ഇഹ്റാമിന്റെ ഇനങ്ങൾ
ഇഹ്റാമിന് മൂന്ന് ഇനങ്ങളുണ്ട്.
1. ഖിറാൻ (ഹജ്ജിനും ഉംറയ്ക്കും ഒരുമിച്ച് ഇഹ്റാം ചെയ്യുക.)
2. തമത്തുഅ് (ഹജ്ജുമാസങ്ങളിൽത്തന്നെ ആദ്യം ഉംറയ്ക്കും പിന്നീട് ഹജ്ജിനും ഇഹ്റാം ചെയ്യുക.)
3. ഇഫ്റാദ് (ഹജ്ജിനുമാത്രം ഇഹ്റാം ചെയ്യുക.) ഈ മൂന്നിനങ്ങളിൽ ഏതും സ്വീകരിക്കാമെന്ന് പണ്ഡിതൻമാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരി ക്കുന്നു.
ആഇശ (റ)യിൽ നിന്നു നിവേദനം: ഹജ്ജത്തുൽ വിദാഇന്റെ വർഷം ഞങ്ങൾ തിരുമേനിയോടൊപ്പം പുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിൽ ഉംറക്ക് ഇഹ്റാം ചെയ്തവരുണ്ടായിരുന്നു. ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്റാം ചെയ്തവരുമുണ്ടായിരുന്നു. ഹജ്ജിനുമാത്രം ഇഹ്റാം ചെയ്തവരുമുണ്ടായിരുന്നു. തിരുമേനി (സ) ഹജ്ജിനാണ് ഇഹ്റാം ചെയ്തത്. എന്നാൽ ഉംറക്ക് ഇഹ്റാം ചെയ്തവർ മക്കയിൽ വന്ന ശേഷം ഇഹ്റാമിൽ നിന്ന് ഒഴിവായി. ഹജ്ജിനോ, ഹജ്ജിനും ഉംറക്കും ഒരുമിച്ചോ ഇഹ്റാം ചെയ്തവർ ബലിദിവസം വരെ ഒഴിവായില്ല. (ബുഖാരി, മുസ്ലിം, മാലിക്)
ഖിറാൻ
ഇഹ്റാമിന് നിർണയിച്ച സ്ഥലത്തുനിന്ന് ഹജ്ജിനും ഉംറയ്ക്കും ഒരുമിച്ച് ഇഹ്റാം ചെയ്യുകയാണിത്. അവൻ തൽബിയത്ത് ചൊല്ലുമ്പോൾ ലബ്ബൈക്ക ബി ഹജ്ജ് വ ഉംറ എന്ന് പറയണം. ഇങ്ങനെ ചെയ്യുന്നവൻ ഹജ്ജിന്റെയും ഉംറയുടെയും കർമങ്ങളിൽ നിന്ന് മുക്തമാവുന്നതു വരെ ഇഹ്റാമിൽത്തന്നെ തുടരേണ്ടതുണ്ട്.
ഇനി ആദ്യം ഉംറക്ക് ഇഹ്റാം ചെയ്യുകയും പിന്നീട് ത്വവാഫിനുമുമ്പ് അതിൽ ഹജ്ജ് കൂടി ഉൾപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ അതും ഖിറാൻ തന്നെയാണ്.
തമത്തുഅ്
ഹജ്ജ് മാസങ്ങളിൽ ആദ്യം ഉംറക്ക് ഇഹ്റാം ചെയ്യുകയും പിന്നീട് അതേ വർഷത്തിൽത്തന്നെ ഹജ്ജ് നിർവഹിക്കുകയും ചെയ്യുന്നതിനാണ് തമത്തുഅ് (സുഖമനുഭവിക്കുക) എന്നു പറയുന്നത്.
ഒരേ വർഷത്തിലെ ഹജ്ജുമാസങ്ങളിൽ, നാട്ടിലേക്ക് മടങ്ങാതെത്തന്നെ രണ്ടു കർമങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് ഇതിനു തമത്തുഅ് എന്നു പേരുവരാൻ ഒരു കാരണം. മറ്റൊരു കാരണം, ഇങ്ങനെ തമത്തുഅ് ചെയ്യുന്നവന് ആദ്യത്തെ ഇഹ്റാമിൽ നിന്ന് ഒഴിവായ ശേഷം ഇഹ്റാമിൽ പ്രവേശിക്കാത്ത വരെപ്പോലെ വസ്ത്രങ്ങൾ ധരിക്കുകയും സുഗന്ധം ഉപയോഗിക്കുകയും മറ്റും ചെയ്യാമെന്നതാണ്.
തമത്തുഅ് ചെയ്യുന്നവൻ ഇഹ്റാമിന്റെ സ്ഥാനത്തുനിന്ന് ഉംറക്ക് മാത്രം ഇഹ്റാം ചെയ്യണം. തൽബിയത്തിന്റെ അവസരത്തിൽ ലബ്ബൈക്ക ബി ഉംറ എന്നാണവർ പറയേണ്ടത്.
മക്കയിലെത്തുന്നതുവരെ ഇതനുസരിച്ച് അവൻ ഇഹ്റാമിൽത്തന്നെയായിരിക്കും. പിന്നീട് കഅ്ബയെ പ്രദക്ഷിണം വെയ്ക്കുകയും സ്വഫാ മർവകൾക്കിടയിൽ ഓടുകയും മുടി നീക്കം ചെയ്യുകയോ വെട്ടുകയോ ചെയ്യുകയുമായാൽ അവൻ ഇഹ്റാമിൽ നിന്ന് ഒഴിവായി. അതോടെ അവനു ഇഹ്റാമിന്റെ വസ്ത്രങ്ങൾ അഴിച്ചു സാധാരണ വസ്ത്രങ്ങൾ ധരിക്കുകയും ഇഹ്റാമിൽ പ്രവേശിച്ചതുകാരണം നിഷിദ്ധമായതെല്ലാം പ്രവർത്തിക്കുകയും ചെയ്യാം. പിന്നീട് തർവിയത്തിന്റെ ദിവസം (ദുൽഹജ്ജ് എട്ട്) മക്കയിൽ നിന്ന് ഹജ്ജിനു ഇഹ്റാം ചെയ്താൽ മതി.
‘ഫത്ഹി’ൽ ഇങ്ങനെ കാണാം: ഒരേ യാത്രയിൽ ഹജ്ജ് മാസങ്ങളിൽ ഒരേ വർഷത്തിൽ ഒരാൾ ഹജ്ജും ഉംറയും നിർവഹിക്കുകയും, ഉംറ ആദ്യം നിർവഹിക്കുകയും അവൻ മക്കക്കാരനല്ലാതിരിക്കുകയും ചെയ്താൽ അതാണ് തമത്തുഅ് എന്ന് ഭൂരിപക്ഷം അഭിപ്രായപ്പെടുന്നു. ഈ നിബന്ധനകളിൽ നിന്ന് ഒന്ന് വിട്ടുപോയാൽ അത് തമത്തുഅ് ആവുകയില്ല.
ഇഫ്റാദ്
ഇഹ്റാമിന്റെ സ്ഥാനത്തുനിന്ന് ഹജ്ജിനു മാത്രമായി ഇഹ്റാം ചെയ്യുന്നതാണ് ഇഫ്റാദ് . ഇങ്ങനെ ചെയ്യുന്നവൻ തൽബിയത്ത് ചൊല്ലുമ്പോൾ ലബ്ബൈക്ക ബി ഹജ്ജ് എന്ന് പറയണം. ഹജ്ജിന്റെ കർമങ്ങളെല്ലാം പൂർത്തി യാക്കുന്നതുവരെ അവൻ ഇഹ്റാമിൽ തുടരുകയും വേണം. പിന്നീട് അവനു വേണമെങ്കിൽ ഉംറ ചെയ്യാം.