ഹജ്ജ് പാപങ്ങൾ ദൂരീകരിക്കുന്നു
1. അബൂഹുറയ്റയിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നബി (സ) പറയുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുകയോ തെറ്റ് പ്രവർത്തിക്കുകയോ ചെയ്യാതെ ആരെങ്കിലും ഹജ്ജ് ചെയ്താൽ, തന്നെ പ്രസവിച്ച ദിനത്തിലെന്നപോലെ (പാപരഹിതനായാണ് അവൻ മടങ്ങി വരുന്നത്. (ബുഖാരി, മുസ്‌ലിം)
2. അംബൽ ആസ്വിൽ നിന്ന് റിപ്പോർട്ട് അദ്ദേഹം പറഞ്ഞു: അല്ലാഹു എന്റെ ഹൃദയത്തിൽ ഇസ്ലാം പ്രവേശിപ്പിച്ചപ്പോൾ ഞാൻ തിരുമേനിയുടെ അടുത്ത് ചെന്ന് പറഞ്ഞു: കൈനീട്ടിയാലും, ഞാൻ അങ്ങയോട് കരാർ ചെയ്യട്ടെ. അദ്ദേഹം പറയുന്നു: അങ്ങനെ തിരുമേനി കൈനീട്ടിയപ്പോൾ ഞാൻ എന്റെ കൈ വലിച്ചു. തിരുമേനി ചോദിച്ചു. എന്തുപറ്റി അംറെ ഞാൻ പറഞ്ഞു: ഞാൻ ഒരു നിബന്ധന വയ്ക്കാം. നബി (സ) ചോദിച്ചു: എന്ത് നിബന്ധന ഞാൻ പറഞ്ഞു: എനിക്ക് പൊറുത്തു കിട്ടണമെന്ന്, നബി (സ) പറഞ്ഞു: ഇസ്ലാം അതിനു മുമ്പുള്ളതിനെ ദുർബല മാക്കുമെന്നും ഹിജ്റ അതിനു മുമ്പുള്ളതിനെ ദുർബലമാക്കുമെന്നും ഹജ്ജ് അതിനു മുമ്പുള്ളതിനെ ദുർബലമാക്കുമെന്നും നീ മനസ്സിലാക്കിയിട്ടില്ലേ? (മുസ്‌ലിം)
3. അബ്ദുല്ലാഹിബ്നു മസ്ഊദിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ഹജ്ജും ഉംറയും നിങ്ങൾ ഒരുമിച്ച് അനുഷ്ഠിക്കുക. കാരണം, അവ രണ്ടും ഇരുമ്പിന്റെയും സ്വർണത്തിന്റെയും വെള്ളിയുടെയും കീടം ഉല നീക്കം ചെയ്യുന്ന പോലെ ദാരിദ്ര്യവും പാപവും നീക്കം ചെയ്യും. മബ് രൂരായ
ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല.” (നസാഇ, തിർമിദി)
ഹാജിമാർ അല്ലാഹുവിന്റെ യാത്രാസംഘം
അബൂഹുറയ്റയിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: “ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാസംഘമാണ്. അവർ അവനോട് പ്രാർത്ഥിച്ചാൽ അവർക്ക് ഉത്തരം ലഭിക്കും. അവർ പാപമോചനത്തിനായി ചോദിച്ചാൽ പൊറുത്തു കൊടുക്കും” (നസാഇ, ഇബ്നുമാജ). ഇബ്നു ഹിബ്ബാനും ഇബ്നുഖുസൈമയും ഇത് ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ വാചകം ഇങ്ങനെയാണ്: “അല്ലാഹുവിന്റെ യാത്രാസംഘം മൂന്നാണ് ഹജ്ജ് ചെയ്യുന്നവർ, ഉംറ ചെയ്യുന്നവർ, യുദ്ധം ചെയ്യുന്നവർ.
ഹജ്ജിന് പ്രതിഫലം സ്വർഗം
1. അബൂഹുറയ്റയിൽനിന്ന് നിവേദനം. നബി (സ) പറഞ്ഞു: ഒരു ഉംറ മറ്റൊരു ഉംറ വരെ അവക്കിടയിലുള്ളതിന് പ്രായശ്ചിത്തമാണ്. മബ്റായ ഹജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി, മുസ്‌ലിം)
2. ജാബിറി (റ)ൽ നിന്ന് പ്രബലമായ പരമ്പരയിലൂടെ ഇബ്നുജുറൈജ് ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: “ഈ ഭവനം ഇസ്ലാമിന്റെ സ്തംഭമാണ് ഉംറയോ ഹജ്ജോ ചെയ്യുന്നതിനായി ഈ ഭവനം ഉദ്ദേശിച്ചുകൊണ്ട് ആരെങ്കിലും പുറപ്പെട്ടാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലായി. അവനെ മരിപ്പിക്കുകയാണെങ്കിൽ സ്വർഗത്തിൽ പ്രവേശിപ്പിക്കും. ഇനി, ജീവിക്കാൻ വിടുകയാണെങ്കിലോ, പ്രതിഫവും ഗനീമത്തുമായി ജീവിക്കാൻ വിടുകയും ചെയ്യും.
ഹജ്ജിൽ ചെലവ് ചെയ്യൽ
ബുറൈദയിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ഹജ്ജിൽ ചെലവു ചെയ്യുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവ് ചെയ്യുന്നത് പോലെയാണ്. ഒരു ദിർഹമിന് 100 ഇരട്ടി പ്രതിഫലം)” (ഇബ്നു അബീശൈബ, അഹ്മദ്, ത്വബ്റാനി, ബൈഹഖി) ഇതിന്റെ പരമ്പര ഹസനാണ്.