കഅ്ബാ പ്രവേശനം സുന്നത്ത്
ബുഖാരിയും മുസ്ലിമും ഇബ്നുഉമറിൽ നിന്നുദ്ധരിക്കുന്നു. റസൂൽ തിരുമേനിയും ഉസാമതുബ്നു സൈദും ഉസ്മാനുബ്നു ത്വൽഹയും കഅ്ബയിൽ പ്രവേശിച്ചു വാതിൽ അടച്ചു. അവർ പിന്നീടത് തുറന്നപ്പോൾ ബിലാൽ എന്നോടു പറഞ്ഞു: “റസൂൽ(സ) കഅ്ബയുടെ അകത്ത് വലത് ഭാഗത്തുള്ള രണ്ട്തൂണുകൾക്കിടയിൽ നമസ്കരിച്ചു.
കഅ്ബയുടെ അകത്ത് പ്രവേശിക്കുന്നതും അവിടെ നിന്ന് നമസ്കരിക്കുന്നതും സുന്നത്താണെന്നതിന് പണ്ഡിതന്മാർ ഈ ഹദീസ് തെളിവാക്കിയിരി ക്കുന്നു.
അവർ പറഞ്ഞു. അത് സുന്നത്താണെങ്കിലും ഹജ്ജിന്റെ കർമത്തിൽ പെട്ടതല്ല. കാരണം, ഇബ്നു അബ്ബാസ് പറഞ്ഞിരിക്കുന്നു: “നിങ്ങൾ കഅ്ബയിൽ പ്രവേശിക്കുന്നത് നിങ്ങളുടെ ഹജ്ജുമായി ഒട്ടും ബന്ധപ്പെട്ടതല്ല.” (ഹാകിം)
കഅ്ബയിൽ പ്രവേശിക്കാൻ സാധിക്കാത്തവർക്ക് ഹിജ്റ് ഇസ്മാഈലിൽ പ്രവേശിച്ചു അവിടെവെച്ച് നമസ്കരിക്കുന്നത് സുന്നത്താണ്. കാരണം, അതിന്റെ ഒരു ഭാഗം കഅ്ബയിൽ പെട്ടതാണല്ലോ.
അഹ്മദ് ആഇശയിൽ നിന്നുദ്ധരിക്കുന്നു. അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, ഞാനൊഴികെ അങ്ങയുടെ എല്ലാ പത്നിമാരും കഅ്ബയിൽ പ്രവേശിച്ചിട്ടുണ്ട്. തിരുമേനി പറഞ്ഞു: “ശൈബയുടെ അടുത്തേക്ക് പറഞ്ഞയക്കുക. അദ്ദേഹം നിനക്ക് വാതിൽ തുറന്നുതരും. അങ്ങനെ അവർ അദ്ദേഹത്തിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. പക്ഷേ, ശൈബ പറഞ്ഞു: ജാഹിലിയ്യത്തിലും ഇസ്ലാമിലും അത് രാത്രി തുറക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. തിരുമേനി പറഞ്ഞു: “നീ ഹിജ്റിൽ നമസ്കരിച്ചുകൊള്ളുക. നിന്റെ ജനത കഅ്ബ പുനർനിർമിച്ചപ്പോൾ അതിന്റെ ഒരു ഭാഗം (ഹിജ്ർ) ഒഴിവാക്കുകയാണ് ചെയ്തത്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0