Back To Top

 സ്വഫാമർവകൾക്കിടയിലുള്ള ഓട്ടത്തിന്റെ വിധി

സ്വഫാമർവകൾക്കിടയിലുള്ള ഓട്ടത്തിന്റെ വിധി

Spread the love

സ്വഫാമർവകൾക്കിടയിലുള്ള ഓട്ടത്തെക്കുറിച്ച് പണ്ഡിതൻമാർക്ക് മൂന്നഭിപ്രായങ്ങളാണുള്ളത്. ഒന്ന്, ഇബ്നു ഉമർ, ജാബിർ, ആഇശ (റ) എന്നീ സ്വഹാബികളും, മാലികും ശാഫിഈയും, ഒരു റിപ്പോർട്ടനുസരിച്ച് അഹ്മദും ഈ ഓട്ടം ഹജ്ജിന്റെ റുക്നുകളിൽ ഒന്നാണെന്ന് അഭിപ്രായപ്പെടുന്നവരാണ്.

അതനുസരിച്ച് ഹജ്ജ് ചെയ്യുന്നവൻ സ്വഫാമർവകൾക്കിടയിലുള്ള ഓട്ടം ഉപേക്ഷിച്ചാൽ അവന്റെ ഹജ്ജ് ദുർബലപ്പെടും. ബലികൊണ്ടോ മറ്റോ ഇത് പരിഹരിക്കുക സാധ്യമല്ല. താഴെ പറയുന്നവയാണ് ആ അഭിപ്രായക്കാരുടെ തെളിവ്.

1. ബുഖാരി സുഹ് രിയിൽ നിന്നുദ്ധരിക്കുന്നു. ഉർവ പറഞ്ഞു: ഞാൻ ആഇശ (റ) യോട് ചോദിച്ചു:

إن الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما
(സ്വഫാ-മർവകൾ അല്ലാഹുവിന്റെ അടയാളങ്ങളിൽ പ്പെട്ടതാണ്. അതിനാൽ ആരെങ്കിലും കഅ്ബത്തിങ്കൽ ഹജ്ജോ ഉംറയോ അനുഷ്ഠിക്കുന്നുവെങ്കിൽ അവയ്ക്കിടയിൽ ഓടുന്നതിൽ അവർക്കു വിരോധമില്ല.) എന്ന അല്ലാഹുവിന്റെ വചനത്തെക്കുറിച്ച് എന്തു പറയുന്നു. അതനുസരിച്ച് സ്വഫാമർവകൾക്കിടയിൽ ഓടാത്തവർക്കും കുറ്റമുണ്ടാവാൻ തരമില്ല.

അവർ പറഞ്ഞു: “സഹോദരപുത്രാ, നീ പറഞ്ഞത് വളരെ ചീത്ത. നീ വ്യാഖ്യാനിച്ചപോലെയാണ് കാര്യമെങ്കിൽ സ്വഫാമർവകൾക്കിടയിൽ ഓടാതിരുന്നാൽ കുറ്റമുണ്ടാകുമായിരുന്നില്ല. പക്ഷേ, അൻസ്വാരികളുടെ കാര്യത്തിലാണ് പ്രസ്തുത സൂക്തം അവതരിച്ചത്.

അവർ ഇസ്ലാമിനുമുമ്പ് മനാത്തക്കായിരുന്നു ലബ്ബൈക പറഞ്ഞിരുന്നത്. മുശല്ലിലിന്റെ അടുത്തു വെച്ചു. അവർ അതിനെ ആരാധിക്കുമായിരുന്നു. ഹജ്ജിൽ പ്രവേശിച്ചാൽ, സ്വഫാമർവക്കിടയിലെ ഓട്ടം തെറ്റാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. അങ്ങനെ ഇസ്ലാം സ്വീകരിച്ചപ്പോൾ അതെപ്പറ്റി അവർ തിരുമേനിയോട് ചോദിച്ചു. അവർ പറഞ്ഞു: “അല്ലാഹു വിന്റെ റസൂലേ, ഞങ്ങൾ സഫാമർവക്കിടയിൽ ഓടുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു. അപ്പോഴാണ് പ്രസ്തുത ഖുർആൻ സൂക്തം അവതരിച്ചത്. ആ ഇശ (റ) പറയുന്നു. അവയ്ക്കിടയിലുള്ള ഓട്ടം അല്ലാഹുവിന്റെ റസൂൽ സുന്നത്താക്കിയതാണ്. ആർക്കും അതൊഴിവാക്കാൻ അധികാരമില്ല.”

2. ആഇശ (റ) യിൽ നിന്നു നിവേദനം. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ സഅ് യ് നടത്തിയിട്ടുണ്ട്. മറ്റ് മുസ്ലിംകളും (സ്വഫാമർവക്കിടയിൽ) സഅ് യ് നടത്തിയിട്ടുണ്ട്. അപ്പോൾ അത് സുന്നത്താക്കിയിരിക്കുന്നു. ഞാൻ സത്യം ചെയ്തുപറയുന്നു. സ്വഫാമർവകൾക്കിടയിൽ ഓടാത്തവന്റെ ഹജ്ജ് അല്ലാഹു പൂർത്തിയാക്കാതിരിക്കട്ടെ.” (മുസ്ലിം)

3. ഹബീബ ബിൻതു അബീതുജ്റാഹിൽ നിന്നു നിവേദനം. അവർ പറയുന്നു: “ഞാൻ ചില ഖുറൈശി സ്ത്രീകളോടൊപ്പം റസൂലിനെ കാണുന്നതിനുവേണ്ടി അബുൽ ഹുസൈന്റെ കുടുംബത്തിൽ പോയി അവിടന്നു സ്വഫാമർവകൾക്കിടയിൽ ഓടുകയായിരുന്നു. ഓട്ടത്തിന്റെ ശക്തികാരണം അവിടത്തെ തുണി വട്ടം കറങ്ങുന്നുണ്ടായിരുന്നു. അവിടത്തെ മുട്ട് ഞാൻ കാണുന്നു എന്നെനിക്കു പറയാൻ കഴിയുന്നതുവരെ. അപ്പോൾ അവിടന്നു പറയുന്നുണ്ടായിരുന്നു: ഓടുക. അല്ലാഹു നിങ്ങൾക്ക് ഓട്ടം നിയമമാക്കിയിരിക്കുന്നു. (അഹ്മദ്, ശാഫിഈ)

4. ഹജ്ജിലെയും ഉംറയിലെയും ഒരു കർമമാണത്. അതിനാൽ, കഅ്ബാ പ്രദക്ഷിണം പോലെത്തന്നെ ഹജ്ജിന്റെയും ഉംറയുടെയും ഒരു റുക് നാണത്.

രണ്ട്: ഇബ്നു അബ്ബാസ്, അനസ്, ഇബ്നുസുബൈർ, ഇബ്നുസീരീൻ എന്നിവരും ഒരു റിപ്പോർട്ടനുസരിച്ച് അഹ്മദും അഭിപ്രായപ്പെടുന്നത് അത് സു ന്നത്ത് മാത്രമാണെന്ന്. അതനുസരിച്ച് സഅ് യ് ഉപേക്ഷിച്ചാൽ പ്രത്യേകിച്ചൊന്നുമില്ല.

അവരുടെ തെളിവുകൾ ഇതാണ്:

1. “അവയ്ക്കിടയിൽ ഓടുന്നത് നിങ്ങൾക്ക് വിരോധമില്ല” എന്നാണ് ഖുർആൻ പറഞ്ഞിരിക്കുന്നത്. ഈ പ്രയോഗം തന്നെ അത് നിർബന്ധമില്ലെന്നതിന് തെളിവാണ്. അതിനാൽ, അനുവദനീയമായ കാര്യങ്ങളിലാണത് ഉൾപ്പെടുന്നത്.

മാത്രമല്ല, ഉബയ്യിന്റെയും ഇബ്നുമസ്ഊദിന്റെയും മുസ്ഹഫിൽ “അവ രണ്ടിനുമിടയിൽ ഓടാതിരിക്കുന്നതിനും വിരോധമില്ല” എന്നുകൂടി എഴുതിയി രുന്നു. ഇത് ഖുർആനല്ലെങ്കിലും സ്വഹാബിയുടെ വാക്കിന്റെ സ്ഥാനമെങ്കിലും അതിനുണ്ടെന്നും അതൊരു വ്യാഖ്യാനമായി ഗണിക്കാമെന്നും വ്യക്തമാണല്ലോ.

2. കുറേ എണ്ണമുള്ള ഒരു കർമമാണത്. കഅ്ബയുമായി അതിനു ബന്ധമില്ല. അതിനാൽ, ജംറയിൽ എറിയുന്നതുപോലെ അതും ഒരു റുക്നല്ല.

മൂന്ന്: ഈ സഅ് യ് റുക്നല്ലെങ്കിലും വാജിബാണെന്നത് അബൂഹനീഫ, സൗരി, ഹസൻ എന്നിവരുടെ അഭിമതം. അതിനാൽ, അതുപേക്ഷിച്ചാൽ ഹ ജ്ജോ ഉംറയോ അസാധുവാകയില്ല. പക്ഷേ, പകരമായി ബലി കൊടുക്കണം.

മുഗ്നിയുടെ കർത്താവ് ഈ അഭിപ്രായത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്. കാരണം:

1. അതാണ് ഉത്തമം. അത് നിർബന്ധമാണെന്ന് കാണിക്കുന്ന തെളിവുകൾ പൊതുവായ നിർബന്ധത്തെ മാത്രമേ കുറിക്കുന്നുള്ളൂ. അതില്ലാതായാൽ കർ മം തന്നെ ദുർബലമാകുന്ന തരത്തിലുള്ള നിർബന്ധ ത്തെയല്ല.

2. ആഇശയുടെ അഭിപ്രായം മറ്റു ചില സ്വഹാബികളുടെ അഭിപ്രായത്തിനു വിരുദ്ധമാണ്.

3. ബിൻതു അബീ തുജ്റാഹിന്റെ ഹദീസിൽ ദുർബലനായ റിപ്പോർട്ടറുണ്ട്.

4. ജനങ്ങൾ മുസ്ലിമായശേഷം ഇതിൽനിന്ന് അകന്ന് നിന്നപ്പോഴാണ് ആയത്ത് അവതരിച്ചത്. മുമ്പ് ജാഹിലിയ്യത്തിൽ സ്വഫായുടെയും മർവയുടെയും മുകളിൽ രണ്ടു ബിംബങ്ങളുണ്ടായിരുന്നു. ജനങ്ങൾ അവയ്ക്കിടയിൽ സഅ് യ് നടത്തുകയും ചെയ്തിരുന്നു.

നിബന്ധനകൾ
സ്വഫാമർവകൾക്കിടയിലുള്ള ഓട്ടം (സഅ് യ് സാധുവാകുന്നതിന് താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

1. ഓട്ടം ത്വവാഫി (കഅ്ബാ പ്രദക്ഷിണം) ന് ശേഷമായിരിക്കണം.
2. ഏഴു തവണകളായിരിക്കണം.
3. സ്വഫയിൽ നിന്നാരംഭിച്ച് മർവയിൽ അവസാനിപ്പിക്കണം.
4. സ്വഫാ-മർവകൾക്കിടയിലുള്ള നിർണിത സ്ഥാനത്തിലൂടെയായിരിക്കണം ഓടുന്നത്.

കാരണം, നബി (സ) മേൽപറഞ്ഞ രൂപത്തിൽ പ്രവർത്തിച്ചു കാണിച്ചശേഷം പറയുകയുണ്ടായി. ഹജ്ജിന്റെ കർമങ്ങൾ നിങ്ങൾ എന്റെ പ്രവർത്തനങ്ങളിൽ നിന്ന് സ്വീകരിക്കുക. അതിനാൽ, ത്വവാഫിനുമുമ്പ് ഓടുകയോ ഓട്ടം മർവയിൽ നിന്നാരംഭിച്ച് സ്വഫായിൽ അവസാനിപ്പിക്കുകയോ നിർണിത സ്ഥാനത്തിലുടെയല്ലാതെ ഓടുകയോ ചെയ്താൽ ആ കർമം (ഓട്ടം) നിഷ്ഫലമാവും. ( അവ രണ്ടും വാജിബാണെന്നാണ് ഹനഫികളുടെ പക്ഷം. ത്വവാഫിനു മുമ്പ് ഓടുകയോ മർവയിൽ നിന്നാരംഭിച്ചു സ്വഫായിൽ അവസാനിപ്പിക്കുകയോ ചെയ്താലും സഅ് യ് ശരിയാവും. പക്ഷേ, പകരം ബലിയറുക്കൽ നിർബന്ധമാണ്. )

സ്വഫായിൽ കയറൽ
ഓട്ടം സാധുവാകുന്നതിന് സ്വഫായിലോ മർവയിലോ കയറണമെന്ന് നിബന്ധനയില്ല. പക്ഷേ, അവ രണ്ടിന്റെയും ഇടയിലുള്ള സ്ഥലങ്ങളെ പൂർണമായും ചുഴണം. അതിനാൽ, പോകുമ്പോഴും വരുമ്പോഴും അവ രണ്ടിൻമേലും കാലുകൾ ചേർന്നു നില്ക്കണം. അഥവാ അങ്ങനെ ചേർന്നില്ലെങ്കിൽ ആ ഓട്ടം പൂർത്തിയാവുകയില്ല.

ഓട്ടത്തിൽ തുടർച്ച
ഓട്ടം തുടരെത്തുടരെ ചെയ്തുകൊള്ളണമെന്നു നിബന്ധനയില്ല. തുടർച്ചയായി അനുഷ്ഠിക്കുന്നതിന് തടസ്സമായി, നമസ്കാരം ആരംഭിക്കുകയോ മറ്റ് വല്ല കാരണങ്ങളുമുണ്ടാവുകയോ ചെയ്യുകയാണെങ്കിൽ ഓട്ടം അതിനുവേണ്ടി നിർത്തിവെയ്ക്കാം. പ്രസ്തുത ആവശ്യം നിർവഹിച്ചശേഷം ബാക്കി ഭാഗം പൂർത്തീ കരിച്ചാൽ മതി.

ഇബ്നുഉമറിൽ നിന്നു നിവേദനം: അദ്ദേഹം സ്വഫാമർവകൾക്കിടയിൽ ഓടുകയായിരുന്നു. ഇടയിൽ മൂത്രിക്കണമെന്നു തോന്നി, മൂത്രിച്ചു. പിന്നീട് വെള്ളം വരുത്തി വുദു ചെയ്തു. പിന്നീട് ഓട്ടം പൂർത്തിയാക്കുകയും ചെയ്തു.

അതേപോലെ ത്വവാഫിനെത്തുടർന്ന് ഉടനെത്തന്നെ സഅ് യ് നടത്തിയിരിക്കണമെന്നും നിബന്ധനയി ല്ല. മുഗ്നിയിൽ പറയുന്നു: അഹ്മദ് പറഞ്ഞു: ത്വവാഫിനുശേഷം ഓട്ടത്തിനുമുമ്പായി വിശ്രമിക്കുകയോ വൈകുന്നേരം വരെ പിന്തിപ്പിക്കുകയോ ചെയ്യുന്നതിന് വിരോധമില്ല. ഹസന്റെയും അത്വാഇന്റെയും അഭിപ്രായത്തിൽ, പ്രഭാതത്തിൽ ത്വവാഫ് ചെയ്യുകയും പ്രദോഷത്തിൽ സ്വഫാമർവകൾക്കിടയിൽ ഓടുകയും ചെയ്യുന്നതിന് വിരോധമൊന്നുമില്ല. ഖാസിമും സഈദു ജുബൈറും അങ്ങനെ ചെയ്തിട്ടുണ്ട്. കാരണം, ഓട്ടത്തിനിടയിൽ തന്നെ തുടർച്ച നിർബന്ധമില്ലെങ്കിൽ ഓട്ടത്തിന്റെയും ത്വവാഫിന്റെയും ഇടയിൽ ഒട്ടും നിർബന്ധമുണ്ടാവാൻ തരമില്ല.

സഈദുബ്നു മൻസറിൽ നിന്നുദ്ധരിക്കുന്നു. ഉർവതുബ്നു സുബൈറിന്റെ ഭാര്യ സൗദ സ്വഫാ-മർവകൾക്കിടയിലുള്ള സഅ് യ് പൂർത്തിയാക്കിയത് മുന്നു ദിവസം കൊണ്ടാണ്. അവരുടെ ശരീരം വളരെ തടിച്ചതായിരുന്നു ഇതിനു കാരണം.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Prev Post

സ്വഫാ മർവകൾക്കിടയിൽ ഓട്ടം (സഅ് യ് )

Next Post

കഅ്ബയെ അലങ്കരിക്കുന്ന കിസ് വ

post-bars

Related post

You cannot copy content of this page