ഹജ്ജ്, ഉംറ: നിഷിദ്ധങ്ങൾ പ്രവർത്തിച്ചാൽ
ഒരാൾ ഒഴികഴിവുണ്ടായിരിക്കെ ഹജ്ജിൽ നിഷിദ്ധമായ കാര്യങ്ങൾ- സംഭോഗം ഒഴികെ മുടി നീക്കുക, ചൂടിനെയോ തണുപ്പിനെയോ പ്രതിരോധിക്കാൻ തുന്നിയ വസ്ത്രങ്ങൾ ധരിക്കുക മുതലായവ പ്രവർത്തിച്ചാൽ അവൻ ഒരാടിനെ അറുത്ത് ദാനം ചെയ്യുകയോ ഓരോരുത്തർക്കും അര സ്വാഅ് (ഒന്നര ലിറ്റർ) എന്ന തോതിൽ 6 ദരിദ്രർക്ക് ആഹാരം കൊടുക്കുകയോ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുകയോ ചെയ്യേണ്ടതുണ്ട്. ഈ മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അവന് തിരഞ്ഞെടുക്കാവുന്നതാണ്. ഈ നിഷിദ്ധങ്ങളിൽ സംഭോഗമൊഴികെ മറ്റൊന്നുകൊണ്ടും ഹജ്ജ് ദുർബലമാവുകയില്ല.
അബ്ദു റഹ്മാനുബ്നു അബീലൈല കഅ്ബ് ബ്നു ഇജ്റയിൽ നിന്ന്. അദ്ദേഹം പറയുന്നു: “നബി തിരുമേനി (സ) ഹുദൈബിയാഘട്ടത്തിൽ അദ്ദേഹത്തിന്റെ അരികിലൂടെ നടന്നുപോയി. അവിടന്നു ചോദിച്ചു നിനക്ക് ശിരസ്സിനു രോഗം ബാധിച്ചതുമൂലം ഉപദ്രവമുണ്ടായിരിക്കുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: എങ്കിൽ മുടി നീക്കിക്കളയുക. പിന്നീട് ഒരാടിനെ അറുക്കുകയോ മൂന്നുദിവസം നോമ്പനുഷ്ഠിക്കുകയോ മൂന്ന് സ്വാത്ത്കാരക്ക ആറ് ദരിദ്രൻമാർക്ക് നൽകുകയോ ചെയ്യുക ” (ബുഖാരി,മുസ്ലിം, അബൂദാവൂദ്)
അദ്ദേഹത്തിൽ നിന്നുതന്നെയുള്ള മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാണ്. അദ്ദേഹം പറഞ്ഞു ഹുദൈബിയാവർഷത്തിൽ ഞാൻ തിരുമേനിയുടെ കൂടെയായിരിക്കെ, എനിക്ക് ശിരസ്സിന് രോഗം ബാധിച്ചു. രോഗംകാരണം എന്റെ കണ്ണിനെക്കുറിച്ചുപോലും ഭീതിയായി അപ്പോഴാണ് അല്ലാഹു അവതരിപ്പിച്ചത് നിങ്ങളിൽ ഒരാൾ രോഗിയാവുകയോ തലയിൽ ഉപദ്രവമുണ്ടാവുകയോ ചെയ്താൽ (മുടി നീക്കുന്നതിനു പകരമായി) നോമ്പുകൊണ്ടോ ദാനധർമങ്ങൾ കൊണ്ടോ ബലികൊണ്ടോ പാശ്ചിത്തം നൽകണം. ഉടനെ തിരുമേനി എന്നെ വിളിച്ചുപറഞ്ഞു: “മുടി നീക്കി കളയുക. ശേഷം മൂന്ന് ദിവസം നോമ്പനുഷഠിക്കുക ആറ് ദരിദ്രൻമാർക്ക് ഒരു ഫിറഖ് (16 ഇറാഖി ലുള്ള ഒരളവ് ഉണങ്ങിയ മുന്തിരി നൽകുകയോ ഒരാടിനെ ബലി കൊടുക്കുകയോ ചെയ്യുക. അങ്ങനെ ഞാൻ മുടി നീക്കുകയും ബലി കൊടുക്കുകയും ചെയ്തു.
ഒഴികഴിവുള്ളവന്റെ വിധിയെ അടിസ്ഥാനമാക്കി ഒഴികഴിവില്ലാത്തവനും ഇത്തരം നിഷിദ്ധങ്ങൾ പ്രവർത്തിച്ചാൽ ഇതുപോലെ പ്രായശ്ചിത്തം നൽകണമെന്നാണ് ശാഫിഈ (റ) യുടെ അഭിപ്രായം. എന്നാൽ ഒഴികഴിവില്ലാത്തവൻ സാധ്യമാണെങ്കിൽ ബലികൊടുക്കുക മാത്രമേ ചെയ്യാവൂ എന്നാണ് അബൂഹനീഫയുടെ മതം .
മുടി അല്പം മുറിച്ചാൽ
അത്വാഅ് പറയുന്നു: ഇഹ്റാമിലുള്ളവൻ മൂന്ന് മുടിയോ അതിൽ കൂടുതലോ പറിച്ചാൽ അവൻ ബലി കൊടുക്കണം.”(അതായത്, ഒരാട്, ശാഫിഈയുടെ അഭിപ്രായവും ഇതുതന്നെ.) ഒരു മുടിയാണെങ്കിൽ ഒരു മുദ്ദും രണ്ടു മുടിയാണെങ്കിൽ രണ്ടു മുദ്ദും മൂന്നോ അതിൽ കൂടുതലോ ആണെങ്കിൽ ബലിയും (ഒരാട്) കൊടുക്കണമെന്ന് ശാഫിഈയും അഭിപ്രായപ്പെട്ടിരിക്കുന്നു.
എണ്ണ തേച്ചാൽ
മുസ്വവ്വി പറയുന്നു. ശുദ്ധമായ എണ്ണ (സുഗന്ധം ചേർക്കാത്തത്) ശരീരത്തിന്റെ ഏതുഭാഗത്തുപയോഗിച്ചാലും ബലി നിർബന്ധമാകുമെന്നാണ് അബൂഹനീഫയുടെ അഭിമതം. എന്നാൽ ശാഫിഈകളുടെ അഭിപ്രായത്തിൽ സുഗന്ധമില്ലാത്ത എണ്ണ മുടിയിലോ താടിയിലോ ഉപയോഗിച്ചാൽ മാത്രം പ്രായശ്ചിത്തം നൽകിയാൽ മതി. മറ്റിടങ്ങളിൽ ഉപയോഗിച്ചാലത് വേണ്ടാ .
മറന്നു നിഷിദ്ധവസ്ത്രം ധരിച്ചാൽ
ഇഹ്റാമിനെക്കുറിച്ചു അറിവില്ലാതെയോ മറന്നോ നിഷിദ്ധമായ വസ്ത്രം ധരിക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ ചെയ്താൽ അവന്നു പ്രായശ്ചിത്തം നിർബന്ധമില്ല. യഅ്ലബ്നു ഉമയ്യ (റ) പറയുന്നു. ജിഹാനയിൽ നിന്നൊരാൾ തിരുമേനിയുടെ അരികിൽ വന്നു. അയാൾ ഒരു ജൂബ്ബ ധരിക്കുകയും മുടിയും താടിയും മഞ്ഞച്ചായം പിടിപ്പിക്കുകയും ചെയ്തിരുന്നു. അയാൾ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, ഞാൻ ഉംറ ചെയ്യാൻ ഇഹ്റാമിൽ പ്രവേശിച്ചിരിക്കുന്നു. അങ്ങ് കാണുന്നപോലെയാണ് എന്റെ അവസ്ഥ. തിരുമേനി പറഞ്ഞു “ആ മഞ്ഞച്ചായം കഴുകിയുകയും ജുബ്ബ അഴിച്ചുകളയുകയും ചെയ്യുക. പിന്നീട് ഹജ്ജിൽ ചെയ്യുന്നപോലെയെല്ലാം ഉംറയിലും ചെയ്യുക. (ഇബ്‌നുമാജ ഒഴികെ ജമാഅത്ത് ഉദ്ധരിച്ചത്.)
മറന്നുകൊണ്ടോ അറിയാതെയോ നിഷിധ വസ്ത്രങ്ങൾ ധരിക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ ചെയ്താൽ പ്രായശ്ചിത്തം വേണ്ടതില്ലെന്ന് അത്വാഅ് പറഞ്ഞതായി ബുഖാരിയും ഉദ്ധരിച്ചിട്ടുണ്ട്.
എന്നാൽ മൃഗത്തെ വേട്ടയാടിയാലുള്ള നിയമം ഇതിന്നെതിരാണ്. ഇഹ്റാമിലായിരിക്കെ വേട്ടയാടിയത് മറന്നുകൊണ്ടോ അറിവില്ലാതെയോ ആണെങ്കിലും അതിന് പ്രായശ്ചിത്തം അനിവാര്യമാണ്. കാരണം, സാമ്പത്തിക ബാധ്യതയാണതിനുള്ളത്. സാമ്പത്തിക ബാധ്യതയുള്ളടത്ത് മറന്നായാലും അല്ലെങ്കിലും അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും എല്ലാം സമമാണ്. മനുഷ്യർ തമ്മിലുള്ള ബാധ്യതപോലെത്തന്നെ
സംഭോഗം ചെയ്താൽ
ഹജ്ജിനു ഇഹ്റാമിലായിരിക്കെ ഭാര്യയുമായി സംഭോഗത്തിലേർപ്പെട്ട ഒരാളെക്കുറിച്ച്, അവർ രണ്ടു പേരും തുടർന്നുകൊണ്ട് ഹജ്ജ് പൂർത്തിയാക്കണമെന്നും പിന്നീടവർ ബലി നല്കുകയും അടുത്ത വർഷം ഹജ്ജ് മടക്കുകയും ചെയ്യണമെന്നും അലി, ഉമർ, അബൂഹുറയ്റ(റ)എന്നിവർ ഫത് വ നൽകിയിരിക്കുന്നു.
അബുൽ അബ്ബാസുത്ത്വബരി പറഞ്ഞു: ഇഹ്റാമിൽ പ്രവേശിച്ചവൻ ആദ്യത്തെ തഹല്ലുലിനു മുമ്പ് സംഭോഗത്തിലേർപ്പെടുകയാണെങ്കിൽ അവന്റെ ഹജ്ജ് ദുർബലമായി, അത് അറഫയിൽ നില്ക്കുന്നതിന് മുമ്പായാലും ശേഷമായാലും ശരി. ദുർബലമായ ഹജ്ജിൽ എന്നാലും അവൻ തുടർന്നുപോകൽ നിർബന്ധമാണ്. പിന്നീട് അവൻ ഒരൊട്ടകത്തെ ബലി കൊടുക്കുകയും അടുത്തകൊല്ലം ഹജ്ജ് നിർവഹിക്കുകയും വേണം.
സ്ത്രീ ഇഹ്റാമിലായിരിക്കെ സംഭോഗത്തിനു വിധേയമായാൽ അവരും ആ ഹജ്ജ് പൂർത്തിയാക്കുകയും അടുത്ത വർഷം ഹജ്ജ് മടക്കുകയും ചെയ്യേണ്ടതുണ്ട്. ഭൂരിപക്ഷം പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ പ്രായശ്ചിത്തത്തിന്റെ വിധിയും അതുതന്നെ. രണ്ടുപേർക്കും കൂടി ഒരു ബലി മതിയെന്നാണ് ചിലരുടെ അഭിപ്രായം. അത്വാഅ് അവരിൽ ഉൾപ്പെടുന്നു. ബഗവി ശറഹുസ്സുന്നയിൽ പറയുന്നു: ശാഫിഈയുടെ അഭിപ്രായങ്ങളിൽ വിശ്രുതമായതും ഇതാണ്. റമദാനിലെ പകലിൽ സംഭോഗത്തിലേർപ്പെട്ടവന്റെ പ്രായശ്ചിത്തം പോലെയാണ് പുരുഷന്റെ വിധി. അടുത്ത വർഷം അവർ ഹജ്ജ് മടക്കുന്നതിനായി പുറപ്പെട്ടാൽ ആദ്യത്തെപ്പോലെ വീണ്ടും സംഭവിക്കാതിരിക്കാൻ അവരെ പരസ്പരം വേർപ്പെടുത്തണം.
ഒരൊട്ടകം പ്രായശ്ചിത്തമായി നൽകാൻ സാധ്യ മായില്ലെങ്കിൽ ഒരു പശുവിനെയാണ് ബലികൊടുക്കേണ്ടത്. അതിനും സാധ്യമായില്ലെങ്കിൽ ഏഴ് ആടുകൾ. അതിനും സാധ്യമായില്ലെങ്കിൽ ഒരൊട്ടകത്തിന്റെ വില നിശ്ചയിക്കുകയും ആ വിലയ്ക്ക് ഭക്ഷണസാധനങ്ങൾ വാങ്ങി ഒരു ദരിദ്രന് ഒരു മുദ്ദ് എന്ന തോതിൽ ദാനം ചെയ്യുകയും വേണം. അതിനും സാധ്യമായില്ലെങ്കിൽ ഓരോ മുദ്ദിനും പകരമായി ഓരോ നോമ്പനുഷ്ഠിക്കണം.
ഹനഫികൾ പറഞ്ഞു: അറഫയിൽ നില്ക്കുന്നതിനുമുമ്പാണ് സംഭോഗം ചെയ്തതെങ്കിൽ അവരെ ഹജ്ജ് ദുർബലമായി. ഒരാടിനെയോ ഒരൊട്ടകത്തിന്റെ ഏഴിലൊരു ഭാഗമോ അവൻ പ്രായശ്ചിത്തമായി നൽകണം. അതിനുശേഷമാണ് സംഭോഗം ചെയ്തതെങ്കിൽ ഹജ്ജ് ദുർബലമാവുകയില്ല. അവൻ ഒരൊട്ടകത്തെ പ്രായശ്ചിത്തം നല്കിയാൽ മതി.
ഖിറാൻ സ്വീകരിച്ചവനാണ് ഹജ്ജ് ദുർബലമാക്കിയതെങ്കിൽ ഇഫ്റാദ് സ്വീകരിച്ചവനെപ്പോലെത്തന്നെ എല്ലാം അവന്നും നിർബന്ധമാകും. അടുത്ത വർഷം ഖിറാൻ സ്വീകരിച്ചുകൊണ്ടുതന്നെ അവൻ ഹജ്ജ് മടക്കണം. ഖിറാന്റെ പേരിൽ നിർബന്ധമാകുന്ന ബലി ഇതുകൊണ്ട് ഇല്ലാതാവുകയില്ല.
ആദ്യത്തെ ഹലാലിനുശേഷം സംഭവിക്കുന്ന സംഭോഗം ഹജ്ജിനെ ദുർബലമാക്കുകയില്ലെന്നും അതിനു പ്രായശ്ചിത്തം ആവശ്യമില്ലെന്നുമാണ് ഭൂരിഭാഗം പണ്ഡിതൻമാരുടെ അഭിപ്രായം. ഹജ്ജ് മടക്കണമെന്നും പ്രായശ്ചിത്തം നൽകണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇബ്നുഉമർ, ഹസൻ, ഇബ്റാഹീം എന്നിവർ ഈ പക്ഷത്താണ്. ഈ പ്രായശ്ചിത്തം ഒരൊട്ടകമോ ഒരാടോ ഏത് വേണമെന്നതിലുമുണ്ട് ഭിന്നാഭിപ്രായങ്ങൾ. ഇബ്നുഅബ്ബാസും അത്വാഉം ഒട്ടകം വേണമെന്നു പറയുന്നു; ഇക്രിമയുടേതെന്നപോലെ ശാഫിഇ യിനിന്നുദ്ധരിക്കപ്പെടുന്ന ഒരഭിപ്രായവും ഇതുതന്നെ. എന്നാൽ അവൻ ഒരാടു നല്കിയാൽ മതിയെന്ന അഭിപ്രായമാണ് മാലികിനുള്ളത്.
ഇഹ്റാമിലായിരിക്കെ സ്വപ്നസ്ഖലനമുണ്ടാവുകയോ നോക്കുകയോ, ചിന്തിക്കുകയോ ചെയ്തതുമൂലം സ്ഖലിക്കുകയോ ചെയ്താൽ ശാഫിഈകളുടെ അഭിപ്രായത്തിൽ അവൻ ഒന്നും ചെയ്യേണ്ടതില്ല. എന്നാൽ വികാരവായ്പോടുകൂടി സ്പർശിക്കുകയോ ചുംബിക്കുകയോ ചെയ്താൽ സ്ഖലനമുണ്ടായാലും ഇല്ലെങ്കിലും ഒരാടിനെ ബലികൊടുക്കണമെന്നാണവരുടെ പക്ഷം. അവൻ ബലി കൊടുക്കണമെന്ന് ഇബ്നുഅബ്ബാസും അഭിപ്രായപ്പെട്ടിരിക്കുന്നു. മുജാഹിദ് പറയുന്നു: ഒരാൾ ഇബ്നുഅബ്ബാസിന്റെ അരികിൽ വന്നു പറഞ്ഞു: “ഞാൻ ഇഹ്റാമിലായിരുന്നു. അപ്പോൾ ഇന്ന സ്ത്രീ വളരെ മോടിയിൽ എന്റെ അടുത്ത് വന്നു. എന്റെ വികാരം മനസ്സിനെ അതിജയിക്കുന്നത് തടയാൻ എനിക്കു സാധിച്ചില്ല.” ഇത് കേട്ടപ്പോൾ ഇബ് നുഅബ്ബാസ് ചിരിച്ചു ചിരിച്ചു വീണുപോയി. അദ്ദേഹം പറഞ്ഞു: നീ ഒരു വിഷയാസക്തൻ തന്നെ. സാരമില്ല. ഒരു ബലി കൊടുക്കുക. നിന്റെ ഹജ്ജ് പൂർത്തിയായിരിക്കുന്നു.
വേട്ടയാടിയാൽ
അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങൾ ഹജ്ജിൽ പ്രവേശിച്ചിരിക്കെ വേട്ടമൃഗത്തെ കൊന്നു പോവരുത്. വല്ലവനും അതിനെ മനഃപൂർവം കൊന്നു കളഞ്ഞാൽ ഒരു പ്രതിവിധി ചെയ്യണം. അതായത് ആട്, പശു, ഒട്ടകം എന്നിവയിൽനിന്ന് ആ കൊന്നതിനോട് തുല്യമായ ഒന്നിനെ ഇത് തീർച്ചപ്പെടുത്തുന്നത് നിങ്ങളിലുള്ള രണ്ട് നീതിമാൻമാരായിരിക്കണം. കഅ്ബയിൽ വെച്ച് ബലിയറുക്കുക. അല്ലെങ്കിൽ എതാനും ദരിദ്രൻമാർക്ക് ആഹാരം നല്കിക്കൊണ്ട് പ്രായശ്ചിത്തം നൽകണം. അല്ലെങ്കിൽ അതിനു സമമായ നോമ്പ്. തന്റെ പ്രവൃത്തിയുടെ ഭവിഷ്യത്ത് ആസ്വദിക്കാൻ വേണ്ടിയാണിത്. കഴിഞ്ഞുപോയത് അല്ലാഹു മാപ്പുചെയ്തിരിക്കുന്നു. വീണ്ടും ആരെങ്കിലും അങ്ങനെ ചെയ്താൽ അല്ലാഹു അവനെ പകരമായി ശിക്ഷിക്കുന്നതാണ്. അജയ്യനും പ്രതികാരം ചെയ്യുന്നവനിമത്രേ അല്ലാഹു .(5 .95)
മനഃപൂർവം ചെയ്തവനും മറന്നു ചെയ്തവനുമെല്ലാം പ്രായശ്ചിത്തം നിർബന്ധമാകുന്നതിൽ സമൻ മാരാണെന്നത് ഭൂരിപക്ഷാഭിപ്രായമായി ഇബ്നുകസീർ ഉദ്ധരിച്ചിരിക്കുന്നത്. സുഹ്രി പറഞ്ഞു: മനഃപൂർവം ചെയ്തവനെക്കുറിച്ച് ഖുർആൻ പറഞ്ഞു. മറന്നവനെക്കുറിച്ച് സുന്നത്തും വ്യക്തമാക്കി. അതായത്, മനഃപൂർവം ചെയ്തവൻ കുറ്റക്കാരനാണെന്നും അവൻ പ്രായശ്ചിത്തം നൽകണമെന്നും “തന്റെ പ്രവൃത്തിയുടെ ഭവിഷ്യത്ത് ആസ്വദിക്കുന്നതിനു വേണ്ടി എന്ന ഖുർആൻ സൂക്തം വ്യക്തമാക്കി. ഉദ്ദേശ്യപൂർവം ചെയ്തവന്റെ ഇതേ വിധി തന്നെയാണ് അബദ്ധത്തിൽ ചെയ്തവന്നും ബാധകമാകുന്നതെന്ന് തിരുമേനിയുടെയും സ്വഹാബികളുടെയും വിധികളും പഠിപ്പിച്ചു. മാത്രമല്ല, വേട്ടമൃഗത്തെ കൊല്ലുക എന്നത് ഒരു വസ്തു നശിപ്പിക്കുകയാണ്. നശിപ്പിച്ചത് അബദ്ധത്തിലായാലും മനഃപൂർവമായാലും അതിനുത്തരവാദിത്വവും ബാധ്യതയുമുണ്ട്. പക്ഷേ, മനഃപൂർവം ചെയ്തവൻ കുറ്റക്കാരനും അബദ്ധത്തിൽ ചെയ്തവൻ ആക്ഷേപിക്കപ്പെടാത്തവനുമാണെന്ന് മാത്രം.
“ആട്, പശു, ഒട്ടകം എന്നിവയിൽനിന്ന് ആ കൊന്നതിനോട് തുല്യമായതിനെ പ്രതിവിധിയായി നല്കണം’ എന്ന ഖുർആൻ വ്യാഖ്യാനത്തിന് അബൂ ഹനീഫയുടെ അഭിപ്രായമനുസരിച്ച് അർത്ഥമിങ്ങനെയാണ്: വേട്ടമൃഗത്തെ കൊന്നവൻ വിലയിൽ കൊന്നതിനോട് തുല്യമായത് പ്രതിവിധിയായി നല്കണം. വിലയിൽ തുല്യമാണോ എന്ന് തീരുമാനിക്കേണ്ടത് രണ്ടു നീതിമാൻമാരാണ്. അത് ഒന്നുകിൽ കഅ്ബത്തിങ്കൽ വച്ച് അറുക്കുന്ന ആട്, പശു, ഒട്ടകം എന്നിവയിൽ നിന്നാകാം. അല്ലെങ്കിൽ ദരിദ്രൻമാർക്ക് ആഹാരം കൊടുത്തുകൊണ്ടുള്ള പ്രായശ്ചിത്തമാകാം.
ശാഫിഈയുടെ അഭിപ്രായമനുസരിച്ച് അതിന്റെ അർത്ഥം ഇങ്ങനെയാണ്. വേട്ടമൃഗത്തെ കൊന്നവൻ പ്രതിവിധി നല്കണം. ഒന്നുകിൽ ഈ പ്രതിവിധി ആകൃതിയിലും രൂപത്തിലും കൊന്നതിന് തുല്യമായതായിരിക്കണം-അത് ആട്, മാട്, ഒട്ടകം എന്നിവയിൽ നിന്ന് കൊന്നതിനോട് തുല്യമാണോ എന്ന് തീരുമാനിക്കേണ്ടത് രണ്ട് നീതിമാൻമാരാണ് അല്ലെങ്കിൽ ആ പ്രതിവിധി പ്രായശ്ചിത്തവുമാകാം. അല്ലെങ്കിൽ അതിനു തുല്യമായ നോമ്പും.
ഹജ്ജിൽ വേട്ട: ഉമറിന്റെയും മുൻഗാമികളുടെയും വിധി
മുഹമ്മദുബ്നു സീരീനിൽനിന്നുദ്ധരിക്കുന്നു. ഒരാൾ ഉമറുബ്നുൽ ഖത്ത്വാബിന്റെ അരികിൽ വന്നു പറഞ്ഞു: ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി വഴിയിലുള്ള ഒരു മലഞ്ചരിവിലേക്ക് കുതിരയെ ഓടിച്ചു. ഇഹ്റാമിലായിരിക്കെ അവിടെ വെച്ച് ഞങ്ങൾക്ക് ഒരു മാൻപേടയെ കിട്ടി. ഞങ്ങളുടെ കാര്യത്തിൽ താങ്കൾ എന്തുപറയുന്നു?’ ഉമർ(റ) തന്റെ അടുത്തുള്ള ഒരാളോട് പറഞ്ഞു: “വരൂ, നമുക്ക് രണ്ടുപേർക്കും ഇതിൽ ഒരു വിധികല്പിക്കാം.” അങ്ങനെ അവർ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരാടിനെ നൽകണമെന്നു വിധിച്ചു. ആ മനുഷ്യൻ പിരിഞ്ഞുപോയപ്പോൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “അമീറുൽ മുഅമിനീനാണിത്. അദ്ദേഹത്തിന് മറ്റൊരാളെ കൂട്ടുപിടിക്കാതെ ഒരു മാൻപേടയുടെ കാര്യത്തിൽ വിധികല്പിക്കാൻ വയ്യ. ഉമർ (റ) അതുകേട്ടു. അദ്ദേഹം ആ മനുഷ്യനെ വിളിച്ചു ചോദിച്ചു: നീ സൂറതുൽ മാഇദഃ വായിച്ചിട്ടുണ്ടോ?” അയാൾ പറഞ്ഞു: “ഇല്ല.” ഉമർ (റ) ചോദിച്ചു: “എന്റെ കൂടെ വിധികല്പിച്ച ഈ മനുഷ്യനാരാണെന്നറിയാമോ നിനക്ക്?” അയാൾ പറഞ്ഞു: “ഇല്ല.” ഉമർ (റ) പറഞ്ഞു: “നീ സൂറതുൽ മാഇദ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിൽ നിന്നെ ഞാൻ വേദനിപ്പിക്കുമായിരുന്നു. പിന്നീടദ്ദേഹം പറഞ്ഞു: “അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. “നിങ്ങളിൽ നീതിമാൻമാരായ രണ്ടാളുകളുടെ വിധിയനുസരിച്ച് കഅ്ബത്തിങ്കൽ ബലി കൊടുക്കണമെന്ന്. ഇത് അബ്ദുർറഹ്മാനി ബ്നു ഔഫാണ്.
ഒരൊട്ടകപ്പക്ഷിയെ വേട്ടയാടിയാൽ പകരം ഒരൊട്ടകവും കാട്ടുകഴുത, കാട്ടിൽ വളരുന്ന പശു, ആ ൺകലമാൻ, പെൺകലമാൻ എന്നിവക്ക് പകരം ഓരോ പശുവും റോമൻ മുയൽ, മാടപ്രാവ്, അരിപ്രാവ്, കാട്ടുകോഴി അതുപോലുള്ള ചിലയിനം പക്ഷികൾ എന്നിവക്ക് പകരം ഓരോ ആടും കൊടുക്കണമെന്ന് പൂർവികരായ പണ്ഡിതൻമാർ വിധിച്ചിരുന്നു. പുള്ളി മാനിനുപകരം കോലാടും കസ്തൂരിമാനിനു പകരം നെയ്യാടും മുയലിനുപകരം നാല് മാസം കഴിഞ്ഞ ആട്ടിൻകുട്ടിയും കുറുക്കനുപകരം ഒരു വയസ്സായ ആടും പെരുച്ചാഴിക്ക് പകരം നാല് മാസമായ ആട്ടിൻ കുട്ടി യുമാണ് കൊടുക്കേണ്ടത്.
പകരമില്ലാത്തപ്പോൾ
“ആട്, മാട്, ഒട്ടകം എന്നിവയിൽ നിന്ന് കൊന്നതിന് തുല്യമായത് നൽകണം’ എന്ന ഖുർആൻ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ് പറഞ്ഞതായി സഈദുബ്നു മൻസൂർ ഉദ്ധരിക്കുന്നു. ഇഹ്റാമിൽ പ്രവേശിച്ചവൻ വേട്ടയാടിയാൽ അവൻ പ്രതിവിധി ചെയ്യണമെന്ന് വിധിക്കപ്പെടണം. അവന്റെ കയ്യിൽ പകരമുണ്ടെങ്കിൽ അറുത്ത് മാംസം ദാനം ചെയ്യണം. പകരമില്ലെങ്കിൽ പകരത്തിന്റെ വില കണക്കാക്കി, ആ വിലയ്ക്കുള്ള ഭക്ഷണസാധനം കണക്കാക്കുകയും ഓരോ അര സ്വാഇനും പകരം ഓരോ നോമ്പ് നുഷ്ഠിക്കുകയും ചെയ്യണം.
ഇഹ്റാമിൽ പ്രവേശിച്ചവൻ വേട്ടമൃഗത്തെ കൊന്നാൽ അതിന്റെ വിധി ഇങ്ങനെയാണ്. പുള്ളിമാൻ പോലെയുള്ളതിനെയാണ് കൊന്നതെങ്കിൽ പകരം മക്കയിൽ നിന്ന് ഒരാടിനെ ബലികൊടുക്കണം. അതിനു സാധ്യമല്ലെങ്കിൽ ആറ് ദരിദ്രൻമാർക്ക് ആഹാരം കൊടുക്കുക. അതിനും സാധ്യമായില്ലെങ്കിൽ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. കലമാൻ പോലെയുള്ള തിനെയാണ് കൊന്നതെങ്കിൽ ഒരു പശുവിനെ ബലി കൊടുക്കണം. അതിനു സാധ്യമായില്ലെങ്കിൽ 20 ദരിദ്രർക്ക് ആഹാരം. അതും സാധ്യമായില്ലെങ്കിൽ 20 നോമ്പ്. ഒട്ടകപ്പക്ഷി, കാട്ടുകഴുത പോലുള്ളതിനെയാണ് കൊന്നതെങ്കിൽ പകരം ഒരു തടിച്ച ഒട്ടകത്തെ ബലി കൊടുക്കണം. അതിനു സാധ്യമായില്ലെങ്കിൽ 30 ദരിദ്രർക്ക് ഭക്ഷണം. അതിനും സാധ്യമായില്ലെങ്കിൽ 30 നോമ്പ്. അബൂഹാതിമും ഇബ്നുജരീറും ഇതുദ്ധരിച്ചിരിക്കുന്നു. അവർ പറഞ്ഞു: “ആഹാരം എന്നു പറഞ്ഞത് ഒരു മുദ്ദ് ആണ്. വയറുനിറയാൻ ഒരു മുദ്ദ് മതി.” ( ഒരു മുദ്ദ് – 3/4 ലിറ്റർ ഏകദേശം -വിവ:)
ഭക്ഷണം കൊടുക്കേണ്ടതെങ്ങനെ?
മാലിക് പറഞ്ഞു: ഹജ്ജിലായിരിക്കെ വേട്ടയാടിയവന്റെ പ്രതിവിധിയെക്കുറിച്ച് ഞാൻ കേട്ടതിൽ ഏറ്റവും നല്ലതായിത്തോന്നിയത് ഇങ്ങനെയാണ്: “വേട്ടയാടിയ മൃഗത്തിന്റെ വില കണക്കാക്കുകയും അതിന് എത്ര ഭക്ഷണസാധനങ്ങൾ കിട്ടുമെന്ന് നോക്കുകയും ചെയ്യുക. എന്നിട്ട് ഓരോ ദരിദ്രന്നും ഓരോ മുദ്ദ് വീതം നൽകുകയോ ദരിദ്രരുടെ എണ്ണം നോക്കി ഓരോ മുദ്ദിനും പകരം ഓരോ നോമ്പനുഷ്ഠിക്കുകയോ ചെയ്യുക. എത്ര ദരിദ്രനാണോ അത്ര ദിവസമായിരിക്കണം നോമ്പനുഷ്ഠിക്കേണ്ടത്.
വേട്ടയിൽ പങ്കുചേർന്നാൽ
ഒരുവിഭാഗമാളുകൾ ഉദ്ദേശ്യപൂർവം ഒരു വേട്ടമൃഗത്തെ കൊന്നാൽ അവർ ഒരാളുടെ പ്രതിവിധി മാതമേ നൽകേണ്ടതുള്ളൂ. “ആട്, മാട്, ഒട്ടകം എന്നിവയിൽനിന്ന്, കൊന്നതിന് തുല്യമായ ഒരു പ്രതിവിധി എന്ന ഖുർആൻ സൂക്തമാണതിനു തെളിവ്.
ഇഹ്റാമിലായിരിക്കെ ഒരു മാൻപേടയെ കൊന്ന ഒരു വിഭാഗമാളുകളെക്കുറിച്ച് ഇബ്നുഉമറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരാടിനെ ബലി കൊടുക്കുക. ഞങ്ങൾ എല്ലാവരും കൊടുക്കണമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “എല്ലാവർക്കും കൂടി ഒരാട്,
ഹറമിലെ വേട്ട
ഇഹ്റാമിലായിരിക്കട്ടെ അല്ലാതിരിക്കട്ടെ ഹറമിൽ വേട്ടയാടുന്നതോ അതിനെ വിരട്ടിയോടിക്കുന്നതോ സാധാരണയിൽ മനുഷ്യർ നട്ടുവളർത്തുന്നതല്ലാത്ത മരങ്ങൾ മുറിക്കുന്നതോ, പച്ചയായ ചെടികൾ മുള്ളുകൾ പോലും മുറിക്കുന്നതോ ഹറാമാണ്. എന്നാൽ ഇദ്ഖർ (ഒരു സുഗന്ധച്ചെടി), സുന്നാമക്കി എന്നിവ മുറിക്കുകയോ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. ബുഖാരി ഇബ്നു അബ്ബാസിൽ നിന്നുധരിക്കുന്ന ഒരു ഹദീസാണിതിന് തെളിവ്. അദ്ദേഹം പറഞ്ഞു: മക്ക വിജയിച്ച ദിവസം റസൂൽ (സ) പറഞ്ഞു: “ഈ നാട് ആദരണീയമാണ്…… അതിലെ മുള്ള് ഒടിക്കുകയോ ചെടികൾ പറിക്കുകയോ വേട്ടമൃഗങ്ങളെ വിരട്ടിയോടിക്കുകയോ അതിൽ വീണുപോയ വസ്തുക്കൾ വിളിച്ചറിയിക്കുന്നവനല്ലാതെ എടുക്കുകയോ ചെയ്യാവതല്ല. ഉടനെ അബ്ബാസ് പറഞ്ഞു: “ഇദ്ഖർ അതിൽപ്പെടുത്തരുത്. അത് വീടുകൾക്കും ജോലിക്കാർക്കും ആവശ്യമുള്ളതാണ്. അപ്പോൾ തിരുമേനി പറഞ്ഞു: “ഇദ്ഖർ ഒഴികെ.
ശൗകാനി പറഞ്ഞു. മരങ്ങളിൽ നിഷിദ്ധമായതിനെ മനുഷ്യരുടെ ശ്രമഫലമായിട്ടല്ലാതെ അല്ലാഹു മുളപ്പിച്ചതിൽ പരിമിതമാക്കിയിരിക്കുന്നു. കർമശാസ്ത്ര പണ്ഡിതൻമാർ. മനുഷ്യരുടെ ശ്രമഫലമായി ഉണ്ടായതിന്റെ കാര്യത്തിൽ അവർക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. അതനുവദനീയമാണെന്ന് ഭൂരിപക്ഷം പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. ഏത് മരമായാലും മുറിച്ചാൽ പ്രതിവിധി ചെയ്യണമെന്നാണ് ശാഫിഈയുടെ മതം. ഇബ്നു ഖുദാമയും മുൻഗണന നൽകിയിരിക്കുന്നത് ഇതിന്നാണ്.
ആദ്യത്തെ ഇനത്തിൽപെട്ടവ മുറിച്ചാൽ അതിന്റെ പ്രതിവിധി എന്തായിരിക്കണം? അവൻ കുറ്റക്കാരനാണെന്നല്ലാതെ അതിനു പ്രതിവിധിയില്ലെന്നാണ് മാലികിന്റെ പക്ഷം, അവൻ പൊറുത്തുകിട്ടാൻ പ്രാർത്ഥിക്കുകയാണ് വേണ്ടതെന്ന് അത്വാഉം അഭിപ്രായപ്പെടുന്നു. അബൂഹനീഫയുടെ മതം അതിന്റെ വിലയ്ക്കനുസരിച്ച് ബലി നൽകണമെന്നാണ്. വലിയ മരമാണെങ്കിൽ പശുവിനെയും ചെറുതാണെങ്കിൽ ആടിനെയും ബലി നൽകണമെന്ന് ശാഫിഈയും അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ പ്രവർത്തനം കൊണ്ടല്ലാതെ പൊട്ടിവീണ മരവും മുറിഞ്ഞ കൊമ്പും പൊഴിയും ഇലയും ഉപയോഗിക്കാമെന്ന് പണ്ഡിതൻമാർ അനുവദിച്ചിരിക്കുന്നു. ഇബ്നുഖുദാമ പറയുന്നു. ചീര, കൃഷി, വാസനച്ചെടികൾ തുടങ്ങി മനുഷ്യർ നട്ടുവളർത്തുന്നവ, വളർത്തുന്നതിനും പറിക്കുന്നതിനും വിരോധമില്ലെന്ന് എല്ലാ പണ്ഡിതൻമാരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇഹ്റാമിലല്ലാത്തപ്പോൾ മക്കയിലെ ഹറമിൽ വേട്ടയാടുകയോ മരം മുറി ക്കുകയോ ചെയ്താൽ അതൊരു കുറ്റമാണെന്നല്ലാതെ പ്രതിവിധിയൊന്നുമില്ലെന്ന് റൗദത്തുന്നദിയ്യയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊന്നാൽ അതിന് അല്ലാഹു പറഞ്ഞ പ്രതിവിധി ചെയ്യണം. മക്കയിലെ മരം മുറിച്ചതിനു പ്രതിവിധി വേണ്ടതില്ല. തെളിവുകളില്ലെന്നതുതന്നെ കാരണം, “വലിയ മരം അടിയോടെ മുറിക്കപ്പെടുക യാണെങ്കിൽ ഒരു പശുവിനെ പ്രതിവിധിയായി നൽകണമെന്ന് നബി (സ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നത് പ്രബലമല്ല. ചില പൂർവിക പണ്ഡിതൻമാരിൽ നിന്നുദ്ധരിക്കപ്പെടുന്നത് തെളിവിന് മതിയാവുകയുമില്ല. പിന്നീട് അതിന്റെ കർത്താവ് തുടർന്നുകൊണ്ട് പറയുന്നു: ചുരുക്കത്തിൽ വേട്ടമൃഗത്തെ കൊല്ലുന്നതും മരം മുറിക്കുന്നതും നിഷിദ്ധമാണ് എന്നതുകൊണ്ട്
അതിനു പ്രതിവിധിയോ അതിന്റെ വിലയോ നൽകണമെന്നത് അനിവാര്യമായിത്തീരുന്നില്ല. എന്നാൽ നിഷിദ്ധമാണെന്നതിനാൽ അത് ഹറാമാണെന്നുവരുന്നു. പ്രതിവിധിയോ വിലയോ നല്കൽ നിർബന്ധമാകണമെങ്കിൽ അതിനു തെളിവുകൾ വേണം.” “ഇഹ്റാമിലായിരിക്കെ നിങ്ങൾ വേട്ടമൃഗത്തെ കൊല്ലരുത് എന്ന് തുടങ്ങുന്ന ഖുർആൻ സൂക്തമല്ലാതെ ഒരു തെളിവും ഈ വിഷയത്തിൽ വന്നിട്ടില്ല. അതാവട്ടെ ഇഹ്റാ മിലായിരിക്കെ പ്രതിവിധി നൽകുന്നതിനെക്കുറിച്ചാണ്. മറ്റുള്ളവയ്ക്കൊന്നും ഇത് ബാധകമല്ല.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5