
ഹജ്ജ്- ഉംറ: ഇഹ്റാമിൽ അനുവദനീയമായ കാര്യങ്ങൾ
കുളിയും വസ്ത്രധാരണവും
ഇബ്റാഹീം നഖഇയിൽനിന്നു റിപ്പോർട്ട്. അദ്ദേഹം പറഞ്ഞു: “നമ്മുടെ കൂട്ടുകാർ ബിഅ്റു മൈമുനിൽ എത്തിയാൽ കുളിക്കുകയും തങ്ങളുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തിരുന്നു.
ഇബ്നു അബ്ബാസി (റ)ൽ നിന്നു നിവേദനം: “അദ്ദേഹം ഇഹ്റാമിലായിരിക്കേ ജുഹ്ഫയിലെ കുളി മുറിയിൽ പ്രവേശിച്ചു. ആരോ ചോദിച്ചു: ഇഹ്റാമിലായിരിക്കേ താങ്കൾ കുളിമുറിയിൽ പ്രവേശിക്കുകയാണോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന് നമ്മുടെ അഴുക്കുകൾ ഒട്ടും വിലപ്പെട്ടതല്ല.
ജാബിറി(റ)ൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: “ഇഹ്റാമിൽ പ്രവേശിച്ചവൻ കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്യണം. അബ്ദുല്ലാഹിബ്നു ഹുനൈൻ പറയുന്നു; ഇബ്നുഅബ്ബാസും മിസ് വറു ബ്നു മഖ്റമയും അബവാഅ് എന്ന സ്ഥലത്തുവെച്ച് ഭിന്നാഭിപ്രായക്കാരായി. ഇബ്നു അബ്ബാസ് പറഞ്ഞു: ഇഹ്റാമിലുള്ളവന് തല കഴുകാം. മിസ് വർ പറഞ്ഞു: ഇഹ്റാമിലുള്ളവൻ അങ്ങനെ ചെയ്യാവതല്ല. അബ്ദുല്ലാഹിബ്നു ഹുനൈൻ പറയുന്നു. അങ്ങനെ ഇബ്നു അബ്ബാസ് എന്നെ അബൂ അയ്യുബുൽ അൻസ്വാരിയുടെ അടുത്തേക്കയച്ചു. അദ്ദേഹം കിണറ്റിന്റെ കരയിൽ കുളിക്കുന്നത് ഞാൻ കണ്ടു. ഒരു വസ്ത്രം ഉടുത്ത് (കുളിക്കാൻ പോവുകയാണദ്ദേഹം. ഞാൻ സലാം പറഞ്ഞു. അദ്ദേഹം ചോദിച്ചു. ആരാണിത് ? ഞാൻ പറഞ്ഞു: അബ്ദുല്ലാഹിബ്നു ഹുസൈൻ, നബി(സ) ഇഹ്റാമിലായിരിക്കെ എങ്ങനെയായിരുന്നു കുളിച്ചിരുന്നതെന്നു ചോദിക്കാൻ ഇബ്നുഅബ്ബാസ് എന്നെ താങ്കളുടെ അടുത്തേക്കയച്ചതാണ്. അബ്ദുല്ല പറയുന്നു. അങ്ങനെ അബൂഅയ്യൂബ് എനിക്ക് കാണാൻ കഴിയുന്ന വിധത്തിൽ ശിരസ്സിൽനിന്ന് വസ്ത്രം നീക്കി. എന്നിട്ട് വെള്ളം ഒഴിച്ചുകൊടുക്കുന്ന ആളോട് പറഞ്ഞു: ഒഴിക്ക്. അയാൾ അദ്ദേഹത്തിന്റെ തലയിൽ വെള്ളമൊഴിച്ചു. പിന്നെ കൈ തലയിൽ വെച്ച് മുന്നോട്ടും പിമ്പോട്ടും ഉരസി. ശേഷം ഇങ്ങനെ പറഞ്ഞു: നബി (സ്വ) ഇങ്ങനെ ചെയ്യുന്നതാണ് ഞാൻ കണ്ടത്. തിർമിദി ഒഴികെ ജമാഅത്ത് ഉദ്ധരിച്ചത്. ബുഖാരിയുടെ റിപ്പോർട്ടിൽ ഇത് കൂടിയുണ്ട്. അങ്ങനെ ഞാൻ മടങ്ങിച്ചെന്ന് രണ്ടുപേരോടും വിവരം പറഞ്ഞു. അപ്പോൾ ഇബ്നു അബ്ബാസിനോട് മിസ് വർ: ഇനി ഞാൻ ഒരിക്കലും താങ്കളോട് തർക്കിക്കുകയില്ല.
ശൗകാനി പറയുന്നു: “ഇഹ്റാമിലുള്ളവന്ന് കുളിക്കുന്നതും കുളിക്കുമ്പോൾ തലയിൽ കൈവച്ച് കഴ്കുന്നതും അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു.
ഇബ്നുൽ മുനീർ പറഞ്ഞു: ഇഹ്റാമിലുള്ളവർ വലിയ അശുദ്ധിയുണ്ടായാൽ കുളിക്കൽ നിർബന്ധമാണെന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു. എന്നാൽ അതല്ലാത്ത സന്ദർഭങ്ങളിൽ അവർക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്.
നാഫിഇൽ നിന്ന് മുവത്വയിൽ മാലിക് ഉദ്ധരിക്കുന്നു. ഇബ്നുഉമർ (റ) ഇഹ്റാമിലായിരിക്കേ സ്കലനമുണ്ടായാലല്ലാതെ തല കഴുകാറുണ്ടായിരുന്നില്ല. ഇഹ്റാമിലുള്ളവൻ തല വെള്ളത്തിൽ മുക്കുന്നത് കറാഹത്താണെന്ന് മാലിക് അഭിപ്രായപ്പെട്ടതായി മറ്റൊരു റിപ്പോർട്ടുമുണ്ട്.
ഇഹ്റാമിൽ താളി, സോപ്പ് എന്നിവപോലെ അഴുക്ക് നീക്കിക്കളയുന്ന വസ്തുക്കളേതും ഉപയോഗിക്കുന്നത് അനുവദനീയമാണ്. ശാഫിഈകളുടെയും ഹമ്പലികളുടെയും അഭിപ്രായത്തിൽ വാസനാസോപ്പും ഉപയോഗിക്കാം. അതേപോലെ മുടി നിവർത്തിയിടുകയോ ചീകിവെക്കുകയോ ചെയ്യുന്നതിനും വിരോധമില്ല. നബി (സ) ആഇശ (റ) യോട് പറഞ്ഞു. “നിന്റെ തല (മുടി) നിവർത്തിയിടുകയും ചീകി വെക്കുകയും ചെയ്യുക. (മുസ്ലിം)
നവവി പറഞ്ഞു: ഇഹ്റാമിൽ മുടി ചീകിവെക്കുന്നതും നിവർത്തിയിടുന്നതും നമ്മുടെ അഭിപ്രായത്തിൽ അനുവദനീയമാണ്. പക്ഷേ, മുടി കൊഴിഞ്ഞു പോകാത്ത നിലയിലായിരിക്കണം. എന്നാൽ, കാരണമൊന്നുമില്ലെങ്കിൽ മുടി ചീകി വെക്കുന്നത് കറാഹത്താണ്. തലയിൽ ഭാരം വഹിക്കുന്നതുകൊണ്ട് വിരോധമില്ല.
ഹാഫ് ട്രൗസർ ധരിക്കൽ
ആഇശ (റ)യിൽ നിന്ന് സഈദുബ്നു മൻസൂർ നിവേദനം ചെയ്തതായി ബുഖാരി ഉദ്ധരിക്കുന്നു. അവരുടെ(ആഇശ [റ]യുടെ) അഭിപ്രായത്തിൽ ഇഹ്റാമിലുള്ളവൻ ഹാഫ് ട്രൗസർ ധരിക്കുന്നതിൽ തെറ്റൊന്നുല്ല.( ഇബ്നു ഹജർ പറയുന്നു: ഇത് ആയിശ(റ)യുടെ അഭിപ്രായമാണ്. ഭൂരിപക്ഷത്തിന്റെ ദൃഷ്ടിയിൽ ഹാഫ് ട്രൗസറും ടൗസറും തമ്മിൽ ഭേദമൊന്നുമില്ല. രണ്ടും ഇഹ്റാമിലുള്ളവർക്ക് നിഷിദ്ധമാണ്. )
മുഖം മറയ്ക്കൽ
ഖാസിമിൽ നിന്ന് സഈദുബ്നു മൻസൂറും ശാഫിയും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഉസ്മാനുബനു അഫ്ഫാനും സൈദുബ്നു സാബിതും മാർവാനുബ്നുൽ ഹകമും ഇഹ്റാമിലായിരിക്കെ മുഖം മറച്ചിരുന്നു. ചാരമോ പൊടിപടലങ്ങളോ ഉണ്ടെങ്കിൽ ഇഹ്റാമിലുള്ളവന് മുഖം മറയ്ക്കാമെന്നാണ് ത്വാഊസിന്റെ അഭിമതം. മുജാഹിദ് പറയുന്നു, അവർ ഇഹ്റാമിലായിരിക്കേ കാറ്റടിച്ചാൽ മുഖം മറയ്ക്കാറുണ്ടായിരുന്നു.
സ്ത്രീകളുടെ ബൂട്ടുകൾ
അബൂദാവൂദും ശാഫിഈയും ആഇശ (റ)യിൽ നിന്നുദ്ധരിക്കുന്നു. സ്ത്രീകൾക്ക് ബൂട്ടുകൾ ധരിക്കാൻ നബി (സ) ഇളവു നൽകിയിട്ടുണ്ടായിരുന്നു.
മറന്നു തല മറച്ചാൽ
ശാഫിഈകൾ പറഞ്ഞു. മറന്നുകൊണ്ട് തലപ്പാവോ കുപ്പായമോ ധരിച്ചാൽ അയാൾക്കതിന്റെ പേരിൽ പ്രത്യേകിച്ചൊന്നും വന്നുചേരുന്നില്ല. അത്വാഅ് പറഞ്ഞു: അയാൾ അല്ലാഹുവോട് പാപമോചനത്തിന്നായി പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. എന്നാൽ ഹനഫികളുടെ അഭിപ്രായത്തിൽ അയാൾ പ്രായശ്ചിത്തം നൽകേണ്ടതുണ്ട്. അറിയാതെയോ മറന്നോ സുഗന്ധങ്ങളുപയോഗിച്ചാൽ അതേപ്പറ്റിയുള്ള അഭിപ്രായങ്ങളും ഇങ്ങനെത്തന്നെ. അറിവില്ലായ്മയും മറവിയും എല്ലാ നിഷിദ്ധങ്ങളിലും പ്രായശ്ചിത്തം നിർബന്ധമാക്കുന്നതിനെ തടയുമെന്നാണ് ശാഫിഈകളുടെ തത്ത്വം. ഇത് പക്ഷേ, വേട്ടയാടൽ പോലെ ഒന്നിന്റെ നാശത്തിനു കാരണമാവുമ്പോൾ ബാധകമല്ല. നഖം മുറിക്കുക, മുടി കളയുക തുടങ്ങിയ വിഷയങ്ങളിലും ഇതുതന്നെയാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം.
കൊമ്പ് വെക്കലും, പല്ലു പറിക്കലും
നബി (സ) ഇഹ്റാമിലായിരിക്കെ ശിരസ്സിന്റെ മധ്യത്തിൽ കൊമ്പുവെപ്പിച്ചുവെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.(ഇബ്നു തൈമിയ പറഞ്ഞു: മുടി അല്പം നീക്കം ചെയ്യാതെ കൊമ്പ് വയ്ക്കാൻ സാധ്യമല്ല.) മാലിക് പറഞ്ഞു. ഇഹ്റാമിലുള്ളവൻ പേൻ പോലുള്ളതിനെ കൊല്ലുകയോ മുറിവുകൾ വെച്ചു കെട്ടുകയോ, ആവശ്യമാണെങ്കിൽ ഞരമ്പുകൾ ഛേദിക്കുകയോ ചെയ്യുന്നതിനു വിരോധമില്ല. ഇഹ്റാമിൽ പ്രവേശിച്ചവന് പല്ല് പറിക്കുകയോ കുരു (പരു) പൊട്ടിക്കുകയോ ചെയ്യാവുന്നതാണെന്ന് ഇബ്നുഅബ്ബാസും പ്രസ്താവിച്ചിട്ടുണ്ട്.
നവവി പറഞ്ഞു: ഇഹ്റാമിലുള്ളവൻ ആവശ്യമില്ലാതെ കൊമ്പുവെക്കുകയും അതിനു മുടി നീക്കം ചെയ്യേണ്ടിവരികയുമാണെങ്കിൽ, അക്കാരണത്താൽ അത് ഹറാമാണ്. മുടി നീക്കം ചെയ്യേണ്ടിവന്നില്ലെങ്കിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ അതനുവദനീയമാണ്. എന്നാൽ മാലിക് അത് കറാഹത്താണെന്ന് പറഞ്ഞിട്ടുണ്ട്. മുടി നീക്കം ചെയ്തില്ലെങ്കിലും അതിനു പ്രായശ്ചിത്തം നൽകണമെന്നാണ് ഹസന്റെ പക്ഷം. അനിവാര്യമായ കാര്യങ്ങളുണ്ടെങ്കിൽ മുടി നീക്കം ചെയ്യാം. അപ്പോൾ പ്രായശ്ചിത്തം നിർബന്ധമാവും. എന്നാൽ തലമുടിക്ക് മാത്രമേ ഇത് നിർബന്ധമാവുകയുള്ളൂവെന്നാണ് ളാഹിരികളുടെ മതം.
ചൊറിയൽ
ആഇശ (റ) യിൽ നിന്നു റിപ്പോർട്ട്. ഇഹ്റാമിലുള്ളവൻ ശരീരം ചൊറിയുന്നതിനെക്കുറിച്ച് അവരോട് ആരോ ചോദിച്ചു. അവർ പറഞ്ഞു. “അതെ, ചൊറിയാം. ശക്തിയായി ചൊറിയാം.” (ബുഖാരി, മുസ്ലിം മാലിക്), മാലികിന്റെ റിപ്പോർട്ടിൽ ഇത് കൂടിയുണ്ട്. “എന്റെ കൈകൾ ബന്ധിച്ചിട്ട് കാലുകൾ മാത്രമേയുള്ളൂവെങ്കിൽ ഞാൻ അതുകൊണ്ട് ചൊറിയും,
ഇബ്നു അബ്ബാസ്, ജാബിർ ,സഈദുബ്നു ജുബൈർ, അത്വാഅ്, ഇബ്റാഹീമുന്നഖഈ എന്നിവരിൽ നിന്നും ഇതുപോലുള്ള അഭിപ്രായങ്ങൾ ഉദ്ധരി ക്കപ്പെട്ടിട്ടുണ്ട്.
കണ്ണാടിയും സുഗന്ധവും
ബുഖാരി ഇബ്നുഅബ്ബാസിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഇഹ്റാമിലുള്ളവൻ സുഗന്ധം വാസനിക്കുകയും കണ്ണാടിയിൽ നോക്കുകയും ചികിത്സക്കുവേണ്ടി എണ്ണ, നെയ്യ് പോലുള്ളവ ഭക്ഷിക്കുകയും ചെയ്യുന്നതിന് വിരോധമില്ല. ഉമറുബ്നു അബ്ദിൽ അസീസ് ഇഹ്റാമിലായിരിക്കേ കണ്ണാടിയിൽ നോക്കുകയും പല്ലുതേയ്ക്കാൻ ബ്രഷ് ഉപയോഗിക്കുകയും ചെയ്തിരുന്നതായി ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇബ്നുൽമുൻദിർ പറഞ്ഞു: മുഹ്രിമിന് സൈത്തും നെയും വെണ്ണയും ഉപയോഗിക്കാമെന്നും, ശരീരത്തിൽ മുഴുവൻ സുഗന്ധം ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്നും പണ്ഡിതൻമാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു.
സുഗന്ധമയമായ സ്ഥലത്ത് നിൽക്കുന്നത്, ആ വാസന ഉദ്ദേശിച്ചാലും ഇല്ലെങ്കിലും കറാഹത്താണന്നതാണ് ഹനഫികളുടെയും മാലികികളുടെയും മതം. എന്നാൽ ഹമ്പലികളുടെയും ശാഫിഈകളുടെയും അഭിപ്രായത്തിൽ വാസന ഉദ്ദേശിച്ചുകൊണ്ടു നിന്നാൽ ഹറാമാണ്. ഇല്ലെങ്കിൽ ഒന്നുമില്ല.
ശാഫിഈകൾ പറഞ്ഞു: അത്തറുകാരൻ അത് വാറ്റുന്നേടത്ത് ഇരിക്കുന്നതിന് വിരോധമില്ല. കാരണം അത് ഉദ്ദിഷ്ട വാസനയില്ല. അത് നിരോധിച്ചാൽ വളരെ വിഷമവുമുണ്ടാകും. എന്നാൽ അതും സൂക്ഷിക്കുന്നതാണ് സുന്നത്ത്, പക്ഷേ, പ്രത്യേക പുണ്യ സ്ഥലങ്ങൾ ഇതിന്നപവാദമാണ്. ഉദാഹരണമായി, കഅ്ബയിൽ സുഗന്ധം പൂശുമ്പോൾ അതിന്റെ അടുത്തിരിക്കുക. ഇത് കറാഹത്തല്ല. കാരണം, അതിന്റെ അടുത്തിരിക്കുന്നത് തന്നെ പുണ്യമാണ്. അനുവദനീയമായ ഒരു കാര്യത്തിനുവേണ്ടി പുണ്യം ഉപേക്ഷിക്കൽ സുന്നത്തില്ല. അതേപോലെ കുപ്പിയിലോ തുണിക്കഷണത്തിലോ ഉള്ള സുഗന്ധം വഹിച്ചാലും അവൻ പ്രായശ്ചിത്തമൊന്നും നൽകേണ്ടതില്ല.
പണസഞ്ചിയും മോതിരവും
ഇഹ്റാമിൽ പ്രവേശിച്ചവൻ തന്റേയോ, മറ്റുള്ളവരുടേയോ നാണയങ്ങൾ സൂക്ഷിക്കാൻ ഒരു സഞ്ചി അരയിൽ ബന്ധിക്കുന്നതിനും മോതിരം ധരിക്കുന്നതിനും വിരോധമില്ല. ഇബ്നു അബ്ബാസ് പറയുന്നു. മുഹ്രിമിനു പണസഞ്ചിയും മോതിരവും ഉപയോഗിക്കുന്നതിനു വിരോധമില്ല.
സുറുമ എഴുതൽ
ഇബ്നു അബ്ബാസ് പറഞ്ഞു. കണ്ണിനു അസുഖമുണ്ടാവുകയാണെങ്കിൽ ഏത് സുറുമയും ഉപയോഗിക്കാം. എന്നാൽ അസുഖമില്ലാത്തപ്പോഴോ, സുഗന്ധങ്ങൾ കൊണ്ടോ, സുറുമ എഴുതാവതല്ല. ഭംഗിക്കല്ലാതെ. രോഗശമനത്തിനായി സുറുമ ഉപയോഗിക്കാമെന്നതിൽ പണ്ഡിതൻമാർക്ക് ഭിന്നാഭിപ്രായമില്ല.
കുട പിടിക്കൽ
ഇഹ്റാമിൽ പ്രവേശിച്ചവന്ന് കുടക്ക് കീഴിലോ തമ്പിലോ മേൽപ്പുരക്ക് കീഴിലോ നിന്നുകൊണ്ട് തണൽ കൊള്ളുന്നതിന് വിരോധമില്ല. അബ്ദുല്ലാഹി ബിനു ആമിർ പറയുന്നു. ഞാൻ ഉമറി(റ) ന്റെ കൂടെ യാത്ര ചെയ്തു. അദ്ദേഹം ഇഹ്റാമിലായിരിക്കേ തന്റെ വിരിപ്പ് മരത്തിലേക്കെറിഞ്ഞ് അതിന്റെ ചുവട്ടിൽ തണൽ കൊള്ളുമായിരുന്നു. (ഇബ്നു അബീ ശൈബ)
ഉമ്മുൽ ഹുസൈനിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: ഹജ്ജതുൽ വിദാഇൽ ഞാൻ തിരുമേനി യോടൊപ്പം ഹജ്ജ് നിർവഹിച്ചു. ഉസാമതുബ്നു സൈദും ബിലാലുമുണ്ടായിരുന്നു കൂടെ. അവരിൽ ഒരാൾ നബി (സ) യുടെ ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചിരുന്നു. മറ്റൊരാൾ ജംറതുൽ അഖബയിൽ എറിയുന്നതുവരെ വസ്ത്രം ഉയർത്തിപ്പിടിച്ച് തിരുമേനിയെ വെയിലിൽ നിന്ന് മറയ്ക്കുകയും ചെയ്തിരുന്നു. (അഹ്മദ്, മുസ്ലിം)
അത്വാഅ് പറഞ്ഞു. ഇഹ്റാമിൽ പ്രവേശിച്ചവൻ തണൽ കൊള്ളുകയോ, കാറ്റ്, മഴ പോലുള്ളവയിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലങ്ങളിൽ വസിക്കുകയോ ചെയ്യുന്നതിന് വിരോധമില്ല.
മൈലാഞ്ചി
തലയില്ലാത്ത ശരീരത്തിന്റെ മറ്റേത് ഭാഗങ്ങളിലും, സ്ത്രീയാവട്ടെ, പുരുഷനാവട്ടെ മൈലാഞ്ചി കൊണ്ട് വർണം പിടിപ്പിക്കുന്നത് നിഷിദ്ധമല്ലെന്നാണ് ഹബലികളുടെ അഭിപ്രായം.
ശാഫിഈകൾ പറഞ്ഞു: രണ്ട് മുൻ കൈകളും കാലുകളും ഒഴികെയുള്ള ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരുഷന് ഇഹ്റാമിലായിരിക്കേ മൈലാഞ്ചി കൊണ്ട് വർണം പിടിപ്പിക്കാം. എന്നാൽ ആവശ്യമില്ലാതെ ഈ ഭാഗങ്ങളിൽ മയിലാഞ്ചി ഉപയോഗിക്കുന്നത് അവന് ഹറാമാണ്. അതേപോലെ തലയിൽ മുഴുവൻ കൂടുതൽ കട്ടിയിൽ മയിലാഞ്ചി ഇടാനും പാടില്ല.
ഹനഫികളും മാലികികളും അഭിപ്രായപ്പെട്ടു- സ്ത്രീയാവട്ടെ പുരുഷനാവട്ടെ ശരീരത്തിന്റെ ഒരുഭാഗത്തും ഇഹ്റാമിലായിരിക്കേ, മൈലാഞ്ചി ഉപയോഗിക്കാൻ പാടില്ല. കാരണം, അത് സുഗന്ധവസ്തുക്കളിൽ ഉൾപ്പെടുന്നു. സുഗന്ധവസ്തുക്കൾ ഇഹ്റാമിലുള്ളവർക്ക് നിഷിദ്ധവുമാണ്.
ഖൗലത് ബിൻതു ഹക്കിം തന്റെ ഉമ്മയിൽ നിന്നുദ്ധരിക്കുന്നു. പ്രവാചകൻ ഉമ്മുസലമയോടു പറഞ്ഞു. “നീ ഇഹ്റാമിലായിരിക്കേ സുഗന്ധം പൂശരുത്. നീ മൈലാഞ്ചി തേക്കരുത്. കാരണം, മൈലാഞ്ചി സുഗന്ധമാണ്. ” (ത്വബ്റാനി , ബൈഹഖി, ഇബ്നുഅബ്ദിൽ ബാറ്)
ഈച്ച ചെള്ള് പോലെയുള്ള പ്രാണികളെ നിക്കൽ
അത്വാഇൽ നിന്ന് റിപ്പോർട്ട്: ചെള്ള്, ഉറുമ്പ്പോലുള്ള പ്രാണികൾ ഇഹ്റാമിലായിരിക്കെ, ശരീരത്തിൽ അരിച്ചുനടന്നാൽ എന്തുചെയ്യണമെന്ന് ഒരാൾ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: നിന്നിൽപ്പെട്ടതല്ലാത്തതെല്ലാം ദൂരെ ഒഴിവാക്കിയേക്കു .
കാലികളുടെ ശരീരത്തിൽ നിന്ന് ചെള്ളിനെ പറിച്ചെറിയാൻ മുഹ്രിമിന് അനുവാദമുണ്ട്. ഇക് രിമ പറയുന്നു. ഇബ്നു അബ്ബാസ് അദ്ദേഹത്തോട് ഇഹ്റാമിലായിരിക്കേ ഒരൊട്ടകത്തിന്റെ മേലുള്ള ചെള്ളുകളെ പറിച്ചുകളയുവാൻ കല്പിച്ചു. പക്ഷേ, ഇക് രിമക്ക് അതത്ര സമ്മതമായില്ല. അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: “എന്നാൽ അതിനെ അറുത്തോ. അങ്ങനെ അദ്ദേഹം അതിനെ അറുത്തപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു. “ഹൗ, എത്ര ചെറുതും വലുതുമായ ചെള്ളുകളെയും പ്രാണികളെയുമാണ് നീ കൊന്നുകളഞ്ഞത്!
ഉപദ്രവകാരികളായ ജന്തുക്കൾ
ആഇശ(റ) യിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: “അഞ്ചു ജന്തുക്കളെ – എല്ലാം ഉപദ്രവകാരികളാണ്- ഹറമിൽ വെച്ചും കൊന്നുകളയണം: കാക്ക, പരുന്ത്, തേൾ, എലി, കടിക്കുന്ന നായ’ (മുസ്ലിം, ബുഖാരി – അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പാമ്പിനെ കൂടി ഇതിൽ എണ്ണിയിട്ടുണ്ട്.) കൃഷിസ്ഥലങ്ങളിൽ വന്നു ധാന്യങ്ങൾ തിന്നുന്ന ഒരുതരം ചെറിയ കാക്കയെ പണ്ഡിതന്മാർ ഏകകണ്ഠമായി ഇക്കൂട്ടത്തിൽ നിന്നൊഴിവാക്കിയിരിക്കുന്നു. കടിക്കുന്ന നായ എന്നതിൽ, ജനങ്ങളെ കടിക്കുകയും ഭയപ്പെടുത്തുകയും ഭീഷണിയാവുകയും ചെയ്യുന്ന സിംഹം, നരി, പുലി, ചെന്നായ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ്.
يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ ۙ وَمَا عَلَّمْتُم مِّنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُ
പ്രസ്തുത സൂക്തത്തിൽ വേട്ടയാടാൻ പരിശീലിപ്പിച്ച എന്ന അർത്ഥത്തിൽ مُكَلِّبِينَ എന്ന് ഖുർആൻ പ്രയോഗിച്ചതാണ് ഇതിനു തെളിവായി അവർ ഉന്നയിക്കുന്നത്. എന്നാൽ ഹനഫികളുടെ ദൃഷ്ടിയിൽ ചെന്നായ അല്ലാത്ത മറ്റൊന്നും നായ എന്ന ഇനത്തിൽ ഉൾപ്പെടുകയില്ല.
ഇബ്നു തൈമിയ്യ പറഞ്ഞു: സാധാരണ മനുഷ്യർക്ക് ഉപദ്രവകരമാകുന്ന പാമ്പ്, തേൾ, എലി, കാക്ക, കടിക്കുന്ന നായ പോലെയുള്ളവയെ മുഹ്രിമിന് കൊല്ലാവുന്നതാണ്. അതേപോലെ മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ ഉണ്ടാവുന്ന ഉപദ്രവങ്ങളെ പ്രതിരോധിക്കുകയും ചെയ്യാം. സമരം ചെയ്ത് പ്രതിരോധിക്കാൻ സാധ്യമാവുകയുള്ളൂവങ്കിൽ അങ്ങനെ ചെയ്യുന്നതിനും വിരോധമില്ല. കാരണം, നബി (സ) പറഞ്ഞിരിക്കുന്നു: “തന്റെ ധനത്തിന്റെ സംരക്ഷണത്തിനുവേണ്ടി കൊല്ലപ്പെട്ടവൻ ശഹീദാണ്. തന്റെ രക്തത്തിന്റെയും മതത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണത്തിനുവേണ്ടി കൊല്ലപ്പെട്ടവൻ ശഹീദാണ്. അദ്ദേഹം തുടരുന്നു, പേനോ കൊതുകോ അവനെ കടിച്ചാൽ അതിനെ നീക്കം ചെയ്യുകയും കൊല്ലുകയും ചെയ്യാം. അതിന് പ്രായശ്ചിത്ത്മൊന്നും നൽകേണ്ടതില്ല. കൊല്ലുന്നതിനേക്കാൾ എളുപ്പം നീക്കം ചെയ്യുന്നതാണ്. അവനെ നേരിടുന്ന നരി, സിംഹം പോലുള്ള മൃഗങ്ങളെക്കുറിച്ചുള്ള വിധിയും ഇപ്രകാരം തന്നെ. മുഹ് രിമായിരിക്കെ അവയെ കൊല്ലാതിരിക്കുകയാണ് വേണ്ടത്. ഇനി കൊന്നാൽ അതിനു പ്രായശ്ചിത്തമില്ലെന്നാണ് പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ മുൻഗണനാർഹമായത്. എന്നാൽ ഉപദ്രവമൊന്നും തോന്നാത്തപ്പോൾ പേൻ നോക്കുക പോലുള്ള പ്രവൃത്തികൾ ആഭാസമായി ഗണിക്കപ്പെടും. അത് പാടില്ല. ഇനി ഒരാൾ അങ്ങനെ ചെയ്താൽ അതിനു പ്രായശ്ചിത്തമൊന്നും ആവശ്യമില്ല.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5