
രോഗം സുഖപ്പെട്ടാൽ വീണ്ടും ഹജ്ജ് ചെയ്യേണ്ടതുണ്ടോ
ഒരു രോഗിക്ക് പകരമായി മറ്റൊരാൾ ഹജ്ജ് ചെയ്തശേഷം അയാളുടെ രോഗം സുഖപ്പെടുകയാണെങ്കിൽ അയാൾക്ക് വീണ്ടും ഹജ്ജ് ചെയ്യൽ നിർബന്ധമില്ല. കാരണം, അയാളുടെ ബാധ്യത നിർവഹിക്കപ്പെട്ടുകഴിഞ്ഞു. രണ്ട് ഹജ്ജ് നിർബന്ധമാകുന്ന ഒരു പരിതഃസ്ഥിതി വരാതിരിക്കുവാനാണിത്. ഇതാണ് അഹ്മദിന്റെ അഭിപ്രായം
എന്നാൽ ഭൂരിപക്ഷം പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ അത് മതിയാവുകയില്ല. കാരണം, രോഗം സുഖപ്പെടുന്നതോടുകൂടി അയാൾ ഭാവിയെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടവനായിരുന്നില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഏറ്റവും അവസാനത്തെ അവസ്ഥയാണ് പരിഗണിക്കപ്പെടേണ്ടത്.
ഇബ്നു ഹസ്‍മ് മുൻഗണന നല്കിയിരിക്കുന്നത് ആദ്യത്തെ അഭിപ്രായത്തിനാണ്. അദ്ദേഹം പറഞ്ഞു. “നടന്നോ വാഹനം കയറിയോ ഹജ്ജ് ചെയ്യാൻ സാധ്യമല്ലാത്തവർക്ക് പകരമായി ഹജ്ജു ചെയ്യേണ്ടതുണ്ടെന്നും അല്ലാഹുവിനുള്ള കടമായതിനാൽ അത് വീട്ടേണ്ടതുണ്ടെന്നും നബി (സ) കല്പിച്ചിരിക്കെ, നിസ്സംശയം കടം വീട്ടിക്കഴിഞ്ഞാൽ അതവന്ന് മതിയാവുന്നതാണ്. ഒരു കാര്യത്തിൽ ചുമതല നിർവഹിക്കുകയും ബാധ്യത ഒഴിവാകുകയും ചെയ്താൽ അതേ ബാധ്യത മറ്റൊരു ഖണ്ഡിത നിയമം കൊണ്ടല്ലാതെ വീണ്ടുമുണ്ടാവുകയില്ലെന്നത് നിസ്തർക്കമാണ്. ഇവിടെയാവട്ട, ആ ബാധ്യത വീണ്ടും വന്നുചേരുന്നതിന് നിയമവും വന്നിട്ടില്ല. അഥവാ അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ നബി (സ) അത് വിവരി ക്കുമായിരുന്നു. വൃദ്ധനായാലും ചിലപ്പോൾ വീണ്ടും ശക്തിയും വാഹനം കയറാൻ ശേഷിയും ഉള്ളവനായി മാറാമല്ലോ. അത് പക്ഷേ, നബി (സ) പറഞ്ഞിട്ടില്ല. അതിനാൽ അവൻ തന്റെ ബാധ്യത നിർവഹിച്ചു വെന്ന് അംഗീകരിക്കപ്പെട്ടിരിക്കേ, വീണ്ടും അതേ ബാധ്യത മടങ്ങിവരാൻ പാടില്ല.
അന്യർക്ക് വേണ്ടി ഹജ്ജ് ചെയ്യുന്ന വ്യക്തി ആദ്യം തനിക്ക് വേണ്ടി ഹജ്ജ് ചെയ്തിരിക്കണം
അന്യർക്ക് വേണ്ടി ഹജ്ജ് ചെയ്യുന്ന വ്യക്തി തനിക്ക് വേണ്ടി മുമ്പ് സ്വന്തമായി ഹജ്ജ് ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇബ്നു അബ്ബാസിൽ നിന്നുദ്ധരിക്കപ്പെടുന്ന ഒരു ഹദീസാണ് തെളിവ്. ഒരാൾ ശിബ് റമ എന്ന മറ്റൊരാൾക്ക് വേണ്ടി തൽബിയത്ത് ചൊല്ലുന്നത് നബി (സ) കേട്ടു. അവിടന്ന് ചോദിച്ചു: ‘നീ നിനക്ക് വേണ്ടി ഹജ്ജ് ചെയ്തിട്ടുണ്ടോ? അയാൾ പറഞ്ഞു: “ഇല്ല. അവിടന്ന് പ്രതിവചിച്ചു. “നിനക്ക് വേണ്ടി ആദ്യം ഹജ്ജ് ചെയ്യുക എന്നിട്ടാവാം ശിബ് റമക്ക് വേണ്ടിയുള്ള ഹജ്ജ്.” (അബൂദാവൂദ്, ഇബ്നുമാജ). ബൈഹഖി പറഞ്ഞു: പ്രബലമായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതാണ് ഇത്. ഇതിനേക്കാൾ പ്രബലമായത് ഈ വിഷയത്തിൽ വേറെയില്ല.
ഇബ്നു തൈമിയ്യ പറയുന്നു: അഹ്മദ് അദ്ദേഹത്തിൽ നിന്ന് മകൻ സ്വാലിഹ് ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ ഇത് മർഫൂഅ് (പരമ്പര നബിയിലേക്കെത്തിയ ത്) ആണെന്ന് വിധിച്ചിരിക്കുന്നു. ഇനി അത് മൗഖൂഫ് (പരമ്പര സ്വഹാബിയിൽ അവസാനിച്ചത്) ആണെങ്കിലും ഇവ്വിഷയകമായി ഇബ്നു അബ്ബാസിനെ എതിർക്കുന്നവർ ആരുമില്ല.
പണ്ഡിതന്മാരിൽ അധികപേരുടെയും അഭിപ്രായം ഇതാണ്: സാധ്യമാവട്ടെ, ഇല്ലാതിരിക്കട്ടെ ഹജ്ജ് ചെയ്യാത്തവർ മറ്റുള്ളവർക്കുവേണ്ടി ഹജ്ജ് ചെയ്താൽ ശരിയാവുകയില്ല. കാരണം, ഉദ്ധരിക്കപ്പെടുന്ന സംഭവത്തിൽ വിവേചനമൊന്നുമില്ലാത്തതിനാൽ നിയമം പൊതുവാണെന്നതിനു തെളിവാണ്.