ഇഹ്റാം
ഹജ്ജോ ഉംറയോ രണ്ടും കൂടിയോ നിർവഹിക്കുന്നുവെന്ന് കരുതുകയാണിത്. ഹജ്ജിന്റെയും ഉംറയുടെയും റുക്നുകളിൽ ഒന്നാണ് ഇഹ്റാം. അല്ലാഹു പറയുന്നു.
وَمَآ أُمِرُوٓاْ إِلَّا لِيَعْبُدُواْ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ ( ദീൻ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനല്ലാതെ കല്പിക്കപ്പെട്ടിട്ടില്ല.”)
എല്ലാ പ്രവൃത്തികളും ഉദ്ദേശ്യമനുസരിച്ചാണ്. ഓരോ മനുഷ്യന്നും അവൻ ഉദ്ദേശിച്ചത് ലഭിക്കും” എന്നു നബി (സ)യും പറഞ്ഞിരിക്കുന്നു.
നിയ്യത്ത് മനസ്സിലാണ് വേണ്ടതെന്ന് മുമ്പ് വിവരിച്ചിട്ടുണ്ട്. കമാൽ ഇബ്നുൽ ഹമ്മാം പറഞ്ഞു: നിയ്യത്ത് നബി(സ)യുടെ കർമങ്ങളിൽ ഉൾപ്പെട്ടതായി റിപ്പോർട്ടർമാർ മനസ്സിലാക്കിയിട്ടില്ല. പക്ഷേ, അവരിൽ ഒരാൾ നബി (സ) ഇങ്ങനെ പറയുന്നത് കേട്ടതായി ഉദ്ധരിച്ചിരിക്കുന്നു: “ഞാൻ ഉംറ ഉദ്ദേശിക്കുന്നു. അല്ലെങ്കിൽ ഞാൻ ഹജ്ജ് ഉദ്ദേശിക്കുന്നു.
മര്യാദകൾ
ഇഹ്റാമിനു ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്.
1. ശുദ്ധി. നഖം മുറിക്കുക, മീശ വെട്ടുക, കക്ഷവും ഗുഹ്യപ്രദേശവും വൃത്തിയാക്കുക. വുദു ചെയ്യുകയോ കുളിക്കുകയോ – അതാണ് നല്ലത് – ചെയ്യുക, താടിയും മുടിയും ചീകിവെക്കുക.
ഇബ്നു ഉമർ പറഞ്ഞു: “ഇഹ്റാം ഉദ്ദേശിക്കുകയോ മക്കയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുകയോ ചെയ്താൽ കുളിക്കുന്നത് സുന്നത്തിൽപ്പെട്ടതാണ്.
ഇബ്നു അബ്ബാസിൽ നിന്നു നിവേദനം. പ്രവാചകൻ പറഞ്ഞു: ആർത്തവം, പ്രസവം എന്നീ കാരണങ്ങളുള്ള സ്ത്രീകൾ കുളിച്ചു ഇഹ്റാം ചെയ്യുകയും എല്ലാ കർമങ്ങളും നിർവഹിക്കുകയും ചെയ്യണം. എന്നാൽ ശുദ്ധിയാവുന്നതുവരെ കഅ്ബാ പ്രദക്ഷിണം പാടില്ല. (അഹ്മദ്, അബൂദാവൂദ്)
2. തുന്നിയ വസ്ത്രങ്ങൾ ഉരിഞ്ഞു ഇഹ്റാമിന്റെ രണ്ട് വസ്ത്രങ്ങൾ മാത്രം ധരിക്കുക. ശരീരത്തിന്റെ മുകൾ ഭാഗത്തെ തലയൊഴികെ മറയ്ക്കുന്ന ഒരു മുണ്ടും താഴ്ഭാഗത്തെ മറയ്ക്കുന്ന മറ്റൊന്നുമാണ് വസ്തങ്ങൾ. ഇവ രണ്ടും വെളുത്തതാകുന്നത് കൂടുതൽ നന്ന് .
ഇബ്നു അബ്ബാസ് പറയുന്നു: “മുടി ചീകുകയും എണ്ണ പുരട്ടുകയും തന്റെ തുണിയും തട്ടവും ധരിക്കുകയും ചെയ്തശേഷം സ്വഹാബികളോടൊപ്പം നബി തിരുമേനി യാത്ര പുറപ്പെട്ടു.” (ബുഖാരി)
3. ശരീരത്തിലും വസ്ത്രത്തിലും സുഗന്ധം ഉപയോഗിക്കുക. ഇഹ്റാമിന് ശേഷം അതിന്റെ അടയാളങ്ങൾ അവശേഷിച്ചാലും വിരോധമില്ല. (ചില പണ്ഡിതൻമാർ ഇത് കറാഹത്താണെന്ന് പറഞ്ഞിരിക്കുന്നു. പക്ഷേ, മുകളിലെ ഹദീസ് അവർക്കെതിരിലുള്ള തെളിവാണ്.)
ആഇശ(റ)യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു: തിരുമേനി ഇഹ്റാമിലായിരിക്കേ അവിടത്തെ മൂർധാവിൽ സുഗന്ധത്തിന്റെ പ്രകാശം ഞാൻ കാണുന്നപോലെ. (ബുഖാരി, മുസ്ലിം)
ആഇശ(റ) പറഞ്ഞു: ഇഹ്റാമിനു മുമ്പ് ഇഹ്റാമിന് വേണ്ടിയും ത്വവാഫിനു മുമ്പ് ഇഹ്റാമിൽ നിന്ന് ഒഴിവാകുന്നതിനുവേണ്ടിയും ഞാൻ തിരുമേനിക്ക് സുഗന്ധങ്ങൾ തേച്ചുകൊടുക്കാറുണ്ടായിരുന്നു. (ബുഖാരി, മുസ്ലിം)
അവർ തന്നെ പറയുന്നു: ഞങ്ങൾ നബി (സ) യോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. ഇഹ്റാമിന്റെ സന്ദർഭത്തിൽ ഞങ്ങൾ നെറ്റിയിൽ സുഗന്ധം തേച്ചിരുന്നു. പിന്നീട് വിയർക്കുമ്പോൾ അത് മുഖത്തുകൂടി ഒലിക്കും. തിരുമേനി അത് കാണുകയും ചെയ്യും. പക്ഷേ, ഞങ്ങളെ അവിടന്ന് തടഞ്ഞിരുന്നില്ല. (അഹ്മദ്, അബൂദാവൂദ്)
4. ഇഹ്റാമിന്റെ സുന്നത്തെന്ന നിലയിൽ രണ്ട് റക്അത്ത് നമസ്കരിക്കുക. ഇതിൽ ഫാതിഹക്ക് ശേഷം ആദ്യ റക്അത്തിൽ സൂറതുൽ കാഫിറൂനും രണ്ടാമത്തെ റക്അത്തിൽ സൂറതുൽ ഇഖ് ലാസും ഓതണം. ഇബ്നു ഉമർ പറയുന്നു: നബി (സ) ദുൽഹുലൈഫയിൽ രണ്ട് റക്അത്ത് നമസ്കരിച്ചിരുന്നു. (മുസ്ലിം) ഇതിനു പകരം നിർബന്ധ നമസ്കാരമായാലും മതിയാകുന്നതാണ്.