ഹജ്ജ് നിർവ്വഹിക്കാതെ മരിച്ചാൽ
ഒരാൾ ഹജ്ജ് നിർബന്ധമായിരിക്കേ അത് നിർവ്വഹിക്കാൻ സാധിക്കാതെ മരിച്ചാൽ അയാളുടെ മറ്റ് കടങ്ങൾ പോലെതന്നെ ഈ ബാധ്യത നിർവ്വഹിക്കാനും പരേതന്റെ കൈകാര്യാവകാശി ഏർപ്പാടു ചെയ്യേണ്ടതാണ്. അതായത് അയാളുടെ മക്കളിലാരെങ്കിലും അയാൾക്ക് വേണ്ടി ഹജ്ജ് നിർവ്വഹിക്കുകയോ വിശ്വസ്തനായ ഒരാളെ കണ്ടെത്തി ഏല്പിക്കുകയോ ചെയ്യണം. ഇബ്നു അബ്ബാസ് (റ) പറയുന്നു.
أن امرأة من جهينة جاءت إلى النبي صلى الله عليه وسلم فقالت: إن أمي نذرت أن تحج، فلم تحج حتى ماتت، أفأحج عنها؟ قال: «نعم حجي عنها، أرأيت لو كان على أمك دين أكنت قاضيته؟ اقضوا الله، فالله أحق بالوفاء». رواه البخاري.
(ജുഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബി (സ)യെ സമീപിച്ചു കൊണ്ട് പറഞ്ഞു: എന്റെ മാതാവ് ഹജ്ജ് നിർവ്വഹിക്കാൻ നേർച്ചയാക്കി യിട്ടുണ്ടായിരുന്നു. അവർ ഹജ്ജ് നിർവ്വഹിക്കാനാവാതെ മരിച്ചു. അവർക്കുവേണ്ടി എനിക്ക് ഹജ്ജ് ചെയ്യാമോ? നബി (സ) പറഞ്ഞു: അതെ. നീ അവർക്കുവേണ്ടി ഹജ്ജ് ചെയ്ത് കൊള്ളുക. നിന്റെ ഉമ്മാക്ക് ഋണബാധ്യതയുണ്ടായിരുന്നുവെങ്കിൽ നീ അതു കൊടുത്ത് വീട്ടുമായിരുന്നില്ലേ? അല്ലാഹുവിനുള്ള കടം വീട്ടുക. കടം വീട്ടാൻ ഏറെ അർഹൻ അല്ലാഹുവത്രെ.)
ഹജ്ജ് നിർബന്ധമായ ശേഷം രോഗം, വാർദ്ധക്യം ആദിയായ കാരണങ്ങളാൽ അതു നിർവ്വഹിക്കാൻ കഴിയാത്ത വിധം അവശനായാൽ തനിക്കുപകരം മറ്റൊരാളെ അയച്ച് ഹജ്ജ് നിർവ്വഹിപ്പിക്കേണ്ടതാണ്.
തനിക്കു പകരം മറ്റൊരാൾ ഹജ്ജ് നിർവ്വഹിച്ചശേഷ രഷം ഒരാൾക്ക് ആരോഗ്യം വീണ്ടുകിട്ടിയാൽ അയാൾ വീണ്ടും ഹജ്ജ് നിർവ്വഹിക്കണമെന്നില്ല.
പകരക്കാരന്റെ നിബന്ധന
പകരം ഹജ്ജ് നിർവ്വഹിക്കുന്നയാൾ നേരത്തെ തനിക്കുവേണ്ടി ഹജ്ജ് നിർവ്വഹിച്ചവനായിരിക്കണം. ഇബ്നുഅബ്ബാസ് (റ) പറയുന്നു.
سمع رجلا يقول : لبيك عن شبرمة. فقال : إن رسول الله أحججت عن نفسك ؟ قال : لا، قال : فحج عن نفسك ثم حج عن شبرمة (أبوداود، ابن ماجه)
(ഒരാൾ لبيك عن شبرمة എന്ന് ശബ്ദമക്ക് പകരം തൽബിയത്ത് ചൊല്ലുന്നതു നബി (സ) കേട്ടു. നബി (സ) ചോദിച്ചു. താങ്കൾ സ്വന്തത്തിന് ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. നബി (സ) പറഞ്ഞു: എങ്കിൽ സ്വന്തത്തിനു വേണ്ടി ഹജ്ജ് നിർവ്വഹിക്കുക. പിന്നെ ശബ്ദമക്ക് വേണ്ടി ഹജ്ജ് നിർവ്വഹിക്കുക )