കുട്ടികളുടെയും അടിമകളുടെയും ഹജ്ജ്
കുട്ടികൾക്കും അടിമകൾക്കും ഹജ്ജ് നിർബന്ധമില്ല. പക്ഷേ, അവർ ചെയ്താൽ അത് സാധുവാകും. എന്നാൽ ഇസ്ലാമിലെ നിർബന്ധമായ ഹജ്ജിന്റെ സ്ഥാനത്ത് അത് മതിയാവുകയില്ല. ഇബ്നുഅബ്ബാസ് പറയുന്നു. നബി (സ) പറഞ്ഞു: “ഒരു കുട്ടി ഹജ്ജ് ചെയ്യുകയും പ്രായപൂർത്തിയെത്തുകയും ചെയ്താൽ അവൻ മറ്റൊരു ഹജ്ജു കൂടി ചെയ്യേണ്ടതുണ്ട്. ഒരടിമ ഹജ്ജ് ചെയ്യുകയും പിന്നീട് സ്വതന്ത്രനാക്കപ്പെടുകയും ചെയ്താൽ അവൻ മറ്റൊരു ഹജ്ജ് കൂടി ചെയ്യേണ്ടതുണ്ട്. (ത്വബറാനി, സ്വഹീഹായ പരമ്പരയോടുകൂടി).
സാഇദുബ്നു യസീദ് പറയുന്നു: ഹജ്ജത്തുൽ വിദാഇൽ എന്റെ പിതാവ് നബിതിരുമേനിയോടൊപ്പം ഹജ്ജ് ചെയ്തു. എനിക്കന്ന് ഏഴുവയസ്സേയുള്ളൂ (അഹ്മദ്, ബുഖാരി, തിർമിദി). അദ്ദേഹം പറഞ്ഞു: ബാലൻ പ്രായപൂർത്തിക്കുമുമ്പ് ഹജ്ജ് ചെയ്താൽ പ്രായപൂർത്തിക്കുശേഷം അവൻ വീണ്ടും ഹജ്ജ് ചെയ്യേണമെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. അടിമയുടെ സ്ഥിതിയും അതുതന്നെ. അസ്വതന്ത്രനായിരിക്കുമ്പോൾ അവൻ ഹജ്ജ് ചെയ്താൽ സ്വതന്ത്രനായശേഷം സൗകര്യമുണ്ടായാൽ അവൻ വീണ്ടും ഹജ്ജ് ചെയ്യണം.
ഇബ്നു അബ്ബാസിൽ നിന്നു നിവേദനം: “ഒരു കുട്ടിയെ നബി (സ)ക്ക് ഉയർത്തിക്കാണിച്ചുകൊണ്ട് ചോദിച്ചു. ഇതിന്നു ഹജ്ജുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ, പക്ഷേ പ്രതിഫലം നിനക്ക്. (അതായത്, അവനെ ഹജ്ജ് പഠിപ്പിക്കുകയും ഹജ്ജിൽ അവനുവേണ്ടി വിഷമങ്ങൾ സഹിക്കുകയും ചെയ്തതിന്റെ പേരിൽ).
ജാബിറിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി (സ) യോടൊപ്പം ഞങ്ങൾ ഹജ്ജുചെയ്തു. ഞങ്ങളുടെകൂടെ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. കുട്ടികൾക്ക് വേണ്ടി ഞങ്ങൾ തൽബിയത്ത് ചൊല്ലി. അവർക്കു വേണ്ടി ഞങ്ങൾ എറിയുകയും ചെയ്തു. (അഹ്മദ്, ഇബ്നുമാജ)
കുട്ടി തന്റേടമെത്തിയവനാണെങ്കിൽ സ്വന്തമായിത്തന്നെ ഇഹ്റാമിൽ പ്രവേശിക്കുകയും ഹജ്ജിന്റെ ക്രിയകൾ അനുഷ്ഠിക്കുകയും ചെയ്യാം. ഇല്ലെങ്കിൽ അവന്റെ രക്ഷാധികാരിയാണ് ( നവവി പറഞ്ഞു: കുട്ടി തന്റേടമെത്തിയിട്ടില്ലാത്തവനാണെങ്കിൽ അവനുവേണ്ടി ഇഹ്റാമിൽ പ്രവേശിക്കുന്ന രക്ഷാധികാരി അവന്റെ സമ്പത്തിന്റെ രക്ഷാധികാരിയാണ്. അതായത് പിതാവ്, പിതാമഹൻ, ഭരണാധികാരി നിശ്ചയിക്കുന്ന വസ്വിയ്യ് എന്നിങ്ങനെ ഭരണാധികാരിയുടെ ഭാഗത്തുനിന്ന് നിശ്ചയിക്കപ്പെടുകയോ വസ്വിയ്യത്ത് ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഉമ്മ അവനുവേണ്ടി ഇഹ്റാമിൽ പ്രവേശിക്കാൻ പാടുള്ളതല്ല. ഉമ്മയ്ക്ക് വിലായത്ത് (രക്ഷാധികാരം) ഇല്ലെങ്കിലും അവരുടെ രക്തബന്ധുക്കൾക്ക് വേണ്ടി അവർ ഇഹ്റാമിൽ പ്രവേശിച്ചാൽ അത് സാധുവാകുമെന്ന് ഒരു അഭിപ്രായമുണ്ട്.) അവനുവേണ്ടി ഇഹ്റാ മിൽ പ്രവേശിക്കുകയും തൽബിയത്ത് ചൊല്ലുകയും ചെയ്യേണ്ടത്. അദ്ദേഹം അവനെയും കൂട്ടി പ്രദക്ഷിണം വയ്ക്കുകയും ഓടുകയും അറഫയിൽ നില്ക്കുകയും അവനുവേണ്ടി കല്ലെറിയുകയും ചെയ്യണം. ഇനി അറഫയിൽ നില്ക്കുന്നതിന് മുമ്പോ അറഫയിൽ വെച്ചോ അവന് പ്രായപൂർത്തിയെത്തിയാൽ അത് തന്നെ ഇസ്ലാമിലെ നിർബന്ധ ഹജ്ജായി അവനുമതി. വിമോചിതനാവുന്ന അടിമയുടെ അവസ്ഥയും ഇത് തന്നെ. എന്നാൽ മാലിക്, ഇബനുൽ മുൻദിർ എന്നിവർ അത് മതിയാവുകയില്ലെന്ന അഭിപ്രായക്കാരാണ്. സുന്നത്തായ ഹജ്ജ് എന്ന നിലയിലാണ് അവർ ഇഹ്റാമിൽ പ്രവേശിച്ചതെന്നും അത് പിന്നീട് നിർബന്ധ ഹജ്ജാക്കി മാറ്റുവാൻ പാടില്ലെന്നുമാണ് ഇതിന്നവർ പറയുന്ന കാരണം.