Back To Top

 നബിയുടെ ഹജ്ജ്

നബിയുടെ ഹജ്ജ്

Spread the love

മുസ്‌ലിം, ജഅ്ഫറുബ്നു മുഹമ്മദ് വഴി അദ്ദേഹത്തിന്റെ പിതാവിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു- ഞങ്ങൾ ജാബിറുബ്നു അബ്ദില്ലയുടെ അരികിൽ പ്രവേശിച്ചു. അദ്ദേഹം സംഘത്തിലുള്ള ആളുകളെക്കുറിച്ചു ചോദിച്ചു. അങ്ങനെ എന്റെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു: ഞാൻ മുഹമ്മദുബ്നു അലിയ്യുബ്നു ഹുസൈനാണ്. ഉടനെ അദ്ദേഹം തന്റെ കൈകൾ എന്റെ ശിരസ്സിൽ വെച്ചു. പിന്നീട് എന്റെ മുകൾഭാഗത്തെ കുടുക്കും താഴ്ഭാഗത്തെ കൂടുക്കും അഴിച്ചു. അദ്ദേഹം തന്റെ കൈകൾ എന്റെ നെഞ്ചിൽവെച്ചു ഞാൻ അന്ന് ഒരു യുവാവാണ്. അദ്ദേഹം പറഞ്ഞു: സഹോദരപുത്രാ, നിനക്കു സ്വാഗതം. ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക. ഞാൻ ചോദിച്ചു. അദ്ദേഹം അന്ധനായിരുന്നു. അങ്ങനെ നമസ്കാര സമയമായപ്പോൾ അദ്ദേഹം ഒരു മിനുത്ത വസ്ത്രം ചുറ്റിപ്പുതച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. ചെറിയ വസ്ത്രമായതിനാൽ അതിന്റെ രണ്ടു പാർശ്വങ്ങൾ ചുമലുകളിൽ വെച്ചാൽ ഉടനെ ഊർന്നുവീണുകൊണ്ടിരുന്നു. തട്ടമാകട്ടെ ഒരു ഭാഗത്ത് സ്റ്റാന്റിൽ വച്ചിരിക്കുകയുമാണ്.

അദ്ദേഹം ഞങ്ങളെയും കൊണ്ട് നമസ്കരിച്ച ശേഷം ഞാൻ പറഞ്ഞു: നബി(സ)യുടെ ഹജ്ജിനെക്കുറിച്ചു പറഞ്ഞു തന്നാലും. അദ്ദേഹം തന്റെ കൈവിരലിൽ ഒമ്പത് എണ്ണി. എന്നിട്ടു പറഞ്ഞു: നബി (സ) ഒമ്പതുവർഷം ഹജ്ജ് ചെയ്യാതെ ജീവിച്ചു.(അതായത്, മദീനയിൽ ഒമ്പതു വർഷം) പിന്നീട് പത്താമത്തെ വർഷത്തിൽ നബി (സ) ഹജ്ജ് ചെയ്യാൻ പോവുന്നുവെന്ന് ജനങ്ങൾക്കിടയിൽ പ്രഖ്യാപനമുണ്ടായി. അതോടെ നബി (സ)യുടെ നേതൃത്വത്തിൽ അവിടന്ന് പ്രവർത്തിക്കുന്നപോലെ പ്രവർത്തിക്കുന്നതിന്നായി ധാരാളം ആളുകൾ മദീനയിൽ എത്തിച്ചേർന്നു.

ഞങ്ങൾ അവിടത്തോടൊപ്പം യാത്ര ചെയ്ത് ദുൽ ഹുലൈഫയിലെത്തിയപ്പോൾ അസ്മാഅ് ബിൻതു ഉമൈസ് മുഹമ്മദുബ്നു അബീബകറിനെ പ്രസവിച്ചു. ഇനി എന്തുചെയ്യണമെന്നറിയാതെ അവർ തിരുമേനിയുടെ അടുത്തേക്ക് പറഞ്ഞയച്ചപ്പോൾ അവിടുന്ന് പറഞ്ഞു. കുളിച്ചശേഷം രക്തം വരുന്ന ഭാഗങ്ങൾ തുണികൊണ്ട് ബന്ധിച്ചുകെട്ടുകയും ഇഹ്റാമിൽ പ്രവേശിക്കുകയും ചെയ്യുക.

നബി (സ) പള്ളിയിൽ രണ്ടു റക്അത്ത് നമസ്കരിച്ചശേഷം തന്റെ ഖസ് വാഅ് എന്നു പേരുള്ള ഒട്ടകപ്പുറത്ത് കയറി. അങ്ങനെ അവിടന്ന് വിശാലമായ ഒരു പ്രദേശത്തെത്തിയപ്പോൾ മുൻഭാഗത്ത് എന്റെ ദൃഷ്ടി എത്തുന്ന ദൂരത്തോളം ആളുകൾ നടന്നും വഹനം കയറിയും യാത്ര ചെയ്യുന്നു. തിരുമേനിയുടെ വലതുവശത്തും ഇടതുവശത്തും പിൻഭാഗത്തും അത്രതന്നെ ആളുകൾ. ഞങ്ങൾക്കിടയിൽ നിൽക്കുന്ന തിരുമേനിക്ക് ഖുർആൻ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ വ്യാഖ്യാനങ്ങൾ അവിടത്തേക്കറിയാം. അതനുസരിച്ച് അവിടന്ന് അനുഷ്ഠിച്ച ഒരു കർമവും ഞങ്ങൾ അനുഷ്ഠിക്കാതിരുന്നിട്ടില്ല. നബി (സ) ഉച്ചത്തിൽ ഇങ്ങനെ തൽബിയത്ത് ചൊല്ലി :

ليك اللهم لبيك لبيك لا شريك لك لبيك إن الحمد والنعمة لك والملك لا شريك لك
ജനങ്ങളും തിരുമേനി ചൊല്ലിയതുപോലെ ഏറ്റു ചൊല്ലി. അതിലൊന്നും അവിടുന്നവരെ തടഞ്ഞില്ല. തിരുമേനി തൽബിയത്ത് തന്നെ വീണ്ടും ചൊല്ലിക്കൊണ്ടിരുന്നു.

ജാബിർ(റ) പറയുന്നു. ഞങ്ങൾ ഹജ്ജ് മാത്രം ഉദ്ദേശിച്ചിട്ടുള്ളൂ. ഉംറ ഞങ്ങൾക്കറിയുമായിരുന്നില്ല. അങ്ങനെ ഞങ്ങൾ തിരുമേനിയോടൊപ്പം കഅ്ബയെ സമീപിച്ചപ്പോൾ കഅ്ബയുടെ മൂലയെ അവിടന്ന് തൊട്ടുതടവി. (പിന്നീട് ഏഴു തവണ പ്രദക്ഷിണം വെച്ചു.) മൂന്നുതവണ സാവധാനത്തിൽ ഓടുകയും മൂന്നുതവണ നടക്കുകയുമാണ് ചെയ്തത്. പിന്നീട് അവിടന്ന് മഖാമു ഇബ്രാഹീമിലേക്ക് പ്രവേശിച്ചു. അവിടന്ന് ഇങ്ങനെ ഓതി:

واتخذوا من مقام إبراهيم مصلى
(നിങ്ങൾ മഖാമു ഇബ്റാഹീമിൽ നമസ്കരിക്കുക.) തിരുമേനി മഖാമിനെ തന്റെയും കഅ്ബയുടെയും ഇടയിലാക്കി. (അതായത് മഖാമിന്റെ പിന്നിൽ നിന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു). രണ്ടു റക്അത്തുകളിൽ

കുൽ യാ അയ്യുഹൽ കാഫിറൂൻ, കുൽ ഹുവല്ലാഹു അഹ്ദ് എന്നീ സൂറകളാണ് അവിടന്ന് ഓതിയത്. പിന്നീട് തിരുമേനി വീണ്ടും കഅ്ബയുടെ മൂല (ഹജറുൽ അസ് വദുള്ള ഭാഗം) യിലേക്ക് മടങ്ങി. അത തൊട്ടുതടവിയശേഷം (സ്വഫാ) വാതിലിലൂടെ സ്വഫായിലേക്ക് പുറപ്പെട്ടു. സ്വഫായോട് അടുത്തപ്പോൾ അവിടന്നു പറഞ്ഞു.

“إن الصفا والمروة من شعائر الله” أبدأ بما بدء الله
(സ്വഫയും മർവയും അല്ലാഹുവിന്റെ അടയാളങ്ങളിൽപ്പെട്ടതാണ്. അല്ലാഹു ആരംഭിച്ചേടത്തുനിന്ന് ഞാനും ആരംഭിക്കുന്നു.)

അവിടന്ന് സ്വഫാ മുതൽ ആരംഭിച്ചു. അതിന്റെ മുകളിൽ കയറി. ഖഅ്ബ കാണുമാറായപ്പോൾ ഖിബ്‌ലയിലേക്ക് തിരിഞ്ഞു അല്ലാഹുവിന്റെ ഏകത്വത്തെയും മഹത്ത്വത്തെയും വാഴ്ത്തി ഇങ്ങനെ പറഞ്ഞു:

لا إله إلا الله وحده لا شريك له، له الملك، وله الحمد، وهو على كل شيء قدير، لا إله إلا الله وحده، أنجز وعده، ونصر عبده، وهزم الأحزاب وحده
(അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകനാകുന്നു. അവന്നു പങ്കുകാരില്ല. അവന്നാണ് രാജത്വം, അവനാണ്  സ്തുതി. അവൻ എല്ലാകാര്യത്തിനും കഴിവുറ്റവനാണ്. അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകനാണ്. തന്റെ വാഗ്ദാനം അവൻ പൂർത്തീകരിച്ചിരിക്കുന്നു. തന്റെ അടിമയെ അവൻ സഹായിക്കുകയും ശത്രു വ്യൂഹത്തെ ഏകനായി പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.)

തിരുമേനി ഇപ്രകാരം മൂന്നു പ്രാവശ്യം പറയുകയും അവക്കിടയിൽ പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീട് അവിടെ നിന്നിറങ്ങി മർവയിലേക്ക് പുറപ്പെട്ടു. ബത്വ്നുൽവാദി മുതൽ ഓടുകയും മർവയിലേക്ക് നടന്നുകയറുകയും ചെയ്തു. മർവയിൽ വെച്ചും സ്വഫയിൽ വെച്ചും ചെയ്തതുപോലെ ചെയ്യുകയുണ്ടായി തിരുമേന. അങ്ങനെ മർവയിൽ അവസാനത്തെ പ്രദക്ഷിണത്തിലായപ്പോൾ അവിടന്നു പറഞ്ഞു: “എനിക്കിപ്പോൾ വ്യക്തമായ കാര്യം ആദ്യമേ വ്യക്തമായിരുന്നുവെങ്കിൽ ഞാൻ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. ഞാനത് ഉംറയാക്കുകയും ചെയ്യുമായിരുന്നു. നിങ്ങളിൽ ബലിമൃഗത്തെ കൊണ്ടുവരാത്തവർ ഉംറയാക്കി മാറ്റി ഇഹ്റാമിൽ നിന്ന് ഒഴിവായിക്കൊള്ളട്ടെ.

ഉടനെ സുറാഖതുബ്നു മാലിക് എഴുന്നേറ്റ് ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകരേ, ഇത് ഈ വർഷത്തേക്കു മാത്രമോ അതല്ല, എല്ലാ കാലത്തേക്കുമോ?” നബി (സ) തന്റെ ഒരു കയ്യിലെ വിരലുകൾ, മറ്റേ കൈ വിരലുകൾക്കിടയിൽ കോർത്തുകൊണ്ട് പറഞ്ഞു: “ഉംറ ഹജ്ജിൽ പ്രവേശിച്ചിരിക്കുന്നു. രണ്ടു തവണ). ഈ വർഷത്തേക്കു മാത്രമല്ല, എന്നന്നേക്കും.

അപ്പോഴാണ് അലി (റ)യമനിൽ നിന്ന് നബി (സ)യുടെ ഒട്ടകവുമായി വന്നത്. ഫാത്വിമ(റ) ഇഹ്റാമിൽ നിന്നൊഴിവായി ചായം മുക്കിയ വസ്ത്രം ധരിക്കുകയും സുറുമയിടുകയും ചെയ്തത് കണ്ടപ്പോൾ അദ്ദേഹം അവരെ തടഞ്ഞു. അവർ പറഞ്ഞു: എന്റെ പിതാവാണ് എന്നോടിങ്ങനെ ചെയ്യാൻ കല്പിച്ചത്.

അലി(റ) ആ സംഭവം ഇറാഖിൽ വെച്ചു വിവരിക്കുകയുണ്ടായി: “ഫാത്വിമ(റ) നബി (സ) യിൽ നിന്ന് പറഞ്ഞതിനെക്കുറിച്ചു ചോദിക്കുവാൻ ഞാൻ അവരുടെ മേൽ കുറ്റം ചാരിക്കൊണ്ട് തിരുമേനിയുടെ അടുത്തേക്ക് പോയി. ഫാത്വിമ ചെയ്തതിനെക്കുറിച്ചും ഞാൻ അവരെ വിലക്കിയതിനെക്കുറിച്ചും തിരുമേനിയോട് പറഞ്ഞപ്പോൾ അവിടന്നു പറഞ്ഞു: ‘അവർ പറഞ്ഞത് സത്യം, സത്യം. താങ്കൾ ഹജ്ജിൽ പ്രവേശിച്ചപ്പോൾ എന്താണ് പറഞ്ഞത്?’ ഞാൻ പറഞ്ഞു: അല്ലാഹുവേ, നിന്റെ പ്രവാചകൻ ചെയ്യാൻ പ്രതിജ്ഞ ചെയ്യുന്നപോലെ ഞാനും ചെയ്യാൻ പ്രതിജ്ഞ ചെയുന്നുവെന്നാണ് ഞാൻ പറഞ്ഞത്. അവിടന്നു പറഞ്ഞു: എന്റെ കൂടെ ബലി മൃഗങ്ങളുള്ളതിനാൽ എനിക്ക് ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ പറ്റുകയില്ല.”

റിപ്പോർട്ടർ പറയുന്നു: അലി (റ) യമനിൽ നിന്ന് കൊണ്ടുവന്നതും നബി (സ) കൊണ്ടുവന്നതും കൂടി 100 ബലി മൃഗങ്ങളുണ്ടായിരുന്നു. അങ്ങനെ നബി (സ)യും ബലിമൃഗങ്ങൾ കൂടെയുള്ളവരും ഒഴികെ മറ്റെല്ലാ ജനങ്ങളും ഇഹ്റാമിൽനിന്ന് ഒഴിവാകുകയും മുടി വെട്ടുകയും ചെയ്തു. ദുൽഹജ്ജ് 8 ആയപ്പോൾ അവർ മിനയിലേക്ക് പോവുകയും ഹജ്ജിന് ഇഹ്റാമിൽ പ്രവേശിക്കുകയും ചെയ്തു. നബി (സ) അവിടേക്ക് വാഹനം കയറി. അവിടെ വെച്ചു തിരുമേനി ളുഹ്റും അസറും മ​ഗ് രിബും ഇശാഉം സുബ്ഹിയും നമസ്കരിച്ചു. പിന്നീട് സൂര്യനുദിക്കുന്നതുവരെ അവിടെത്തന്നെ നിന്നു. ശേഷം നമിറയിൽ തനിക്ക് വേണ്ടി കമ്പളം കൊണ്ട് തമ്പ് കെട്ടാൻ കല്പിക്കുകയും അവിടെനിന്ന് യാത്ര പുറപ്പെടുകയും ചെയ്തു. ഖുറൈശികൾ ജാഹിലിയ്യാ കാലത്ത് ചെയ്തിരുന്ന പോലെ തിരുമേനി അറഫായിലേക്ക് പോകാതെ  മശ്അറുൽഹറാമി   (മുസ്ദലിഫ)ൽ നിൽക്കുമെന്നായിരുന്നു ഖുറൈശികൾ വിചാരിച്ചിരുന്നത്. പക്ഷേ, തിരുമേനി അറഫയിലേക്ക് നീങ്ങി. നമിറയിൽ എത്തിയപ്പോൾ അവിടെ തനിക്കുവേണ്ടി ഉണ്ടാക്കിയിരുന്ന തമ്പിൽ ഇറങ്ങി തിരുമേനി താവളമടിച്ചു. അങ്ങനെ സായാഹ്നമായപ്പോൾ ഖസ് വാഇനെ കൊണ്ടുവരാൻ കല്പിക്കുകയും അതിന്റെ പുറത്ത് കയറി ബത്വ്നുൽ വാദിയിലേക്ക് പോവുകയും ചെയ്തു.

ബത്വ്നുൽ വാദി (അറഫാതാഴ്വരിയിൽ) തിരുമേനി ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിച്ചു. അവിടന്നു പറഞ്ഞു. ‘നിങ്ങളുടെ രക്തവും നിങ്ങളുടെ ധനവും നിങ്ങളുടെ ഈ നാട്ടിൽ, ഈ മാസത്തിൽ, ഈ ദിവസം ആദരണീയമായപോലെ ആദരണീയമാണ്. അറിയുക, അജ്ഞാനകാലത്തെ എല്ലാ സമ്പ്രദായങ്ങളും എന്റെ പാദങ്ങൾക്കു കീഴിൽ ദുർബലമാക്കി വെച്ചിരിക്കുന്നു. അജ്ഞാനകാലത്തെ രക്തപ്പക ദുർബലപ്പെടുത്തിയിരിക്കുന്നു. ഹാരിസിന്റെ മകൻ ഇബ്നു റബീഅയുടെ രക്തപ്പകയാണ് നമ്മുടെ രക്തപ്പകയിൽ ആദ്യമായി ഞാൻ ദുർബലപ്പെടുത്തുന്നത്. ബനൂസഅ്ദ് ഗോത്രത്തിൽ മുലകുടിക്കുകയായിരുന്നു അവൻ. അപ്പോൾ ഹുദൈൽ അവനെ കൊന്നുകളഞ്ഞു. അജ്ഞാനകാലത്തെ പലിശയും (ഇതോടെ) ദുർബലപ്പെടുത്തിയിരിക്കുന്നു. അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ബാസിന്റെ പലിശയാണ് പലിശകളിൽ ആദ്യമായി ഞാൻ ദുർബലപ്പെടുത്തുന്നത്. അതെല്ലാം പൂർണമായി ദുർബലപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹുവെ സൂക്ഷിക്കുക. കാരണം, അല്ലാഹുവിന്റെ സംരക്ഷണത്തിലാണ് നിങ്ങൾ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വചനം മുഖേനയാണ് നിങ്ങൾ അവരുടെ ഗോപ്യസ്ഥാനങ്ങൾ അനുവദനീയമാക്കിയിരിക്കുന്നത്. നിങ്ങൾ ഇഷ്ടപ്പെടാത്ത ആരെയും നിങ്ങളുടെ വിരിപ്പിൽ ചവിട്ടിക്കാതിരിക്കുകയെന്നത് അവർക്ക് നിങ്ങളോടുള്ള ബാധ്യതയാണ്. അങ്ങനെ അവർ ചെയ്യുകയാണെങ്കിൽ നിങ്ങൾ അവരെ മുറിപ്പെടുത്താത്ത അടി അടിക്കുക. നീതിപൂർവം അവരുടെ ഭക്ഷണവും വസ്ത്രവും നൽകുന്നത് നിങ്ങൾക്കവരോടുള്ള ബാധ്യതയാണ്. നിങ്ങൾ മുറുകെപ്പിടിച്ചാൽ വഴിപിഴച്ചു പോകാത്ത ഒന്ന് ഞാൻ നിങ്ങളിൽ ഉപേക്ഷിച്ചിരിക്കുന്നു അല്ലാഹുവിന്റെ ഗ്രന്ഥം. എന്താണ് ഞങ്ങൾ പറയെണ്ടതെന്ന് നിങ്ങൾ എന്നോട് ചോദിക്കുന്നു. പറയുക: ‘താങ്കൾ എത്തിക്കുകയും ചുമതല നിർവഹിക്കുകയും ഉപദേശിക്കുകയും ചെയ്തതിന് ഞങ്ങൾ സാക്ഷികളാണ്. പിന്നീട് അവിടന്ന് തന്റെ ചൂണ്ടാണിവിരൽ ആകാശത്തേക്ക് ഉയർത്തുകയും ശേഷം ജനങ്ങളിലേക്ക് തിരിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: “അല്ലാഹുവേ, നീ സാക്ഷ്യം വഹിക്ക്,’ (മൂന്നു തവണ), പിന്നീട് ബാങ്കും ഇഖാമത്തും കൊടുത്ത് ളുഹ്ർ നമസ്കരിച്ചു. തുടർന്ന് ഇഖാമത്ത് മാത്രം കൊടുത്ത് അസർ നമസ്കരിച്ചു. അവക്കിടയിൽ മറ്റൊന്നും നമസ്കരിച്ചില്ല. പിന്നീട് തിരുമേനി വാഹനപ്പുറത്ത് കയറി (അറഫാത്തിൽ നില്ക്കുന്ന സ്ഥലത്തേക്ക് പോയി. തന്റെ  ഖസ്‌വാഅ് എന്ന ഒട്ടകത്തിന്റെ പാർശ്വം (അറഫാത്തിന്റെ മധ്യത്തിലുള്ള റഹ്മത്ത്മലയുടെ താഴ്ഭാഗത്ത് പാറകളിലേക്ക് തിരിച്ചു. ജബലുൽ മശാത്തിന്റെ പിന്നിലായി, ഖിബ് ലക്ക് അഭിമുഖമായി നിന്നു. ഈ നിൽപ്പ് സൂര്യന്റെ മഞ്ഞനിറം ഏറക്കുറെ മങ്ങി വൃത്തം അപ്രത്യക്ഷമായി അസ്തമിക്കുന്നതു വരെ തുടർന്നു.

പിന്നീട് ഉസാമ(റ)യെ പിന്നിലിരുത്തി അവിടന്ന് യാത്ര തുടങ്ങി. ഒട്ടകത്തിന്റെ ശിരസ്സ് കട്ടിലിന്റെ കാലുകൾ വെക്കുന്ന ഭാഗത്ത് മുട്ടുമാറുള്ള വിധത്തിൽ അതിന്റെ കടിഞ്ഞാൺ അവിടന്നു കടിച്ചുപിടിക്കുകയും വലത്തെ കൈകൊണ്ട് ജനങ്ങളെ പതുക്കെ പതുക്കെ എന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ചെറിയ ചെറിയ മണൽക്കുന്നുകൾ വരുമ്പോൾ അത് കയറുന്നതുവരെ കടിഞ്ഞാൺ അല്പം അയച്ചു കൊടുക്കും. മുസ്ദലിഫയിൽ എത്തുന്നതുവരെ ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്.

അവിടെവെച്ച് ഒരു ബാങ്കും രണ്ട് ഇഖാമത്തുമായി മഗ്‌രിബും ഇശാഉം നമസ്കരിച്ചു. അവക്കിടയിൽ മറ്റൊന്നും നമസ്കരിച്ചില്ല. പിന്നീട് പ്രഭാതം വരെ ചരിഞ്ഞുകിടന്നു. പ്രഭാതോദയമാണെന്ന് ബോധ്യമായപ്പോൾ ബാങ്കും ഇഖാമത്തും കൊടുത്ത് സുബഹി നമസ്കരിക്കുകയും ശേഷം ഖസ് വാഇന്റെ പുറത്തു കയറി മശ്അറുൽ ഹറാമിലേക്ക് പുറപ്പെടുകയും ചെയ്തു . അവിടെ ഖിബ് ലയെ അഭിമുഖീകരിച്ച് പ്രാർത്ഥിക്കുകയും തക്ബീറും തഹ് ലീലും ചൊല്ലിക്കൊണ്ട് നല്ലവണ്ണം പുലരുന്നതുവരെ നില്ക്കുകയും ചെയ്തു. പിന്നീട് ഉദയത്തിനു മുമ്പായി ഫദ്ല് ബ്നു അബ്ബാസിനെ പിന്നിലിരുത്തിക്കൊണ്ട് യാത്ര തുടർന്നു. അദ്ദേഹം ഭംഗിയുള്ള മുടിയും വെളുത്ത ശരീരവുമുള്ള സുന്ദരനായ ഒരു മനുഷ്യനായിരുന്നു. തിരുമേനി യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ചില സ്ത്രീകൾ അടുത്തുകൂടെ നടന്നുപോയി. ഫദ്ൽ അവരെ നോക്കാൻ തുടങ്ങി. അപ്പോൾ തിരുമേനി തന്റെ കൈ അദ്ദേഹത്തിന്റെ മുഖത്തുവെച്ചു. ഉടനെ ഫദ്ൽ മറ്റേ ഭാഗത്തേക്ക് മുഖം തിരിച്ചു നോക്കിത്തുടങ്ങി. അപ്പോൾ തിരുമേനി തന്റെ കൈ ഫദ്ൽ നോക്കുന്ന ഭാഗത്ത് വെച്ച് അദ്ദേഹത്തിന്റെ മുഖം തിരിച്ചു. അങ്ങനെ ബതിനുമുഹസ്സിറിൽ എത്തിയപ്പോൾ വാഹനത്തെ ഒന്നിളക്കി. പിന്നീട് മധ്യമാർഗത്തിലൂടെ (പോയ മാർഗം ഇതല്ല വലിയ ജംറ (ജംറത്തുൽ അഖബ) യിലേക് തിരിച്ചു. ഒരു വൃക്ഷത്തിന്റെ അടുത്ത് സ്ഥിതിചെയ്യുന്ന ജംറയിൽ എത്തിയപ്പോൾ ബത് നുൽവാദിയിൽ നിന്നു കൊണ്ട് ഏറുകല്ലു പോലുള്ള ഏഴ് (ചെറിയ) കല്ലുകൾ അവിടെ എറിഞ്ഞു. ഓരോ കല്ലിന്റെയും കൂടെ തക്ബീർ ചൊല്ലുകയും ചെയ്തു. പിന്നീട് അറുക്കുന്ന സ്ഥലത്തേക്ക് നീങ്ങി. അവിടന്നു 63 എണ്ണം (ഒട്ടകം) സ്വന്തം കൈകൊണ്ട് അറുത്തശേഷം ബാക്കിയുള്ളത് അറുക്കുവാൻ അലി(റ)യെ ഏല്പിച്ചുകൊണ്ട് അദ്ദേഹത്തെ തന്റെ ബലിയിൽ പങ്കുചേർത്തു. പിന്നീട് ഓരോ ഒട്ടകത്തിൽ നിന്നും ഓരോ കഷ്ണം എടുത്ത് ഒരു പാത്രത്തിൽ വെച്ചു വേവിക്കാൻ കല്പിച്ചു. രണ്ട് പേരും ആ മാംസം ഭക്ഷിക്കുകയും സൂപ്പ് കുടിക്കുകയും ചെയ്തു. ശേഷം വാഹനം കയറി മക്കയിലേക്ക് പുറപ്പെട്ടു. മക്കയിൽ നിന്ന് ളുഹ്ർ നമസ്കരിച്ചശേഷം തിരുമേനി ബനൂഅബ്ദിൽ മുത്ത്വലിബ്, സംസം വെള്ളം കുടിപ്പിക്കുന്നേടത്തേക്ക് ചെന്നു. അവിടന്നു പറഞ്ഞു: “അബ്ദുൽമുത്തലിബിന്റെ മക്കളേ, (ജനങ്ങളേ), കുടിപ്പിക്കുക. ജനങ്ങൾ നിങ്ങളെ ഈ കുടിപ്പിക്കുന്ന കാര്യത്തിൽ അതിജയിക്കുമെന്നു ഭയപ്പെട്ടിരുന്നില്ലെങ്കിൽ ഞാനും നിങ്ങളുടെ കൂടെ കുടിപ്പിക്കുമായിരുന്നു. പിന്നീട് അവർ ഒരു പാത്രം അവിടത്തേക്ക് നല്കുകയും തിരുമേനി അതിൽ നിന്നു കുടിക്കുകയും ചെയ്തു.

ഈ ഹദീസ് ഒട്ടേറെ സുപ്രധാന കാര്യങ്ങളും മൂല്യവത്തായ അടിസ്ഥാനങ്ങളും ഉൾക്കൊള്ളുന്നു വെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഖാദി ഇയാദ് പറഞ്ഞു. ജനങ്ങൾ ഈ ഹദീസിലെ കർമശാസ്ത്രനിയമങ്ങളെക്കുറിച്ച് ധാരാളമായി ചർച്ച ചെയ്തിട്ടുണ്ട്. അബൂബകറുബ്നുൽ മുൻദിർ അതെപ്പറ്റി ഒരു വലിയ വാള്യം തന്നെ എഴുതിയിരിക്കുന്നു. നൂറിലധികം കർമശാസ്ത്ര പ്രശ്നങ്ങളും അമ്പത് ഇനങ്ങളും അതിൽ അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞു. കൃത്യമായി കണക്കാക്കുകയാണെങ്കിൽ ഏകദേശം ഇത്ര തന്നെ ഇനിയുമുണ്ടാവും.

പണ്ഡിതൻമാർ പറഞ്ഞു: പ്രസവം, ആർത്തവം എന്നിവയുള്ള സ്ത്രീകൾക്കും മറ്റുള്ളവർക്ക്  പ്രതേകിച്ചും ഇഹ്റാമിന് മുമ്പ് കുളിക്കൽ സുന്നത്താണ്. അത്തരം സ്ത്രീകൾ രക്തം വരുന്ന ഭാഗങ്ങൾ ബന്ധിച്ചുനിർത്തണം. അവരുടെ ഇഹ്റാം സാധുവാണ്. ഒരു ഫർദോ സുന്നത്തോ നമസ്കരിച്ച ശേഷമായിരിക്കണം ഇഹ്റാം. ഇഹ്റാമിൽ പ്രവേശിക്കുന്നവർ ഉച്ചത്തിൽ തൽബിയത്ത് ചൊല്ലണം എന്നിവക്കെല്ലാം ഈ ഹദീസിൽ തെളിവുണ്ട്.

തൽബിയത്ത് നബി (സ) ചൊല്ലിയതിൽ പരിമിതമാക്കുകയാണ് വേണ്ടത്. ഇനി അതിനേക്കാൾ അധികരിച്ചാലും വിരോധമില്ല. കാരണം, ഉമർ(റ) ഇങ്ങനെ പറഞ്ഞിരിക്കുന്നു.

لبيك ذا النعماء والفضل الحسن، لبيك مرهوبا منك ومرغوانا إليك
(അനുഗ്രഹങ്ങളുടെയും ശ്രേഷ്ഠതകളുടെയും നാഥാ, നിന്റെ ക്ഷണം സ്വീകരിച്ചു ഞങ്ങളിതാ വന്നിരിക്കുന്നു. നിന്നെ ഭയപ്പെട്ടുകൊണ്ടും നിന്നിൽ പ്രതീക്ഷകൾ അർപ്പിച്ചുകൊണ്ടും ഞങ്ങളിതാ വന്നിരിക്കുന്നു.)

ഹജ്ജ് ചെയ്യുന്നവൻ ആദ്യം മക്കയിൽ വന്ന് തഹാഫ് (പ്രദക്ഷിണം) കൊണ്ടാണ് ആരംഭിക്കേണ്ടത്. ഹജറുൽ അസ് വദിനെ തൊട്ട് ചുംബിച്ചുകൊണ്ടായിരിക്കണം ഇതു തുടങ്ങുന്നത്. ഏഴു ത്വവാഫിൽ ആദ്യത്തെ മൂന്നെണ്ണം അല്പം വേഗത്തിൽ നടന്നും പിന്നീട് സാധാരണപോലെ നടന്നുമായിരിക്കണം. തവാഫിനുശേഷം മഖാമു ഇബ്രാഹീമിലെത്തി واتخذوا من مقام إبراهيم مصلى എന്നോതണം.

മഖാമിന്റെ ഇടയിൽ നിന്നുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കണം. ഒന്നാമത്തെ റക്അത്തിൽ ഫാതിഹക്കുശേഷം സൂറതുൽ കാഫിറൂനും രണ്ടാമത്തതിൽ സൂറതുൽ ഇഖ്ലാം ഓതണം. കഅ്ബയിൽ പ്രവേശിക്കുമ്പോൾ ഹജറുൽ അസ് വദുള്ള ഭാഗം തൊട്ടുതടവുന്നതുപോലെ പുറപ്പെടുമ്പോഴും അതിനെ തൊട്ടുതടവുന്നത് നിയമമാക്കപ്പെട്ടതാണ്. ഹദീസതിന് തെളിവാണ്. കഅ്ബയുടെ മൂല തൊട്ടു തടവുന്നത് സുന്നത്താണെന്ന് പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു.

പിന്നീട് സ്വഫാ മർവക്കിടയിലുള്ള നടക്കണം. സ്വഫായിൽ നിന്നാണ് ആരംഭിക്കേണ്ടത്. സ്വഫായുടെ മുകളിൽ കയറി ഖിബ്‌ലയെ അഭിമുഖീകരിച്ചു നിന്ന് അല്ലാഹുവിനെ സ്മരിക്കണം. ഇതു പോലെ മർവാ മലയുടെ മുകളിലും കയറി പ്രാർത്ഥിക്കണം. സ്വഫാ-മർവകൾക്കിടയിലുള്ള ഓട്ടത്തിൽ (സഅ് യിൽ) ബത് നുൽവാദിയിൽ മാത്രം എഴു തവണയും അല്പം ധ്യതിയിൽ നടക്കണം. മറ്റിടങ്ങളിൽ സാധാരണപോലെ നടന്നാൽ മതി.

ഇതോടെ ഉംറ പൂർത്തിയാവുന്നു. പിന്നീട് മുടി വടിക്കുകയോ ചെറുതാക്കുകയോ ചെയ്താൽ ഇഹ്റാമിൽ നിന്നൊഴിവായി. ഇങ്ങനെയാണ് തിരുമേനിയുടെ കല്പന അനുസരിച്ച് സ്വഹാബികൾ ഹജ്ജ് ഉംറയാക്കി മാറ്റിയത്. എന്നാൽ രണ്ടും കൂടി ഒന്നിച്ചു ചെയ്യുന്നവർ  (ഖാരിൻ) ഇവിടെ നിന്ന് മുടി നീക്കം ചെയ്യുകയോ ചെറുതാക്കുകയോ ചെയ്യരുത്. ഇഹ്റാമിൽത്തന്നെ തുടരണം. പിന്നീട് ദുൽഹജ്ജ് 8-ന് ഇഹ്റാമിൽ നിന്ന് മുമ്പ് ഒഴിവായവർ വീണ്ടും ഇഹ്റാമിൽ പവേശിക്കുകയും മറ്റുള്ളവരോടൊപ്പം മിനയിലേക്ക് പോവുകയും ചെയ്യണം. അഞ്ച് നമസ്കാരങ്ങൾ അവിടെവെച്ച് അനുഷ്ഠിക്കുകയും ദുൽഹജ്ജ് 9-ാമത്തെ രാത്രി അവിടെ കഴിച്ചുകൂട്ടുകയും ചെയ്യണം. ഇത് സുന്നത്താണ്.

അതേപോലെ അറഫാദിവസം സൂര്യോദയത്തിനു ശേഷമല്ലാതെ മിനയിൽ നിന്ന് പുറപ്പെടാതിരിക്കുന്നതും മധ്യാഹ്നത്തിന് ശേഷമല്ലാതെ അറഫാത്തിൽ പ്രവേശിക്കാതിരിക്കുന്നതും സുന്നത്താണ്. അഫയിൽ നമസ്കാരത്തിനുമുമ്പായി ഇമാം പ്രസംഗിക്കുന്നതും സുന്നത്തുണ്ട്. നിറുത്തം വാഹനപ്പുറത്താവുന്നതും നബി (സ) നിന്ന സ്ഥാനത്തോ അതിന്നടുത്തോ ഖിബ് ലയെ അഭിമുഖീകരിച്ചുകൊണ്ടാവുന്നതും ഉത്തമമാണ്. പിന്നീട് സൂര്യാസ്തമയശേഷം മുസ്ദലിഫയിൽ പോയി മ​ഗ് രിബും ഇശാഅ് ഒന്നിച്ചു നമസ്കരിക്കണം. രാത്രി അവിടെ കഴിച്ചുകൂട്ടുകയാണ് വേണ്ടത്. അത് സുന്നത്തോ വാജിബോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും.

സുബഹ് നമസ്കാരാനന്തരം അവിടെനിന്ന് മശ്അറുൽ ഹറാമിലേക്ക് പോവുന്നതും അവിടെ നിൽക്കുന്നതും ഹജ്ജിൽപ്പെട്ടത് തന്നെയാണ്. അവിടെ നിന്ന് നല്ലവണ്ണം പുലർന്നാൽ ബത്വ് നുൽ മുഹസ്സിർ വഴി (ഇത് ആനക്കലഹത്തിലെ ആനക്കാർക്ക് ദുരിതം സംഭവിച്ച സ്ഥലമായതിനാൽ ഇവിടെ വേഗം നടക്കേണ്ടതാണ്.) ജംറത്തുൽ  അഖബയിലേക്ക് പോകണം.

അവിടെനിന്ന് കക്കരിക്കക്കുരുവിന്റെ വലുപ്പമുള്ള ഏഴു കല്ലുകൾ ഓരോന്നിന്റെയും കൂടെ തക്ബീർ “ചൊല്ലിക്കൊണ്ട് എറിയണം. പിന്നീട് ബലിസ്ഥലത്ത് പോയി ബലിയറുക്കുകയും മുടിനീക്കിക്കളയുകയും ചെയ്യുക. ശേഷം മക്കയിൽ പോയി വിടവാങ്ങൽ ത്വവാഫ് ചെയ്യുന്നതോടുകൂടി ഭാര്യാസംസർഗം ഒഴികെ മറ്റെല്ലാം അനുവദനീയമാവും. ഇതാണ് തിരുമേനിയുടെ ഹജ്ജിന്റെ മാതൃക. അതിനെ അനുകരിച്ചു കൊണ്ട് ആർ ഹജ്ജ് ചെയ്തുവോ അവന്റെ ഹജ്ജ് സാധുവായി.

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Prev Post

അല്ലാഹുവിന്റെ അതിഥികളോട്

Next Post

ഹജ്ജ് തീർഥാടകരുടെ മുന്നൊരുക്കങ്ങൾ

post-bars

Related post

You cannot copy content of this page