Back To Top

 ഹജ്ജ് – ഒരു തവണ നിർബന്ധം

ഹജ്ജ് – ഒരു തവണ നിർബന്ധം

Spread the love

ജീവിതത്തിൽ ഒരു തവണ ഹജ്ജും ഉംറയും നിർവ്വഹിക്കൽ കഴിവുള്ള ഏതൊരു മുസ്ലിം പുരുഷനും സ്ത്രീക്കും നിർബന്ധമാണ്. ഖുർആൻ പറയുന്നു:( 2: 196)  وَأَتِمُّواْ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ  (അല്ലാഹുവിനു വേണ്ടി നിങ്ങൾ ഹജ്ജും ഉംറയും പൂർത്തിയാക്കുക)

ولله على الناس حج البيت من استطاع إليه سبيلا (آل عمران: ۹۷) (വിശുദ്ധ ഭവനത്തിങ്കലെത്താൻ കഴിവുള്ളവർ ഹജ്ജ് നിർവ്വഹിക്കൽ മനുഷ്യർ അല്ലാഹു വിന് വേണ്ടി നിർവ്വഹിക്കേണ്ടുന്ന നിർബന്ധ ബാധ്യതയാണ്.)

ഹജ്ജ് എന്ന പദത്തിനർത്ഥം ഉദ്ദേശിക്കുക എന്നാണ്. ഉംറ, ഇഅ്തിമാർ എന്നീ പദങ്ങൾക്ക് സന്ദർശനം എന്നർത്ഥമാണ്. ഒരു നിശ്ചിതാരാധന ഉദ്ദേശിച്ച് കഅബയിൽ ചെല്ലുകയാണ് അതുകൊണ്ടുള്ള വിവക്ഷ.

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് നിർബന്ധമല്ലെന്ന് വാദിക്കുന്നവർ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്തായിരിക്കും. അത്തരക്കാരെ മുർതദ്ദ്’ ആയാണ് ഗണിക്കുക. ഉംറ നിർബന്ധമാണോ സുന്നത്താണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

ഹിജ്റ ആറാം വർഷമാണ് ഹജ്ജ് നിർബന്ധമാക്കിയതെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. ഹിജ്റ ഒമ്പതിലോ പത്തിലോ ആണ് ഹജ്ജ് നിർബന്ധമാക്കിയതെന്ന് ഇമാം ഇബ്നു ഖയ്യിമിന്റെ പക്ഷം.

ഹജ്ജ് ഒരു ശ്രേഷ്ഠകർമം
ഹജ്ജിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ച് അബൂഹുറൈറ (റ) ഉദ്ധരി ക്കുന്നു.
عن أبي هريرة رضي الله عنه، قال: سئل النبي صلى الله عليه وسلم أي الأعمال أفضل؟ قال: «إيمان بالله ورسوله» قيل: ثم ماذا؟ قال: «جهاد في سبيل الله» قيل: ثم ماذا؟ قال: «حج مبرور»
നബി (സ)യോട് ചോദിക്കപ്പെട്ടു. ഏറ്റവും ശ്രേഷ്ഠമായ കർമം ഏതാണ്? നബി (സ) പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. പിന്നെ എന്താണ്? ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: പിന്നെ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരം. ചോദിക്കപ്പെട്ടു. പിന്നെ ഏതാണ്? നബി (സ) പറഞ്ഞു: പിന്നെ പുണ്യകരമായ ഹജ്ജ്.)

നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.
الحجَّاجُ والعمَّارُ وفدُ اللهِ، إن دعوه أجابهم، وإن استغفَروه غفَر لهم
(ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ അതിഥി കളാണ്. അവർ അവനോട് പ്രാർത്ഥിച്ചാൽ അവനവർക്ക് ഉത്തരം നൽകും. അവർ അവനോട് മാപ്പിരന്നാൽ അവൻ അവർക്ക് പൊറുത്തു കൊടുക്കും.)

ഹജ്ജിന്റെ സവിശേഷതകൾ
ഇസ്ലാമിലെ അടിസ്ഥാന ആരാധനാ കർമങ്ങളിൽ നമസ്കാരവും നോമ്പും ശാരീരികമായി അനുഷ്ഠിക്കേണ്ട ബാദ്ധ്യതകളാണ്. സകാത്ത് സാമ്പത്തിക ബാധ്യതയും. ഹജ്ജാവട്ടെ ഒരേ സമയത്ത് ശാരീരികവും സാമ്പത്തികവുമായ ബാധ്യതയാണ്. നമസ്കാരവും നോമ്പും സകാത്തുമെല്ലാം അവരവരുടെ നാടുകളിൽ വെച്ചു നിർവഹിക്കുന്ന കർമങ്ങളാണ്. ഹജ്ജാവട്ടെ, ലോകത്തിന്റെ ഏതുഭാഗത്ത് ജീവിക്കുന്നവ രായാലും അറേബ്യയിലെ മക്കയിൽ വന്ന് നിർവഹിക്കേണ്ടതാണ്.

പ്രവാചകവര്യനായ ഇബ്രാഹിം നബി (അ), പത്നി ഹാജിറ (അ), പുത്രൻ ഇസ്മാഇൽ നബി (അ) എന്നിവരുടെ ത്യാഗപൂർണമായ ജീവിത സംഭവങ്ങളുടെ ഓർമകളുണർത്തുന്നതാണ് ഹജ്ജിലെ ഓരോ കർമവും. അപ്രകാരം തന്നെ അന്ത്യപ്രവാചകൻ മുഹമ്മദു നബി (സ അ)യും മഹാന്മാരായ സഹാബികളും ജീവിക്കുകയും ദൈവമാർഗ ത്തിൽ സ്വദേഹങ്ങളെ അർപ്പിക്കുകയും ചെയ്ത പുണ്യഭൂമിയിലാണ് ഹജ്ജ് നിർവ്വഹിക്കപ്പെടുന്നത്.

ലോകത്തെങ്ങുമുള്ള മുസ്ലിംകളുടെ പ്രതിനിധികൾ വർഷത്തിലൊരിക്കൽ ഒത്തുകൂടുന്ന ആഗോള മുസ്ലിം സമ്മേളനമാണ് ഹജ്ജ്. ധനിക-ദരിദ്ര വ്യത്യാസം കൂടാതെ എല്ലാവരും ലളിതമായ ഒരേ വസ്ത്ര മണിഞ്ഞ് അല്ലാഹുവിന്റെ ഭവനത്തിൽ ഒത്തുചേരുന്നത് ഇസ്ലാമിലെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്.

ലോകാവസാനം വരെ ഏതു കാലഘട്ടത്തിലും ഏതു നാട്ടിലും ജീവി ക്കുന്ന മുസ്ലിംകളെ ഇബ്രാഹിം നബി തൊട്ട് മുഹമ്മദു നബിവരെയും ശേഷവുമുള്ള ഇസ്ലാമിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയു മാണ് വർഷംതോറും ആവർത്തിക്കുന്ന ഹജ്ജ്.

ഒരു തവണ നിർബന്ധം
ജീവിതത്തിൽ ഒരു തവണ മാത്രമേ ഏതൊരാൾക്കും ഹജ്ജും ഉംറയും നിർബന്ധമുള്ളൂ. പിന്നെ അതു നിർബന്ധമാകുന്നത് നേർച്ചയാക്കിയാൽ മാത്രമാണ്. അല്ലാത്തതെല്ലാം സുന്നത്തും. ഇബ്നു അബ്ബാസ് (റ) പറയുന്നു:

خطبنا رسول اللہ ﷺ فقال : يا أيها الناس كتب عليكم الحج، فقام الأقرع بن حابس فقال : أفي كل عام يا رسول الله ؟ فقال : لو قلتها لوجبت ولو وجبت لم تعملوا بها ولم تستطيعوا. الحج مرة فمن زاد فهو تطوع (أحمد وأبوداود والنسائي والحاكم) (റസൂൽ (സ) ഞങ്ങളോട് പ്രസംഗിച്ചു. അദ്ദേഹം പറഞ്ഞു. ജനങ്ങളേ, നിങ്ങൾക്കു ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അപ്പോൾ അഖഉബ്നു ഹാബിസ് (റ) എഴുന്നേറ്റു നിന്ന് ചോദിച്ചു: എല്ലാ കൊല്ലവുമാണോ, അല്ലാഹുവിന്റെ ദൂതരേ? നബി (സ) പറഞ്ഞു: ഞാൻ അങ്ങനെ പറഞ്ഞു വെങ്കിൽ അതു നിർബന്ധമാകുമായിരുന്നു. അതു നിർബന്ധമായാലോ, നിങ്ങൾ അതു ചെയ്യുകയില്ല. നിങ്ങൾക്കതു സാധിക്കുകയുമില്ല. ഹജ്ജ് ഒരു തവണയാണ് നിർബന്ധം. ആരെങ്കിലും കൂടുതൽ ചെയ്താൽ അതു ഐഛികം മാത്രമാണ്.

ഒരാൾക്ക് ഹജ്ജിന് പോവാൻ കഴിവുണ്ടായാൽ അയാൾക്കതു നിർബന്ധമായി. എന്നാൽ ഉടനെ ചെയ്തുകൊള്ളണമെന്നില്ല. മരിക്കും മുമ്പ് എപ്പോൾ ചെയ്താലും മതി. ഭൂരിപക്ഷാഭിപ്രായ പ്രകാരം ഹിജ്റയുടെ ആറാം വർഷം ഹജ്ജ് നിർബന്ധമായിട്ടും നബി (സ)യും മിക്ക സഹാബിമാരും പത്താമാണ്ടിലാണ് ഹജ്ജ് നിർവ്വഹിച്ചത്. എന്നാൽ സാധ്യമായ ആദ്യവർഷം തന്നെ അതു നിർവ്വഹിച്ച് ബാധ്യത പൂർത്തീകരിക്കുന്നതാണ് നല്ലത്. നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്നു:

مَنْ أَرَادَ الحَجَّ فَلْيَتَعَجَّلْ، فَإِنَّهُ قَدْ يَمْرَضُ المَرِيضُ وَتَضِلُّ الضَّالَّةُ وَتَعْرُضُ الحَاجَة (أحمد والبيهقي وإبن ماجه) (ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നവൻ അതു കഴിവതും വേഗം നിർവ്വഹി ച്ചുകൊള്ളട്ടെ. കാരണം, അയാൾ ചിലപ്പോൾ രോഗിയായെന്ന് വരാം. വാഹനം നഷ്ടമായെന്ന് വരാം. ദാരിദ്ര്യം പിടിപെട്ടെന്നും വരാം.)

Prev Post

ഉംറയുടെ കർമശാസ്ത്ര വിധികൾ

Next Post

ഹജ്ജ് നിർബന്ധമാവാനുള്ള ഉപാധികൾ

post-bars

Related post

You cannot copy content of this page