അറഫായിൽ നിൽക്കൽ
സഅ് യ്
ഹജ്ജിന്റെയും ഉംറയുടെയും ഒരു റുക്നാണ് – ഘടകം – സഅ് യ്. സഫാ – മർവാ കുന്നുകൾക്കിടയിൽ നടക്കുകയാണ് സഅ് യ്.
ഇബ്രാഹീം നബി (സ)യുടെ പത്നി ഹാജറ വെള്ളം തേടി ഈ കുന്നുകൾക്കിടയിൽ നടന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് സഅ് യ്. സഅ് യിന്റെ നിബന്ധനകൾ-
1. അതു ത്വവാഫിന് ശേഷമാവണം
2. അതു ഏഴുപ്രാവശ്യം വേണം
3. സഫായിൽ നിന്നു തുടങ്ങി മർവയിൽ അവസാനിക്കണം
4. സഫാ മർവാ കുന്നുകൾക്കിടയിൽ നിശ്ചിത പ്രദേശത്തുകൂടെ വേണം സഅ് യ് ചെയ്യുന്നത്.
ഇപ്പറഞ്ഞതിൽ നിന്ന് ഭിന്നമായി സഅ് യ് ചെയ്താൽ അതു അസാധു വായിരിക്കും. സഅ് യിൽ രണ്ട് കുന്നിലും കയറൽ നിർബന്ധമില്ല. സഅ് യ് ഏഴും തുടരേ ഇടമുറിയാതെ വേണമെന്നുമില്ല. ഇടയ്ക്ക് അല്പം താമസിച്ചും നമസ്കാരവും മറ്റും നിർവ്വഹിച്ചും സഅ് യ് നടത്താം. സഅ് യിന് ശുദ്ധി നിർബന്ധമില്ല. അതു സുന്നത്താണ്. വാഹനത്തിലേറിയും സഅ് യ് നടത്താം. കാൽനടയായാണ് ഉത്തമം കുന്നുകൾക്കിടയിലുള്ള പ്രത്യേക അടയാളങ്ങൾക്കിടയിൽ അല്പം ധൃതിയിലും മറ്റു സ്ഥലങ്ങളിൽ സാധാരണപോലെയും നടക്കൽ പുരുഷന്മാർക്കു സുന്നത്താണ്. സ്ത്രീകൾ എല്ലാ സ്ഥലത്തും സാധാരണ പോലെ നടന്നാൽ മതി. സഫായിലും മർവയിലും സാധ്യമായത് കയറലും ഖിബ് ലക്കഭിമുഖമായി നിന്ന് ഇപ്രകാരം പ്രാർത്ഥിക്കലും സുന്നത്താണ്.
لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيئ قدير لا إله إلا الله وحده أنجز وعده ونصر عبده وهزم الأحزاب وحده
(അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകൻ. അവന് പങ്കുകാരില്ല. അവന്നാണ് ആധിപത്യം. സ്തുതിയും അവന് തന്നെ. അവൻ ജീവിപ്പിക്കുന്നു. മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകൻ, അവൻ വാഗ്ദാനം പാലിച്ചു. തന്റെ അടിമയെ സഹായിച്ചു. അവൻ ഏകനായി ശത്രു സംഘങ്ങളെ പരാജയപ്പെടുത്തി.)
സഅ് യ് ചെയ്യുന്നതിനിടയിലും ദിക്റും ദുആയും കഴിയുന്നത്ര വർദ്ധിപ്പിക്കൽ സുന്നത്താണ്.
رب اغفر وارحم واهدني السبيل الأقوم. رب اغفر وارحم إنك أنت الأعز الأكرم
(നാഥാ, പൊറുക്കുക, കാരുണ്യം ചൊരിയുക, ഋജുമാർഗ്ഗത്തിലൂടെ നയിക്കുക. നാഥാ, പൊറുക്കുകയും കാരുണ്യം ചൊരിയുകയും ചെയ്യുക. നീ പ്രതാപവാനും അത്യുദാരനുമാകുന്നു.. എന്നിങ്ങനെ നബി (സ) പ്രാർത്ഥിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഉംറ നിർവ്വഹിക്കുന്നവർ ത്വവാഫിനും സഅ് യിനും ശേഷം മുടികളയുകയോ മുറിക്കുകയോ ചെയ്താൽ ഇഹ്റാമിൽ നിന്ന് മുക്തരാവും. അതോടൊപ്പം ഇഹ്റാം കാരണം നിഷിദ്ധമായിരുന്നതെല്ലാം അവർക്ക് അനുവദനീയമായിത്തീരും.
മുഫ് റിദോ മുഖ് രിനോ ആയി ഹജ്ജിൽ ഏർപ്പെടുന്നവർ ത്വവാഫുൽ ഖുദൂം – മക്കയിൽ വരുമ്പോഴുള്ള ത്വവാഫ് – നിർവ്വഹിച്ചശേഷം സഅ് യ് കൂടി നടത്തിയാലും മുടിയെടുക്കാൻ പാടില്ല. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ചെന്നും ജംറകളിൽ കല്ലെറിഞ്ഞും ദുൽഹിജ്ജ പത്തിനു ശേഷം വേണം അവർ മുടി മുറിക്കാൻ.
മിനായിൽ
ഹജ്ജിന്റെ മറ്റു കർമങ്ങൾ ആരംഭിക്കുന്നത് ദുൽഹിജ്ജ എട്ടിനാണ്. ആ ദിവസത്തിന് യൗമുത്തർവിയ’ എന്നു പറയുന്നു. യൗമുത്തർവിയയിൽ ഹാജിമാർ മിനായിലേക്കു പോകൽ സുന്നത്താണ്. ഖാരിനോ മുഫ് രിദോ ആണെങ്കിൽ നേരത്തെയുള്ള ഇഹ്റാമോടെ മിനായിലേക്കു പോവുകയേ വേണ്ടൂ. മുതമത്തിഅ് ആണെങ്കിൽ താമസസ്ഥലത്ത് വെച്ചു വീണ്ടും ഇഹ്റാമിൽ പ്രവേശിച്ച് വേണം മിനായിലേക്കു പോകാൻ. അന്ന് മിനായിൽ ചെന്നില്ലെങ്കിലും ഹജ്ജിന് ഭംഗം വരുന്നില്ല. നബി (സ)യുടെ ഒരു സുന്നത്ത് ഉപേക്ഷിച്ചു എന്ന ന്യൂനത ബാക്കി നിൽക്കും. മിനായിലേക്ക് പോവുമ്പോൾ തൽബിയത്തും ദുആയും വർദ്ധിപ്പിക്കണം. ളുഹ്ർ, അസ്ർ, മഗ് രിബ്, ഇശാഅ്, സുബ്ഹ് എന്നീ നമസ്കാരങ്ങൾ അവിടെവെച്ചാണ് നിർവഹിക്കേണ്ടത്. രാത്രി മിനായിൽ താമസിക്കണം. ദുൽഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് മുമ്പ് അവിടം വിടുന്നതു അഭികാമ്യമല്ല. യൗമുത്തർവിയക്ക് മുമ്പേ ആവശ്യമെങ്കിൽ മിനായിലേക്കു പോകാവുന്നതാണ്.
അറഫായിൽ നിൽക്കൽ (الوقوف بعرفة)
ദുൽഹിജ്ജ ഒമ്പതു ആണ് അറഫാദിനം. അന്ന് സൂര്യോദയത്തിന് ശേഷം ദബ്ബ് വഴി അറഫയിലേക്കു പോവണം. തക്ബീർ, തഹ് ലീൽ, തൽബിയത്ത് എന്നിവ ചൊല്ലിക്കൊണ്ടാണ് പോകേണ്ടത്. പോകും വഴി നമിറയിൽ തങ്ങി കുളിക്കുന്നതും ഉച്ചക്കുശേഷം മാത്രം അറഫയിൽ ചെല്ലലും സുന്നത്താണ്.
ഏറ്റവും ശ്രേഷ്ഠദിനമാണ് അറഫാദിനം, ആയിശ (റ) ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു:
ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة وإنه ليدنو عزوجل ثم يباهي بهم الملئكة فيقول : ما أراد هؤلاء ؟
(അറഫാ ദിനത്തിലേതിനെക്കാൾ കൂടുതൽ അല്ലാഹു അടിമകളെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിനമില്ല. അല്ലാഹു അടുത്തു വരും. എന്നിട്ട് “ഇവർ എന്താണ് ആഗ്രഹിക്കുന്നതു’ എന്ന് മലക്കുകളോട് അവൻ അഭിമാനപൂർവ്വം ചോദിക്കും.)
അല്ലാഹുവിനെ സ്മരിച്ചും അവനെ പ്രാർത്ഥിച്ചുകൊണ്ടുമാണ് അറഫ യിൽ നിൽക്കേണ്ടത്.
അറഫയിലെ നിറുത്തം സംബന്ധിച്ച വിധി
അറഫയിൽ നിൽക്കൽ ഹജ്ജിന്റെ സുപ്രധാന ഘടകമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. അബ്ദുർ റഹ്മാനുബ്നു യഅ്മൂർ (റ) ഉദ്ധരിക്കുന്നു;
إن رسول اللہ ﷺﷺ أمر مناديا ينادي: الحج عرفة من جاء ليلة جمع قبل طلوع الفجر فقد أدرك (أحمد)
(റസൂൽ (സ) ഒരാളോട് ഇപ്രകാരം വിളിച്ചു പറയാൻ കല്പിച്ചു. ഹജ്ജ് അറഫയാണ്. ജംഇന്റെ രാത്രി ആരെങ്കിലും പ്രഭാതത്തിന് മുമ്പ് അറഫയിൽ വന്നാലും അവന് ഹജ്ജ് ലഭിച്ചിരിക്കും )
സമയം
ദുൽഹിജ്ജ മാസം ഒമ്പതിന് ഉച്ച മുതൽ പത്തിന് പ്രഭാതം വരെയാണ് അറഫയിൽ നിൽക്കാനുള്ള സമയം. ഈ സമയത്തിന് ഇടയ്ക്ക് എപ്പോൾ അറഫയിൽ വന്നാലും അറഫയിൽ നിന്നതായി പരിഗണിക്കും. പകൽ അറഫയിൽ നിൽക്കുന്നവർ സൂര്യാസ്തമയം വരെ നിൽക്കണം. അസ്തമയശേഷമേ മടങ്ങാവൂ. രാത്രി നിൽക്കുന്നവർക്കു ഇത്ര സമയം വരെ എന്ന നിർബന്ധമില്ല.
അറഫയിൽ നിൽക്കുക എന്നതിന്റെ താല്പര്യം അവിടെ സന്നിഹിതനാവുക എന്നതു മാത്രമാണ്. നിൽക്കുകയോ ഇരിക്കുകയോ കിടക്കുകയോ ഉറങ്ങുകയോ നടക്കുകയോ എന്തുമാവാം. അറഫയിൽ നിൽക്കുന്നതിന് ശുദ്ധി ഉപാധിയല്ല. എന്നാൽ അറഫയിൽ നിൽക്കുന്ന ആൾ അല്പസമയമെങ്കിലും ബോധം ഉണ്ടാവണം. മുഴുസമയവും ബോധരഹിതനായിരുന്നാൽ ആ അറഫാ നിറുത്തം സാധുവാകയില്ല. അതിനാൽ അയാൾക്കു ഹജ്ജ് ലഭിക്കുകയുമില്ല. അടുത്ത വർഷം അയാൾ വീണ്ടും ഹജ്ജ് ചെയ്യണം.
അറഫയിൽ എവിടെ നിന്നാലും സാധുവാകും. അവിടെയുള്ള പാറ കൂട്ടത്തിനടുത്താണ് നബി (സ) നിന്നിരുന്നത്. അതിനാൽ അവിടെ നിൽക്കുക കൂടുതൽ പുണ്യകരമാണ്. ജബലുർ റഹ് മയിൽ കയറുന്നതിൽ പ്രത്യേക പുണ്യമോ സുന്നത്തോ ഇല്ല. നബി (സ) പറഞ്ഞു:
وقفت ههنا وعرفة كلها موقف (مسلم، أحمد)
(ഞാൻ ഇവിടെയാണ് നിന്നത്. എന്നാൽ അറഫ മുഴുവൻ നിൽക്കാ നുള്ള ഇടമാണ്.)
അറഫയിൽ നിൽക്കാൻ വേണ്ടി കുളിക്കൽ സുന്നത്താ ണ്. പൂർണ്ണശുദ്ധി, ഖിബ് ലയെ അഭിമുഖീകരിക്കൽ, പാപമോചനത്തിനും മറ്റുമുള്ള പ്രാർത്ഥനകൾ, ദിക്ർ എന്നിവ വർദ്ധിപ്പിക്കൽ ആദിയായവ അറഫയിൽ നിൽക്കുന്നതിന്റെ മര്യാദകളാണ്. ഉസാമതുബ്നു സൈദ് (റ) പറയുന്നു:
كنت ردف النبي بعرفات فرفع يديه يدعو (النسائي)
(അറഫയിൽ ഞാൻ നബി (സ)യുടെ സഹചാരിയായിരുന്നു. അവിടെ നബി (സ) ഇരുകൈകളും ഉയർത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അംറുബ്നു ശുഐബ് പിതാവ് വഴി പിതാമഹനിൽ നിന്ന് ഉദ്ധരി ക്കുന്നു.
كان أكثر دعاء النبي يوم عرفة لاإله إلا الله وحده لا شريك له له الملك وله الحمد بيده الخير وهو على كل شيئ قدير (أحمد، والترمذي)
(അറഫാ നാളിൽ നബി (സ)യുടെ പ്രാർത്ഥന കൂടുതലും لاإله إلا الله وحده لا شريك له له الملك وله الحمد بيده الخير وهو على كل شيئ قدير എന്നതായിരുന്നു.)
അറഫാനാളിലെ നോമ്പ്
അറഫാ ദിനം ശ്രേഷ്ഠദിനമാണെന്നതുപോലെ തന്നെ അറഫാനാളിലെ നോമ്പും അതിശ്രേഷ്ഠമാണ്. എന്നാൽ അറഫയിൽ നിൽക്കുന്ന ഹാജിമാർ അന്ന് നോമ്പനുഷ്ഠിക്കുന്നതു അഭികാമ്യമല്ല. അതു നബി (സ) നിരോധിച്ചിട്ടുണ്ട്. നാട്ടിലുള്ളവർക്കാണ് അത് സുന്നത്തായി നിശ്ചയിച്ചിട്ടുള്ളത്.
അറഫയിൽ വെച്ച് ളുഹ്റും അസറും ജംആയിട്ടാണ് നമസ്കരിക്കേണ്ടത്. നബി (സ) അങ്ങനെയാണ് അവ നമസ്കരിച്ചിരുന്നത്.