ഇഹ്റാമിലല്ലാതെ മക്കയിൽ പ്രവേശിക്കാം
ഹജ്ജിനോ ഉംറക്കോ ഉദ്ദേശിക്കാത്തവർ ഇഹ്റാം ചെയ്തുകൊണ്ടല്ലാതെ മക്കയിൽ പ്രവേശിക്കുന്നത് അനുവദനീയമാണ്. വിറക് വെട്ടുക, പുല്ലരിയുക, വെള്ളം കുടിപ്പിക്കുക, വേട്ടയാടുക തുടങ്ങി വീണ്ടും വീണ്ടും ആവശ്യമായി വരുന്ന കാര്യങ്ങൾക്കാവട്ടെ, കച്ചവടം, സന്ദർശനം തുടങ്ങി വീണ്ടും വീണ്ടും ആവശ്യമായി വരാത്ത കാര്യങ്ങൾക്കാവട്ടെ; ഏതായാലും സംഭീതനോ നിർഭീതനോ ആയി മക്കയിൽ പ്രവേശി ക്കാവുന്നതാണ്. ഇതാണ് ഇവ്വിഷയകമായി ഇമാം ശാഫിഈയുടെ രണ്ടഭിപ്രായങ്ങളിൽ കൂടുതൽ സുബദ്ധമായത്. അദ്ദേഹത്തിന്റെ അനുയായികൾ ഫത് വ നൽകിയതും അതനുസരിച്ചുതന്നെ.
ഇഹ്റാം ചെയ്യാതെ കറുത്ത ഒരു തലപ്പാവുമായി നബിതിരുമേനി മക്കയിൽ പ്രവേശിച്ചതായി സ്വഹീഹ് മുസ്ലിമിലുണ്ട്. ഇബ്നു ഉമർ (റ) ഏതോ യാത്രയിൽ നിന്ന് മടങ്ങുമ്പോൾ ഇഹ്റാമിലല്ലാതെ മക്കയിൽ പ്രവേശിച്ചതായി അദ്ദേഹം ഉദ്ധരിക്കുന്നു. ഇഹ്റാം ചെയ്യാതെ മക്കയിൽ പ്രവേശിക്കുന്നതിന് വിരോധമില്ലെന്ന് ഇബ്നുശിഹാബും ഇങ്ങനെ പ്രവേശിക്കുന്നത് അനുവദനീയമാണെന്ന് ഇബ്നുഹസമും അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, നബി (സ) മക്കയുടെ ചുറ്റും ഇഹ്റാമിൽ പ്രവേശിക്കാൻ പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചത് ഹജ്ജോ ഉംറയോ ഉദ്ദേശിച്ചുകൊണ്ട് അതിലെ കടന്നുപോകുന്നവർക്ക് മാത്രമാണ്. അവ രണ്ടും ഉദ്ദേശിക്കാത്തവർക്ക് ഈ സ്ഥലങ്ങൾ “മീഖാത്തു’കളുമല്ല. ഇഹ്റാമോടുകൂടിയല്ലാതെ മക്കയിൽ പ്രവേശിക്കരുതെന്ന് അല്ലാഹുവോ അവന്റെ പ്രവാചകനോ കല്പിച്ചിട്ടുമില്ല. അതിനാൽ അങ്ങനെ വേണമെന്ന് പറഞ്ഞാൽ അത് ശറഇൽ നിർബന്ധമല്ലാത്ത കാര്യം നിർബന്ധമാക്കലായിരിക്കും.
മക്കയിൽ പ്രവേശിക്കുമ്പോൾ
മക്കയിൽ പ്രവേശിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ സുന്നത്താണ്.
1. കുളിക്കുക. ഇബ്നു ഉമർ(റ) മക്കയിൽ പ്രവേശിക്കുന്നതിനു മുമ്പായി കുളിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിൽ നിന്നുദ്ധരിക്കപ്പെടുന്നുണ്ട്.
2. ദീത്വുവായിൽ രാത്രി താമസിക്കുക. സാഹിറിന്റെ ഭാഗത്തുള്ള ദീത്വുവായിൽ നബി (സ) രാത്രി താമസിച്ചിരുന്നു. ഇബ്നുഉമറും അങ്ങനെ ചെയ്തിരുന്നതായി നാഫിഇൽ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്.
3. ഉയർന്ന മാർഗങ്ങളിലൂടെ -സനിയ്യത്ത് കദാഅ്- പ്രവേശിക്കുക. നബി (സ) ഉയർന്ന മാർഗങ്ങളിലൂടെയാണ് പ്രവേശിച്ചത്. അതിനാൽ സൗകര്യപ്പെടുമെങ്കിൽ അങ്ങനെത്തന്നെ ചെയ്യണം. ഇല്ലെങ്കിൽ സൗകര്യം പോലെ ചെയ്യാവുന്നതാണ്. അതിന്റെ പേരിൽ പ്രത്യേക പ്രായശ്ചിത്തമൊന്നും വേണ്ടതില്ല.
4. ധൃതിയിൽ മസ്ജിദുൽ ഹറാമിലേക്ക് പോവുക. മക്കയിൽ പ്രവേശിച്ചശേഷം തന്റെ പാഥേയം ഒരു സുരക്ഷിതസ്ഥാനത്ത് വെച്ച ഉടനെ മസ്ജിദുൽ ഹറാമിലേക്ക് പോവുകയും ബനൂശൈബ കവാടത്തിലൂടെ -ബാബുസ്സലാം- അകത്തു പ്രവേശിക്കുകയും അപ്പോൾ ഇങ്ങനെ പറയുകയും വേണം: أعوذ بالله العظيم وبوجهه الكريم، وسلطانه القديم من
الشيطان الرجيم بسم الله اللهم صل على محمد وآله وسلم، اللهم اغفر لي ذنوبي وافتح لي أبواب رحمتك
(ശപിക്കപ്പെട്ട പിശാചിൽ നിന്ന് മഹാനായ അല്ലാഹുവിൽ, അവന്റെ ആദരണീയ മുഖത്തിൽ, അനാദിയായ അവന്റെ അധികാരത്തിൽ ഞാൻ ശരണം തേടുന്നു. അല്ലാഹുവിന്റെ നാമത്തിലാണ് എന്റെ പ്രവേശം. അല്ലാഹുവേ, നീ മുഹമ്മദിനും കുടുംബത്തിനും അനുഗ്രഹം ചൊരിയേണമേ! അല്ലാഹുവേ, എനിക്കു നീ എന്റെ പാപങ്ങൾ പൊറുത്തുതരികയും കാരുണ്യത്തിന്റെ കവാടങ്ങൾ തുറന്നുതരികയും ചെയ്യേണമേ!)
5. ആ ദിവ്യമന്ദിരം ദൃഷ്ടിയിൽ പെട്ടാൽ കയ്യുയർത്തി ഇങ്ങനെ പ്രാർത്ഥിക്കുക:
اللهم زد هذا البيت تشريفا، وتعظيما، وتكريما ومهابة ورد من شرفه وكرمه ممن حجه، أو اعتمره تشريفا وتكريما وتعظيـما وبرا. اللهم أنت السلام ومنك السلام فخينا ربنا بالسلام
(അല്ലാഹുവേ, ഈ മന്ദിരത്തിന് ഔന്നത്യവും മഹത്വവും ആദരണീയതയും ഗാംഭീര്യവും വർധിപ്പി ക്കേണമേ! ഹജ്ജിനും ഉംറക്കുമായി വന്നവരിൽനിന്ന് അതിനെ വന്ദിക്കുകയും ആദരിക്കുകയും ചെയ്തവർക്ക് ഔന്നത്യവും ആദരണീയതയും മഹത്വവും പുണ്യവും നീ വർധിപ്പിച്ചുകൊടുക്കേണമേ! അല്ലാഹുവേ, നീയാണ് സമാധാനം, നിന്നിൽ നിന്നാണ് സമാധാനം. നാഥാ, സമാധാനത്തോടെ നീ ഞങ്ങളെ സ്വീകരിച്ചാലും.)
6. പിന്നീട് ഹജറുൽ അസ് വദിന്റെ അടുത്തേക്ക് പോവുകയും ശബ്ദമില്ലാതെ അതിനെ ചുംബിക്കുകയും ചെയ്യുക. അതിനു സാധ്യമായില്ലെങ്കിൽ കൈകൊണ്ട് തൊട്ട് കൈ ചുംബിച്ചാൽ മതി. അതിനും സാധ്യ മായില്ലെങ്കിൽ കൈകൊണ്ട് ആംഗ്യം കാണിക്കുകയുമാവാം.
7. പിന്നീട് അതിന്റെ ചാരത്തുനിന്ന് ത്വവാഫ് (പ്രദക്ഷിണം) ആരംഭിക്കുക.
8. പള്ളിയിൽ പ്രവേശിച്ചാൽ ഉടനെ ചെയ്യുന്ന നമസ്കാരം (തഹിയ്യത്ത്) അവിടെ വെച്ച് നിർവഹിക്കരുത്. കാരണം, കഅ്ബയെ ത്വവാഫ് ചെയ്യുന്നത് തന്നെയാണ് അവന്റെ തഹിയ്യത്ത്. ഇനി അപ്പോൾ നിർബന്ധ നമസ്കാരത്തിന് ഇഖാമത്ത് കൊടുത്തിട്ടുണ്ടങ്കിൽ ഇമാമിന്റെ കൂടെ അത് നിർവഹിക്കണം. കാര ണം, “നമസ്കാരത്തിന് ഇഖാമത്തുകൊടുത്താൽ നിർബന്ധ നമസ്കാരമല്ലാതെ മറ്റു നമസ്കാരമില്ല” എന്നു തിരുമേനി പഠിപ്പിച്ചിരിക്കുന്നു. അതേപോലെ ഒരു നമസ്കാരത്തിന്റെ സമയം നഷ്ടപ്പെടുമെന്ന് ഭീതിയുണ്ടെങ്കിലും അത് ആദ്യം നമസ്കരിക്കുകയാണ് വേണ്ടത്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5