ഹജ്ജ് – സംശയങ്ങളും മറുപടിയും
ചോദ്യം- ഹജ്ജ് വിമാനത്തില്‍ കയറുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നഖം മുറിക്കുക, മുടി വെട്ടുക, ഷേവ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത ശേഷം വീട്ടില്‍നിന്ന് പുറപ്പെടുന്നവര്‍, മീഖാത്തില്‍ വെച്ച് വീണ്ടും നഖം മുറിക്കുക, മുടി വെട്ടുക തുടങ്ങിയവ ചെയ്യുന്നത് സുന്നത്താണോ? അങ്ങനെ ചെയ്യേണ്ടതുണ്ടോ?
ഉത്തരം- ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. എന്നാല്‍ മീശ വെട്ടുക, ശരീരത്തില്‍ സുഗന്ധം പൂശുക എന്നിവ പുരുഷന്മാര്‍ക്ക് മാത്രം സുന്നത്താകുന്നു. ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതൊന്നും ചെയ്യാന്‍ പാടില്ലാത്തതിനാലാണ് അതിനു മുമ്പ് അതെല്ലാം ചെയ്യുന്നത്. എന്നാല്‍ അതൊക്കെ നേരത്തേ ചെയ്ത ഒരാള്‍ കേവലം ഇഹ്‌റാമിനു വേണ്ടി മീഖാത്തിലെത്തി ഇഹ്‌റാം ചെയ്യുമ്പോള്‍ സുന്നത്ത് ലഭിക്കാന്‍ വേണ്ടി തലേന്ന് മുറിച്ച, ഒട്ടും നീണ്ടിട്ടില്ലാത്ത നഖം വീണ്ടും മുറിക്കേണ്ടതില്ല.
ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ”അലങ്കോലപ്പെട്ടു കിടക്കുന്ന കാര്യങ്ങള്‍ വെടിപ്പാക്കുക, ദുര്‍ഗന്ധം മാറ്റുക, കക്ഷ രോമം നീക്കുക, മീശ വെട്ടി ശരിയാക്കുക, നഖം മുറിക്കുക, ഗുഹ്യഭാഗത്തെ രോമം വടിച്ചുകളയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമമാകുന്നു. ജുമുഅക്കെന്ന പോലെ ഇഹ്‌റാമിനും ഇതൊെക്ക സുന്നത്താകുന്നു. ഇഹ്‌റാം ചെയ്ത ശേഷം അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അതിന് സാധിക്കാതെ വരും. അങ്ങനെ വരാതിരിക്കാനാണത്” (മുഗ്‌നി: 6/369).
തല്‍ബിയത്ത് ചെല്ലേണ്ടതെപ്പോള്‍?
ചോദ്യം- തല്‍ബിയത്ത് എപ്പോള്‍ മുതലാണ് ചൊല്ലിത്തുടങ്ങേണ്ടത്? എപ്പോഴാണ് അവസാനിപ്പിക്കേണ്ടത്? സ്ത്രീകള്‍ ഉച്ചത്തില്‍ ചൊല്ലുന്നതിന്റെ വിധിയെന്താണ്?
ഉത്തരം- ഇഹ്റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ധാരാളമായി ‘തല്‍ബിയത്ത്’ ചൊല്ലല്‍ ഉത്തമമാകുന്നു. ഇത് പ്രവാചകന്റെ അധ്യാപനമാണ്. ‘വിളികേള്‍ക്കുക’, ‘വിളിക്കുത്തരം നല്‍കുക’ എന്നാണ് തല്‍ബിയത്തിന്റെ വാക്കര്‍ഥം. ഇഹ്‌റാമിന്റെ ഒരു അടിസ്ഥാന ഘടകമാണ് തല്‍ബിയത്ത്. ഇഹ്‌റാമില്‍ പ്രവേശിച്ചുകഴിഞ്ഞ ശേഷം നബി (സ) ചൊല്ലിയ തല്‍ബിയത്തിന്റെ ആശയം ഇങ്ങനെ: ”അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് ഒരു പങ്കുകാരനുമില്ല. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. സര്‍വ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്. എല്ലാ അനുഗ്രഹവും നിന്റേതാണ്. എല്ലാ അധികാരവും നിനക്കു മാത്രമാണ്. നിനക്ക് ഒരു പങ്കുകാരനുമില്ല.”
പുരുഷന്മാര്‍ ശബ്ദം ഉയര്‍ത്തിയും സ്ത്രീകള്‍ ശബ്ദം താഴ്ത്തിയുമാണ് ചൊല്ലേണ്ടത്. നിര്‍ബന്ധ നമസ്‌കാര ശേഷവും കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റു യാത്രക്കാരെ കണ്ടുമുട്ടുമ്പോഴും വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്ര പുനരാരംഭിക്കുമ്പോഴും രാത്രിയുടെയും പകലിന്റെയും ആരംഭത്തിലും ധാരാളമായി തല്‍ബിയത്ത് ചൊല്ലുന്നത് അഭികാമ്യമാണ്. ഇരുന്നും കിടന്നും നിന്നുമെല്ലാം ചൊല്ലാം. ജനാബത്തുകാരനും ആര്‍ത്തവക്കാരിക്കും തല്‍ബിയത്ത് ചൊല്ലാവുന്നതാണ്.
ഹാജിമാര്‍ പെരുന്നാള്‍ ദിവസം ജംറത്തുല്‍ അഖബയില്‍ കല്ലെറിയുന്നതുവരെയാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ‘ജംറത്തുല്‍ അഖബയില്‍ കല്ലെറിയുന്നതുവരെ നബി (സ) തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു’ (ബുഖാരി, മുസ്‌ലിം). ഉംറ നിര്‍വഹിക്കുന്നവര്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതുവരെയാണ് അതായത് ത്വവാഫ് ആരംഭിക്കുന്നതു വരെയാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്.
ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടെ പാടില്ലാത്ത സംഗതികള്‍ എന്തൊക്കെയാണ്?
ഇഹ്റാമില്‍ പ്രവേശിച്ച സ്ത്രീ-പുരുഷന്മാര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമാകുന്നു:
1. മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധദ്രവ്യം ഉപയോഗിക്കുക. സുഗന്ധമുള്ള ടിഷ്യൂ, ഷാമ്പൂ, സോപ്പ് എന്നിവയും ഇഹ്റാമിലായിരിക്കെ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
2. കുങ്കുമച്ചായം മുക്കിയ വസ്ത്രം ഉപയോഗിക്കുക.
3. സംഭോഗം, വിഷയാസക്തിയോടു കൂടിയ സംസാരവും സ്പര്‍ശനവും, വിവാഹം, വിവാഹാന്വേഷണം എന്നിവ.
4. പക്ഷിമൃഗാദികളെ വേട്ടയാടുകയോ, വേട്ടയാടാന്‍ സഹായിക്കുകയോ ചെയ്യുക.
5. നിഷിദ്ധമായ വാക്ക്, പ്രവൃത്തി, അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുക. ഇക്കാര്യങ്ങളിലെല്ലാം സ്ത്രീകളും പുരുഷന്മാരും സമമാണ്. എന്നാല്‍, ഇഹ്റാമില്‍ പ്രവേശിച്ച പുരുഷന്മാര്‍ക്ക് മാത്രം നിഷിദ്ധമായ മറ്റു ചില കാര്യങ്ങളുണ്ട്:
1. ശരീരത്തിന്റെ ഒന്നായിട്ടുള്ള ആകൃതിയിലോ അവയവങ്ങളുടെ ആകൃതിയിലോ തുന്നിയ വസ്ത്രങ്ങള്‍ ധരിക്കല്‍ പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. ഷര്‍ട്ട്, ബനിയന്‍, പൈജാമ, പാന്റ്സ്, അണ്ടര്‍വെയര്‍, മൂട്ടിയ തുണി, സോക്സ് എന്നിവ ഉദാഹരണം.
2. തൊപ്പി, മുണ്ട്, തലപ്പാവ്, ടവ്വല്‍ മുതലായ തലയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് തലമറയ്ക്കാന്‍ പാടില്ല.
സ്ത്രീകള്‍ക്ക് തുന്നിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാമെങ്കിലും കൈയുറയോ മുഖംമൂടുന്ന ബുര്‍ഖയോ ധരിക്കാന്‍ പാടില്ല.
ഇഹ്‌റാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്തുപോയാലുള്ള പ്രായശ്ചിത്തം എന്താണ്?
ഇഹ്‌റാമില്‍ പ്രവേശിച്ച വ്യക്തി മുടി വടിക്കുക, നഖം മുറിക്കുക, പുരുഷന്മാര്‍ തലമറയ്ക്കുകയോ തുന്നിയ വസ്ത്രം ധരിക്കുകയോ ചെയ്യുക, സുഗന്ധം ഉപയോഗിക്കുക തുടങ്ങിയ അഞ്ച് കാര്യങ്ങള്‍ അജ്ഞത കൊണ്ടോ മറന്നുകൊണ്ടോ ചെയ്താല്‍ കുറ്റമൊന്നുമില്ല. എന്നാല്‍ ബോധപൂര്‍വം ചെയ്യുകയാണെങ്കില്‍ പ്രായശ്ചിത്തം നല്‍കണം. മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കുകയോ ആറു ദരിദ്രര്‍ക്ക് ആഹാരം നല്‍കുകയോ ഒരു ആടിനെ അറുത്ത് ഹറമിലെ അഗതികള്‍ക്ക് വിതരണം ചെയ്യുകയോ വേണം. ഈ മൂന്ന് കാര്യങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.
ഭാര്യയുമായി ലൈംഗിക ബന്ധം ഒഴികെ വിഷയാസക്തിയോടു കൂടി മറ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ -ഇന്ദ്രിയ സ്രാവമുണ്ടായാലും ഇല്ലെങ്കിലും- ഹജ്ജ് നിഷ്ഫലമാകുന്നില്ല. പക്ഷേ പ്രായശ്ചിത്തമായി ഒരു ആടിനെ ബലി നല്‍കണം. ഒന്നാം തഹല്ലുലിന് മുമ്പായി ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ ഹജ്ജ് നിഷ്ഫലമാകും. തുടര്‍ന്നുള്ള കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുകയും അടുത്ത വര്‍ഷം നിര്‍ബന്ധമായും വീണ്ടും ഹജ്ജ് നിര്‍വഹിച്ച് വീട്ടുകയും ചെയ്യണം. പ്രായശ്ചിത്തമായി ഹറമില്‍ വെച്ച് ഒട്ടകത്തെ ബലി അറുക്കുകയും ചെയ്യണം. ഒട്ടകത്തെ സാധ്യമായില്ലെങ്കില്‍ ഒരു മാടിനെ, അതിനും സാധ്യമായില്ലെങ്കില്‍ ഏഴ് ആടിനെ ബലി നല്‍കണം. ബലി സാധ്യമായില്ലെങ്കില്‍ ഒട്ടകത്തിന്റെ വിലയ്ക്ക് ധാന്യം വാങ്ങി വിതരണം ചെയ്യണം. അതിനും സാധ്യമായില്ലെങ്കില്‍ ധാന്യത്തിന്റെ ഓരോ മുദ്ദിനും ഒരു നോമ്പ് എന്ന കണക്കില്‍ നോറ്റു വീട്ടണം. ഇനി ഒന്നാം തഹല്ലുലിനു ശേഷമാണ് അതായത് ജംറത്തുല്‍ അഖബയില്‍ കല്ലേറിനും മുടിയെടുക്കലിനും ശേഷമാണ് ലൈംഗിക ബന്ധം സംഭവിച്ചതെങ്കില്‍ ഹജ്ജ് സാധുവാകുന്നു; ദുര്‍ബലമാകുന്നില്ല. പക്ഷേ പ്രായശ്ചിത്തമായി ഒരു ആടിനെ ബലി നല്‍കണം. അതുപോലെ ഇഹ്‌റാമില്‍ പ്രവേശിച്ച വ്യക്തി വിവാഹം കഴിക്കുകയോ വിവാഹം നടത്തിക്കൊടുക്കുകയോ ചെയ്താല്‍ ഭൂരിപക്ഷം ഇമാമുകളുടെയും വീക്ഷണത്തില്‍ ആ വിവാഹം സാധുവാകുകയില്ല. ഇഹ്‌റാമില്‍ പ്രവേശിച്ച വ്യക്തി വിവാഹത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് പ്രായശ്ചിത്തം നല്‍കേണ്ടതില്ല. എന്നാല്‍ ഇമാം അബൂഹനീഫയുടെ അഭിപ്രായത്തില്‍ ഇഹ്‌റാമില്‍ വിവാഹം അനുവദനീയമാകുന്നു.
വാജിബുകളും ഫര്‍ദുകളും തമ്മിലുള്ള വ്യത്യാസം
ചോദ്യം- ഹജ്ജിന്റെ വാജിബുകളും ഫര്‍ദുകളും വ്യത്യസ്തമാണെന്ന് കേള്‍ക്കുകയുണ്ടായി. എന്താണവ തമ്മിലുള്ള വ്യത്യാസം? വാജിബാത്തുകള്‍ ഉപേക്ഷിച്ചാലുള്ള വിധി എന്താണ്?
ഉത്തരം- ഫര്‍ദുകളും വാജിബുകളും ശാഫിഈ മദ്ഹബനുസരിച്ച് യാതൊരു വ്യത്യാസവുമില്ല. നമസ്‌കാരത്തിന്റെ ഫര്‍ദുകള്‍ എന്നു പറഞ്ഞാലും വാജിബുകള്‍ എന്നു പറഞ്ഞാലും രണ്ടും ഒന്നു തന്നെയാണ്. ഫാത്തിഹ ഓതല്‍ പോലെ. എന്നാല്‍ ഹജ്ജിന്റെ വിഷയത്തില്‍ മാത്രം ഫര്‍ദുകളും വാജിബുകളും വെവ്വേറെയാണ്. രണ്ടിനും രണ്ട് വിധികളാണുള്ളത്. ഹജ്ജ് സമ്പൂര്‍ണവും ശരിയായ രൂപത്തിലുമാവാന്‍ അവശ്യം ആവശ്യമായ കാര്യങ്ങളെയാണ് ഹജ്ജിന്റെ വാജിബുകള്‍ എന്ന് പറയുന്നത്. അവയില്‍ ഏതെങ്കിലും ഒന്ന് ബോധപൂര്‍വമോ അല്ലാതെയോ, ഏതു വിധേനയെങ്കിലും ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തം ചെയ്യല്‍ നിര്‍ബന്ധമാണ്. അതോടെ അവരുടെ ഹജ്ജ് സ്വീകാര്യമായി. മറ്റൊരിക്കല്‍ അനുഷ്ഠിച്ച് വീട്ടേണ്ടതില്ല എന്നര്‍ഥം. എന്നാല്‍ ഹജ്ജിന്റെ ഫര്‍ദുകള്‍ അങ്ങനെയല്ല. അവയിലേതെങ്കിലും ഒന്ന് അറിഞ്ഞോ അറിയാതെയോ, മനഃപൂര്‍വമോ അല്ലാതെയോ ഉപേക്ഷിച്ചാല്‍ ഹജ്ജ് ചെയ്തതായി പരിഗണിക്കപ്പെടുകയില്ല. പിറ്റേവര്‍ഷം നിര്‍ബന്ധമായും നഷ്ടപ്പെട്ട ഹജ്ജ് ചെയ്ത് വീട്ടേണ്ടതാണ്. അതിന് മറ്റൊരു പരിഹാരം ഇല്ല. ഇഹ്റാം, അറഫയില്‍ നില്‍ക്കല്‍, ത്വവാഫുല്‍ ഇഫാദ, സഅ്യ്, മുടിയെടുക്കല്‍ തുടങ്ങിയവയാണ് ഹജ്ജിന്റെ ഫര്‍ദുകള്‍. ഇവക്ക് ഹജ്ജിന്റെ റുക്നുകള്‍ എന്നും പറയാറുണ്ട്.
ഹജ്ജിന്റെ വാജിബാത്തുകള്‍ ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തം ചെയ്യല്‍ നിര്‍ബന്ധമാണ്. ഉപേക്ഷിക്കുന്നത് ബോധപൂര്‍വമായാലും അജ്ഞത മൂലമായാലും മറന്നുകൊണ്ടായാലും പ്രായശ്ചിത്തം നല്‍കുക തന്നെ വേണം. ഇഹ്റാം ചെയ്യുന്നത് മീഖാത്തില്‍ വെച്ച് തന്നെയായിരിക്കല്‍, സൂര്യാസ്തമയം വരെ അറഫയില്‍ കഴിച്ചുകൂട്ടല്‍, മുസ്ദലിഫയിലും മിനയിലും രാപ്പാര്‍ക്കല്‍, വിടവാങ്ങല്‍ ത്വവാഫ് തുടങ്ങിയവ ഉദാഹരണം. ഇവയിലേതെങ്കിലും വിട്ടുപോവുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ പ്രായശ്ചിത്തമായി ഒരാടിനെ ബലിയറുക്കേണ്ടതാണ്. എന്നാല്‍ ബോധപൂര്‍വം വാജിബുകള്‍ ഉപേക്ഷിക്കുന്നവര്‍ തൗബ ചെയ്യേണ്ടതും അല്ലാഹുവിനോട് പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കേണ്ടതുമാണ്. ഹറമില്‍നിന്ന് ബലിയറുക്കാന്‍ തടസ്സം നേരിട്ടാല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണെങ്കിലും പിന്നീട് മറ്റൊരാളെ ഹറമില്‍ വെച്ച് ബലി നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ മതി (ഇബ്നു ബാസിന്റെ ഫത്വകള്‍). ഇങ്ങനെ ചെയ്യാനും കഴിവില്ലാത്തവര്‍ പത്തു നോമ്പുകള്‍ അനുഷ്ഠിക്കേണ്ടതാണ്. മൂന്നെണ്ണം ഹജ്ജ് സന്ദര്‍ഭത്തിലും ഏഴെണ്ണം നാട്ടില്‍ തിരിച്ചെത്തിയ ശേഷവും. അതാണ് ഉത്തമം. എന്നാല്‍ നാട്ടില്‍ വെച്ച് പത്തും ഒരുമിച്ച് നോല്‍ക്കാവുന്നതുമാണ് (മുഗ്നി, ഇബ്നു ഖുദാമ:7/393).
മൂത്രവാര്‍ച്ചയുള്ളവരുടെ ഹജ്ജ്
ചോദ്യം- മൂത്രവാര്‍ച്ചയുടെ അസൂഖമുള്ളയാളാണ് ഞാന്‍. ഹജ്ജിന് പോകുന്ന എനിക്ക് ഇഹ്റാമില്‍ അടിവസ്ത്രം ധരിക്കാന്‍ പാടില്ലെന്നു കണ്ടു. ഞാന്‍ വളരെ വിഷമത്തിലാണ്. എന്നെപ്പോലുള്ളവര്‍ക്ക് വല്ല ഇളവും ഇഹ്റാമില്‍ ഉണ്ടോ?
ഉത്തരം- താങ്കളെപ്പോലെ പ്രയാസങ്ങളനുഭവിക്കുന്നവര്‍ ഉത്കണ്ഠാകുലരാകേണ്ട യാതൊരു കാര്യവുമില്ല. കാരുണ്യവാനായ അല്ലാഹു തന്റെ ഏതൊരു കാര്യവും അടിമകളുടെ പരിമിതികളും സാഹചര്യങ്ങളും മനസ്സിലാക്കിക്കൊണ്ടേ നിര്‍ദേശിച്ചിട്ടുള്ളൂ. ഹജ്ജിന്റെ കാര്യത്തില്‍ മാത്രമല്ല സര്‍വ വിധികളിലും ഇത് കാണാവുന്നതാണ്.
താങ്കളുടെ വിഷയത്തില്‍ ഇഹ്റാമില്‍ സാധാരണ ഉപയോഗിക്കുന്ന രണ്ട് വസ്ത്രങ്ങള്‍ക്കു പുറമെ അടിവസ്ത്രം കൂടി ഉപയോഗിക്കാവുന്നതാണ്. അടിവസ്ത്രം മൂത്രത്തുള്ളി വീണ് നജസാവാതിരിക്കാന്‍ പരുത്തിയോ ടിഷ്യൂ പേപ്പറോ പോലുള്ളവ അടിവസ്ത്രത്തില്‍ വെക്കുകയും ചെയ്യാം. ശരിയാണ്, സാധാരണ ഗതിയില്‍ ഇഹ്റാമില്‍ നിഷിദ്ധമായ ഒരു കാര്യമാണ് താങ്കള്‍ ചെയ്യുന്നത്. എന്നാല്‍ ന്യായമായ പ്രതിബന്ധങ്ങളുള്ളവര്‍ക്ക് ഇവിടെ ചില ഇളവുകളുണ്ടെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്: ”നിങ്ങളിലാരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് കാലംവരെ സൗകര്യം ഉപയോഗപ്പെടുത്തുകയുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും” (അല്‍ ബഖറ 196). കഅ്ബു ബ്‌നു ഉജ്റ എന്ന സ്വഹാബി പറഞ്ഞു: ”എന്റെ കാര്യത്തിലാണ് ഈ ആയത്ത് അവതരിച്ചത്.” അദ്ദേഹത്തിന്റെ തലയില്‍ ഈരും പേനും വന്ന് നിറഞ്ഞതു കാരണം (മുടിയില്‍നിന്ന് അവ ഉതിര്‍ന്നുവീഴുവോളം) വല്ലാതെ കഷ്ടപ്പെട്ടു. സംഭവമറിഞ്ഞ അല്ലാഹുവിന്റെ റസൂല്‍ അദ്ദേഹത്തോട് പറഞ്ഞു: ”താങ്കളുടെ തലയിലെ ചെള്ള് താങ്കളെ എടങ്ങേറാക്കിയേക്കും.” ”അതേ തിരുദൂതരെ”- അദ്ദേഹം പറഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”നീ നിന്റെ തലയിലെ മുടി കളയുക. മുടിയും നഖവും കളയല്‍ ഇഹ്റാമില്‍ നിഷിദ്ധമാണല്ലോ. എന്നിട്ട് മൂന്ന് ദിവസം നോമ്പെടുക്കുക. അല്ലെങ്കില്‍ ആറ് അഗതികള്‍ക്ക് ഭക്ഷണം നല്‍കുക. അതുമല്ലെങ്കില്‍ ഒരാടിനെ ബലിയറുക്കുക” (ബുഖാരി 3870/മുസ്ലിം:2934). ഇഹ്റാം ചെയ്തവര്‍ക്ക് ധരിക്കാന്‍ പാടില്ലാത്തവ വിശദീകരിച്ചശേഷം എന്തെങ്കിലും ന്യായമായ ഒഴികഴിവില്ലെങ്കിലാണ് ഇപ്പറഞ്ഞത്. എന്നാല്‍ വല്ല ഒഴികഴിവുമുണ്ടെങ്കില്‍ എന്ന് പറഞ്ഞുകൊണ്ട് ഇമാം നവവി എഴുതുന്നു: ”ഉഷ്ണമോ ശൈത്യമോ കാരണമായോ, ചികിത്സാര്‍ഥമോ തലമറയ്ക്കലോ മറ്റോ ആവശ്യമായി വന്നാല്‍ അതെല്ലാം അനുവദനീയമാകുന്നതാണ്. എന്നാല്‍ ഫിദ്യ നിര്‍ബന്ധമായിത്തീരും” (ശറഹുല്‍ മുഹദ്ദബ് 7/259). ശേഷം സൂറഃ അല്‍ബഖറയിലെ നാം നേരത്തേ ഉദ്ധരിച്ച ആയത്താണിതിന് തെളിവെന്ന് വ്യക്തമാക്കുകയും ചെയ്തു.
ബലിയുടെ ഇനങ്ങള്‍
ഹജ്ജ് കൃതികളും ലേഖനങ്ങളും വായിച്ചപ്പോഴും ക്ലാസ്സുകള്‍ കേട്ടപ്പോഴും പലതരത്തിലുള്ള ബലിയുണ്ടെന്ന് മനസ്സിലായി. ആകെക്കൂടി ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ലളിതമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട് അഞ്ച് ഇനം ഹദ്യ് (ബലി) ഉണ്ട്. ദൈവസാമീപ്യം പ്രതീക്ഷിച്ച് ഹറമില്‍ സമര്‍പ്പിക്കുന്ന ബലിക്കാണ് ഹദ്യ് എന്ന് പറയുന്നത്. എന്നാല്‍ പ്രായശ്ചിത്തമായി നല്‍കുന്ന ബലിക്ക് ഫിദ്യ എന്നാണ് പറയുക. ഇനങ്ങള്‍ താഴെ പറയുന്നു:
ഒന്ന്: ഖാരിന്‍ ആയോ മുതമത്തിഅ് ആയോ ഹജ്ജ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട ബലി. ഒരാടോ ഒട്ടകമോ മാടോ ആയാല്‍ മതി. ഉദ്ഹിയ്യത്തിന്റെ വിധിപോലെ, ഒട്ടകവും മാടുമാണെങ്കില്‍ പരമാവധി ഏഴുപേര്‍ക്ക് കൂടി ഒരു ഉരു മതിയാവും (അല്‍ബഖറ 197). ഇതിന് കഴിയാത്തവര്‍ പത്ത് നോമ്പെടുക്കണം-മൂന്നെണ്ണം ഹജ്ജിന് ഇഹ്റാം ചെയ്ത ശേഷവും ഏഴെണ്ണം നാട്ടില്‍ തിരിച്ചെത്തിയ ശേഷവും. യാതൊരു നിലക്കും ബലി നല്‍കാന്‍ വകയില്ലാത്തവര്‍ക്കു മാത്രമേ ഈ ഇളവ് ബാധകമാകൂ. എന്നാല്‍ മസ്ജിദുല്‍ ഹറാമിന്റെ പരിസരത്ത് താമസിക്കുന്ന മക്കാ നിവാസികള്‍ക്ക് ഈ ബലി ബാധകമല്ല. കാരണം അവര്‍ക്ക് ഇഫ്റാദ് രൂപത്തിലുള്ള ഹജ്ജ് മാത്രമേ ഉള്ളൂ (നിഹായ 10/486, മുഗ്നി 6/114).
രണ്ട്: ഇഹ്റാമില്‍ നിഷിദ്ധമായത് ചെയ്താല്‍ പ്രായശ്ചിത്തമെന്ന നിലക്ക് ബലി നല്‍കണം. മുടി കളയുക, തുന്നിയ വസ്ത്രം ധരിക്കുക തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ഇവിടെ ബലി തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ചെയ്താല്‍ മതി. ഒരാടിനെ ബലിയറുക്കുക, മൂന്ന് നോമ്പെടുക്കുക, അല്ലെങ്കില്‍ ആറ് അഗതികള്‍ക്ക് ആഹാരം നല്‍കുക. ”വിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്‍വം അങ്ങനെ ചെയ്താല്‍ പരിഹാരമായി, അയാള്‍ കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്‍കണം” (അല്‍മാഇദ 95).
മൂന്ന്: ഹജ്ജിനോ ഉംറക്കോ ഇറങ്ങിത്തിരിച്ചയാള്‍ തനിക്ക് തട്ടിനീക്കാന്‍ കഴിയാത്ത പ്രതിബന്ധങ്ങളോ തടസ്സങ്ങളോ കാരണം ഉപരോധിക്കപ്പെട്ടാല്‍ ഇഹ്റാമില്‍നിന്നൊഴിവാകുന്നതു വഴി നിര്‍ബന്ധമാകുന്ന ബലി. ”നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ നിര്‍വഹിക്കുക. അഥവാ, നിങ്ങള്‍ ഉപരോധിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സാധ്യമായ ബലിനടത്തുക. ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുവോളം നിങ്ങള്‍ തലമുടിയെടുക്കരുത്” (അല്‍ബഖറ 196). അറഫാ ദിനത്തില്‍ രോഗം കാരണമോ ഹോസ്പിറ്റലില്‍ അഡ്മിറ്റായതിനാലോ അറഫയിലെത്താന്‍ കഴിയാതെ വന്നാല്‍ ഹജ്ജ് നഷ്ടപ്പെട്ടു. അപ്പോഴും അത് ഉംറയാക്കി ഇഹ്റാമില്‍നിന്നൊഴിവായി ഈ ബലി നല്‍കേണ്ടതാണ്.
നാല്: ഇഹ്റാമില്‍നിന്നൊഴിവാകും മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതു വഴി നിര്‍ബന്ധമായിത്തീരുന്ന ബലി. ഒരു ഒട്ടകത്തെയാണ് ബലിയായി നല്‍കേണ്ടത്. അതിന് കഴിയില്ലെങ്കില്‍ മാടിനെയും അതും ലഭിച്ചില്ലെങ്കില്‍ ഏഴ് ആടിനെയുമാണ് ബലി നല്‍കേണ്ടത്. ഇത്തരക്കാരുടെ ഹജ്ജും ഉംറയും ബാത്വിലായിത്തീരും. ഹജ്ജിനിടയില്‍ അങ്ങനെ സംഭവിച്ചുപോയാല്‍ ഹജ്ജ് നഷ്ടപ്പെടുമെങ്കിലും ശേഷിക്കുന്ന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കലും അടുത്ത വര്‍ഷം ചെയ്തു വീട്ടലും അയാള്‍ക്ക് നിര്‍ബന്ധമാണ്. ഇഹ്റാമില്‍ വിലക്കപ്പെട്ട കാര്യങ്ങളില്‍ ഹജ്ജ് ബാത്വിലാക്കുന്ന ഒരേയൊരു കാര്യം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നതു മാത്രമാണ്. ബലിയറുക്കാന്‍ ഉരുവിനെ കിട്ടിയില്ലെങ്കില്‍ ആ തുകക്ക് സമാനമായി ഭക്ഷണം വാങ്ങി ഹറമിലെ സാധുക്കള്‍ക്ക് വിതരണം ചെയ്യണം. അതിനും പറ്റിയില്ലെങ്കില്‍ അത്രയും എണ്ണം ദിവസം നോമ്പനുഷ്ഠിക്കണം.
അഞ്ച്: വേട്ടയാടിയതിന്റെ പ്രായശ്ചിത്തമായി നല്‍കേണ്ട ബലി. ”വിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്‍വം അങ്ങനെ ചെയ്താല്‍ പരിഹാരമായി, അയാള്‍ കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്‍കണം” (അല്‍മാഇദ 95). വേട്ടയാടിയ ഇരയുടെ അതേ പോലെയുള്ളതിനെയാണ് ഇവിടെ ബലി നല്‍കേണ്ടത്. അത് ഹറമിലെ സാധുക്കള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്. ബലിമൃഗത്തിന്റെ മൂല്യം കണക്കാക്കി, തത്തുല്യമായ തുകക്കുള്ള ഭക്ഷണം വാങ്ങി അര സ്വാഅ് വീതം സാധുക്കള്‍ക്ക് നല്‍കുകയോ അത്രയും ദിവസം നോമ്പെടുക്കുകയോ ചെയ്താലും മതിയാകും.
ബലി നല്‍കേണ്ട സമയം താഴെ പറയുന്നു:
1. മുതമത്തിഉം ഖാരിനും നല്‍കേണ്ട ബലി. ദുല്‍ഹജ്ജ് പത്ത് മുതല്‍ പതിമൂന്ന് വരെയുള്ള ഏത് ദിവസവും ആകാവുന്നതാണ്.
2. ഹജ്ജ് മുടങ്ങിയതിനുള്ള ബലി. എവിടെ വെച്ചാണോ മുടങ്ങിയത് അവിടെ വെച്ചാണ് നിര്‍വഹിക്കേണ്ടത്.
3. ഇഹ്റാമില്‍ നിഷിദ്ധമായ പ്രവൃത്തി ചെയ്തതിന്റെ പ്രായശ്ചിത്തമായി നല്‍കുന്ന ബലി. എവിടെ വെച്ചാണോ നിഷിദ്ധമായ കാര്യം ചെയ്തത് അവിടെയാണ് നല്‍കേണ്ടത്-ഹറമിലായാലും പുറത്തായാലും.
4. വേട്ടയുടെ പ്രായശ്ചിത്തമായ ബലി ഹറമില്‍ തന്നെയാണ് നല്‍കേണ്ടത്. നോമ്പ് എവിടെ വെച്ചും ആകാം.
ബലിയില്‍നിന്ന് രക്ഷപ്പെടാന്‍ കൗശലം
ഇഫ്റാദായി ഹജ്ജ് ചെയ്താല്‍ ബലിയറുക്കാതെ അത്രയും തുക (ഒരാടിന്റെ വില) ലാഭിക്കാമെന്ന് ഒരു ഹജ്ജ് ക്ലാസ്സില്‍ വിശദീകരിക്കുകയുണ്ടായി. അതിനായി മക്കയില്‍നിന്ന് ഉംറ കഴിഞ്ഞ് മദീനയില്‍ പോയി താമസിക്കാമെന്നും ഹജ്ജിന്റെ തലേ ദിവസം (ദുല്‍ഹജ്ജ് 7-ന്) മദീനയില്‍നിന്ന് പുറപ്പെട്ട് ഹജ്ജിന് മാത്രമായി ഇഹ്റാം ചെയ്യാമെന്നും പറയുന്നു. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
ഏതാണ്ട് രണ്ടര ലക്ഷം രൂപ മുടക്കിയാണ് പ്രൈവറ്റ് ഏജന്‍സികള്‍ വഴി ഒരുപാട് ആളുകള്‍ ഹജ്ജിന് പോകുന്നത്. ഇത്രയും രൂപ മുടക്കി ഹജ്ജിന് പോകാന്‍ സന്നദ്ധരായ വിശ്വാസികളോടാണ് ഏറിയാല്‍ 400 രിയാല്‍ മാത്രം ചെലവ് വരുന്ന ബലി ഒഴിവാക്കിക്കിട്ടാനുള്ള സൂത്രവിദ്യ പറഞ്ഞുകൊടുക്കുന്നത്. മുഹമ്മദ് നബി(സ) ആകെ ഒരു ഹജ്ജാണ് നിര്‍വഹിച്ചത്. അതില്‍ നൂറ് ഉരുക്കളെയാണ് തന്റേതായി ബലിയറുത്തത്. അതില്‍ 63 എണ്ണം സ്വന്തം കൈകൊണ്ട് തന്നെ അറുത്തു. ഇതെല്ലാം സര്‍വാംഗീകൃതമായ ചരിത്ര സത്യങ്ങളാണ്.
വസ്തുത ഇതായിരിക്കെ, നൂറ് പോകട്ടെ വാജിബായ ബലിയായി ചുരുങ്ങിയത് ഒരു ഉരുവിനെയെങ്കിലും അറുക്കുക എന്നതില്‍നിന്ന് രക്ഷപ്പെടാന്‍ കൗശലം പ്രയോഗിക്കുന്നവരുടെ കാര്യം മഹാ കഷ്ടം തന്നെ.
ഹജ്ജ് മാസങ്ങളില്‍ ഉംറ ചെയ്യുകയും എന്നിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാതെ ഹജ്ജ് കൂടി ചെയ്ത് തിരിച്ചുവരികയും ചെയ്യുന്നവരുടെ ഹജ്ജിന്റെ രൂപമാണ് തമത്തുഅ് എന്നു പറയുന്നത്. ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്റാം ചെയ്ത് ഹജ്ജിനും ഉംറക്കും ഇടയില്‍ ഇഹ്റാമില്‍നിന്നൊഴിവാകാതെ (തഹല്ലുലാവാതെ) അവ രണ്ടും ഒരുമിച്ച് ചെയ്യുന്നതിനാണ് ഖിറാന്‍ എന്ന് പറയുന്നത്.
ഒരു മാസവും അതിലധികവും ദിവസങ്ങള്‍ പുണ്യ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടാന്‍ പാകത്തില്‍ നമ്മുടേത് പോലുള്ള വിദൂര ദിക്കുകളില്‍നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് എന്തുകൊണ്ടും ഉത്തമം ആദ്യം പറഞ്ഞ രൂപമാണ്. അവര്‍ക്ക് ഉംറ കഴിഞ്ഞ് ഇഹ്റാമില്‍നിന്നൊഴിവായി സാധാരണ പോലെ കഴിച്ചുകൂട്ടുകയും ദുല്‍ഹജ്ജ് എട്ടിന് ഹജ്ജിന് മാത്രം ഇഹ്റാം ചെയ്യുകയും ചെയ്താല്‍ മതി.
ഈ രണ്ട് രൂപത്തില്‍ ഹജ്ജ് ചെയ്യുന്നവര്‍ക്കും ബലിയറുക്കല്‍ വാജിബാണ്. ഈ വിഷയത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല; ഒരു മദ്ഹബിനും. എന്നാല്‍, ഉംറ നിര്‍വഹിക്കാതെ ഹജ്ജ് മാത്രം ചെയ്യുന്നവര്‍ക്ക് ബലി നിര്‍ബന്ധമില്ല. ഇതിന് ഇഫ്റാദ് എന്നു പറയുന്നു. എന്നിട്ടും നമ്മുടെ നാട്ടില്‍നിന്ന് മുതമത്തിഅ് ആയി ഹജ്ജിന് പോവുന്ന ആളുകളെ കൗശലം പ്രയോഗിച്ച് മുഫ്രിദാക്കുന്നു. എന്തിന്? ഏതാനും തുട്ടുകള്‍ ലാഭിക്കാന്‍! ഇത് വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്.
ഹജ്ജിന്റെയും ഉംറയുടെയും ഇടയില്‍ ഇടവേള ലഭിക്കുന്നതുകൊണ്ട് ആ സന്ദര്‍ഭത്തില്‍ ഇഹ്റാമില്‍ വിലക്കപ്പെട്ട കാര്യങ്ങള്‍ തടസ്സം കൂടാതെ ചെയ്യാനും സാധാരണ ജീവിതം ആസ്വദിക്കാനും കഴിയും. അതുകൊണ്ടാണ് ‘ആസ്വാദനം’ എന്നര്‍ഥമുള്ള ‘തമത്തുഅ്’ എന്ന് ഈ രൂപത്തിന് പേര് വന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ബലി നിര്‍ബന്ധമാണ്. ഉംറക്കു ശേഷം മദീനയില്‍ പോകുന്നു എന്നത് ‘മുതമത്തിഅ്’ എന്ന വിശേഷണം ഇല്ലാതാക്കുകയില്ല. ഉംറ കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലേ ആ വിശേഷണം ഇല്ലാതാവൂ. ഇങ്ങനെ തമത്തുഅ് ആയി ഹജ്ജും ഉംറയും ചെയ്യുന്നവര്‍ ബലി നല്‍കേണ്ടതാണ് എന്നത് അല്ലാഹുവിന്റെ നിര്‍ദേശമാണ്. അല്ലാഹു പറയുന്നു: ”ആരെങ്കിലും ഉംറ ചെയ്ത് ഹജ്ജ് വേള വരെ സൗകര്യം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അവന്‍ സാധ്യമായ ബലി നല്‍കട്ടെ, ഇനിയാരെങ്കിലും അതിന് കഴിയാത്തതായുണ്ടെങ്കില്‍ പത്ത് നോമ്പുകള്‍ തികച്ചും അനുഷ്ഠിക്കേണ്ടതാണ്. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം നാട്ടില്‍ തിരിച്ചെത്തിയ ശേഷവും” (അല്‍ബഖറ 196).
അതിനാല്‍ നബി പഠിപ്പിച്ച പൂര്‍ണമായ ഹജ്ജ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍, ഇബ്റാഹീം നബിയുടെ മില്ലത്ത് പിന്തുടരണമെന്ന് ആഗ്രഹമുള്ളവര്‍ ബലി നല്‍കിക്കൊള്ളട്ടെ.