ്ജിനു സാധ്യമായാൽ അതുടനെ നിർവഹിക്കുന്നത് തന്നെയാണ് സുന്നത്ത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp