തൽബിയത്ത്
ഇഹ്റാമിൽ പ്രവേശിക്കുന്നതോടെ തൽബിയത്ത് ചൊല്ലാനാരംഭിക്കുന്നത് സുന്നത്താണ്. തൽബിയത്ത് ഹജ്ജിൽ വാജിബാണെന്നും അഭിപ്രാ യമുണ്ട്. താഴെ പറയുന്നതാണ് തൽബിയത്ത്.
لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك، لا شريك لك.
(നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നൽകിയിരിക്കുന്നു. അല്ലാഹുവേ, നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിനക്ക് പങ്കുകാരനില്ല. ഞാൻ നിനക്കുത്തരം നൽകിയിരിക്കുന്നു. നിശ്ചയം, സ്തുതിയും അനുഗ്രഹവും നിന്റേതാണ്. അധികാരവും നിന്റേതുതന്നെ. നിനക്ക് പങ്കുകാരനേയില്ല.)
തൽബിയത്ത് ഉറക്കെ ചൊല്ലൽ
തൽബിയത്ത് മറ്റ് ദിക്കുകളിൽ നിന്ന് വ്യത്യസ്തമായി ഉറക്കെ ചൊല്ലലാണ് സുന്നത്ത്, സൈദുബ്നു ഖാലിദ് (റ) ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു. ജിബ്രീൽ (അ) എന്നെ സമീപിച്ച് പറഞ്ഞു: താങ്കളുടെ കൂട്ടാളികളോട് തൽബിയത്ത് ചൊല്ലുമ്പോൾ ശബ്ദം ഉയർത്താൻ നിർദ്ദേശിക്കുക, അതു ഹജ്ജിന്റെ ഒരു ചിഹ്നമാണ്.
عن زيد بن خالد أن النبي ﷺﷺ قال : جاء ني جبريل عليه السلام فقال : مرأصحابك فليرفعوا أصواتهم بالتلبية فإنها من شعائر الحج (ابن ماجه وأحمد وابن خزيمة والحاكم)
തൽബിയത്ത് സുന്നത്തുള്ള അവസരങ്ങൾ
വാഹനം കയറുമ്പോൾ, വാഹനത്തിൽ നിന്നിറങ്ങുമ്പോൾ, ഉയരം കയറുമ്പോൾ, ഇറങ്ങുമ്പോൾ, യാത്രാസംഘത്തെ കാണുമ്പോൾ, നമ സ്കാരാനന്തരം, രാത്രിയുടെ അന്ത്യയാമങ്ങളിൽ ഒക്കെ തൽബിയത്ത് സുന്നത്താണ്. ഇഹ്റാം മുതൽ ദുൽഹിജ്ജ മാസം പത്തിന് ജംറത്തുൽ അഖബയിൽ ഒന്നാമത്തെ കല്ല് എറിയും വരെയാണ് തൽബിയത്തിന്റെ സമയം. ഏറ് തുടങ്ങുന്നതോടെ തൽബിയത്തിന്റെ സമയം അവസാനിക്കും. ഉംറ നിർവ്വഹിക്കുന്നവർ ത്വവാഫ് ആരംഭിക്കും വരെ മാത്രമേ തൽബിയത്ത് ചൊല്ലേണ്ടതുള്ളൂ.
തൽബിയത്ത് നിറുത്തിയാൽ നബി (സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലുകയും പാപമോചനത്തിനും ദൈവപ്രീതിക്കും വേണ്ടി പ്രാർത്ഥി ക്കുകയും വേണം.