മരണപ്പെട്ടവരുടെ ഹജ്
ഒരാൾ മരണപ്പെടുമ്പോൾ അയാൾക്ക് നേർച്ച ചെയ്തതോ, അല്ലാത്തതോ ആയ ഹജ്ജ് നിർബന്ധമായിരുന്നുവെങ്കിൽ അയാളുടെ രക്ഷാധികാരി അയാളുടെ ധനത്തിൽനിന്ന് അയാൾക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. മരണപ്പെട്ട ആളുടെ കടം വീട്ടാൻ അയാൾക്ക് ബാധ്യതയുള്ളതുപോലെ.
ഇബ്നു അബ്ബാസിൽ നിന്നുദ്ധരിക്കുന്നു. ഹൈന്ന ഗോത്രത്തിൽപ്പെട്ട ഒരു സ്ത്രീ നബി (സ) യുടെ അരികിൽ വന്നു പറഞ്ഞു: “എന്റെ മാതാവ് ഹജ്ജ് ചെയ്യാൻ നേർച്ച ചെയ്തിരുന്നു. പക്ഷേ, മരിക്കുന്നതുവരെ ഹജ്ജ് ചെയ്തിട്ടില്ല. അവർക്ക് വേണ്ടി ഞാൻ ഹജ്ജ് ചെയ്യേണമോ? തിരുമേനി പറഞ്ഞു. അതെ, അവർക്കുവേണ്ടി ഹജ്ജ് ചെയ്യുക. നിന്റെ മാതാവിന് കടമുണ്ടായിരുന്നുവെങ്കിൽ നീ അതു വീട്ടു മായിരുന്നില്ലേ? അല്ലാഹുവിന്നുള്ള കടവും വീട്ടുക. കടം വീട്ടാൻ ഏറ്റവും അർഹനാണ് അല്ലാഹു. (ബുഖാരി)
മരണപ്പെട്ടവർ വസ്വിയ്യത്ത് ചെയ്യട്ടെ, ചെയ്യാതിരിക്കട്ടെ അവർക്ക് വേണ്ടി ഹജ്ജ് ചെയ്യൽ നിർബ സമാണെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. കാരണം, ഏതായാലും കടം വീട്ടൽ നിർബന്ധമാണ്. ഇത് തന്നെയാണ് കഫ്ഫാറത്ത് (പ്രായശ്ചിത്തം), സകാത്ത് നേർച്ച തുടങ്ങി ധനപരമായ എല്ലാ ബാധ്യതകളുടെയും വിധി.
ഇബ്നു അബ്ബാസ്, സൈദുബ്നു സാബിത്, അബൂഹുറയ്റ, ശാഫിഇ തുടങ്ങിയവരെല്ലാം ഈ അഭിപ്രായക്കാരാണ്. അയാളുടെ മൂലധനത്തിൽ നിന്നു തന്നെ അതിന്റെ ചെലവുകൾ കാണണമെന്നാണ് അവരുടെ പക്ഷം.
ഹദീസിന്റെ പ്രത്യക്ഷ ധ്വനിയനുസരിച്ച് അയാളുടെ സ്വത്ത് കടം വീട്ടുവാനും ഹജ്ജ് ചെയ്യിക്കാനും, രണ്ടിനും കൂടി മതിയാവുകയില്ലെങ്കിൽ ഹജ്ജിന്നാണ് മുൻഗണന കല്പിക്കേണ്ടത്. കാരണം, തിരുമേനി പറഞ്ഞത് കടം വീട്ടാൻ കൂടുതൽ അർഹൻ അല്ലാഹുവാണെന്നാണല്ലോ.
എന്നാൽ അയാൾ വസ്വിയ്യത്ത് ചെയ്തോട്ടുണ്ടെങ്കിലേ അയാൾക്ക് വേണ്ടി ഹജ്ജ് ചെയ്യേണ്ടതുള്ളവെന്നാണ് മാലികിന്റെ അഭിപ്രായം. വസ്വിയ്യത്തില്ലെങ്കിൽ ഹജ്ജ് വേണ്ടതില്ല.കാരണം, ശാരീരികമായ പ്രവൃത്തികൾക്ക് പ്രാമുഖ്യമുള്ള ഇബാദത്താണ് ഹജ്ജ് . അതിൽ പകരത്തിനു സ്ഥാനമില്ല. ഇനി വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ സ്വത്തിൽ 1/3 ഭാഗം കൊണ്ട് ഹജ്ജ് ചെയ്യാം.