സഹപ്രദക്ഷിണം
ബുഖാരി, ഇബ്നുഹജറിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അത്വാഅ് എന്നോടു പറഞ്ഞു: സ്ത്രീകൾ പുരുഷന്മാരോടൊപ്പം ത്വവാഫ് ചെയ്യുന്നതിനെ ഇബ് നുഹിശാം തടഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: താങ്കൾ എങ്ങനെയാണവരെ തടയുക? തിരുമേനിയുടെ ഭാര്യമാർ പുരുഷൻമാരോടൊപ്പം ത്വവാഫു ചെയ്തിട്ടുണ്ട്.
ഇബ്നുജുറൈജ് പറയുന്നു. അപ്പോൾ ഞാൻ ചോദിച്ചു. ഇത് ഹിജാബിനെക്കുറിച്ചുള്ള കല്പന വരുന്നതിനു മുമ്പോ ശേഷമോ?
അദ്ദേഹം പറഞ്ഞു: “എന്റെ ജീവനാണ, ഹിജാ ബിനുശേഷം തന്നെ ഞാനത് കണ്ടിട്ടുണ്ട്.
ഞാൻ ചോദിച്ചു: “അവരെങ്ങനെ പുരുഷൻമാരുമായി ഇടകലരും?’
അദ്ദേഹം പറഞ്ഞു: “ഇടകലർന്നുകൊണ്ടല്ല. ആഇശ (റ) ഇടകലരാതെ പുരുഷൻമാരിൽ നിന്ന് അകന്ന് ത്വവാഫ് ചെയ്യുകയായിരുന്നു. അപ്പോൾ ഒരു
സ്ത്രീ പറഞ്ഞു: “അങ്ങു (മുമ്പിൽ) നടക്കുക. ഞങ്ങളും ഹജറിനെ സ്പർശിക്കട്ടെ. അവർ പറഞ്ഞു: “നീ തനിച്ചു തന്നെ പോയിക്കൊള്ളുക.
രാത്രിയിൽ ആരാണെന്നറിയാത്ത വിധത്തിൽ അവർ പുരുഷൻമാരോടൊപ്പം ത്വവാഫ് ചെയ്യാറുണ്ടായിരുന്നു. പക്ഷേ, അവർ കഅ്ബയിൽ പ്രവേശിക്കയാണെങ്കിൽ പുരുഷൻമാരെ അവിടെ നിന്നു പുറത്താക്കുകയും അവിടെ വെച്ച് നമസ്കരിക്കുകയും ചെയ്യും.
ഹജറിന്റെ അടുത്ത് ഒഴിവുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾ അതിനെ സ്പർശിക്കേണ്ടതുള്ളൂ. ആഇശ (റ) യിൽ നിന്നുദ്ധരിക്കുന്നു. അവർ ഒരു സ്ത്രീയോടു പറഞ്ഞു: “നീ ഹജറിന്റെ അടുത്ത് തിക്കിത്തിരക്കരുത്. ഒഴിവുകണ്ടാൽ അതിനെ സ്പർശിച്ചുകൊള്ളുക. അവിടെ തിരക്കാണെങ്കിൽ അതിന്റെ നേരെ നിന്ന് തക്ബീർ ചൊല്ലിപ്പോവുക, ആരെയും ഉപദ്രവിക്കരുത്.
വാഹനത്തിലിരുന്ന് ത്വവാഫ്
വാഹനം കയറാൻ എന്തെങ്കിലും കാരണമുണ്ടങ്കിൽ നടക്കാൻ സാധിക്കുമെങ്കിലും വാഹനത്തിൽ കയറി ത്വവാഫ് ചെയ്യാം. ഇബ്നുഅബ്ബാസിൽ നിന്നു ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു; ഹജ്ജത്തുൽ വിദാഇൽ നബി (സ) തന്റെ വാഹനപ്പുറത്ത് കയറി ത്വവാഫ് ചെയ്യുകയും കയ്യിലുണ്ടായിരുന്ന വളഞ്ഞ വടികൊണ്ട് ഹജറുൽ അസദിനെ സ്പർശി ക്കുകയും ചെയ്തു.
പകർച്ചവ്യാധിയുള്ളവർ
ഇബ്നു അബീമുലൈകയിൽനിന്ന് മാലിക് റിപ്പോർട്ട് ചെയ്യുന്നു: കുഷ്ഠരോഗം പിടിച്ച് ഒരു സ്ത്രീ കഅ്ബയെ പ്രദക്ഷിണം വയ്ക്കുന്നത് ഉമർ(റ) കണ്ടു. അദ്ദേഹം അവരോട് പറഞ്ഞു: “ഓ, അല്ലാഹുവിന്റെ ദാസീ, ജനങ്ങളെ ഉപദ്രവിക്കരുത്. നിങ്ങൾ വീട്ടിൽ ഇരുന്നാൽ അതാണ് നല്ലത്.’ അപ്പോൾ അവർ അങ്ങനെ ചെയ്തു.
പിന്നീട് ഒരാൾ അതിലെ പോയപ്പോൾ അവരോട് പറഞ്ഞു: “നിങ്ങളെ ത്വവാഫ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞിരുന്ന ആൾ മരണപ്പെട്ടുപോയി. ഇനി നിങ്ങൾക്ക് പുറത്തിറങ്ങാം. പക്ഷേ അവർ പറഞ്ഞു: “ഞാൻ അദ്ദേഹത്തെ ജീവിച്ചിരിക്കുമ്പോൾ അനുസരിക്കുകയും മരിച്ചാൽ ധിക്കരിക്കുകയും ചെയ്യുന്ന സ്വ ഭാവം സ്വീകരിക്കുകയില്ല.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5