ഹജ്ജിന് വാഹനമോ കാൽനടയോ ഉത്തമം?
ഹാഫിള് ഫത്ഹിൽ പറഞ്ഞു: ഹജ്ജ് ചെയ്യുന്നവൻ വാഹനം കയറുന്നതോ നടക്കുന്നതോ ഉത്തമമെന്നതിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ഇബ്നുൽ മുൻദിർ പറഞ്ഞിരിക്കുന്നു.
വാഹനം കയറുന്നതാണ് ഉത്തമമെന്ന് ഭൂരിപക്ഷമതം. കാരണം, നബി(സ) അങ്ങനെ ചെയ്‌തിട്ടുണ്ട്.
ചോദിക്കുവാനും പ്രാർത്ഥിക്കുവാനും കൂടുതൽ സഹായകമായതും അതുതന്നെ. കൂടാതെ വേറെയും ഗുണങ്ങൾ അതുകൊണ്ട് ലഭ്യമാണ്.
ഇസ്ഹാഖുബ്നു റാഹവൈഹി പറയുന്നു: “വിഷമങ്ങളുള്ളതിനാൽ നടക്കുന്നതാണ് ഉത്തമം. വ്യക്തികളുടെയും പരിതസ്ഥിതികളുടെയും വ്യത്യാസമനുസരിച്ച് അവയുടെ ശ്രഷ്ഠതയും വ്യത്യാസപ്പെടുമെന്ന് വേണമെങ്കിൽ പറയാം.
അനസിൽ നിന്നു നിവേദനം: ഒരു വൃദ്ധൻ തന്റെ രണ്ടു മക്കളെ അവലംബിച്ചുകൊണ്ട് നടക്കുന്നത് നബി (സ) കണ്ടു. അവിടന്ന് ചോദിച്ചു: “ഇദ്ദേഹം എന്താണിങ്ങനെ ചെയ്യുന്നത്?” അവർ പറഞ്ഞു: “നടക്കുമെന്ന് അയാൾ നേർച്ച് ചെയ്തിരിക്കുന്നു. അവിടന്നു പറഞ്ഞു: “ഇദ്ദേഹം തന്റെ സ്വന്തം ശരീരത്തെ ശിക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരാവശ്യവുമില്ല. പിന്നീട് അദ്ദേഹത്തോട് വാഹനം കയറുവാൻ അവിടന്ന് ആജ്ഞാപിച്ചു. (ബുഖാരി)