Back To Top

 ജംറകൾ എറിയൽ

ജംറകൾ എറിയൽ

Spread the love

ഇബ്രാഹിം (അ) ഹജ്ജ്കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ടിരിക്കെ ജംറത്തുൽ അഖബയിൽ വെച്ച് അദ്ദേഹത്തിനു മുമ്പിൽ പിശാച് പ്രത്യക്ഷപ്പെട്ടു. അദ്ദേഹം അവിടെ നിന്ന് അവനെ എറിഞ്ഞോടിച്ചു. ജംറത്തുൽ വുസ് ത്വയിലും ജംറതുൽ കുബ്റയിലുമൊക്കെ പ്രത്യക്ഷപ്പെട്ട അവനെ അവിടങ്ങളിൽ നിന്നും എറിഞ്ഞാട്ടി. ഈ സംഭവം ഇമാം ബൈഹഖി (റ) ഉദ്ധരിച്ചിട്ടുണ്ട്.

ജംറയിൽ എറിയൽ നിർബന്ധമാണ്. എന്നാൽ അതു ചെയ്തില്ലെങ്കിൽ ഹജ്ജ് അസാധുവായിത്തീരുംവിധമുള്ള അടിസ്ഥാന ഘടകമല്ല. അതു നിർവ്വഹിച്ചില്ലെങ്കിൽ ബലി നിർബന്ധമാവും, ജാബിർ (റ) പറയുന്നു:
رأيت النبي صلى الله عليه وسلم يرمي الجمرة على راحلته يوم النحر ويقول: لتأخذوا عنى مناسككم فإني لا أدري لعلي لا أحج بعد حجتي هذه (مسلم، أحمد، النسائي)

(നബി (സ) വാഹനപ്പുറത്തിരുന്ന് ജംറയെ എറിയുന്നതു ഞാൻ കണ്ടു. നബി (സ) പറയുന്നുണ്ടായിരുന്നു. നിങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ എന്നിൽ നിന്ന് കണ്ടുപഠിക്കുക. എനിക്കറിയില്ല, അടുത്ത കൊല്ലം ഞാൻ ഇതുപോലെ ഹജ്ജ് ചെയ്തില്ലെന്ന് വരാം.)

വളരെ ചെറിയ കല്ലുകൊണ്ടാണ് ജംറ എറിയേണ്ടത്. അബ്ദുർ റഹ്മാൻ അത്തൈമി (റ) പറയുന്നു.
أمرنا رسول الله ﷺ أن نرمي الجمار بمثل حصى الخذف في حجة الوداع (الدارقطني)
(കടലമണിയുടെ വലുപ്പമുള്ള കല്ലുകൾ കൊണ്ട് ജംറകളിൽ എറിയാൻ ഹജ്ജത്തുൽ വിദാഇിൽ റസൂൽ (സ) ഞങ്ങളോട് കല്പിച്ചു.

കല്ലല്ലാത്ത ഒന്നുകൊണ്ടും എറിഞ്ഞാൽ മതിയാവുകയില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്. കല്ലെടുക്കാൻ പ്രത്യേകസ്ഥലം
നിർണ്ണയിച്ചിട്ടില്ലാത്തതുകൊണ്ട് എവിടെനിന്ന് എടുത്താലും മതിയാവും. യമുന്നഹ്റിൽ ജംറതുൽ അഖബയിൽ മാത്രമേ എറിയേണ്ടതുള്ളൂ. അടുത്ത മൂന്നു ദിവസവും മൂന്നു ജംറകളിലും എറിയണം. എന്നാൽ രണ്ടുദിവസം കൊണ്ട് മതിയാക്കാവുന്നതാണ്. മൂന്നുദിവസം എറിയുന്നു വെങ്കിൽ എഴുപതും രണ്ട് ദിവസം കൊണ്ട് മതിയാക്കുന്നുവെങ്കിൽ നാല്പത്തി ഒമ്പതും കല്ലാണ് മൊത്തം വേണ്ടത്. ഓരോ ജംറയിലും ഏഴുവീതം കല്ല്. മൂന്ന് ദിവസം എറിയുന്നുവെങ്കിൽ 7×3=21×3=63+7=70. രണ്ട് ദിവസത്തിൽ ചുരുക്കുന്നുവെങ്കിൽ 73 = 21x2x42+7 = 49.

യൗമുന്നഹ്റിൽ സൂര്യോദയത്തിന് ശേഷം ഉച്ചക്കു മുമ്പും 11, 12, 13 ദിവസങ്ങളിൽ – അയ്യാമുത്തശ് രീഖ് എന്നാണ് ആ ദിവസങ്ങളുടെ പേര് ഉച്ചക്കുശേഷവുമാണ് എറിയേണ്ടത്. കാരണമുണ്ടെങ്കിൽ യൗമുന്നഹ്റിൽ ഉച്ചക്കു ശേഷവും മറ്റു ദിവസങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷവു മാവാം. മറ്റു ദിവസങ്ങളിൽ വർദ്ധിച്ച തിരക്കുണ്ടെങ്കിൽ ഉച്ചക്ക് മുമ്പും എറിയാമെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ഓരോ കല്ലെറിയുമ്പോഴും അല്ലാഹു അക്ബർ എന്ന് പറയുന്നതും ഓരോ ജംറയിലും എറിഞ്ഞുകഴിഞ്ഞാൽ ഖിബ് ലക്കഭിമുഖമായി നിന്ന് പ്രാർത്ഥിക്കുന്നതും സുന്നത്താണ്. ജാബിർ (റ) ഉദ്ധരിക്കുന്നു.
إن رسول الله ﷺ كان يكبر مع كل حصاة (مسلم)
(റസൂൽ (സ) ഓരോ കല്ലെറിയുമ്പോഴും തക്ബീർ ചൊല്ലുമായി രുന്നു.)

യൗമുന്നഹ്റിൽ സൂര്യോദയത്തിന് ശേഷമേ എറിയാൻ അനുവാദമുള്ളൂ എന്നതു പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായമാണ്. എന്നാൽ സ്ത്രീകൾ, കുട്ടികൾ, ഇടയന്മാർ, ദുർബലർ, മറ്റു ഒഴികഴിവുള്ളവർ ഇവർക്കെല്ലാം സൂര്യോദയത്തിനു മുമ്പ് പാതിരാത്രിക്ക് ശേഷം എറിഞ്ഞു കൊള്ളാൻ ഇളവ് നൽകിയിട്ടുണ്ട്.

മിനായിലെ രാത്രി താമസം

തശ് രീഖിന്റെ മൂന്നു രാത്രികളിൽ അല്ലെങ്കിൽ രണ്ട് രാത്രികളിൽ മിനായിൽ താമസിക്കൽ നിർബന്ധമാണ്. രാത്രി താമസം എന്നതുകൊണ്ട് രാത്രി മുഴുവൻ താമസിക്കൽ ഉദ്ദേശ്യമല്ല. അല്പസമയമെങ്കിലും മിനായിലുണ്ടാവണമെന്നേയുള്ളൂ. എന്നാൽ ഒഴികഴിവുള്ളവർക്ക് ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസം എറിഞ്ഞ് മതിയാക്കുന്നവർ 12ന് മ​ഗ് രിബിന് മുമ്പ് മിനായിൽ നിന്ന് പുറത്തുവരേണ്ടതാണ്. അല്ലാത്തപക്ഷം 13നും എറിയൽ നിർബന്ധമാവും.

ബലിമൃഗം
പുണ്യവും അല്ലാഹുവിന്റെ പ്രതിഫലവും ഉദ്ദേശിച്ച് ഹറമിലേക്കു കൊണ്ടുപോകുന്ന മൃഗത്തെയാണ് ഹദ് യ് എന്ന് പറയുന്നത്.
والهدي معكوفا أن يبلغ محله (الفتح)
(ബലിയാെട്ടകം, അതു അതിന്റെ സ്ഥാനത്തെത്തുന്നതിൽ നിന്ന് തടഞ്ഞിടപ്പെട്ടു) എന്ന ഖുർആൻ വാക്യം ഇതിനെ സൂചിപ്പിക്കുന്നു.

( പിന്നെ അതിനെ കൊണ്ടുവരേണ്ടതു വിശുദ്ധ ഭവനത്തിലേക്കാകുന്നു) എന്ന് സൂറഃ ഹജ്ജിലും പറയുന്നുണ്ട്. ഒട്ടകം, പശു, ആട് എന്ന ക്രമത്തിലാണ് ബലിമൃഗങ്ങളുടെ പ്രാധാന്യം. ഈ മൂന്ന് മൃഗങ്ങളിൽ പരിമിതവുമാണ് അത്. ഒരാൾക്കു ഒരു ആട്, ഏഴു പേർക്കു ഒരു പശു അല്ലെങ്കിൽ ഒരു ഒട്ടകം എന്ന തോതിൽ ബലി നൽകാം. ഒരു ആടിൽ ഒന്നിലധികം പേർക്കു പങ്കുചേരാവതല്ല. ജാബിർ (റ) പറയുന്നു.
حججنا مع رسول الله ﷺ فنحرنا البعير عن سبعة والبقرة عن سبعة (أحمد ومسلم)
(ഞങ്ങൾ റസൂലി (സ)നോടൊപ്പം ഹജ്ജ് ചെയ്തു. അങ്ങനെ ഏഴു പേർക്കു വേണ്ടി ഒരു ഒട്ടകം, ഏഴുപേർക്കു വേണ്ടി ഒരു പശു എന്നി പ്രകാരം ഞങ്ങൾ ബലി നൽകി.

ബലി നിർബന്ധമുള്ളവർ
1. ഹജ്ജിനും ഉംറക്കും ഒന്നിച്ചോ (ഖാരിനായോ), തമത്തുഇന്റെ രീതിയിലോ ഇഹ്റാമിൽ പ്രവേശിച്ചവർക്ക് ബലി നിർബന്ധമാണ്.
2. ഹജ്ജിന്റെ നിർബന്ധകാര്യങ്ങളായ ജംറകൾ എറിയുക, മീഖാത്തിൽ വെച്ച് ഇഹ്റാമിൽ പ്രവേശിക്കുക, അറഫയിൽ സൂര്യാസ്തമയം വരെ നില്ക്കുക. മിനയിലെ രാത്രി താമസം, മുസ്ദലിഫയിലെ രാത്രി താമസം, വിദാഇന്റെ തവാഫ് തുടങ്ങിയവയിൽ വല്ലതും വിട്ടുപോയാൽ ബലി നിർബന്ധമാണ്.
3. ഇഹ്റാമിൽ ഏർപ്പെട്ടാൽ ചെയ്യാൻ പാടില്ലാത്ത സ്ത്രീസംസർഗ്ഗം ഒഴിച്ചുള്ള വല്ലതും ചെയ്താലും ബലി നിർബന്ധമാണ്. തുന്നിയ വസ്ത്രം ധരിക്കുക, മുടികളയുക, സുഗന്ധം ഉപയോഗിക്കുക ആദിയായവ ഉദാഹരണം.
4. ഹറമിൽ വെച്ച് ചെയ്യാൻ പാടില്ലാത്ത വേട്ട, ചെടി മുറിക്കൽ തുടങ്ങിയ കാര്യങ്ങൾ വല്ലതും ചെയ്താലും ബലി നിർബന്ധമാവും.

ബലിമൃഗത്തിന്റെ നിബന്ധനകൾ
ഒട്ടകമെങ്കിൽ അഞ്ചും പശുവെങ്കിൽ രണ്ടും വർഷവും ആടെങ്കിൽ ആറുമാസവും പ്രായമായതാവണം ബലിമൃഗം, ചൊറി പിടിച്ചത്, കൊമ്പ് പൊട്ടിയത്, ചെവി മുറിഞ്ഞത്, മുടന്തുള്ളത് ഇങ്ങനെ അംഗവൈകല്യങ്ങൾ സംഭവിക്കാതെ കുറ്റമറ്റതാവണം. ഈ ഗുണങ്ങളൊക്കെ ഒക്കാത്ത വയാണെങ്കിൽ അവ ബലിക്ക് മതിയാവുകയില്ല.

ബലിമൃഗത്തെ ബലിമൃഗമാണെന്ന് തിരിച്ചറിയാൻ പാകത്തിൽ പൂഞ്ഞ അല്പം മുറിച്ച് രക്തം ഒഴുക്കുക, കഴുത്തിൽ തുകൽ കഷ്ണം പോലെ വല്ലതും കെട്ടിത്തൂക്കുക തുടങ്ങിയവ സുന്നത്താണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ പരസ്യപ്പെടുത്തുക, അവയെ ആദരിക്കുക എന്നിവയാണ് ഇതിലടങ്ങിയ തത്വം.

ബലിമൃഗത്തെ തല്ക്കാലം യാത്രക്കും മറ്റും ഉപയോഗിക്കുന്നതു തെറ്റല്ല. സമയമാവുമ്പോൾ ഹറമിൽ എത്തിക്കണമെന്നു മാത്രം.

യമുന്നഹ് റിലോ തശ് രീഖിന്റെ മൂന്നു ദിവസങ്ങളിലോ വേണം ബലിമൃഗത്തെ അറുക്കുന്നത്. അത് ഹറമിന്റെ പരിധിക്കുള്ളിൽ വെച്ചാവുകയും വേണം. നബി (സ) പറഞ്ഞു. (മിന മുഴുവൻ അറുക്കാവുന്ന സ്ഥലമാണ്). ഹജ്ജ് നിർവ്വഹിക്കുന്നവർ മിനയിൽ വെച്ചും ഉംറ നിർവ്വഹിക്കുന്നവർ മർവയിൽ വെച്ചുമാണ് അറുക്കേണ്ടത്.

ഇപ്പറഞ്ഞതത്രയും ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട ബലിയുടെ കാര്യമാണ്. എന്നാൽ നേർച്ച, പ്രായശ്ചിത്തം, ദാനം ആദിയായി വല്ല ബലിയുമുണ്ടെങ്കിൽ അതു എവിടെ വെച്ചും എപ്പോഴും ആകാവുന്നതാണ്.

മറ്റു മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി ഒട്ടകത്തെ ഇടതുകൈ കെട്ടി നിറുത്തിയാണ് അറുക്കുക. ഖുർആൻ പറയുന്നു: فاذكروا اسم الله عليها صواف (الحج)
(ഒട്ടകത്തെ മൂന്നുകാലിൽ നിറുത്തിയ അവസ്ഥയിൽ അറുക്കുമ്പോൾ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക)

ജാബിർ (റ) പറയുന്നു:
إن النبي وأصحابه كانوا ينحرون البدنة معقولة اليسرى قائمة على ما بقي منها (أبوداود)
(നബി (സ)യും സഹാബിമാരും ഒട്ടകത്തെ ഇടതുകാലുകെട്ടി ബാക്കി കാലുകളിൽ നിൽക്കുന്ന അവസ്ഥയിലാണ് അറുത്തിരുന്നത്.

ബലി നൽകുന്ന ആൾ തന്നെ അറുക്കുന്നതാണ് സുന്നത്ത്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അറുക്കുന്ന സമയം അയാൾ അവിടെ സന്നിഹിത നാവൽ സുന്നത്താണ്.

അറവുകാരന്റെ കൂലി ബലിമൃഗത്തിൽനിന്ന് നൽകാവതല്ല. അതിന്റെ മാംസവും തോലുമെല്ലാം ദാനം ചെയ്യാനുള്ളതാണ്.

ബലിമൃഗത്തിന്റെ മാംസം ബലി നൽകിയവന് ഭക്ഷിക്കാം. മറ്റുള്ളവർക്കു ദാനം നൽകുകയും വേണം.
فكلوا منها وأطعموا البائس الفقير (الحج)
(അതിൽനിന്ന് നിങ്ങൾ തിന്നുക. ദരിദ്രനെയും പ്രയാസപ്പെടുന്നവനെയും ഭക്ഷിപ്പിക്കുകയും ചെയ്യുക.)

ബലിമൃഗത്തിന്റെ മാംസം ബലിയർപ്പിക്കുന്ന ആൾക്ക് എത്രയെടുക്കാം, എത്രദാനം ചെയ്യണം എന്നതു സംബന്ധിച്ച് കൃത്യമായ അളവ് നിർണ്ണയിച്ചിട്ടില്ല. അത്യാവശ്യത്തിന് വേണ്ടതെടുത്ത് ബാക്കി ദാനം ചെയ്യുന്നതാണ് ഏറ്റം നല്ലത്.

Prev Post

ബലിദിനം

Next Post

മുടികളയലും മുറിക്കലും

post-bars

Related post

You cannot copy content of this page