Back To Top

 ഹജ്ജിന്റെ സ്ഥാനവും സമയവും

ഹജ്ജിന്റെ സ്ഥാനവും സമയവും

Spread the love

ഹജ്ജിന്റെ കർമങ്ങൾ അനുഷ്ഠിക്കാൻ നിർണിതമായ ചില സമയങ്ങളുണ്ട്. അതല്ലാത്ത സമയങ്ങളിൽ ഹജ്ജിന്റെ ഒരു കർമവും അനുഷ്ഠിച്ചാൽ സാധുവാകയില്ല. അല്ലാഹു പറയുന്നു. يسألونك عن الأهلة قل هي مواقيت للناس والحج
(ചന്ദ്രന്റെ വൃദ്ധിക്ഷയത്തെക്കുറിച്ചു അവർ നിന്നോട് ചോദിക്കുന്നു. പറയുക: അത് ജനങ്ങൾക്ക് ഹജ്ജിനും സമയം നിർണയിക്കുന്നതിനുമുള്ള അടയാളങ്ങളാണ് .)

മറ്റൊരിടത്ത് പറയുന്നു. الحج اشهر معلومات (ഹജ്ജ് നിർണിതമായ ചില മാസങ്ങളിലാണ്.)

ഇവിടെ ഹജ്ജ് മാസങ്ങൾ എന്ന് പറഞ്ഞതുകൊണ്ട്  ശവ്വാൽ, ദുൽഖഅ്ദ് എന്നീ മാസങ്ങൾ ഉദ്ദേശ്യമാണെന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. എന്നാൽ ദുൽഹജ്ജ് പൂർണമായും ഹജ്ജ് മാസമാണോ അതല്ല അതിലെ പത്ത് ദിവസങ്ങൾ മാത്രമാണോ എന്നതിൽ അവർക്ക് അഭിപ്രായഭിന്നതയുണ്ട്. ഇബ്നുഉമർ, ഇബ്നുഅബ്ബാസ്, ഇബ്നുമസ്ഊദ്, ഹനഫികൾ, ശാഫിഈ, അഹ്മദ് എന്നിവർ രണ്ടാമത്തെ പക്ഷക്കാരാണ്. മാലിക് ആദ്യവിഭാഗത്തിൽ പെടുന്നു. ഇബ്നുഹസ്മ് മുൻഗണന നൽകിയിരിക്കുന്നതും അതിനാണ്. അല്ലാഹു ഹജ്ജിനെക്കുറിച്ച് നിർണിത മാസങ്ങൾ എന്ന് പ്രയോഗിച്ചിരിക്കുന്നുവെന്നും രണ്ട് മാസവും ദിവസങ്ങളും ചേർന്നാൽ അറബിയിൽ അതെപ്പറ്റി ‘മാസങ്ങൾ’ എന്ന് ബഹുവചനമാക്കിപ്പറയുകയില്ലെന്നും അദ്ദേഹം ഇതിന് ന്യായീകരണം പറയുന്നു. മാത്രമല്ല, കല്ലെറിയുക എന്ന കർമം അത് ഹജ്ജിൽ പെട്ടതാണ് ദുൽഹജ്ജ് പതിമൂന്നിനാണ് നിർവഹിക്കുന്നത്. വിടവാങ്ങുന്ന ത്വവാഫും ഹജ്ജിൽ പെട്ടത് തന്നെ. എന്നാൽ അത് ദുൽഹജ്ജ് മാസത്തിൽ എപ്പോഴും നിർവഹിക്കാമെന്നതിൽ ഭിന്നാഭിപ്രായമില്ല. അതിനാൽ അത് മൂന്ന് മാസങ്ങൾ തന്നെ.

ഈ ഭിന്നാഭിപ്രായം ബലിക്ക് ശേഷമുള്ള കർമങ്ങളിലും പ്രകടമാവും, ദുൽഹജ്ജ് മാസം മുഴുവൻ അതിന്റെ സമയമാണെന്ന് പറയുന്നവരുടെ വീക്ഷണത്തിൽ ഇങ്ങനെ പിന്തിക്കുന്നതിന് ബലിയറുത്ത് പ്രായശ്ചിത്തം നൽകേണ്ടതില്ല. മറുപക്ഷത്തിന്റെ അഭിപ്രായത്തിൽ അത് നിർബന്ധമാകും.

ഹജ്ജുമാസങ്ങൾക്ക് മുമ്പ് ഇഹ്റാം
ഇബ്നുഅബ്ബാസ്, ഇബ്നുഉമർ, ജാബിർ, ശാഫിഈ എന്നിവരുടെ അഭിപ്രായത്തിൽ ഹജ്ജിന്റെ മാസങ്ങളിലല്ലാതെ ഹജ്ജിന് ഇഹ്റാം ശരിയാവുകയില്ല. ബുഖാരി പറഞ്ഞു: ഇബ്നുഉമറിന്റെ അഭിപ്രായത്തിൽ ശവ്വാലും ദുൽഖഅ്ദും ദുൽഹജ്ജിലെ പത്ത് ദിവസവുമാണ് ഹജ്ജിന്റെ മാസങ്ങൾ. ഇബ്നു അബ്ബാസ് പറയുന്നു: “ഹജ്ജ് മാസങ്ങളിലല്ലാതെ ഹജ്ജിനു വേണ്ടി ഇഹ്റാമിൽ പ്രവേശിക്കാതിരിക്കുന്നത് സുന്നത്തിൽ പെട്ടതാണ്.“

ഹനഫികൾ, മാലിക്, അഹ്മദ് എന്നിവരുടെ അഭിപ്രായത്തിൽ ഹജ്ജ് മാസങ്ങൾക്കുമുമ്പ് ഇഹ്റാമിൽ പ്രവേശിച്ചാൽ അത് കറാഹത്താണെങ്കിലും സാധുവാകും. ആദ്യാഭിപ്രായത്തിനാണ് ശൗകാനി മുൻഗണന നൽകിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞു: ഹജ്ജിന്റെ കർമങ്ങളെ അല്ലാഹു നിർണിത മാസങ്ങൾ’ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ അവക്ക് മുമ്പിൽ ഇഹ്റാമിൽ പ്രവേശിക്കുന്നത് നിഷിദ്ധമാണെന്നതിന് ശക്തി കൂടുന്നു. ഇഹ്റാം ഹജ്ജിൽ പെട്ട കർമമാണ്. അത് ആ മാസങ്ങൾക്ക് മുമ്പ് നിർവഹിക്കാമെന്ന് പറയുകയാണെങ്കിൽ അതിന് അവർ തെളിവു കൊണ്ടുവരണം

നിർണിത സ്ഥാനങ്ങൾ
ഹജ്ജോ ഉംറയോ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഇഹ്റാമിൽ പ്രവേശിക്കേണ്ട നിർണിത സ്ഥാനങ്ങളാണ് ഇതുകൊണ്ടുദ്ദേശ്യം. ഹജ്ജോ ഉംറയോ ചെ യ്യുന്നവർ ഇഹ്റാമിൽ പ്രവേശിക്കാതെ ആ സ്ഥാനങ്ങൾ കടന്നുപോകാവുന്നതല്ല. അവ ഏതെല്ലാമാണെന്ന്  നബി തിരുമേനി വിവരിച്ചുതന്നിരിക്കുന്നു. മദീനക്കാർക്ക് ‘ദുൽഹുലൈഫ്’ (മക്കയുടെ വടക്ക് 450 കി. മീ. അകലെ സ്ഥിതിചെയ്യുന്നു.)

സിറിയക്കാർക്ക് ‘ജുഹ്ഫ’: മക്കയുടെ വടക്കു പടിഞ്ഞാറ് 167 കി. മീ. അകലെ റാബിഗിൽ പെട്ട ഒരു ഗ്രാമമാണിത്. റാബിഗിൽനിന്ന് മക്കയിലേക്ക് 204 കി. മീ. ദൂരമുണ്ട്. ജുഹ്ഫയുടെ അടയാളങ്ങൾ മാഞ്ഞു പോയതിനുശേഷം ഇതിലെ കടന്നുപോകുന്ന  ഈജിപ്ത്കാരും, സിറിയക്കാരും ഇഹ്റാമിൽ പ്രവേശിക്കുന്ന സ്ഥാനം റാബിഗ് ആയിത്തീർന്നിരിക്കുന്നു.)

നജ്ദുകാർക്ക് ‘ഖർനുൽ മനാസിൽ.’ (മക്കയിലേക്ക് എത്തിനോക്കുന്ന കിഴക്കുഭാഗത്തുള്ള ഒരു പർവതം. മക്കയിൽ നിന്ന് 94 കി. മീ. ദൂരം)
യമൻകാർക്ക് യലംലം’ (മക്കയുടെ തെക്ക് 54 കി. മീ. അകലെയുള്ള ഒരു പർവതം.)
ഇറാഖുകാർക്ക് ‘ദാത്തു ഇർഖ്’ (മക്കയുടെ വടക്ക് – കിഴക്ക് 94 കി.മീ. അകലെ.)

നബി (സ) തിരുമേനി നിർണയിച്ച സ്ഥാനങ്ങളാണിത്. ഈ ഭാഗങ്ങളിലുള്ളവരാകട്ടെ, അല്ലാത്തവരാകട്ടെ ഇവയിലൂടെ കടന്നുപോകുന്ന എല്ലാവരും ഇഹ്റാമിൽ പ്രവേശിക്കേണ്ടത് ഇവിടങ്ങളിൽ വെച്ചാണ് കാരണം, ഈ സ്ഥാനങ്ങൾ അവർക്കും (തദ്ദേശ വാസികൾ) ഹജ്ജും ഉംറയും ഉദ്ദേശിച്ചു അതിലൂടെ കടന്നുവരുന്ന ഇതരൻമാർക്കുമുള്ളതാണെന്ന് നബി (സി) പ്രസ്താവിച്ചിരിക്കുന്നു.

മക്കയിലുള്ളവർ ഹജ്ജിനുദ്ദേശിക്കുന്നുവെങ്കിൽ മക്കയുടെ അതിർത്തികളിൽ നിന്നാണ്. ഇഹ്റാം ചെയ്യേതേണ്ടത്. ഇനി നിർണിതസ്ഥാനങ്ങളുടെയും മക്കയുടെയും ഇടയിൽ താമസിക്കുന്നവരാണെങ്കിൽ അവർ സ്വന്തം വീടുകളിൽ നിന്ന് ഇഹ്റാം ചെയ്താൽ മതി. മക്കക്കാർ ഉംറയാണുദ്ദേശിക്കുന്നതെങ്കിൽ ഹില്ലിൽ പോയി ഇഹ്റാം ചെയ്യണം. തൻഈമിന്നടുത്താണിത്. ഇബ്നുഹസ്മ് പറഞ്ഞു: ഒരാളുടെ മാർഗം ഈ പ്രദേശങ്ങളിലൂടെയൊന്നും കടന്നുപോകുന്നില്ലെങ്കിൽ അയാൾ ഇഷ്ടമുള്ള സ്ഥാനത്തു നിന്ന് ഇഹ്റാം ചെയ്യട്ടെ. അത് കരയാകട്ടെ, കടലാകട്ടെ

മീഖാത്തിലെത്തുന്നതിനുമുമ്പ് ഇഹ്റാം
ഇബ്നുൽ മുൻദിർ പറഞ്ഞു: നിർണിതസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പ് ഇഹ്റാമിൽ പ്രവേശിച്ചാൽ അത് സാധുവാകുമെന്നതിൽ പണ്ഡിതൻമാർ യോജിച്ചിരിക്കുന്നു. എന്നാൽ അത് കറാഹത്താണെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. കാരണം, നബി (സ) ഈ സ്ഥാനങ്ങൾ നിർണയിച്ചിരിക്കുന്നുവെന്ന സ്വഹാബിയുടെ റിപ്പോർട്ട് ഈ സ്ഥാനങ്ങളിൽ നിന്നു തന്നെ ഇഹ്റാം ചെയ്യണമെന്നും അതിൽ ഏറ്റക്കുറവുകൾ വരരുതെന്നും ആവശ്യപ്പെടുന്നു. അത് ഹറാമല്ലെങ്കിലും അങ്ങനെ ചെയ്യാതിരിക്കലാണ് ഉത്തമം.

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Prev Post

ഹജ്ജിന്റെയും ഉംറയുടെയും കർമങ്ങളനുഷ്ഠിച്ചുകൊണ്ടിരിക്കെ കച്ചവടം

Next Post

ഇഹ്റാം

post-bars

Related post

You cannot copy content of this page