ഹജ്ജിന്റെ മീഖാത്
ഹജ്ജിൽ ഏർപ്പെടാൻ നിശ്ചയിച്ച കാലവും സ്ഥലവുമാണ് മീഖാത് കൊണ്ടുള്ള വിവക്ഷ,
ശവ്വാൽ, ദുൽ ഖഅദ്, ദുൽഹിജ്ജ എന്നീ മാസങ്ങളാണ് ഹജ്ജ്കാലം.
الحج أشهر معلومات (البقرة)
(അറിയപ്പെട്ട മാസങ്ങളാണ് ഹജ്ജ്) എന്ന് ഖുർആൻ പറയുന്നു.
ഈ മാസങ്ങളിൽ വേണം ഹജ്ജിന് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുന്നത്. ഇതിന് കാലസംബന്ധിയായ മീഖാത്) എന്ന് പറയുന്നു.
സ്ഥലസംബന്ധിയായ മീഖാതു കൂടിയുണ്ട്. ഹജ്ജോ ഉംറയോ ഉദ്ദേശിക്കുന്നവർക്ക് ഇഹ്റാമിൽ പ്രവേശിക്കാൻ നിശ്ചയിച്ചു കൊടുത്ത സ്ഥലങ്ങളാണ് അവ. അവിടം വിടും മുമ്പ് ഇഹ്റാമിൽ പ്രവേശിക്കൽ അവർക്കു നിർബന്ധമാണ്. താഴെ പറയുന്നവയാണ് ഈ മീഖാതുകൾ:
1. ദുൽ ഹുലൈഫ: മക്കയുടെ വടക്ക് 450 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം. മദീനവഴി വരുന്നവർ ദുൽ ഹുലൈഫയിൽ വെച്ച് ഇഹ്റാമിൽ പ്രവേശിക്കണം.
2. അൽ – ജൂഹ്ഫ: മക്കയുടെ വടക്കുപടിഞ്ഞാറായി 187 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശം. സിറിയ ഭാഗത്തുനിന്ന് വരുന്നവർ ഇവിടെവെച്ച് ഇഹ്റാമിൽ പ്രവേശിക്കണം. പഴയകാലത്തെ ജൂഹ്ഫയുടെ അതിരടയാളങ്ങൾ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ അതിന് തൊട്ടടുത്തായി മക്കയിൽ നിന്ന് 204 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റാബിഗിൽ വെച്ചാണ് സിറിയൻ പ്രദേശങ്ങളിൽനിന്ന് – വരുന്നവർ ഇഹ്റാമിൽ പ്രവേശിക്കുന്നത്.
3. ഖർനുൽ മനാസിൽ : മക്കയുടെ കിഴക്ക് ഭാഗത്ത് അറഫയിലേക്കു എഴുന്നുനിൽക്കുന്ന, 94 കിലോ മീറ്റർ അകലെ കിടക്കുന്ന ഒരു മലമ്പ്രദേശം. നജ്ദിൽ നിന്ന് വരുമ്പോൾ ഇവിടെവെച്ചാണ് ഇഹ്റാമിൽ പ്രവേശിക്കേണ്ടത്.
4. യലംലം. മക്കയുടെ തെക്ക് 54 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതം. യമനിൽ നിന്ന് വരുന്നവർ ഇവിടെ വെച്ച് ഇഹ്റാ മിൽ പ്രവേശിക്കണം.
5. ദാതു ഇർഖ് : മക്കയിൽ നിന്ന് 94 കിലോമീറ്റർ അകലെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശം. ഇറാഖിൽനിന്ന് വരുന്നവർ ഇവിടെവെച്ചാണ് ഇഹ്റാമിൽ പ്രവേശിക്കേണ്ടത്.