ത്വവാഫിനു ശേഷമുള്ള നമസ്കാരം
ഓരോ ത്വവാഫിന്റെയും ശേഷം പ്രദക്ഷിണം വെക്കുന്നവൻ മഖാമു ഇബ്റാഹീമിൽ വെച്ചോ അല്ലെങ്കിൽ പള്ളിയിൽ എവിടെയെങ്കിലും വെച്ചോ രണ്ടു റക്അത്ത് നമസ്കരിക്കുന്നത് സുന്നത്താണ്. എന്നാൽ ഇത് ഇമാം അബൂ ഹനീഫയുടെ അഭിപ്രായത്തിൽ വാജിബാണ്.
ജാബിറിൽ നിന്നു നിവേദനം: “നബി (സ) മക്കയിൽ വന്നപ്പോൾ കഅ്ബയെ ഏഴുതവണ പ്രദക്ഷിണം വെയ്ക്കുകയും മഖാമു ഇബ്റാഹീമിൽ വന്നു “നിങ്ങൾ മഖാമു ഇബ്റാഹീം നമസ്കാരസ്ഥലമാക്കു എന്ന ഖുർആൻ സൂക്തം ഓതുകയും ചെയ്തു. അതിനുശേഷം മഖാമു ഇബ്റാഹീമിന്റെ പിന്നിൽ നിന്നു നമസ്കരിക്കുകയും പിന്നീട് ഹജറിന്റെ അടുത്ത് അതിനെ സ്പർശിക്കുകയും ചെയ്തു. ‘ (തിർമിദി)
ശേഷം ഇതിലെ ആദ്യത്തെ റക്അത്തിൽ ഫാതിഹക്കു ശേഷം الكافرون ഉം രണ്ടാമത്തേതിൽ അൽ ഇഖ്ലാസും ഓതുന്നതാണ് സുന്നത്ത്. മുസ്ലിമും മറ്റുള്ളവരും ഉദ്ധരിച്ച ഹദീസുകളിൽ ഇതു നബി (സ)യിൽ നിന്നു സ്ഥിരപ്പെട്ടിട്ടുണ്ട്.
ഈ നമസ്കാരം എപ്പോഴും നിർവഹിക്കാം; നമസ്കാരം നിഷിദ്ധമായ സമയങ്ങളിൽപ്പോലും. നബി (സ) പറഞ്ഞതായി മുത്ഇമുബ്നു ജുബൈറിൽ നിന്നുദ്ധരിക്കുന്നു. അബ്ദുമനാഫിന്റെ സന്തതികളേ, രാത്രിയാവട്ടെ, പകലാവട്ടെ ഏതുസമയത്തും ഈ ഭവനത്തെ ത്വവാഫ് ചെയ്യുന്ന, നമസ്കരിക്കുന്ന ആരെയും നിങ്ങൾ തടയരുത്. (അഹ്മദ്, അബൂദാവൂദ്, തിർമിദി) ഇതാണ് ശാഫിഈയുടെയും അഹ്മദിന്റെയും അഭിപ്രായം.
ത്വവാഫിനുശേഷം പള്ളിയിൽ വെച്ചു നമസ്കരിക്കുന്നതാണ് സുന്നത്തെങ്കിലും പുറത്തുവെച്ചും അത് നമസ്കരിക്കാവുന്നതാണ്. ബുഖാരി ഉമ്മുസലമഃ (റ) യിൽ നിന്നു റിപ്പോർട്ട് ചെയ്യുന്നു: “അവർ വാഹനപ്പുറത്ത് കയറിക്കൊണ്ട് ത്വവാഫ് ചെയ്തു. പിന്നീട് അവിടെനിന്ന് പുറത്തുവന്ന ശേഷമാണ് നമസ്കരിച്ചത്. ഉമർ (റ) അത് ദീവായിൽ എത്തിയശേഷമാണ് നമസ്കരിച്ചതെന്ന് അദ്ദേഹത്തിൽ നിന്ന് മാലിക്കും ഉദ്ധരിച്ചിട്ടുണ്ട്. ബുഖാരി പറയുന്നു: “ഉമർ (റ) ഹറമിന്റെ പുറത്തുവെച്ചാണ് അത് നമസ്കരിച്ചത്.
ത്വവാഫിനുശേഷം നിർബന്ധ നമസ്കാരമാണ് അനുഷ്ഠിച്ചതെങ്കിൽ രണ്ടു റക്അത്ത് സുന്നത്തിനുപകരമായി അതും മതിയാകുന്നതാണ്. ഇതാണ് ശാഫി ഈ മദ്ഹബിൽ സ്വഹീഹായ അഭിപ്രായവും ഹമ്പലീ മദ്ഹബിൽ മശ്ഹൂറായ അഭിപ്രായവും. എന്നാൽ മാലികിന്റെയും ഹനഫികളുടെയും അഭിപ്രായത്തിൽ രണ്ടു റക്അത്തല്ലാതെ മറ്റൊന്നും അതിന്റെ സ്ഥാനത്ത് പറ്റുകയില്ല.
മസ്ജിദുൽ ഹറാമിൽ നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കാം
മസ്ജിദുൽ ഹറാമിൽ സ്ത്രീകളും പുരുഷൻമാരും മുമ്പിലൂടെ നടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ നമസ്കരിക്കുന്നതിൽ കറാഹത്തില്ല. ഇത് മസ്ജിദുൽ ഹറാമിന്റെ മാത്രം പ്രത്യേകതയാണ്. നബി (സ) നമസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ ജനങ്ങൾ അവിടത്തെ മുമ്പിലൂടെ ഇടയിൽ മറയില്ലാതെ നടന്നുപോകുന്നത് താൻ കണ്ടിട്ടുണ്ടെന്ന് കസീറുബ്നു കസീർ റിപ്പോർട്ടു ചെയ്തിരിക്കുന്നു.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5