Back To Top

 നബിയുടെ ഹജ്ജ്

നബിയുടെ ഹജ്ജ്

Spread the love

മുസ്‌ലിം ജഅ്ഫര്‍ ബിന്‍ മുഹമ്മദ് വഴി അദ്ദേഹത്തിന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ജാബിര്‍ ബിന്‍ അബ്ദില്ലയുടെ അരികില്‍ പ്രവേശിച്ചു. പ്രവാചകന്റെ ഹജ്ജിനെകുറിച്ച് പറഞ്ഞു തന്നാലും. അദ്ദേഹം പറഞ്ഞു: നബി(സ) ഒമ്പത് വര്‍ഷം ഹജ്ജ് ചെയ്യാതെ ജീവിച്ചു. പിന്നീട് പത്താമത്തെ വര്‍ഷം അല്ലാഹുവിന്റെ റസൂല്‍ ഹജ്ജ് ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു. അതോടെ നബി(സ)യുടെ കൂടെ ഹജ്ജിന് പങ്കെടുക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് പഠിക്കാനും ആളുകള്‍ മദീനയില്‍ എത്തിച്ചേര്‍ന്നു.

ഞങ്ങള്‍ നബിതിരുമേനിയോടൊപ്പം യാത്രചെയ്ത് ദുല്‍ ഹുലൈഫയിലെത്തിയപ്പോള്‍ അസ്മാഅ് ബിന്‍ത് ഉമൈസ്, മുഹമ്മദ് ബിന്‍ അബൂബക്കറിനെ പ്രസവിച്ചു. ഇനിയെന്തുചെയ്യണമെന്ന് അവര്‍ പ്രവാചകനോട് അന്വേഷിച്ചു. പ്രവാചകന്‍ പറഞ്ഞു: കുളിച്ച ശേഷം രക്തം വരുന്ന ഭാഗങ്ങള്‍ ബന്ധിച്ച് കെട്ടുകയും എന്നിട്ട് ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുക.

നബി(സ) പള്ളിയില്‍ നിന്ന് രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷം ഖസ്‌വാഅ് എന്ന തന്റെ ഒട്ടകപ്പുറത്ത് കയറി. ഞങ്ങള്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോഴേക്കും ധാരാളം ആളുകള്‍ പ്രവാചകന്റെ കൂടെ എത്തിയിരുന്നു. പ്രവാചകന്റെ വലത്തും ഇടത്തും പിന്നിലുമെല്ലാമുണ്ടായിരുന്നു ഇതുപോലെ. നബി(സ) ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലികൊണ്ടിരുന്നു. ജനങ്ങളും തിരുമേനി ചൊല്ലുന്നത് ഏറ്റുചൊല്ലി.

ഞങ്ങള്‍ ഹജ്ജ് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. ഉംറ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ തിരുമേനിയോടൊപ്പം കഅ്ബക്കടുത്തെത്തിയപ്പോള്‍ കഅ്ബയുടെ മൂലയെ അദ്ദേഹം തൊട്ടുതടവി. പിന്നീട് ഏഴ് തവണ കഅ്ബയെ പ്രദക്ഷിണം ചെയ്തു. മൂന്നു തവണ സാവധാനത്തില്‍ ഓടുകയും ബാക്കി നടക്കുകയുമാണ് ചെയ്തത്. പിന്നീട് മഖാമു ഇബ്‌റാഹീമിലേക്ക് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം ‘നിങ്ങള്‍ മഖാമു ഇബ്‌റാഹീമില്‍ നമസ്‌കരിക്കുക’ എന്ന ഖുര്‍ആന്‍ വാക്യം പാരായണം ചെയ്തു. മഖാമു ഇബ്‌റാഹീം അദ്ദേഹത്തിന്റെയും കഅ്ബയുടെയും ഇടയിലാകുന്ന രീതിയില്‍ രണ്ട് റക്അത്ത് നമസ്‌കരിച്ചു. ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ്വും അണ് അദ്ദേഹം പാരായണം ചെയ്തത്. ശേഷം അവിടെ നിന്ന് എഴുന്നേറ്റ് ഹജറുല്‍ അസ്‌വദിന്റെ ഭാഗം തൊട്ടു തടവിയ ശേഷം സ്വഫാ വാതിലിലൂടെ സ്വഫയിലേക്ക് പുറപ്പെട്ടു.

സ്വഫായോട് അടുത്തപ്പോള്‍ പ്രവാചകന്‍ പാരായണം ചെയ്തു: ‘സ്വഫയും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍പ്പെട്ടതാണ്’. പിന്നീട് അദ്ദേഹം പറഞ്ഞു: അല്ലാഹു ആരംഭിച്ചേടത്തുനിന്ന് ഞാനും ആരംഭിക്കുന്നു. നബി(സ) സ്വഫാ മുതല്‍ ആരംഭിച്ചു. അതിന്റെ മുകളില്‍ കയറി. കഅ്ബ കാണാന്‍ തുടങ്ങിയപ്പോള്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് അല്ലാഹുവിന്റെ ഏകത്വത്തെയും മഹത്വത്തെയും വാഴ്ത്തി ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാകുന്നു. അവന്നു പങ്കുകാരില്ല. അവന്നാണ് രാജത്വം. അവന്നാണ് സ്തുതി. അവന്‍ എല്ലാകാര്യത്തിനും കഴിവുറ്റവനാണ്. അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാണ്. തന്റെ വാഗ്ദാനം അവന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. തന്റെ അടിമയെ അവന്‍ സഹായിക്കുകയും ശത്രു വ്യൂഹത്തെ ഏകനായി പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’

തിരുമേനി ഇപ്രകാരം മൂന്നു പ്രാവശ്യം പറയുകയും അവക്കിടയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് അവിടെ നിന്നിറങ്ങി മര്‍വയിലേക്ക് പുറപ്പെട്ടു. ബത്വ്‌നുല്‍വാദി മുതല്‍ ഓടുകയും മര്‍വയിലേക്ക് നടന്നുകയറുകയും ചെയ്തു. മര്‍വയിലെത്തിയ ശേഷം സ്വഫയില്‍ ചെയ്തതുപോലെ അവിടെ വെച്ചും ചെയ്യുകയുണ്ടായി. അങ്ങനെ മര്‍വയില്‍ അവസാനത്തെ പ്രദക്ഷിണത്തിലായപ്പോള്‍ അവിടന്നു പറഞ്ഞു: ‘എനിക്കിപ്പോള്‍ വ്യക്തമായ കാര്യം ആദ്യമേ വ്യക്തമായിരുന്നുവെങ്കില്‍ ഞാന്‍ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. ഞാനത് ഉംറയാക്കുകയും ചെയ്യുമായിരുന്നു. നിങ്ങളില്‍ ബലിമൃഗത്തെ കൊണ്ടുവരാത്തവര്‍ ഉംറയാക്കി മാറ്റി ഇഹ്‌റാമില്‍ നിന്ന് ഒഴിവായിക്കൊള്ളട്ടെ.’

ഉടനെ സുറാഖതുബ്‌നു മാലിക് എഴുന്നേറ്റ് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ഇത് ഈ വര്‍ഷത്തേക്കു മാത്രമോ അതല്ല, എല്ലാ കാലത്തേക്കുമോ? നബി(സ) തന്റെ ഒരു കയ്യിലെ വിരലുകള്‍, മറ്റേ കൈവിരലുകള്‍ക്കിടയില്‍ കോര്‍ത്തുകൊണ്ട് പറഞ്ഞു: ‘ഉംറ ഹജ്ജില്‍ പ്രവേശിച്ചിരിക്കുന്നു. ഈ വര്‍ഷത്തേക്കു മാത്രമല്ല, എന്നന്നേക്കും.’

അപ്പോഴാണ് അലി(റ) യമനില്‍ നിന്ന് നബി(സ)യുടെ ഓട്ടകവുമായി വന്നത്. ഫാത്വിമ(റ) ഇഹ്‌റാമില്‍ നിന്ന് ഒഴിവായി ചായം മുക്കിയ വസ്ത്രം ധരിക്കുകയും സുറുമയിടുകയും ചെയ്തത് കണ്ടപ്പോള്‍ അദ്ദേഹം അവരെ തടഞ്ഞു. അവര്‍ പറഞ്ഞു: എന്റെ പിതാവാണ് എന്നോടിങ്ങനെ ചെയ്യാന്‍ കല്‍പിച്ചത്.

അലി(റ) യമനില്‍ നിന്ന് കൊണ്ടുവന്നതും നബി(സ) കൊണ്ടുവന്നതും കൂടി 100 ബലിമൃഗങ്ങളുണ്ടായിരുന്നു. അപ്രകാരം നബി(സ)യും കൂടെ ബലിമൃഗമുള്ളവരുമൊഴിച്ച് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകുകയും മുടിമുറിക്കുകയും ചെയ്തു. ദുല്‍ഹജ്ജ് 8 ആയപ്പോള്‍ അവര്‍ മിനയിലേക്ക് പോവുകയും ഹജ്ജിന് ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്തു. നബി(സ)യും അവിടെയെത്തി. അവിടെനിന്ന് ളുഹ്‌റും അസറും മഗ്‌രിബും ഇശാഉം സുബ്ഹിയും നമസ്‌കരിച്ചു. പിന്നീട് സൂര്യനുദിക്കുന്നതുവരെ അവിടെ നിന്നു.

ഖുറൈശികള്‍ ജാഹിലിയ്യാ കാലത്ത് ചെയ്തിരുന്നതു പോലെ തിരുമേനി അറഫയിലേക്ക് പോകാതെ മശ്അറുല്‍ ഹറാമില്‍ (മുസ്ദലിഫ) നില്‍ക്കുമെന്നാണ് ഖുറൈശികള്‍ കരുതിയത്. എന്നാല്‍ പ്രവാചകന്‍ അറഫയിലേക്ക് പോവുകയും നമിറയില്‍ ടെന്റില്‍ താമസിക്കുകയും ചെയ്തു. അപ്രകാരം സായാഹ്നമായപ്പോള്‍ ബത്വ്‌നുല്‍ വാദിയിലേക്ക് പോവുകയും ചെയ്തു. ബത്വ്‌നുല്‍ വാദിയില്‍ വെച്ച് അറഫാ പ്രഭാഷണം നിര്‍വ്വഹിച്ചു. പിന്നീട് ബാങ്കും ഉഖാമത്തും കൊടുത്ത് ളുഹ്‌റ് നമസ്‌കരിച്ചു. പിന്നീട് ഇഖാമത്തിന് ശേഷം അസറും നമസ്‌കരിച്ചു. അവരണ്ടിനുമിടയില്‍ മറ്റൊന്നും നമസ്‌കരിച്ചില്ല. പിന്നീട് തിരുമേനി വാഹനപ്പുറത്ത് കയറി (അറഫാത്തില്‍) നില്‍ക്കുന്ന സ്ഥലത്തേക്ക് പോയി. ശേഷം തന്റെ ഒട്ടകത്തിന്റെ പാര്‍ശ്വം റഹ്മത്ത് മലയുടെ താഴ്ഭാഗത്തുള്ള പാറകളിലേക്ക് തിരിച്ചു. ജബലുല്‍ മശാത്തിന്റെ പിന്നിലായി ഖിബ്‌ലക്ക് അഭിമുഖമായി നിന്നു. സൂര്യന്‍ അസ്തമിക്കുന്നതുവരെ അവിടെ തുടര്‍ന്നു.

പിന്നീട് ഉസാമ(റ)യെ പിന്നിലിരുത്തി യാത്ര തുടര്‍ന്നു. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ മുറുകെ പിടിച്ച് സാവധാനമാണ് അതിനെ നടത്തിച്ചിരുന്നത്. വലതുകൈകൊണ്ട് പതുക്കെ പതുക്കെ എന്ന് ജനങ്ങളോട് ആഗ്യം കാണിക്കുകയും ചെയ്തിരുന്നു. മുസ്ദലിഫയില്‍ എത്തുന്നതുവരെ അദ്ദേഹം ഇങ്ങനെയാണ് ചെയ്തത്.

അവിടെവെച്ച് ഒരു ബാങ്കും രണ്ട് ഇഖാമത്തുമായി മഗ്‌രിബും ഇശാഉം നമസ്‌കരിച്ചു. അവരണ്ടിനുമിടയില്‍ മറ്റൊന്നും നമസ്‌കരിച്ചില്ല. പിന്നീട് പ്രഭാതം വരെ ചെരിഞ്ഞുകിടന്നു. പ്രഭാതോദയമാണെന്ന് ബോധ്യമായപ്പോള്‍ ബാങ്കും ഇഖാമത്തും കഴിഞ്ഞ് സുബ്ഹി നമസ്‌കരിച്ചു. ശേഷം മശ്അറില്‍ ഹറാമിലേക്ക് പുറപ്പെടുകയും ചെയ്തു. അവിടെനിന്ന് ഖിബ്‌ലയെ അഭിമുഖീകരിച്ച് പ്രാര്‍ത്ഥിക്കുകയും തക്ബീറും തഹ്‌ലീലും ചൊല്ലിക്കൊണ്ട് നേരം പുലരുന്നതുവരെ അവിടെ നില്‍ക്കുകയും ചെയ്തു.

പിന്നീട് ഉദയത്തിനു മുമ്പായി ഫദ്‌ലുബ്‌നു അബ്ബാസിനെ പിന്നിലിരുത്തിക്കൊണ്ട് യാത്ര തുടര്‍ന്നു. ഭംഗിയുള്ള മുടിയും വെളുത്ത ശരീരവുമുള്ള സുന്ദരനായ ഒരു യുവാവായിരുന്നു അദ്ദേഹം. തിരുമേനി യാത്ര തുടരുമ്പോള്‍ ചില സ്ത്രീകള്‍ അടുത്തുകൂടെ നടന്നുപോയി. ഫദ്ല്‍ അവരെ നോക്കാന്‍ തുടങ്ങി. അപ്പോള്‍ തിരുമേനി തന്റെ കൈ അദ്ദേഹത്തിന്റെ മുഖത്തുവെച്ചു. ഉടനെ ഫദ്ല്‍ മറ്റേ ഭാഗത്തേക്ക് മുഖം തിരിച്ചു നോക്കി. അപ്പോള്‍ പ്രവാചകന്‍ വീണ്ടും തടഞ്ഞു. പിന്നീട് മധ്യമാര്‍ഗത്തിലൂടെ ജംറത്തുല്‍ അഖബയിലേക്ക് തിരിഞ്ഞു. അതിനടുത്തെത്തിയപ്പോള്‍ ബത്വ്‌ന് വാദിയില്‍ നിന്ന് എടുത്ത ഏഴു കല്ലുകള്‍കൊണ്ട് അതിനെ എറിഞ്ഞു. ഓരോ കല്ലുകള്‍ക്കും കൂടെ തക്ബീര്‍ ചൊല്ലുകയും ചെയ്തു.

അവിടെനിന്നും ബലിഅറുക്കുന്ന സ്ഥലത്തേക്ക് പോയി. ബലിയറുത്തശേഷം അതില്‍ നിന്ന് ഭക്ഷിക്കുകയും സൂപ്പ് കുടിക്കുകയും ചെയ്തു. പിന്നീട് മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍ നിന്ന് ളുഹ് റ് നമസ്‌കരിച്ചശേഷം തിരുമേനി അബ്ദുല്‍ മുത്തലിബ് കുടുംബം സംസം വെള്ളം കുടിപ്പിക്കുന്ന സ്ഥലത്തേക്ക് ചെന്നു. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: ‘അബ്ദുല്‍ മുത്തലിബിന്റെ മക്കളേ, കുടിപ്പിക്കുക. ജനങ്ങള്‍ സംസം കുടിപ്പിക്കുന്ന കാര്യത്തില്‍ മത്സരിക്കുമെന്ന് ഞാന്‍ ഭയപ്പോട്ടില്ലായിരുന്നെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ സംസം കുടിപ്പിക്കുമായിരുന്നു.’ പിന്നീട് ഒരു പാത്രം സംസം അവര്‍ നല്‍കുകയും പ്രവാചകന്‍ അത് കുടിക്കുകയും ചെയ്തു.

Prev Post

ഹജ്ജും ഉംറയും ആവർത്തിച്ചാവർത്തിച്ചനുഷ്ഠിക്കുന്നതാണോ ഉത്തമം

Next Post

ഹാജി വിളി സുന്നത്താണോ?

post-bars

Related post

You cannot copy content of this page