Back To Top

 ത്വവാഫിന്റെ സുന്നത്തുകൾ

ത്വവാഫിന്റെ സുന്നത്തുകൾ

Spread the love

1. ത്വവാഫിന്റെ ആരംഭത്തിൽ ഹജറുൽ അസ് വദിനെ അഭിമുഖീകരിക്കുക. അപ്പോൾ തക്ബീറും തഹ് ലീലും ചൊല്ലിക്കൊണ്ട് നമസ്കാരത്തിലെന്ന പോലെ കൈ ഉയർത്തുകയും പിന്നീടാ കൈകൾ ഹജറിൽ വെച്ച് ശബ്ദമുണ്ടാക്കാതെ ചുംബിക്കുകയും സാധ്യമാണെങ്കിൽ കവിൾ ഹജറിനോട് ചേർത്തുവയ് ക്കുകയും ചെയ്യുന്നത് സുന്നത്താണ്. അതിനു സാധ്യ മായില്ലെങ്കിൽ കൈകൊണ്ട് സ്പർശിച്ചശേഷം കൈ ചുംബിക്കുകയോ അല്ലെങ്കിൽ കയ്യിലുള്ള മറ്റേതെങ്കിലും വസ്തുക്കൾ കൊണ്ട് സ്പർശിച്ചശേഷം അത് ചുംബിക്കുകയോ വടികൊണ്ടോ മറ്റോ ആംഗ്യം കാ ണിക്കുകയോ ചെയ്യേണ്ടതാണ്. ഇവ്വിഷയകമായി ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. ചിലതാണ് താഴെ.

ഇബ്നുഉമർ പറഞ്ഞു: “നബി (സ) ഹജറിന്റെ അരികിൽ വരികയും അതിനെ തൊട്ടുചുംബിക്കുകയും ചെയ്തശേഷം ചുണ്ടുകൾ ചേർത്തുവെച്ച് ദീർ ഘനേരം കരയുകയുണ്ടായി. അപ്പോൾ ഉമറും കുറേ നേരം കരഞ്ഞു. പിന്നീട് തിരുമേനി പറഞ്ഞു: ഉമറേ, കണ്ണുനീർ അടർന്നുവീഴുന്ന സ്ഥലമാണിത്.”(ഹാകിം)

ഇബ്നുഅബ്ബാസിൽ നിന്നു റിപ്പോർട്ട്: “ഉമർ (റ) ഹജറിന്റെ മേൽ വീണുകൊണ്ട് പറഞ്ഞു: നീ ഒരു കല്ലു മാത്രമാണെന്ന് എനിക്കറിയാം. എന്റെ മിത്രം പ്രവാചകൻ (സ) നിന്നെ തലോടുകയും ചുംബിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിരുന്നില്ലെങ്കിൽ നിന്നെ തൊട്ട് ചുംബിക്കുകയോ ചുംബിക്കുകയോ ചെയ്യുമായിരുന്നില്ല. നിങ്ങൾക്ക് റസൂലിൽ ഉത്തമ മാതൃകയുണ്ട്. ഇത് അഹ്മദും മറ്റുള്ളവരും സദൃശ രൂപത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നാഫിഅ് പറഞ്ഞു: “ഇബ്നുഉമർ (റ) ഹജറുൽ അസ് വദിനെ തൊട്ട് ചുംബിക്കുന്നത് ഞാൻ കണ്ടു. അതിനുശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “തിരു മേനി ഇങ്ങനെ ചെയ്യുന്നത് കണ്ടശേഷം ഒരിക്കലും ഞാനത് ഉപേക്ഷിച്ചിട്ടില്ല.” (ബുഖാരി, മുസ്ലിം)

സുവൈദുബ്നു ഗഫ് ല പറയുന്നു: “ഉമർ(റ) ഹജറുൽ അസ് വദിനെ ചുംബിച്ചശേഷം ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. തിരുമേനി നിന്നിൽ താൽപര്യം കാണിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു.” (മുസ്ലിം)

ഇബ്നുഉമറി(റ)ൽ നിന്നു റിപ്പോർട്ട്: “തിരുമേനി ഹജറിന്റെ അരികിൽ വന്നു അതിനെ തൊട്ടുചുംബിച്ചശേഷം ബിസ്മില്ലാഹി അല്ലാഹു അക്ബർ എന്നു പറയുമായിരുന്നു. (അഹ്മദ്)

അബുത്ത്വുഫൈലിൽ നിന്നു മുസ്ലിം ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: “നബി (സ) കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതും തന്റെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ഹജറുൽ അസ് വദിനെ സ്പർശിച്ചശേഷം വടി ചുംബിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

ഉമറി(റ)ൽ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു: “അദ്ദേഹം ഹജറുൽ അസ് വദിന്റെ അരികിൽ വന്ന് അതിനെ ചുംബിച്ചശേഷം ഇങ്ങനെ പറ ഞ്ഞു: നീ ഉപകാരവും ഉപദ്രവവും ചെയ്യാത്ത ഒരു കല്ലുമാത്രമാണെന്ന് എനിക്കറിയാം. അല്ലാഹുവിന്റെ പ്രവാചകൻ നിന്നെ ചുംബിക്കുന്നത് കണ്ടിരുന്നില്ലെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല.

ഖത്ത്വാബി പറയുന്നു. അറിയപ്പെട്ടതോ ബുദ്ധിപരമോ ആയ കാരണങ്ങളിലധിഷ്ഠിതമല്ലെങ്കിലും സുന്നത്തിനെ പിൻപറ്റേണ്ടത് നിർബന്ധമാണെന്ന് ഇതിൽനിന്ന് ഗ്രഹിക്കാവുന്നതാണ്.

ഇബ്റാഹീം നബി നിർമിച്ച കഅ്ബയുടെ കല്ലുകളിൽ ഹജറുൽ അസ് വദ് അല്ലാത്ത മറ്റേതെങ്കിലും കല്ലുകൾ ഇന്ന് ശേഷിക്കുന്നുണ്ടോ എന്ന് ദൃഢമായി പറയാൻ നമുക്കറിയില്ല.

തിക്കിത്തിരക്കൽ
ആരെയും ഉപദ്രവിക്കാതെ ഹജറുൽ അസ് വദിന്റെ അരികിൽ തിക്കിത്തിരക്കുന്നതിനു വിരോധമില്ല. ഇങ്ങനെ തിക്കിത്തിരക്കിയിട്ട് ഇബ്നുഉമറിന്റെ മൂക്കിൽ മുറിവു പറ്റുകപോലും ചെയ്തിട്ടുണ്ടായിരുന്നു. നബി (സ) ഒരിക്കൽ ഉമറി(റ)നോട് പറഞ്ഞു: “ഓ അബു ഹഫ്സ്വ്, താങ്കൾ ഒരു ശക്തനായ മനുഷ്യനാണ്. അതിനാൽ റുക്നുൽ യമാനിയിൽ തിക്കിത്തിരക്കരുത്. കാരണം, ദുർബലന്മാരെ അത് ഉപദ്രവിച്ചേക്കാം. എന്നാൽ ഒഴിവുകാണുകയാണെങ്കിൽ താങ്കൾ തൊട്ടു ചുംബിച്ചുകൊള്ളുക.” ഇല്ലെങ്കിൽ തക്ബീർ ചൊല്ലി പിരിഞ്ഞുപോവുകയും ചെയ്യുക.” (ശാഫിഈ)

ഇദ്ത്വിബാഅ്
മേൽവസ്ത്രം വലത്തെ കക്ഷത്തിലൂടെ ഇടത്തെ ചുമലിൽ ബന്ധിക്കുന്നതിനാണ് ഇദ്ത്വിബാഅ് എന്ന് പറയുന്നത്. ഇബ്നുഅബ്ബാസിൽ നിന്നുദ്ധരിക്കുന്നു. നബി (സ)യും സ്വഹാബികളും ജഅ്റാനയിൽ നിന്ന് ഉംറയാരംഭിച്ചു. അപ്പോൾ അവർ തങ്ങളുടെ മേൽ വസ്ത്രങ്ങൾ വലഭാഗത്തെ കക്ഷത്തിലൂടെ ഇടത്തെ ചുമലിൽ ബന്ധിച്ചു (അഹ്മദ്, അബൂദാവൂദ്) ഇതാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം. പ്രദ ക്ഷിണസമയത്ത് ഓടുമ്പോൾ ഈ വസ്ത്രം കൂടുതൽ സഹായകമായിരിക്കുമെന്നാണ് ഇതിലടങ്ങിയ യുക്തിയെപ്പറ്റി പണ്ഡിതൻമാർ പറയുന്നത്.

എന്നാൽ മാലികിന്റെ അഭിപ്രായത്തിൽ ഇതു സുന്നത്തില്ല. അത് അറിയപ്പെടുകയോ ആരെങ്കിലും അങ്ങനെ ചെയ്യുന്നത് കാണപ്പെടുകയോ ചെയ്തിട്ടില്ലെന്നാണതിന് അദ്ദേഹം പറയുന്ന കാരണം. ഏതായാലും ത്വവാഫിന്റെ നമസ്കാരത്തിൽ ഇത് സുന്നത്തില്ലെന്ന അഭിപ്രായം ഏകകണ്ഠമാണ്.

ധൃതിയിലുള്ള നടത്തം
പ്രദക്ഷിണം വയ്ക്കുമ്പോൾ ആദ്യത്തെ മൂന്ന് പ്രാവശ്യം ചുമലു കുലുക്കി അടുത്തടുത്ത പദവിന്യാസത്തോടെ ധൃതിയിൽ നടക്കണം. ശേഷിച്ച നാലു പ്രാവശ്യം സാധാരണപോലെ നടന്നാൽ മതി. ഇബ്നു ഉമറി(റ)ൽ നിന്നു റിപ്പോർട്ട്: നബി (സ) ഹജറുൽ അസ് വദ് വരെ മൂന്ന് തവണ ധൃതിയിൽ നടക്കുകയും നാലുതവണ നടക്കുകയും ചെയ്തു. (അഹ്മദ്, മുസ് ലിം)

ആദ്യത്തെ മൂന്നെണ്ണത്തിൽ ധൃതിയിൽ നടക്കാൻ വിട്ടു പോവുകയാണെങ്കിൽ പിന്നീടുള്ളതിൽ അത് ചെയ്യേണ്ടതില്ല.

മേൽമുണ്ട് കക്ഷത്തിലൂടെ കെട്ടുക, ധൃതിയിൽ നടക്കുക എന്നിവ ഉംറയുടെ ത്വവാഫിലും, ഹജ്ജിൽ ശേഷം ഓട്ടമുള്ള മറ്റു ത്വവാഫുകളിലും പുരുഷൻമാർക്ക് മാത്രമുള്ളതാണ്.

ശാഫിഇകളുടെ അഭിപ്രായത്തിൽ ത്വവാഫുൽ ഖുദൂമിൽ മേൽമുണ്ട് കക്ഷത്തിലൂടെ കെട്ടുകയും ധൃതിയിൽ നടക്കുകയും ചെയ്താൽ ത്വവാഫുൽ ഇഫാദയിൽ അതാവർത്തിക്കേണ്ടതില്ല. ത്വവാഫുസ്സിയാറതിനുശേഷം അവസാനത്തെ ഓട്ടമാണെങ്കിൽ അതിനുമുമ്പ് തീരെ ഓടിയിട്ടില്ലാത്തവർക്ക് ആ ത്വവാഫുസ്സിയാറതിൽ മുണ്ട് കക്ഷത്തിലൂടെ കെട്ടുകയും ധൃതിയിൽ നടക്കുകയും ചെയ്യാം.

എന്നാൽ സ്ത്രീകൾക്ക് മേൽമുണ്ട് കക്ഷത്തിലുടെ കെട്ടാൻ പാടില്ല. കാരണം, അവർക്ക് ആ ഭാഗങ്ങളെല്ലാം മറയ്ക്കൽ നിർബന്ധമാണ്. അവർ ധൃതിയിൽ നടക്കുകയും ചെയ്യേണ്ടതില്ല. ഇബ്നു ഉമർ (റ) പറയുന്നു. സ്ത്രീകൾക്ക് കഅ്ബത്തിങ്കലോ സ്വഫാമർവകൾക്കിടയിലോ ഓടാൻ നിയമമില്ല.

ധൃതിയിൽ നടക്കുന്നതിന്റെ തത്ത്വം
ധൃതിയിൽ നടക്കുന്നതിന്റെ പിന്നിലുള്ള തത്ത്വത്തെക്കുറിച്ചു ഇബ്നു അബ്ബാസ് പറയുന്നു: നബി (സ) മക്കയിൽ വന്നപ്പോൾ മദീനയിൽ വെച്ച് ബാധിച്ച പനി അവരെ അവശരാക്കിയിരുന്നു. ഇത് കണ്ടപ്പോൾ മുശ് രിക്കുകൾ പറഞ്ഞു: പനി അവശരാക്കിത്തീർത്ത ഒരു വിഭാഗമാണ് നിങ്ങളുടെ അടുത്തേക്ക് വരുന്നത്. അതിനാൽ അവരെ നിങ്ങൾ ഉപദ്രവിച്ചു കൊള്ളുക. അവരുടെ ഈ വാക്കുകൾ അല്ലാഹു തന്റെ പ്രവാചകന് അറിയിച്ചുകൊടുത്തു. അപ്പോൾ തിരുമേനി ആദ്യത്തെ മൂന്ന് പ്രദക്ഷിണങ്ങളിൽ ചുമലുകൾ കുലുക്കി ധൃതിയിൽ നടക്കാനും ബാക്കിയുള്ള നാലെണ്ണത്തിൽ സാധാരണപോലെ നടക്കാനും കല്പിച്ചു. ഇത് കണ്ടപ്പോൾ അവർ പറഞ്ഞു: ഇവരെക്കുറിച്ചല്ലേ, നിങ്ങൾ പനികാരണം അവശരായിരിക്കയാണെന്നു പറഞ്ഞത്. എന്നിട്ട് ഇവരിപ്പോൾ നമ്മെക്കാൾ ശക്തമാണല്ലോ. ഇബ്നുഅബ്ബാസ് പറയുന്നു: “എല്ലാ പ്രദക്ഷിണ ങ്ങളിലും ധൃതിയിൽ നടക്കാൻ കല്പിക്കാതിരുന്നത് അവർ അങ്ങേയറ്റം വിഷമിക്കാതിരിക്കാൻ വേണ്ടിയാണ്. (ബുഖാരി, മുസ്ലിം, അബൂദാവൂദ്)

അല്ലാഹു മുസ്ലിംകൾക്ക് ഭൂമിയിൽ ആധിപത്യം നൽകിയപ്പോൾ ഈ തത്ത്വം ഇല്ലാതായതിനാൽ റംലുനടത്തം ഉപേക്ഷിക്കണമെന്ന് ഉമറി(റ)നു തോന്നി. പക്ഷേ, പിൽക്കാലക്കാർക്ക് ഒരു മാതൃകയെന്ന നിലയിൽ തിരുമേനിയുടെ കാലത്ത് ഉണ്ടായിരുന്നത് അങ്ങനെത്തന്നെ അവശേഷിപ്പിക്കാനാണ് പിന്നീട് ഉമർ (റ) തീരുമാനിച്ചത്. മുഹിബ്ബുദ്ദീനുത്ത്വബരി പറയുന്നു: “ദീനിൽ ചില കാര്യങ്ങൾ ചില കാരണങ്ങളാൽ ഉ ണ്ടായിത്തീരും. പിന്നീട് കാരണം നീങ്ങിയാലും കാര്യം നീങ്ങുകയില്ല.

സൈദുബ്നു അസ്ലം തന്റെ പിതാവിൽ നിന്നുദ്ധരിക്കുന്നു: ഉമറുബ്നുൽ ഖത്ത്വാബ് പറയുന്നത് ഞാൻ കേട്ടു: “ഇന്നീ ചുമലുകൾ കുലുക്കുന്നതും ധൃതിയിൽ നടക്കുന്നതും എന്തിനാണ്? അല്ലാഹു ഇസ്ലാമിനെ സുസ്ഥാപിക്കുകയും കുഫ്റിനെയും അതിന്റെ ആളുകളെയും തുടച്ചുനീക്കുകയും ചെ യ്തിരിക്കയാണല്ലോ. പക്ഷേ, തിരുമേനിയുടെ കാലത്ത് നാം ചെയ്തുകൊണ്ടിരുന്ന ഒരു കാര്യം എന്നാലും നാം ഉപേക്ഷിക്കുകയില്ല.

റുക് നുൽ യമാനി സ്പർശിക്കുക
ഇബ്നു ഉമർ (റ) പറയുന്നു: “റുക് നുകളിൽ റുക് നുൽ യമാനിയെയല്ലാതെ നബി (സ) സ്പർശിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹം തന്നെ പറയുന്നു. ഈ രണ്ടു റുക് നുകളെയും ഹജറുൽ അസ് വദും റുക് നുൽ യമാനിയും നബി (സ) കൈകൊണ്ട് സ്പർശിക്കുന്നത് കണ്ടശേഷം, ക്ഷാമകാലത്താവട്ടെ, ക്ഷേമ കാലത്താവട്ടെ ഒരിക്കലും ഞാനുപേക്ഷിച്ചിട്ടില്ല. (ബുഖാരി, മുസ്ലിം)

മറ്റു റുക് നുകൾക്കില്ലാത്ത ചില പ്രത്യേകതകൾ ഈ റുക് നുകൾക്കുള്ളതുകൊണ്ടാണ് ത്വവാഫ് ചെയ്യുന്നവർ ഇവയെ സ്പർശിക്കുന്നത്.

റുക് നുൽ അസ് വദിന് രണ്ട് പ്രത്യേകതകളുണ്ട്. 1. അത് ഇബ്റാഹീം നബി (അ) പടുത്തുയർത്തിയ അടിത്തറമേലാണ്. 2. ത്വവാഫിന്റെ ആരംഭവും അവസാനവും കുറിക്കുന്ന ഹജറുൽ അസ് വദ് അതിലാണുള്ളത്. ആഇശ (റ) പറഞ്ഞതായി ഇബ്നു ഉമറി (റ)നോട് ആരോ പറയുന്നു: ഹിജ്റിന്റെ കുറേ ഭാഗം കഅ്ബയിൽ പെട്ടതാണ്. അപ്പോൾ ഇബ്നു ഉമർ പറഞ്ഞു: ആഇശ (റ) ഇത് റസൂലിൽ നിന്ന് കേട്ടതായിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. നബി (സ) ആ രണ്ടു റുക് നുകളെയും സ്പർശിക്കുന്നത് ഉപേക്ഷിച്ചിട്ടില്ലെന്നും ഞാൻ വിചാരിക്കുന്നു. പക്ഷേ, അവ രണ്ടും കഅ്ബയുടെ അടിത്തറയിൽ പെട്ടതല്ല. ജനങ്ങൾ ഹിജ്റിന്റെ പിന്നിലൂടെ ത്വവാഫ് ചെയ്യുന്നതും അതുകൊണ്ടാണ്.

വലതുഭാഗത്തെ രണ്ടു റുക്നുകളും സ്പർശിക്കൽ സുന്നത്താണെന്നും മറ്റു രണ്ടു റുക്നുകൾ സ് പർശിക്കേണ്ടതില്ലെന്നുമുള്ള വിഷയത്തിൽ സമുദായം ഏകകണ്ഠമായി യോജിച്ചിരിക്കുന്നു. നബി (സ) പറഞ്ഞതായി ഇബ്നുഹിബ്ബാൻ തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നു; ഹജറും റുക് നുൽ യമാനിയും പാപങ്ങളെ പൊറുക്കുന്നവയാണ്.

🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Prev Post

ത്വവാഫിന്റെ ഇനങ്ങൾ

Next Post

ത്വവാഫിനു ശേഷമുള്ള നമസ്കാരം

post-bars

Related post

You cannot copy content of this page