Back To Top

 ഹജ്ജ്- ഉംറ: ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ

ഹജ്ജ്- ഉംറ: ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ

Spread the love

ഇഹ്റാമിൽ പ്രവേശിച്ചവന്ന് ശാരിഅ് ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു. ഹറാമായ ആ കാര്യങ്ങൾ താഴെ വിവരിക്കാം.

1. സംഭോഗം. അതിനു ചോദനം നൽകുന്ന ചുംബനം, സ്പർശനം, സ്ത്രീ പുരുഷൻമാർ തമ്മിൽ അതേപ്പറ്റിയുള്ള സംസാരം എന്നിവ.

2. അല്ലാഹുവോടുള്ള അനുസരണത്തിന്റെ പരിധിയിൽ നിന്ന് പുറത്തുപോകുന്ന തിന്മകളും കുറ്റങ്ങളും പ്രവർത്തിക്കുക.

3. സ്നേഹിതൻമാർ, പരിചാരകൻമാർ തുടങ്ങിയവരുമായി പിണങ്ങുക. താഴെ പറയുന്ന ഖുർആൻ വാക്യമാണ് ഈ കാര്യങ്ങൾ നിഷിദ്ധമാണെന്നതിനു തെളിവ് .

فمن فرض فيهن الحج فلا رفت ولا فسوق ولا جدال في الحج

(ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് നിർവഹിക്കാൻ തീരുമാനിച്ചാൽ അവൻ ഹജ്ജ് കാലങ്ങളിൽ സംഭാഗത്തിലേർപ്പെടുകയോ അധർമം പ്രവർത്തിക്കുകയോ കുതർക്കങ്ങളിൽ – അറിവില്ലാതെ കുതർക്കങ്ങൾ നടത്തുന്നതോ അസത്യത്തിനുവേണ്ടി വാദിക്കുന്നതോ ആണിവിടെ നിഷിദ്ധമാക്കിയിരിക്കുന്നത്. സത്യാന്വേഷണത്തിനായി നടത്തപ്പെടുന്ന വാഗ്വാദങ്ങൾ ഇതിൽ പെടുകയില്ല. വ ജാദിലുഹും ബില്ലതി ഹിയ അഹ്സൻ എന്ന ഖുർആൻ സൂക്തത്തിന്റെ വെളിച്ചത്തിൽ ഇത്തരം വാഗ്വാദങ്ങൾ സുന്നത്താണ്.- ഏർപ്പെടുകയോ ചെയ്യരുത്.) അബൂഹുറയ്റയിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “വിഷയസുഖത്തിലേർപ്പെടുകയോ അധർമം പ്രവർത്തിക്കുകയോ ചെയ്യാതെ ഒരാൾ ഹജ്ജു ചെയ്താൽ, തന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെന്ന പോലെ അവൻ കുറ്റങ്ങളിൽ നിന്ന് മുക്തമാകും.” ( ബുഖാരി, മുസ്ലിം)

4. കുപ്പായം, തല മൂടിക്കളയുന്ന നീണ്ട് തൊപ്പി പോലുള്ള ശിരോവസ്ത്രം, ഓവർക്കോട്ട്, ജൂബ, നിളൻകുപ്പായം പോലുള്ള തുന്നിയ വസ്ത്രങ്ങൾ, തൊപി, തലപ്പാവ് പോലെയുള്ള ശിരസ്സിൽ വെക്കുന്ന തുന്നിയ വസ്ത്രങ്ങൾ എന്നിവ ധരിക്കുക.

ഇതേപോലെ സുഗന്ധമുള്ള, ചായം മുക്കിയ വസ്ത്രങ്ങളും ഷൂസ്, ബൂട്ട്സ് എന്നിവയും ധരിക്കുന്നത് നിഷിദ്ധമാണ്.

ഇബ്നു ഉമറിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: “ഇഹ്റാമിൽ പ്രവേശിച്ചവൻ കുപ്പായമോ തലപ്പാവോ, നീണ്ട തൊപ്പിപോലുള്ള ശിരോവസ്ത്ര മോ, നീളൻകുപ്പായമോ കുങ്കുമപ്പൂ പോലെ സുഗന്ധ മുള്ളവകൊണ്ട് ചായം മുക്കിയ വസ്ത്രമോ ബൂട്ടുകളോ ധരിക്കരുത്. ബൂട്ടുകൾക്ക് പകരം ചെരുപ്പുകൾ കിട്ടിയില്ലെങ്കിൽ നെരിയാണിക്ക് താഴെയായി നില്ക്കുന്നവിധത്തിൽ അതവൻ മുറിച്ചുകളയട്ടെ. (ബുഖാരി, മുസ്ലിം)

ഇതെല്ലാം പുരുഷന്മാർക്ക് മാത്രമാണെന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു. സ്ത്രീകൾക്ക് അവയെല്ലാം ധരിക്കാം. സുഗന്ധമുള്ളതോ മുഖം മൂടുന്നതോ, മുൻകൈ മറയ്ക്കുന്നതോ ആയ വസ്ത്രങ്ങൾ മാത്രമേ അവൾക്ക് നിഷിദ്ധമുള്ളൂ. ഇബ്നു ഉമറി(റ)ൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസാണ് അതിനു തെളിവ്

“മുഖവും മുൻകയ്യും മറയ്ക്കുന്ന വസ്ത്രങ്ങൾ, കുങ്കുമപ്പൂപോലെ സുഗന്ധമുള്ളവകൊണ്ട് ചായം മുക്കിയ വസ്ത്രങ്ങൾ എന്നിവ നബി (സ) സ്ത്രീകൾക്ക് ഇഹ്റാമിൽ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനു ശേഷം അവർക്കിഷ്ടപ്പെട്ട ചായം മുക്കിയ വസ്ത്രമോ പട്ടോ ആഭരണങ്ങളോ നീളൻ കുപ്പായമോ ബൂട്ട്സോ ധരിക്കുന്നതിന് വിരോധമില്ല. (അബൂദാവൂദ്, ബൈഹഖി)

ബുഖാരി പറഞ്ഞു: ഇഹ്റാമിലായിരിക്കെ ആഇശ (റ) ചായം മുക്കിയ വസ്ത്രം ധരിച്ചിരുന്നു. അവർ പറഞ്ഞു: മൂക്കും വായും ബന്ധിക്കുന്ന വസ്ത്രമോ മുഖം മൂടുന്ന വസ്ത്രമോ കുങ്കുമപ്പൂപോലെ സുഗന്ധമുള്ളവകൊണ്ട് ചായം മുക്കിയ വസ്ത്രമോ ധരിക്കാൻ പാടില്ല.

ചായം മുക്കിയത് നന്നായി തോന്നുന്നില്ലെന്ന് ജാബിറും (റ) അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ സ്ത്രീകൾ ആഭരണങ്ങളോ കറുപ്പും റോസും നിറത്തിലുള്ള വസ്ത്രങ്ങളോ ബൂട്ട്സോ ധരിക്കുന്നതിനു വിരോധമില്ലെന്നാണ് ആഇശ (റ) യുടെ അഭിമതം. നബി (സ) പറഞ്ഞതായി അഹ്മദും ബുഖാരിയും അവരിൽ നിന്നുദ്ധരിക്കുന്നു.

“ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീകൾ മുഖം മൂടുന്നതോ മുൻകൈ മൂടുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കരുത് ” സ്ത്രീകൾക്ക് ഇഹ്റാമിൽ നിഷിദ്ധമായത് മുഖവും മുൻകൈയുമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. സ്ത്രീകൾ മറ്റു വല്ല സാധനങ്ങൾ കൊണ്ടും മുഖം മറച്ചുപിടിക്കുകയാണെങ്കിൽ തെറ്റില്ലെന്ന് പന്ന്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്നാൽ കുടകൊണ്ടോ മറ്റോ പുരുഷന്മാരിൽ നിന്ന് മുഖം മറച്ചുപിടിക്കുന്നത് അനുവദനീയമാണന്ന് മാത്രമല്ല വല്ല കുഴപ്പത്തിനും കാരണമായിത്തീരുമെന്ന് ഭയപ്പെടുകയാണെങ്കിൽ അത് നിർബന്ധവുമാണ്. ആഇശ (റ) പറയുന്നു: “ഇഹ്റാമിൽ ഞങ്ങൾ തിരുമേനിയുടെ കൂടെയായിരിക്കെ യാത്രാസംഘങ്ങൾ ഞങ്ങൾക്കരികിലൂടെ കടന്നുപോകും. അവർ ഞങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങൾ മുഖത്തേക്ക് മുഖം മൂടികൾ താഴ്ത്തിയിടും. അവർ കടന്നുപോയാൽ മുഖം വെളിവാക്കുകയും ചെയ്യും.” (അബൂദാവൂദ്, ഇബ്നുമാജ)

അത്വാഅ്, മാലിക്, സൗരി, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് എന്നിവരെല്ലാം ഇങ്ങനെ വസ്ത്രം താഴ്ത്തിയിടുന്നത് അനുവദനീയമാകുമെന്ന് അഭിപ്രായപ്പെടുന്നവരാണ്.

തുണിയും തട്ടവും ചെരുപ്പുമില്ലാത്തവർ

തുണിയോ തട്ടമോ, കാലിൽ ധരിക്കാൻ ചെരുപ്പോ കിട്ടിയില്ലെങ്കിൽ കിട്ടിയത് ധരിക്കാവുന്നതാണ്. ഇബ്നു അബ്ബാസി (റ)ൽ നിന്നു നിവേദനം: നബി (സ) അറഫാത്തിൽ വെച്ചു പ്രസംഗിച്ചു. അവിടന്നു പറഞ്ഞു: “ഒരു മുസ്ലിമിന് തുണി കിട്ടിയില്ലെങ്കിൽ അവൻ നീളൻ കുപ്പായം ധരിച്ചുകൊള്ളട്ടെ. അതേപോലെ ചെരുപ്പുകൾ ലഭിക്കാത്തവൻ ബൂട്ടുകൾ ധരിച്ചു കൊള്ളട്ടെ. (അഹ്മദ്, ബുഖാരി, മുസ്ലിം)

അഹ്മദ്, ഇബ്നുഅബ്ബാസിൽ നിന്ന് അംറുബ്നു ദീനാർ വഴി ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാണ്: നബി (സ) പ്രസംഗിച്ചുകൊണ്ടിരിക്കെ ഇങ്ങനെ പറഞ്ഞു: “തുണിയില്ലാത്ത ഒരാളുടെ കൈവശം നീളൻ കുപ്പായം ഉണ്ടെങ്കിൽ അവൻ അത് ധരിച്ചു കൊള്ളട്ടെ. ചെരുപ്പുകളില്ലാത്ത ഒരാളുടെ കൈവശം ബൂട്ടുകളുണ്ടെങ്കിൽ അവൻ അത് ധരിച്ചുകൊള്ളട്ടെ “ അംറുബ്നുദീനാർ പറയുന്നു. ഞാൻ ചോദിച്ചു. ബൂട്ടുകൾ മുറിച്ചുകളയാൻ തിരുമേനി പറഞ്ഞിട്ടില്ലല്ലോ? അദ്ദേഹം പറഞ്ഞു: ഇല്ല.

ഇതാണ് അഹ്മദിന്റെ മതം ഇബ്നു അബ്ബാസിന്റെ ഈ ഹദീസിനെ അവലംബമാക്കി, ചെരുപ്പും തുണിയുമില്ലാത്തവന് നീളൻ കുപ്പായവും ബൂട്ടുകളും അതേപടി ധരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിന്റെ പേരിൽ അവൻ പ്രത്യേക പ്രായശ്ചിത്തമൊന്നും നൽകേണ്ടതില്ല. ഇബ്നുൽഖയ്യിം മുൻഗണന നൽകിയ അഭിപ്രായവും ഇതുതന്നെ

എന്നാൽ ബൂട്ടുകൾ മാത്രമേ കിട്ടിയുള്ളൂവെങ്കിൽ അത് നെരിയാണിക്ക് താഴെ മുറിച്ചു ചെരുപ്പുപോലെയാക്കണമെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടെ അഭിമതം. മുമ്പു പറഞ്ഞ ഇബ്നുഉമറിന്റെ ഹദീസാണ് അവർക്ക് തെളിവ് ചെരുപ്പുകൾ കിട്ടാത്ത അവസ്ഥയിൽ ബൂട്ടുകൾ ധരിക്കുമ്പോൾ നെരിയാണിക്ക് താഴെ നിൽക്കുന്ന വിധം മുറിക്കണമെന്ന് അതിൽ നിർദേശിച്ചിട്ടുണ്ടല്ലോ.

ഹനഫികളുടെ അഭിപ്രായത്തിൽ നീളൻ കുപ്പായം മാത്രമേയുള്ളൂവെങ്കിൽ അത് ചീന്തിമുറിച്ച് തുണിപോലെയാക്കണം. മറിച്ച്, നീളൻ കുപ്പായം അങ്ങനെ തന്നെ ധരിക്കുകയാണെങ്കിൽ അതിന് പ്രായശ്ചിത്തം നൽകണം. പക്ഷേ, മാലികിന്റെയും, ശാഫി ഈയുടെയും അഭിപ്രായത്തിൽ അത് ചീന്തിമുറിക്കതെ അങ്ങനെത്തന്നെ ധരിക്കാം പ്രായശ്ചിത്തമൊന്നും നൽകേണ്ടതുമില്ല. ജാബിറുബ്നു സൈദ്, ഇബ്നുഅബ്ബാസിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസാണിതിന് തെളിവ്. നബി (സ) പറഞ്ഞു: “തുണിയില്ലാത്തവൻ നീളൻ കുപ്പായം ധരിച്ചുകൊള്ളട്ടെ……” (നസാഇ)

ഇനി നീളൻ കുപ്പായം ധരിച്ചശേഷം തുണി കിട്ടുകയാണെങ്കിൽ കുപ്പായം അഴിക്കുക തന്നെ വേണം. തട്ടം കിട്ടിയില്ലെങ്കിൽ പകരം കുപ്പായം ധരിക്കാൻ പാടില്ല.

5. വിവാഹം

തനിക്കുവേണ്ടിയോ, വിലായത്തിന്റെയോ വക്കാലത്തിന്റെയോ അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് വേണ്ടിയോ വിവാഹക്കരാറിൽ ഏർപ്പെട്ടാൽ ആ കരാർ അസാധുവാണ്. സാധാരണഗതിയിൽ, ആ കരാറിനെ തുടർന്നുണ്ടാവുന്ന കാര്യങ്ങളൊന്നും അതിനു ബാധകമല്ല. ഉസ്മാനുബ്നു അഫ്ഫാനി (റ)ൽ നിന്നു മുസ്ലിമും മറ്റുമുദ്ധരിക്കുന്ന ഹദീസാണതിനു തെളിവ്. നബി (സ) പറഞ്ഞു: “ഇഹ്റാമിലുള്ളവൻ വിവാഹം ചെയ്യുകയോ, ചെയ്തുകൊടുക്കുകയോ വിവാഹാലോചന നടത്തുകയോ ചെയ്യാവതല്ല. വിവാഹാലോചന നടത്തരുതെന്ന ഭാഗം തിർമിദിയുടെ റിപ്പോർട്ടിലില്ല.

ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് ചില സ്വഹാബികളെല്ലാം പ്രവർത്തിച്ചിരുന്നത്. മാലിക്, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായവും അതുതന്നെ. ഇഹ്റാമിലുള്ളവൻ വിവാഹം ചെയ്യരുതെന്നും ചെയ്താൽ അത് അസാധുവാണെന്നുമത് അവരുടെ അഭിമതം. നബി (സ) മൈമൂന (റ)യെ ഇഹ്റാമിലായിരിക്കെയാണ് വിവാഹം ചെയ്തതെന്ന റിപ്പോർട്ട്, ഇഹ്റാമിലല്ലാത്തപ്പോഴാണെന്ന മുസ്ലിമിന്റെ റിപ്പോർട്ടിനോട് എതിരാവുന്നതിനാൽ സ്വീകാര്യമല്ല. തിർമിദി പറയുന്നു. മൈമൂന(റ)യും നബി (സ)യും തമ്മിലുള്ള വിവാഹം എപ്പോഴായിരുന്നുവെന്നതിൽ പണ്ഡിതൻമാർക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. കാരണം, മക്കയിലേക്കുള്ള മാർഗമധ്യത്തിലാണ് തിരുമേനി അവരെ വിവാഹം ചെയ്തത്. അപ്പോൾ ചിലർ പറഞ്ഞു: ഇഹ്റാമിനു മുമ്പാണ് വിവാഹം പക്ഷേ, ആ വിവാഹകാര്യം അറിയപ്പെട്ടത് ഇഹ്റാമിലിരിക്കുമ്പോഴാണ്. പിന്നീട് മക്കാ മാർഗത്തിലുള്ള ‘സരിഫ’ എന്ന സ്ഥലത്തുവെച്ച് ഇഹ്റാമിലല്ലാത്തപ്പോൾ അവർ വീടുകൂടുകയും ചെയ്തു.

ഹനഫികളുടെ ദൃഷ്ടിയിൽ ഇഹ്റാമിലായിരിക്കെ വിവാഹക്കരാറിൽ ഏർപ്പെടുന്നതിനു വിരോധമില്ല. കാരണം. ഇഹ്റാം വിവാഹക്കരാറിനുള്ള അർഹത തടയുന്നില്ല. സംഭോഗം മാത്രമേ തടയുന്നുള്ളൂ. അതിനാൽ, കരാറിന്റെ സാധുതക്ക് ഭംഗം വരുന്നില്ല.

6, 7. നഖം മുറിക്കൽ, മുടി നീക്കുക പോലുള്ളവ

നഖം മുറിക്കുക, തലയിലെയോ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗങ്ങളിലെയോ മുടി വടിക്കുകയോ, വെട്ടുകയോ, നിക്കിക്കളയുകയോ ചെയ്യുക- ഇതെല്ലാം ഇഹ്റാമിൽ നിഷിദ്ധമാണ്. അല്ലാഹു പറയുന്നു.

ولا تخلقوا رءوسكم حتى يبلغ الهدي محله
(ബലിമൃഗം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ നിങ്ങൾ ശിരസ്സ് മുണ്ടനം ചെയ്യരുത്.)

കാരണമില്ലാതെ ഇഹ്റാമിലുള്ളവർ നഖം മുറിക്കുന്നത് ഹറാമാണെന്ന് പണ്ഡിതൻമാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇനി, നഖം പൊട്ടിപ്പോയാൽ അത് നീക്കം ചെയ്യാം. അതിനു പ്രത്യേകമായി പ്രായശ്ചിത്തമൊന്നും ചെയ്യേണ്ടതുമില്ല.

മുടി നില്ക്കുന്നതുകൊണ്ട് ഉപദ്രവമുണ്ടെങ്കിൽ അത് നീക്കിക്കളയുന്നത് അനുവദനീയമാണ്. പക്ഷേ, അതിന് പ്രായശ്ചിത്തം നൽകണം. എന്നാൽ കണ്ണിന്റെ മുടി ഇതിന്നപവാദമാണ്. അത് നീക്കിക്കളഞ്ഞാൽ പ്രായശ്ചിത്തം ആവശ്യമില്ല. അല്ലാഹു പറയുന്നു. “നിങ്ങളിലൊരാൾ രോഗിയാവുകയോ തലയിൽ ഉപദ്രവങ്ങളുണ്ടാവുകയോ ചെയ്താൽ (മുടി നീക്കിക്കള യുകയും പകരമായി) അവൻ നോമ്പുകൊണ്ടോ ദാന ധർമങ്ങൾകൊണ്ടോ ബലികൊണ്ടോ പ്രായശ്ചിത്തം നൽകുകയും ചെയ്യണം. ”(2: 196)

8. സുഗന്ധം ഉപയോഗിക്കൽ

ഇഹ്റാമിലായിരിക്കെ മുആവിയയുടെ ശരീരത്തിൽ നിന്ന് സുഗന്ധം അനുഭവപ്പെട്ടപ്പോൾ ഉമർ (റ) പറഞ്ഞു: മടങ്ങിപ്പോയി അതു കഴുകിക്കളയുക. പ്രവാചകൻ പറഞ്ഞതായി ഞാൻ കേട്ടിരിക്കുന്നു: “ഹജ്ജുകാരൻ സുഗന്ധവും എണ്ണയും ഉപേക്ഷിച്ച് മുടി ജട പിടിച്ചവനാണ്. സ്വഹീഹായ പരമ്പരയിലൂടെ ഇബ്നുഉമറിൽ നിന്ന് ബസ്സാർ ഉദ്ധരിച്ചത്. അതേപോലെ “നിന്റെ മേലുള്ള സുഗന്ധം കഴുകിക്കളയുക” എന്ന് തിരുമേനി മൂന്നുതവണ ഉപദേശിച്ചതായും വന്നിട്ടുണ്ട്. ഇഹ്റാമിലുള്ള ഒരാൾ മരണപ്പെട്ടാൽ അയാളെ കുളിപ്പിക്കുമ്പോഴോ കഫൻ ചെയ്യുമ്പോഴോ സുഗന്ധം ഉപയോഗിക്കാവതല്ല. കാരണം, അങ്ങനെ മരിച്ചവനെ പറ്റി തിരുമേനി പറഞ്ഞിരിക്കുന്നു: “നിങ്ങൾ അയാളുടെ ശിരസ്സ് മൂടുകയോ സുഗന്ധം തേക്കുകയോ ചെയ്യരുത്. കാരണം, തൽബിയത്ത് ചൊല്ലുന്നവനായിക്കൊണ്ടാണ് അയാൾ അന്ത്യദിനത്തിൽ എഴുന്നേൽപ്പിക്കപ്പെടുക. എന്നാൽ ഇഹ്റാമിനുമുമ്പ് ശരീരത്തിലോ വസ്ത്രത്തിലോ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ അവശിഷ്ടങ്ങൾ ഇഹ്റാമിൽ ബാക്കി നിൽക്കുന്നതുകൊണ്ട് വിരോധമില്ല. അതേപോലെ സാധാരണഗതിയിൽ സുഗന്ധത്തിനു വേണ്ടിയല്ലാതെ വളർത്തപ്പെടുന്ന ആപ്പിൾ, സഫർജൽ തുടങ്ങിയവ വാസനിക്കുന്നതിനും വിരോധമില്ല. കാരണം, അവയിൽ നിന്ന് സുഗന്ധം ഉണ്ടാകാറില്ല സുഗന്ധം അവ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നുമില്ല.

ഇനി കഅ്ബയിൽനിന്ന് ശരീരത്തിൽ പറ്റിയ സുഗന്ധമാണെങ്കിൽ അതിന് വിരോധമില്ലെന്നാണ് ഒരഭിപ്രായം. സഈദുബ്നുമൻസൂർ, സ്വാലിഹ് ബ്നു കൈസാനിൽ നിന്നു റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. അനസുബ്നുമാലികിന്റെ വസ്ത്രത്തിൽ, അദ്ദേഹം ഇഹ്റാമിലായിരിക്കെ കഅ്ബയുടെ കുങ്കുമം ചേർത്ത സുഗന്ധം പറ്റിയതായി ഞാൻ കണ്ടു. അദ്ദേഹം അത് കഴുകിക്കളഞ്ഞില്ല. അത് കഴുകിക്കളയേണ്ടതില്ലെന്നും അതിന് പ്രായശ്ചിത്തമൊന്നും നൽകേണ്ടതില്ലെന്നും അത്വാഉം അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ അത് കരുതിക്കൂട്ടി ശരീരത്തിലാക്കുകയോ ആയ ഉടനെ കഴുകിക്കളയാൻ സാധ്യമായിട്ടും അങ്ങനെ ചെയ്യാതിരിക്കുകയോ ആണെങ്കിൽ ശാഫിഈകളുടെ അഭിപ്രായമനുസരിച്ച് അതിന് പ്രായശ്ചിത്തം നൽകേണ്ടതുണ്ട്.

9. സുഗന്ധമുള്ള ചായം മുക്കിയ വസ്ത്രം

സുഗന്ധമുള്ള വർണവസ്ത്രങ്ങൾ, സുഗന്ധം പോകുന്ന വിധത്തിൽ കഴുകിയാലല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു. ഇബ്നുഉമറി(റ)ൽ നിന്നുദ്ധരിക്കുന്നു: നബി (സ) പറഞ്ഞു: “കുങ്കുമംകൊണ്ടോ സുഗന്ധചെടികൾകൊണ്ടോ വർണം പിടിപ്പിച്ച വസ്ത്രങ്ങൾ കഴുകിയാലല്ലാതെ നിങ്ങൾ ധരിക്കരുത്. ഇഹ്റാമിലായിരിക്കുമ്പോഴാണ് ഇവിടെ ഉദ്ദേശ്യം. ഈ ഹദീസ് ഇബ്നുഅബ്ദിൽ ബർറും ത്വഹാവിയും ഉദ്ധരിച്ചിരിക്കുന്നു.

എന്നാൽ മറ്റുള്ളവർക്ക് മാതൃകയായിരിക്കേണ്ടവർ കഴുകിയാലും അത് ഉപയോഗിക്കുന്നത് കറാഹത്താണ്. കാരണം, സാധാരണക്കാർ ഹറാമായ സുഗന്ധവസ്ത്രം ഉപയോഗിക്കാൻ അത് ഇടവരുത്തും. മാലിക് (റ) നാഫിഇ(റ)ൽ നിന്നുദ്ധരിക്കുന്നു: ഉമറി(റ) ന്റെ മൗലയായ അസ് ലം, ഇബ്നു ഉമറി(റ)നോട് പറയുന്നതു കേട്ടു. ത്വൽഹതുബ്നു അബ്ദില്ല ഇഹ്റാമിലായിരിക്കെ ചായം മുക്കിയ ഒരു വസ്ത്രം ധരിച്ചത് ഉമർ(റ) കണ്ടു. അദ്ദേഹം ചോദിച്ചു. ത്വൽഹത്തെ, എന്താണ് ഈ ചായം മുക്കിയ വസ്ത്രം? തൽഹ പറഞ്ഞു, അമീറുൽ മുഅമിനീൻ, ഇത് ചുവന്ന കല്ലുകൊണ്ട് ചായം മുക്കിയതാണ്. ഉമർ(റ) പറഞ്ഞു: നിങ്ങൾ നേതാക്കൻമാരാണ് ജനങ്ങൾ നിങ്ങളെ അനുകരിക്കും. അറിവില്ലാത്ത ഒരു മനുഷ്യൻ ഈ വസ്ത്രം കണ്ടാൽ പറയും, ത്വൽഹതുബ്നു അബ്ദില്ല ഇഹ്റാമിലായിരിക്കെ ചായം മുക്കിയ വസ്ത്രം ധരിച്ചുവെന്ന് അതിനാൽ, നിങ്ങൾ ഇത്തരം വർണ വസ്ത്രങ്ങളൊന്നും ധരിക്കരുത്.

എന്നാൽ ഭക്ഷ്യപാനീയങ്ങളിൽ സുഗന്ധം കലർത്തിയാൽ അതിന്റെ രുചിയോ മണമോ നിറമോ ശേഷിക്കുന്നില്ലെങ്കിൽ ഇഹ്റാമിലായിരിക്കെ ഉപയോഗിക്കാവുന്നതാണ്. അതിന് പ്രായശ്ചിത്തം വേണ്ടതില്ല. എന്നാൽ, മണം ശേഷിക്കുന്നുവെങ്കിൽ പ്രായശ്ചിത്തം വേണമെന്നാണ് ശാഫിഈകളുടെ മതം. ഹനഫികളുടെ അഭിപ്രായത്തിൽ പ്രായശ്ചിത്തം വേണ്ടതില്ല. സുഗന്ധം വഴി ആർഭാടം ഉദ്ദേശിച്ചിട്ടില്ലെന്നതാണ് കാരണം.

10. വേട്ടയാടൽ

ഇഹ്റാമിലുള്ള ആളുകൾക്ക് കടൽജീവികളെ വേട്ടയാടുന്നതും വേട്ടക്ക് ഒരുങ്ങിനടക്കുന്നതും ജീവികളെ കാണിച്ചുകൊടുക്കുന്നതും തിന്നുന്നതും അനുവദനീയമാണ്. എന്നാൽ കരയിലുള്ള ജീവികളെ വേട്ടയാടാൻ ഒരുങ്ങി നടക്കുന്നതും കൊല്ലുന്നതും അറുക്കുന്നതും, കാണുന്നതാണെങ്കിൽ അതിനെ കാണിച്ചുകൊടുക്കുന്നതും കാണാത്ത അവസരത്തിൽ അതിനെപ്പറ്റി വിവരം കൊടുക്കുന്നതും അതിനെ ആട്ടിയോടിക്കുന്നതും ഹറാമാണ്. അതേപോലെ കരയിലുള്ള ജന്തുക്കളുടെ മുട്ടകൾ നശിപ്പിക്കുന്നതും വില്ക്കുന്നതും വാങ്ങുന്നതും പാൽ കറന്നെടുക്കുന്നതും ഹറാമാണ്. വിശുദ്ധ ഖുർആനാണ് അതിനു തെളിവ്

أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُۥ مَتَٰعًا لَّكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ ٱلْبَرِّ مَا دُمْتُمْ حُرُمًا
(നിങ്ങൾക്കും യാത്രക്കാർക്കും ഒരു വിഭവമെന്ന നിലയിൽ കടൽ വേട്ടയും അതിന്റെ ഭക്ഷണവും അനുവദിച്ചിരിക്കുന്നു. എന്നാൽ കരനായാട്ട് ഇഹ്റാമിലായിരിക്കെ നിങ്ങൾക്ക് നിഷിദ്ധമാണ്.)

11. വേട്ടഭക്ഷണം

താൻ കാരണമായോ തന്റെ സൂചനയനുസരിച്ചോ തന്റെ സഹായം കൊണ്ടോ വേട്ടയാടിയ കരജീവിയുടെ ഭക്ഷണം ഇഹ്റാമിൽ നിഷിദ്ധമാണ്. ബുഖാരിയും മുസ്ലിമും അബൂഖതാദയിൽ നിന്നുദ്ധരിക്കുന്നു: നബി (സ) ഹജ്ജിന് പുറപ്പെട്ടപ്പോൾ സ്വഹാബികളും അവിടത്തോടൊപ്പം പുറപ്പെട്ടു. തിരുമേനി അവരിൽ നിന്നും ഒരു വിഭാഗത്തെ വേർതിരിച്ചുനിർത്തി. അബൂഖതാദ അക്കൂട്ടത്തിലായിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു: “നാം തമ്മിൽ കണ്ടുമുട്ടുന്നതു വരെ നിങ്ങൾ കടലോരത്തിലൂടെ യാത്ര ചെയ്യുക.” അങ്ങനെ അവർ വേർപിരിഞ്ഞശേഷം അബൂഖതാദ ഒഴികെയുള്ള എല്ലാവരും ഇഹ്റാമിൽ പ്രവേശിച്ചു. പിന്നീട് യാത്രാ മധ്യേ അവർ കാട്ടുകഴുതകളെ കണ്ടു. ഉടനെ അബൂഖതാദ അവയെ ആക്രമിക്കുകയും ഒരു പെൺ കഴുതയെ അറുക്കുകയും ചെയ്തു. എല്ലാവരും അവിടെ തമ്പടിച്ചു അതിന്റെ മാംസം തിന്നു. അപ്പോൾ ചിലർക്ക് സംശയം: ഇഹ്റാമിലായിരിക്കേ നാം വേട്ടമൃഗത്തിന്റെ ആഹാരം തിന്നാൻ പാടുണ്ടോ? അതിനാൽ ആ പെൺകഴുതയുടെ ബാക്കിയുള്ള മാംസം കയ്യിലെടുത്തു. അങ്ങനെ തിരുമേനിയുടെ അടുത്ത് ചെന്ന് അവർ പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങൾ ഇഹ്റാമിൽ പ്രവേശിച്ചിരുന്നു. അബൂഖതാദ അങ്ങനെ ചെയ്തിരുന്നില്ല. പിന്നീട് ഞങ്ങൾ കാട്ടുകഴുതകളെ കണ്ടു. ഉടനെ അബൂഖതാദ അവയെ ആക്രമിക്കുകയും ഒരു പെൺകഴുതയെ അറുക്കുകയും ചെയ്തു. അപ്പോൾ ഞങ്ങൾ അതിന്റെ മാംസം തിന്നു പിന്നീട് ഞങ്ങൾക്ക് സംശയം. ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തിന്റെ മാംസം തിന്നാൻ പറ്റുമോ? അതിനാൽ ബാക്കിയുള്ളത് ഞങ്ങൾ കയ്യിലെടുത്തിരിക്കുന്നു. തിരുമേനി ചോദിച്ചു “നിങ്ങളിൽ ആരെങ്കിലും അതിന് കല്പിക്കുകയോ പ്രേരിപ്പിക്കുകയോ സൂചന നല്കുകയോ ചെയ്തിട്ടുണ്ടോ?’ ഇല്ലെന്ന് അവർ മറുപടി പറഞ്ഞപ്പോൾ തിരുമേനി പറഞ്ഞു. “എന്നാൽ അതിന്റെ ശേഷിച്ച മാംസവും തിന്നു കൊള്ളുക.“

സ്വന്തമായി വേട്ടയാടിയതോ തനിക്കുവേണ്ടിയോ തന്റെ നിർദേശാനുസാരമോ സഹായം കൊണ്ടോ വേട്ടയാടിയതോ അല്ലാത്ത വേട്ടമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നതിനു വിരോധമില്ല. നബി (സ) പറഞ്ഞതായി ജാബിറി (റ)ൽ നിന്ന് മുത്ത്വലിബ് ഉദ്ധരിക്കുന്നു. നിങ്ങൾ സ്വയം വേട്ടയാടുകയോ നിങ്ങൾക്കുവേണ്ടി വേട്ടയാടുകയോ ചെയ്തിട്ടില്ലെങ്കിൽ വേട്ടമൃഗത്തിന്റെ മാംസം ഇഹ്റാമിലായിരിക്കെത്തന്നെ നിങ്ങൾക്കനുവദനീയമാണ് – അഹ്മദ്, തിർമിദി, പക്ഷേ, മുത്ത്വലിബ് ജാബിറിൽനിന്ന് കേട്ടിട്ടില്ലെന്നും തിർമിദി രേഖപ്പെടുത്തിയിരിക്കുന്നു.

ചില പണ്ഡിതൻമാർ പ്രാവർത്തികമായി അംഗീകരിച്ചിരിക്കുന്നത് ഈ ഹദീസാണ്. സ്വന്തമായോ സ്വന്തത്തിനു വേണ്ടിയോ വേട്ടയാടിയതല്ലെങ്കിൽ അത് ഭക്ഷിക്കുന്നതിന് വിരോധമില്ലെന്നാണ് അവരുടെ അഭിപ്രായം. ഈ അധ്യായത്തിൽ ഉദ്ധരിക്കപ്പെട്ട ഏറ്റവും നല്ല ഹദീസാണിതെന്നും അത് ഖിയാസിന് അനുരൂപമാണെന്നും ഇമാം ശാഫിഈ(റ)യും അഭിപ്രായപ്പെട്ടിരിക്കുന്നു. അഹ്മദിന്റെയും ഇസ്ഹാഖിന്റെയും മാലികിന്റെയും ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം തത്ത്വത്തിൽ ഇതുതന്നെ.

എന്നാൽ സ്വന്തമായോ സ്വന്തത്തിനുവേണ്ടിയോ വേട്ടയാടിയതാണെങ്കിൽ അത് ഹറാമാണ്. അവന്റെ അനുവാദത്തോടുകൂടിയായാലും അല്ലെങ്കിലും, ഇനി, ഇഹ്റാമിലുള്ളവരെ ഉദ്ദേശിക്കാതെ സ്വന്തത്തിനുവേണ്ടി വേട്ടയാടി. പിന്നീട് ഇഹ്റാമിലുള്ളവർക്ക് അത് ദാനം ചെയ്യുകയോ വിൽക്കുകയോ ആണെങ്കിൽ അതവർക്ക് ഭക്ഷിക്കാം.

അബ്ദുർറഹ്മാനിബ്നു ഉസ്മാനിതൈമി പറയുന്നു: ഞങ്ങൾ ത്വൽഹതുബ്നു അബ്ദില്ലയുടെകൂടെ യാത്ര പുറപ്പെട്ടു. അങ്ങനെ ഞങ്ങൾ ഇഹ്റാമിലായിരിക്കെ ഒരു പക്ഷിയെ അദ്ദേഹത്തിനു ദാനമായി ലഭിച്ചു. അപ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നു. ഞങ്ങളിൽ ചിലർ അതിന്റെ മാംസം തിന്നുകയും ചിലർ അകന്നു നിൽക്കുകയും ചെയ്തു. പിന്നീട് ത്വൽഹ ഉണർന്നപ്പോൾ അദ്ദേഹം തിന്നവരുടെ കൂടെ ച്ചേർന്നുകൊണ്ട് പറഞ്ഞു: ഞങ്ങൾ നബി (സ)യുടെ കൂടെ തിന്നിട്ടുണ്ട്. (അഹ്മദ്, മുസ്ലിം)

എന്നാൽ വേട്ടഭക്ഷണം തിന്നരുതെന്ന് കാണിക്കുന്ന ചില ഹദീസുകളുണ്ട്. അതിനുദാഹരണമാണ് സ്വഅ്ബുബ്നു ജസ്സാമിയുടെ ഹദീസ്. നബി (സ) അബവാഇലോ വദ്ദാനിലോ ആയിരിക്കെ ഒരു കാട്ടുകഴുത ദാനമായി ലഭിച്ചു. എന്നാൽ തിരുമേനി അത് തിരിച്ചുകൊടുത്തു. അപ്പോൾ അയാളുടെ മുഖത്ത് വിഷമം കണ്ടപ്പോൾ തിരുമേനി പറഞ്ഞു. നാം ഇഹ്റാമിലായിരുന്നില്ലെങ്കിൽ അത് തിരിച്ചുതരുമായിരുന്നില്ല.

ഈ രണ്ടു ഹദീസുകളും കൂടി ഒരുമിച്ചുചേർക്കുമ്പോൾ ഇഹ്റാമിലല്ലാത്തവൻ ഇഹ്റാമിലുള്ളവനു വേണ്ടി വേട്ടയാടിയതായിരുന്നു രണ്ടാമത്തെ സംഭവമെന്നുവെക്കാനേ നിർവാഹമുള്ളൂ. ഇങ്ങനെ ഒരു വ്യാഖ്യാനം ഇതിനു നൽകാൻ കാരണം, രണ്ടാമത്തെ ഹദീസിനെതിരിൽ പ്രബലമായ ഹദീസുകൾ ഈ അധ്യായത്തിൽ വന്നിരിക്കുന്നുവെന്നതാണെന്ന് ഇബ്നു അബ്ദിൽബർറ് പ്രസ്താവിച്ചിരിക്കുന്നു. രണ്ടും തമ്മിൽ യോജിപ്പിക്കാൻ മാർഗമുണ്ടെങ്കിൽ അതാണല്ലോ സ്വീകരിക്കേണ്ടത്. ഇബ്നുൽ ഖയ്യിമും ഈ അഭിപ്രായത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞു: സ്വഹാബികളിൽ നിന്നുദ്ധരിക്കപ്പെടുന്ന അസറുകളെല്ലാം ഈ വ്യാഖ്യാനത്തിന് തെളിവ് നല്കുന്നവയാണ്.

🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Prev Post

ഹജ്ജ്- ഉംറ: ഇഹ്റാമിൽ അനുവദനീയമായ കാര്യങ്ങൾ

Next Post

ഹജ്ജ്, ഉംറ: നിഷിദ്ധങ്ങൾ പ്രവർത്തിച്ചാൽ

post-bars

Related post

You cannot copy content of this page