ഉംറഃയിലെ അനുഷ്ഠാന കർമങ്ങൾ
( ഉംറ മാത്രം ഉദ്ദേശിച്ചുള്ള യാത്രക്കാർക്ക് ഉംറയുടെ രൂപവും ക്രമവും അറിയാനും പഠിക്കാനും ഈ ലേഖനം ഏറെ സഹായിക്കും.)
ഇഹ്റാം, കഅ്ബാ ത്വവാഫ്, സ്വഫാ-മർവക്കിടയിൽ സഅ് യ്, മുടിയെടുക്കൽ എന്നിവയാണ് ഉംറഃയിലെ അനുഷ്ഠാന കർമങ്ങൾ.
1. ഇഹ്റാം
ഉംറക്ക് നിയ്യത്ത് ചെയ്ത് അതിന്റെ കർമങ്ങളിൽ പ്രവേശിക്കുന്നതിന് ഇഹ്റാം എന്നു പറയുന്നു. സാധാരണ അനുവദനീയമായ പല കാര്യങ്ങളും അതോടുകൂടി നിഷിദ്ധമാകുന്നതുകൊണ്ടാണ് അതിന് “ഇഹ്റാം (നിഷിദ്ധമാക്കൽ) എന്നു പേർ വന്നത്. നമസ്കാരത്തിന്റെ ആരംഭത്തിലെ തക്ബീറിന് തക്ബീറത്തുൽ ഇഹ്റാം’ (നിഷിദ്ധ മാക്കുന്ന തക്ബീർ) എന്നു പറയുന്നതുപോലെയാണിത്.
മീഖാത്തുകൾ
ഇഹ്റാം ചെയ്യാൻ പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾക്ക് മീഖാത്തുകൾ’ എന്നു പറയുന്നു. നബി(സ) യുടെ കാലത്ത് ജനങ്ങൾ സാധാരണയായി അഞ്ച് ഭാഗങ്ങളിലൂടെയാണ് മക്കയിലേക്ക് യാത്ര ചെയ്തിരുന്നത്. അതിനാൽ അവർക്ക് ഇഹ്റാം ചെയ്യുന്നതിന് അഞ്ച് സ്ഥലങ്ങൾ നിശ്ചയിച്ചുകൊടുത്തു. മദീനക്കാർക്ക് ദുൽ ഹുലൈഫഃ, ശാമുകാർക്ക് ജുഹ്ഫഃ, നജ്ദുകാർക്ക് ഖർനുൽ മനാസിൽ, യമൻകാർക്ക് യലംലം, ഇറാഖുകാർക്ക് ദാത്തു ഇർഖ്. ഉംറഃ ഉദ്ദേശിച്ച് മക്കയിൽ പോകുന്ന ആൾ ഏത് മീഖാത്തിലൂടെയാണോ പോകുന്നത് അവിടെ വെച്ച് ഇഹ്റാം ചെയ്യേണ്ടതാണ്. കരമാർഗം പോകുന്നവർ നിശ്ചിത സ്ഥലത്തെത്തിയാൽ ഇഹ്റാം ചെയ്താൽ മതി. വിമാനമാർഗം പോകുന്നവർ മീഖാത്തിന്റെ മുകളിലോ നേർ രേഖയിലോ വിമാനമെത്തുമ്പോഴാണ് ഇഹ്റാം ചെയ്യേണ്ടത്. വിമാനത്തിൽ കയറുന്നതിനു മുമ്പുതന്നെ ഇഹ്റാമിന്റെ വസ്ത്രം ധരിക്കുകയും നിശ്ചിത സ്ഥലത്തെത്തുമ്പോൾ നിയ്യത്ത് ചെയ്യുകയുമായിരിക്കും സൗകര്യം. സൗകര്യപ്പെടുമെങ്കിൽ വിമാനത്തിനകത്തു വെച്ചും വസ്ത്രം മാറ്റാവുന്നതാണ്. ഇഹ്റാമിന്റെ വസ്ത്രം ധരിക്കുന്നതുകൊണ്ടു മാത്രം ഒരാൾ ഇഹ്റാമിൽ പ്രവേശിക്കുകയില്ലെന്നും നിയ്യത്ത് ചെയ്യുമ്പോഴേ ഇഹ്റാം ആരംഭിക്കുകയുള്ളൂവെന്നും മനസ്സിലാക്കേണ്ടതാണ്.
അറേബ്യൻ ഗൾഫിൽ നിന്ന് കരമാർഗം ത്വാഇഫ് വഴിയോ വിമാനമാർഗം ജിദ്ദഃ വഴിയോ മക്കയിൽ പോകുന്നവർ ഖർനുൽ മനാസിലിൽ വെച്ചും മദീനഃ വഴി പോകുന്നവർ ദുൽഹുലൈഫയിൽ വെച്ചുമാണ് ഇഹ്റാം ചെയ്യേണ്ടത്. ഇപ്പോൾ അസ്സൈലുൽ കബീർ, വാദീ മഹ്റം എന്നീ പേരുകളിലറിയപ്പെടുന്ന ഖർനുൽ മനാസിലിൽനിന്ന് 77 കിലോമീറ്ററും, അബ് യാർ അലി എന്ന പേരിലറിയപ്പെടുന്ന ദുൽഹുലൈഫയിൽനിന്ന് 420 കിലോമീറ്ററുമാണ് മക്കയിലേക്കുള്ള ദൂരം.
ഇന്ത്യയിൽനിന്ന് വിമാനമാർഗം ജിദ്ദഃയിൽ പോകുന്നവർ വിമാനത്തിന്റെ സഞ്ചാരമാർഗമനുസരിച്ച് യലംലമിന്റെയോ ഖർനുൽ മനാസിലിന്റെയോ നേരെ എത്തുമ്പോൾ ഇഹ്റാം ചെയ്യേണ്ടതാണ്. രണ്ടും തമ്മിൽ നിമിഷങ്ങളുടെ വ്യത്യാസമേയുള്ളൂ.
പ്രസ്തുത മീഖാത്തുകളുടെയും ഹറമിന്റെയും ഇടയിൽ താമസിക്കുന്നവർ തങ്ങളുടെ താമസസ്ഥലത്തു നിന്നാണ് ഇഹ്റാം ചെയ്യേണ്ടത്. ഉദാഹരണമായി ജിദ്ദാ നിവാസികൾ തങ്ങളുടെ താമസസ്ഥലത്തുനിന്ന് ഇഹ്റാം ചെയ്താൽ മതി.
ഹറമിന്റെ അതിർത്തിക്കുള്ളിൽ താമസിക്കുന്നവർ ഉംറ ചെയ്യാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഹറമിന്റെ പുറത്തുപോയി ഇഹ്റാം ചെയ്ത് ഹറമിൽ പ്രവേശിക്കേണ്ടതാണ്.
ഇഹ്റാമിന്റെ മുന്നൊരുക്കങ്ങൾ
ഇഹ്റാമിൽ പ്രവേശിക്കുന്നതിനുമുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, പുരുഷന്മാർ മീശവെട്ടുക, കുളിക്കുക, വുദൂഅ് ചെയ്യുക, ശരീരത്തിൽ സുഗന്ധം പൂശുക എന്നീ കാര്യങ്ങൾ സുന്നത്താണ്.
പിന്നീട് പുരുഷന്മാർ സാധാരണ വസ്ത്രങ്ങൾ ഒഴിവാക്കി ഒരു തുണി ഉടുക്കുകയും ഒരു മേൽമുണ്ടുകൊണ്ട് ഇരു ചുമലുകളും മൂടുന്ന രൂപത്തിൽ പുതക്കുകയും ചെയ്യേണ്ടതാണ്. തുണിയും മുണ്ടും വെള്ളയാവുന്നതാണ് ഉത്തമം. സ്ത്രീകൾക്ക് ഇഹ്റാമിന് പ്രത്യേക വസ്ത്രമോ വസ്ത്രത്തിന് പ്രത്യേക നിറമോ സുന്നത്തില്ല.
ഇഹ്റാമിൽ പ്രവേശിക്കൽ ഏതെങ്കിലും നമസ്കാരത്തിന് ശേഷമായിരിക്കൽ ഉത്തമമാണ്. നബി(സ) ഇഹ്റാം ചെയ്തത് നമസ്കാരശേഷമായിരുന്നു. എന്നാൽ ആ നമസ്കാരം ഇഹ്റാമിന്റെ പ്രത്യേക സുന്നത്ത് നമസ്കാരമായിരുന്നോ, അതല്ല ഏതെങ്കിലും ഫർദ് നമസ്കാരമായിരുന്നോ എന്ന് ഹദീസുകളിൽ വ്യക്തമാക്കപ്പെടാത്തതിനാൽ ഇഹ്റാമിനു മുമ്പുള്ള നമസ്കാരത്തിന്റെ കാര്യത്തിൽ ഇമാമുകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഇഹ്റാം ഉദ്ദേശിച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കൽ സുന്നത്താണെന്ന് ഭൂരിപക്ഷം ഇമാമുകളും അഭിപ്രായപ്പെടുന്നു.
ഇഹ്റാമിന്റെ രൂപം
ഉംറഃയിൽ പ്രവേശിക്കുന്നു എന്ന ഉദ്ദേശ്യത്തോടുകൂടി അല്ലാഹുമ്മ ലബ്ബൈക്ക ഉംറതൻ (അല്ലാഹുവേ, ഉംറക്ക് ഇഹ്റാം ചെ കൊണ്ട് ഞാൻ നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്ന് പറഞ്ഞുകൊണ്ടാണ് ഇഹ്റാമിൽ പ്രവേശിക്കേണ്ടത്.
ഇഹ്റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ താഴെപ്പറയും പ്രകാരം തൽബിയത്ത് ചൊല്ലൽ സുന്നത്താണ്.
لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك لا شريك لك
(അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് ഒരു പങ്കുകാരനുമില്ല. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. സർവ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്. എല്ലാ അനുഗ്രഹവും നിന്റേതാണ്. എല്ലാ അധികാരവും നിനക്ക് മാത്രമാണ്. നിനക്ക് ഒരു പങ്കുകാരനുമില്ല.)
കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴും നമസ്കാരത്തിനു ശേഷവും മറ്റു യാത്രക്കാരെ കാണുമ്പോഴും വാഹനത്തിൽനിന്ന് ഇറങ്ങുമ്പോഴും യാത്ര പുനരാരംഭിക്കുമ്പോഴും കൂടുതൽ തൽബിയത് ചൊല്ലൽ സുന്നത്താണ്. പുരുഷന്മാർ ഉച്ചത്തിലും സ്ത്രീകൾ ശബ്ദം കുറച്ചുമാണ് തൽബിയത്ത് ചൊല്ലേണ്ടത്.
ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ
ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീ-പുരുഷന്മാർക്ക് ശരീരത്തിൽനിന്ന് മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധ ദ്രവ്യം ഉപയോഗിക്കുക, കുങ്കുമച്ചായം മുക്കിയ വസ്ത്രം ധരിക്കുക, വിഷയാസക്തിയോടുകൂടിയ സംസാരവും പ്രവൃത്തിയും, വിവാഹം, വിവാഹാന്വേഷണം, പക്ഷിമൃഗാദികളെ വേട്ടയാടുകയോ വേട്ടയാടാൻ സഹായിക്കുകയോ ചെയ്യുക, നിഷിദ്ധമായ വാക്കും പ്രവൃത്തിയും, അനാവശ്യ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുക എന്നീ കാര്യങ്ങൾ നിഷിദ്ധമാകുന്നു. എന്നാൽ ഇഹ്റാം ചെയ്ത പുരുഷന്മാർക്ക് മാത്രം നിഷിദ്ധമായ മറ്റു ചില കാര്യങ്ങളുണ്ട്.
1. ഷർട്ട്, ബനിയൻ, പൈജാമ, പാന്റ്സ്, അണ്ടർ വെയർ, മൂട്ടിയ തുണി, സോക്സ് മുതലായ, ശരീരത്തിന്റെ ഒന്നായിട്ടുള്ള ആകൃതിയിലോ അവയവങ്ങളുടെ ആകൃതിയിലോ തുന്നിയ വസ്ത്രങ്ങൾ ധരിക്കൽ പുരുഷന്മാർക്ക് നിഷിദ്ധമാണ്. ബെൽറ്റ്, നാട, ചരട്, വാച്ച്, കണ്ണട, മോതിരം എന്നിവ ധരിക്കുന്നതിന് വിരോധമില്ല. ചെരുപ്പ് തുന്നലില്ലാത്തതും, നെരിയാണി മറയാത്തതുമാകുന്നതാണ് ഉത്തമം.
2. തൊപ്പി, മുണ്ട്, ടവ്വൽ, തലപ്പാവ് മുതലായ തലയോട് ചേർന്നു നിൽക്കുന്ന വസ്തുക്കൾ കൊണ്ട് തല മറയ്ക്കാൻ പാടില്ല. ആവശ്യമെങ്കിൽ സാധനങ്ങൾ തലയിൽ ചുമന്നു കൊണ്ടുപോകാവുന്നതാണ്.
സ്ത്രീകൾക്ക് തുന്നിയ വസ്ത്രങ്ങൾ ഉപയോഗിക്കാമെങ്കിലും കൈയുറയോ മുഖം മൂടുന്ന ബുർഖയോ ധരിക്കാൻ പാടില്ല. പക്ഷേ, അന്യപുരുഷന്മാരുടെ മുമ്പിൽ മുഖം മറയ്ക്കുന്നതിനും വസ്ത്രം കൊണ്ട് മുൻകൈ മറയ്ക്കുന്നതിനും വിരോധമില്ല.
2. ത്വവാഫ്
ഉംറയുടെ രണ്ടാമത്തെ കർമം ത്വവാഫാണ്. കഅ് ബാക്കു ചുറ്റും ഏഴ് പ്രാവശ്യം കറങ്ങുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്.
ത്വവാഫിനു വേണ്ടി മസ്ജിദുൽ ഹറാമിൽ പ്രവേശി ക്കുമ്പോൾ വലതുകാൽ ആദ്യം വെച്ച് പ്രവേശിക്കലും താഴെ പറയുന്ന ദിക്റും ദുആയും ചെയ്യലും സുന്നത്താകുന്നു:
بسـم الله والصلاة والسلام على رسول الله، أعوذ بالله العظيم بوجهه الكريم وسلطانه القديم من الشيطان الرجيم، اللهم افتح لى ابواب رحمتك _
(അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പ്രവേശിക്കുന്നു. അല്ലാഹുവിന്റെ ദൂതർക്ക് അനുഗ്രഹവും രക്ഷയും ഉണ്ടാവട്ടെ. ശപിക്കപ്പെട്ട പിശാചിൽ നിന്ന് മഹാനായ അല്ലാഹുവിലും ആദരണീയമായ അവന്റെ മുഖത്തിലും അനാദിയായ അവന്റെ അധികാരത്തിലും ഞാൻ അഭയം തേടുന്നു. അല്ലാഹുവേ, നീ എനിക്ക് നിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങൾ തുറന്നുതരേണമേ.)
പള്ളിയിൽ പ്രവേശിച്ച ഉടനെ ത്വവാഫ് ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ “തഹിയ്യത്തുൽ മസ്ജിദായി രണ്ട് റക്അത്ത് നമസ്കരിക്കേണ്ടതില്ല. ഫർദ് നമസ്കാരത്തിന്റെ സമയമാണെങ്കിൽ അത് നിർവഹിച്ചശേഷം ത്വവാഫ് ആരംഭിച്ചാൽ മതി.
ത്വവാഫിനു മുമ്പ് പുരുഷന്മാരുടെ മേൽമുണ്ട് വലത്തേ ചുമൽ പുറത്തുകാണും വിധം വലത്തേ കക്ഷത്തിലൂടെ എടുത്ത് ഇടത്തേ ചുമലിനു മുകളിൽ ഇടൽ സുന്നത്താണ്. ആദ്യത്തെ മൂന്ന് കറക്കത്തിൽ കാലടികൾ അടു അടുത്ത് വെച്ച് വേഗത്തിൽ നടക്കലും പുരുഷന്മാർക്ക് സുന്നത്താകുന്നു.
കഅ്ബയുടെ, ഹജറുൽ അസ് വദ് സ്ഥിതി ചെയ്യുന്ന മൂലയിൽ നിന്നാണ് ത്വവാഫ് ആരംഭിക്കേണ്ടത്. സാധിക്കു മെങ്കിൽ ഹജറുൽ അസ് വദ് ചുംബിക്കൽ സുന്നത്താണ്. സാധ്യമായില്ലെങ്കിൽ കൈകൊണ്ടോ മറ്റോ അതിനെ തൊട്ടു മുത്തുക. അതിനും സാധിച്ചില്ലെങ്കിൽ അതിനു നേരെ കൈ ഉയർത്തി, (അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു. അല്ലാഹു ഏറ്റവും വലിയവനാണ്) എന്ന് പറഞ്ഞ് ത്വവാഫ് ആരംഭിച്ചാൽ മതി. തുടർന്ന്,
اللهم إيمانا بك وتصديقا بكتابك ووفاء بعهدك واتباعا لسنة نبيك محمد صلى الله عليه وسلم
(അല്ലാഹുവേ, നിന്നിൽ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോടുള്ള കരാർ പാലിച്ചുകൊണ്ടും നിന്റെ പ്രവാചകനായ മുഹമ്മദി(സ)ന്റെ ചര്യ പിൻതുടർന്നുകൊണ്ടും ഞാൻ ആരംഭിക്കുന്നു എന്ന് പറയലും സുന്നത്താകുന്നു.
കഅ്ബയെ ഇടതു ഭാഗത്താക്കിയാണ് ത്വവാഫ് ചെയ്യേണ്ടത്. ഹജറുൽ അസ് വദിനു മുമ്പുള്ള റുക്നുൽ യമാനി എന്ന മൂലയിലെത്തിയാൽ സാധ്യമായെങ്കിൽ അതിനെ വലതുകൈകൊണ്ട് സ്പർശിക്കുകയും അല്ലാഹു അക്ബർ എന്ന് പറയുകയും ചെയ്യൽ സുന്നത്താണ്. സാധിച്ചില്ലെ ങ്കിൽ അതിനു നേരെ തിരിയുകയോ ആംഗ്യം കാണിക്കു കയോ തക്ബീർ ചൊല്ലുകയോ വേണ്ടതില്ല. റുക്നുൽ യമാനിയുടെയും ഹജറുൽ അസ് വദിന്റെയും ഇടയിൽ
ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار (ഞങ്ങളുടെ നാഥാ, നീ ഞങ്ങൾക്ക് ഇഹത്തിലും പരത്തിലും നന്മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ നരകശി ക്ഷയിൽനിന്ന് രക്ഷിക്കുകയും ചെയ്യേണമേ) എന്ന് പ്രാർഥിക്കൽ സുന്നത്താകുന്നു.
ഹജറുൽ അസ് വദിൽ തിരിച്ചെത്തുന്നതോടുകൂടി ഒരു കറക്കം പൂർത്തിയായി. അങ്ങനെ ഏഴ് കറക്കമാണ് ഒരു ത്വവാഫ്.
ത്വവാഫിനിടയിൽ ഏത് ദിക്റും ദുആയും ഖുർആൻ പാരായണവും ആകാവുന്നതാണ്. ഓരോ കറക്കത്തിലും പ്രത്യേകം ദിക്റും ദുആയും ചെയ്യുന്നതിന് ഒരടിസ്ഥാനവുമില്ല. ഒരാൾ ചൊല്ലിക്കൊടുക്കുന്നത് മറ്റുള്ളവർ ഏറ്റ് ചൊല്ലുന്നതിനു പകരം ഓരോരുത്തരും സ്വന്തമായി ദിക് റും ദുആയും ചെയ്യലാണ് ഉത്തമം.
കഅ്ബക്കരികിൽ അർധ വൃത്താകൃതിയിൽ കാണുന്ന ഹിജ്ർ ഇസ്മാഈലിന് പുറത്തുകൂടിയാണ് ത്വവാഫ് ചെയ്യേണ്ടത്. ഹിജ്ർ ഇസ്മാഈലിന്റെ അധിക ഭാഗവും കഅ്ബയിൽ പെട്ടതാകയാൽ അതിനുള്ളിലൂടെ ത്വവാഫ് ചെയ്താൽ ശരിയാവുകയില്ല. ത്വവാഫിനിടയിൽ വുദു നഷ്ടപ്പെട്ടാൽ വീണ്ടും വുദു ചെയ്ത് വന്ന് ബാക്കി എണ്ണം പൂർത്തിയാക്കുകയാണ് വേണ്ടത്.
ഹജറുൽ അസ് വദിൽ ത്വവാഫ് അവസാനിപ്പിച്ച ശേഷം മഖാമു ഇബ്റാഹീമിനു പിന്നിൽ പോയി രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കേണ്ടതാണ്. അതിൽ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ഫാത്തിഹക്കു ശേഷം സൂറത്തുൽ കാഫിറൂനും രണ്ടാമത്തെ റക്അ ത്തിൽ സൂറത്തുൽ ഇഖ്ലാസും ഓതൽ സുന്നത്താകുന്നു. മഖാമു ഇബ്റാഹീമിനു പിന്നിൽ സൗകര്യം ലഭിച്ചില്ലെങ്കിൽ ഹറമിന്റെ ഏത് ഭാഗത്തുവെച്ചും ഈ രണ്ട് റക്അത്ത് നമസ്കരിക്കാവുന്നതാണ്. നമസ്കാരശേഷം കൈ ഉയർത്തി പ്രാർഥിക്കൽ ഉത്തമമാകുന്നു. ത്വവാഫിനും നമസ് കാരത്തിനും ശേഷം സംസം വെള്ളം കുടിക്കൽ സുന്നത്താണ്.
3. സഅ് യ്
ഉംറയുടെ മൂന്നാമത്തെ കർമം സഅ് യാണ്. സ്വഫാ, മർവഃ എന്നീ കുന്നുകൾക്കിടയിൽ വേഗത്തിൽ നടക്കുന്നതിനാണ് സഅ് യ് എന്ന് പറയുന്നത്. സ്വഫായിൽ നിന്നാണ് സഅ് യ് ആരംഭിക്കേണ്ടത്. സ്വഫായിൽ കയറുമ്പോൾ
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ
(നിശ്ചയം, സ്വഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്) എന്ന ആയത്ത് ഓതൽ സുന്നത്താകുന്നു. പിന്നീട് ഖിബ് ലയുടെ നേരെ തിരിഞ്ഞ് മൂന്ന് പ്രാവശ്യം അല്ലാഹു അക്ബർ എന്ന് പറയുകയും അല്ലാഹുവെ വാഴ്ത്തുകയും കൈ ഉയർത്തി പ്രാർഥിക്കുകയും ചെയ്യേണ്ടതാണ്. താഴെ പറയുന്ന ദിക്ക് റിന് പ്രത്യേക പ്രാധാന്യമുണ്ട്.
لا اله الا الله وحده لا شريك له، له الملك وله الحمد، يحيي ويميت وهو على كل شيئ قدير، لا اله الا الله وحده انجز وعده ونصر عبده وهزم الاحزاب وحده
(അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല. അവൻ ഏകനാണ്. അവന്ന് ഒരു പങ്കുകാരനുമില്ല. എല്ലാ അധികാരവും അവന്ന് മാത്രം. എല്ലാ സ്തുതിയും അവന്ന് അവകാശപ്പെട്ടതാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല. അവൻ ഏകനാണ്. അവൻ അവന്റെ വാഗ്ദത്തം പാലിക്കുകയും അവന്റെ അടിമയെ സഹായിക്കുകയും സഖ്യകക്ഷികളെ ഒറ്റക്ക് പരാജയപ്പെടുത്തുകയും ചെയ്തു.)
അതിനുശേഷം മർവയുടെ നേരെ വേഗത്തിൽ നടക്കേണ്ടതാണ്. ഇടക്കുള്ള പച്ച അടയാളങ്ങൾക്കിടയിൽ ഓടൽ പുരുഷന്മാർക്ക് സുന്നത്താണ്. സ്ത്രീകൾ അവിടെയും നടന്നാൽ മതി.
മർവായിലേക്ക് കയറുമ്പോൾ, സ്വഫായിലേക്ക് കയറുമ്പോൾ ചെയ്തതുപോലെ
ان الصفا والمروة من شعائر الله
എന്ന ആയത്ത് ഓതലും മുകളിലെത്തിയാൽ ഖിബ് ലക്കു നേരെ തിരിഞ്ഞ് തക്ബീർ ചൊല്ലലും ദിക് റും ദുആയും ചെയ്യലും സുന്നത്താണ്.
പിന്നീട് സ്വഫായിലേക്കു മടങ്ങണം. അങ്ങനെ സ്വഫായിൽ നിന്ന് മർവായിലേക്ക് നാല് പ്രാവശ്യവും മർവായിൽനിന്ന് സ്വഫായിലേക്ക് മൂന്ന് പ്രാവശ്യവും നടന്നു കഴിഞ്ഞാൽ സഅ് യ് പൂർത്തിയായി. ഓരോ നടത്തത്തി മർവായിലുമെത്തുമ്പോൾ ആയത്തോതലും, ദിക്റും ദുആയും പച്ച അടയാളങ്ങൾക്കിടയിൽ ഓടലും, സുന്നത്താകുന്നു. സ്വഫായിൽ നിന്ന് ആരംഭിക്കുന്ന സഅ് യ് മർവയിലാണ് അവസാനിക്കേണ്ടത്. മസ് ആ (സഅ് യ് നടത്തുന്ന സ്ഥലം) അടുത്തകാലത്ത് തട്ടുകളാക്കി പുതുക്കി പണിതിട്ടുണ്ട്. ഇതിൽ ഏത് നിലയിലൂടെയും സഅ് യ് നടത്താം.
4. മുടിയെടുക്കൽ
ഉംറയുടെ അവസാനത്തെ കർമം മുടിയെടുക്കലാണ്. തലമുടി മുഴുവനായി കളയുകയോ വെട്ടുകയോ ആവാം. പുരുഷന്മാർ മുഴുവനായി കളയുന്നതാണ് ഉത്തമം. സ്ത്രീകൾ മുടി ഒന്നായോ രണ്ടോ മൂന്നോ ഭാഗമായോ പിടിച്ച് മുടിയുടെ അത് വെട്ടുകയാണ് വേണ്ടത്. അറ്റത്തുനിന്ന് ഒരു വിരൽ തുമ്പിന്റെ അത്ര വെട്ടുകയാണ് വേണ്ടത്.
ഇതോടുകൂടി ഉംറഃ പൂർത്തിയാകുന്നതും ഇഹ്റാം കൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അനുവദനീയ മാകുന്നതുമാണ്.
ശ്രദ്ധേയമായ ചില കാര്യങ്ങൾ
. ഉംറ നിർവഹിക്കാൻ പ്രായപൂർത്തിയാവണമെന്നില്ല. കുട്ടികൾക്കും അത് നിർവഹിക്കാം. വിവേകമെത്തിയ കുട്ടികളാണെങ്കിൽ ഉംറയുടെ എല്ലാ കർമങ്ങളും അവർ തന്നെ ചെയ്താൽ മതി. വിവേകമെത്താത്ത കുട്ടികളെ കുളിപ്പിച്ച് ശുദ്ധിയാക്കി ഇഹ്റാമിന്റെ വസ്ത്രം ധരിപ്പിക്കുകയും കൂടെയുള്ള രക്ഷിതാക്കൾ അവർക്കു വേണ്ടി ഉംറയുടെ നിയ്യത്ത് ചെയ്യുകയും വേണം. നടക്കാൻ കഴിയാത്ത കുട്ടികളാണെങ്കിൽ ത്വവാഫും സഅ് യും അവരെ ചുമന്നുകൊണ്ട് നിർവഹിച്ചാൽ മതി.
. ഇഹ്റാമിനുമുമ്പ് സ്ത്രീക്ക് ആർത്തവമുണ്ടാവുകയാണെങ്കിൽ മീഖാത്തിൽ വെച്ച് അശുദ്ധിയോടുകൂടി ത്തന്നെ ഇഹ്റാം ചെയ്യുകയാണ് വേണ്ടത്. ഇഹ്റാമിനു മുമ്പ് ചെയ്യൽ സുന്നത്തായ കാര്യങ്ങൾ ചെയ്ത് വൃത്തിയുള്ള വസ്ത്രം ധരിച്ച് മറ്റ് സ്ത്രീകൾ ചെയ്യുന്നതു പോലെ ഇഹ്റാം ചെയ്താൽ മതി. നമസ്കരിക്കുവാനോ പള്ളിയിൽ പ്രവേശിക്കുവാനോ ത്വവാഫ് ചെയ്യുവാനോ പാടില്ല.
ഇഹ്റാം ചെയ്ത ശേഷം ത്വവാഫിനു മുമ്പായി ആർത്തവമുണ്ടാവുകയാണെങ്കിൽ ശുദ്ധിയാവുന്നതു വരെ ത്വവാഫ് ചെയ്യാതെ ഇഹ്റാമിൽ തന്നെ കഴിച്ചു കൂട്ടേണ്ടതാണ്. ശുദ്ധിയായിക്കഴിഞ്ഞാൽ ത്വവാഫ്, സഅ് യ്, മുടിവെട്ടൽ എന്നിവ ചെയ്ത് ഇഹ്റാമിൽനിന്ന് വിരമിക്കാം.
ത്വവാഫിനിടയിലാണ് സ്ത്രീക്ക് അശുദ്ധിയുണ്ടായതെങ്കിൽ ഉടനെ ത്വവാഫ് നിർത്തി പള്ളിയുടെ പുറത്തു പോവുകയും ശുദ്ധിയായ ശേഷം ത്വവാഫ് ചെയ്യുകയുമാണ് വേണ്ടത്.
. ത്വവാഫോ സഅ് യോ നിർവഹിക്കുന്നതിനിടയിൽ നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കുകയാണെങ്കിൽ ത്വവാഫും സഅ് യും നിർത്തി ജമാഅത്ത് നമസ്കാരത്തിൽ പങ്ക് ചേരാവുന്നതാണ്. നമസ്കാരാനന്തരം, നിർത്തിയ സ്ഥലത്തുനിന്ന് തുടർന്നാൽ മതി. പക്ഷേ, ത്വവാഫിന്റെയും സഅ് യിന്റെയും ആരംഭ സ്ഥലത്തുനിന്നല്ല നമസ്കാരത്തിൽ പ്രവേശിച്ചതെങ്കിൽ പ്രബലമായ അഭിപ്രായപ്രകാരം, ഇടക്കു മുറിഞ്ഞുപോയ ത്വവാ ഫിലെ ഒരു കറക്കവും സഅ് യിലെ ഒരു ഭാഗത്തേക്കുള്ള നടത്തവും പരിഗണിക്കപ്പെടുകയില്ല.
📲 കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU