നേർച്ച ചെയ്ത ഹജ്ജ്
ഒരാൾ നേർച്ച ചെയ്ത ഹജ്ജ് നിർവഹിക്കുകയാണെങ്കിൽ അതുകൊണ്ടുതന്നെ, അയാൾക്ക് ബാധ്യതയുള്ള നിർബന്ധ ഹജ്ജും നിർവഹിക്കപ്പെട്ടതായി ഗണിക്കുമെന്ന് ഇബ്നു അബ്ബാസും ഇക് രിമയും ഫത്‍വ നൽകിയിട്ടുണ്ട്.
എന്നാൽ, അയാൾ ആദ്യമായി ഇസ്ലാമിന്റെ പേരിൽ നിർബന്ധമാവുന്ന ഹജ്ജും പിന്നീട് നേർച്ച ചെയ്ത ഹജ്ജും നിർവഹിക്കണമെന്നാണ് ഇബ്നുഉ
മറും അത്വാഉം ഫത്‍വ നൽകിയിട്ടുള്ളത്.
സ്വറൂറത്ത് ഇസ്ലാമിലില്ല
ഇബ്നുഅബ്ബാസിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: “ഇസ്ലാമിൽ സ്വറൂറത്തില്ല.” (അഹ്മദ് അബൂദാവൂദ്)
ഖത്താബി പറഞ്ഞു: സ്വറൂറത്തിന് രണ്ട് വ്യാഖ്യാനങ്ങളുണ്ട്. വിവാഹം ചെയ്യാതെ ക്രിസ്തീയ പാതിരികളെപ്പോലെ വൈരാഗം സ്വീകരിച്ച മനുഷ്യൻ എന്നതാണ് ഒന്ന്. “നാബിഗ’ എന്ന പ്രഖ്യാത അറബി കവിയുടെ ഒരു ഈരടി തെളിവായി ലഭിക്കുന്നുണ്ട്.
ഹജ്ജ് ചെയ്യാത്ത മനുഷ്യൻ എന്നതാണ് മറ്റൊരു വ്യാഖ്യാനം, ഈ വ്യാഖ്യാനമനുസരിച്ചു ഉപര്യുക്ത ഹദീസിന്റെ അർത്ഥം ഇങ്ങനെയാണ് ഹജ്ജ് ചെയ്യാൻ കഴിവുള്ള ഒരാളും ഹജ്ജ് ചെയ്യാതെ അവശേഷിക്കാതിരിക്കുക എന്നതാണ് ദീനിന്റെ സ്വഭാവം. അതിനാൽ ഹജ്ജ് ചെയ്യാതിരിക്കുന്നത് (സ്വറൂറത്ത്) ഇസ്ലാമിൽപെട്ടതല്ല.
ഇതിന്റെ അടിസ്ഥാനത്തിൽ സ്വറൂറത്തിന് (ഹജ്ജ് ചെയ്യാത്തവൻ) മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ പാടില്ലെന്ന് ചിലർ തെളിവ് പിടിക്കുന്നു. സ്വറൂറത്ത് (ഹജ്ജ് ചെയ്യാത്തവൻ) മറ്റുള്ളവർക്ക് വേണ്ടി ഹജ്ജിൽ പ്രവേശിച്ചാൽ ആ ഹജ്ജ് അവന്ന് വേണ്ടിയായിത്തീരുമെന്നാണ് അവരുടെ വ്യാഖ്യാനം. കാരണം, ഹജ്ജ് ചെയ്യുന്നതോടു കൂടി അവൻ സ്വറൂറത്ത് അല്ലാതായിത്തീരുന്നു. അതോടെ അവന്റെ ബാധ്യതയും നീങ്ങിപ്പോവുന്നു.
ഇതാണ് ഔസാഈ, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായം. പക്ഷേ, മാലിക്കും സൗരിയും അഭിപ്രായപ്പെടുന്നത് അയാളുടെ ഉദ്ദേശ്യ മനുസരിച്ച് ആ ഹജ്ജ് ഗണിക്കപ്പെടുമെന്നാണ്. ഹനഫികളുടെയും ഹസൻ ബസ്വ്രി, നഖഇ എന്നിവരിൽ നിന്നുദ്ധരിക്കപ്പെടുന്നതും ഈ അഭിപ്രായം തന്നെ.