സംസം വെള്ളം കുടിക്കൽ
ത്വവാഫ് ചെയ്യുന്നവൻ അത് കഴിഞ്ഞാൽ മഖാമു ഇബ്റാഹീമിൽ രണ്ടു റക്അത്ത് നമസ്കരിക്കുകയും സംസം വെള്ളത്തിൽ നിന്ന് അല്പം കുടിക്കുകയും ചെയ്യുന്നത് സുന്നത്താണ്. നബി (സ) സംസം വെള്ളം കുടിച്ചശേഷം ഇങ്ങനെ പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്: “അത് (സംസം വെള്ളം) അനുഗൃഹീതമാണ്. ഭക്ഷിക്കുന്നവർക്കൊരാഹാരവും രോഗികൾക്ക് ഒരു മരുന്നുമാണ്. ഇസ്റാഅ് രാത്രിയിൽ ജിബ്രീൽ (അ) നബിതിരുമേനിയുടെ ഹൃദയം കഴുകിയതും ഈ വെള്ളം കൊണ്ടാണെന്ന് പറയപ്പെടുന്നു. ത്വബറാനിയും ഇബ്നുഹിബ്ബാനും ഇബ്നു അബ്ബാസിൽ നിന്നുദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: “ഭൂമിയിലെ വെള്ളങ്ങളിൽ ഏറ്റവും ഉത്തമമായത് സംസം. അതിൽ ഭക്ഷിക്കുന്നവർക്ക് ആഹാരവും രോഗികൾക്ക് ശമനവുമുണ്ട്.
കുടിക്കുന്നതിന്റെ മര്യാദകൾ
ഇഹത്തിലും പരത്തിലുമുള്ള ദുരിതങ്ങളിൽ നിന്ന് മോചനം കിട്ടണമെന്ന വിചാരത്തോടുകൂടി സംസം വെള്ളം കുടിക്കുന്നത് സുന്നത്താണ്. കാരണം, നബി (സ) പറഞ്ഞിരിക്കുന്നു: സംസം വെള്ളം എന്തിനുവേണ്ടിയാണോ കുടിച്ചത് അതിനുവേണ്ടിയുള്ളതാണ്.
സുവൈദുബ്നു സഈദിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: മക്കയിൽ നിന്ന് അബ്ദുല്ലാഹിബ്നു മുബാറക് സംസം വെള്ളത്തിന്റെ അടുത്തുവന്നു. അതിൽ നിന്നു ഒരു കോരൽ വെള്ളമെടുത്തു കഅബയെ അഭിമുഖീകരിച്ചു ഇങ്ങനെ പറഞ്ഞു: അല്ലാഹുവേ, നബി (സ) പറഞ്ഞതായി ജാബിറിൽ നിന്നു മുഹമ്മദുബ്നുൽ മുൻകദിർ വഴി ഇബ്നു അബിൽ മവാലി എന്നോട് പറഞ്ഞിരിക്കുന്നു. സംസം വെള്ളം എന്തിനുവേണ്ടിയാണോ കുടിക്കുന്നത് അതിനുള്ളതാണ്. ഞാനിതു കുടിക്കുന്നത് അന്ത്യദിനത്തിലെ ദാഹത്തിനു ശമനം കിട്ടാനാണ്. എന്നിട്ടദ്ദേഹം ആ വെള്ളം കുടിച്ചു. (സ്വഹീഹായ പരമ്പരയോടെ അഹ് മദ്, ബൈഹഖി)
സംസം വെള്ളം
ഇബ്നുഅബ്ബാസിൽനിന്നു നിവേദനം. നബി തിരുമേനി പറഞ്ഞു: “സംസം വെള്ളം എന്തിനുവേണ്ടിയാണോ കുടിച്ചത് അതിനുവേണ്ടിയുള്ളതാണ്. രോഗശമനത്തിനാണ് നീ കുടിച്ചതെങ്കിൽ അല്ലാഹു നിന്റെ രോഗം സുഖപ്പെടുത്തും. നീ വിശപ്പിന്നാണ് കുടിച്ചതെങ്കിൽ അല്ലാഹു നിന്റെ വിശപ്പകറ്റും. ദാഹത്തിനാണ് കുടിച്ചതെങ്കിൽ അല്ലാഹു നിന്റെ ദാഹം ശമിപ്പിക്കും. ജിബ്രീൽ കുഴിച്ചതും ഇസ്മാഈലി (അ) ന്റെ ദാഹ ശമനത്തിനായി അല്ലാഹു ഉദ്ഭൂതമാക്കിയതുമാണത്. (ദാറഖുത്നി)
സംസം വെള്ളം മൂന്നുതവണയായി കുടിക്കുന്നതും ഖിബ് ലയെ അഭിമുഖീകരിക്കുന്നതും ധാരാളമായി കുടിക്കുന്നതും അന്നേരം അല്ലാഹുവിനെ സ് തുതിക്കുന്നതും ഇബ്നുഅബ്ബാസ് പ്രാർത്ഥിച്ച് പ്രാർത്ഥന നടത്തുന്നതും സുന്നത്താണ്. ഇബ്നു അബ്ബാസ് സംസം വെള്ളം കുടിച്ചാൽ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു.
اللهم إني أسألك علما نافعا ورزقا واسعا وشفاء من كل داء
(അല്ലാഹുവേ, ഉപകാരപ്രദമായ വിജ്ഞാനത്തിനും വിശാലമായ ആഹാരസൗകര്യത്തിനും എല്ലാ രോഗങ്ങളിൽ നിന്നുമുള്ള സുഖത്തിനും നിന്നോട് ഞാൻ ചോദിക്കുന്നു.)
സംസം കിണറിന്റെ ഉദ്ഭവം
ബുഖാരി ഇബ്നുഅബ്ബാസി (റ)ൽ നിന്നുദ്ധരിക്കുന്നു. ഹാജറ തനിക്കും തന്റെ കുട്ടിക്കും ദാഹം ബാധിച്ച സന്ദർഭത്തിൽ മർവയുടെ മുകളിൽ കയറിയ പ്പോൾ ഒരു ശബ്ദം കേട്ടു. അവർ പറഞ്ഞു: “മിണ്ടാതിരിക്ക്.” വീണ്ടും കേട്ടു ശബ്ദം. അവർ പറഞ്ഞു: “നീ കേൾപിച്ചിരിക്കുന്നു, നിന്റെ കയ്യിൽ വല്ല സഹായവുമുണ്ടെങ്കിൽ.” അപ്പോഴതാ സംസമിന്റെ സ്ഥാനത്ത് ഒരു മലക്ക്. അങ്ങനെ മലക്ക് തന്റെ കാലുകൊണ്ട് അല്ലെങ്കിൽ ചിറക് കൊണ്ട് അവിടെ കുഴിച്ചു; വെള്ളം പ്രത്യക്ഷപ്പെടുന്നതുവരെ. അപ്പോൾ ഹാജറ അത് കെട്ടിനിർത്താൻ തുടങ്ങി. എന്നിട്ട് കൈകൊണ്ട് കോരി തോൽപാത്രത്തിൽ നിറച്ചു. വെള്ളം കോരുന്നതിനനുസരിച്ച് വീണ്ടും വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഇബ്നു അബ്ബാസ് പറയുന്നു. നബി (സ) പറഞ്ഞു: ഇസ്മാഈലിന്റെ മാതാവിന് അല്ലാഹു കരുണ ചെയ്യട്ടെ. അവർ സംസം കെട്ടിനിർത്താതെ വിട്ടിരു ന്നുവെങ്കിൽ വെള്ളം കോരിയെടുക്കാതിരുന്നുവെങ്കിൽ എന്നാണോ നബി (സ) പറഞ്ഞതെന്നും റിപ്പോർട്ടർക്ക് സംശയമുണ്ട്. സംസം അനുസ്യൂതം ഒഴുകുന്ന ഒരരുവിയാകുമായിരുന്നു. ഇബ്നു അബ്ബാസ് പറയുന്നു. അങ്ങനെ അവർ അതിൽനിന്ന് കുടിക്കുകയും തന്റെ കുട്ടിയെ കുടിപ്പിക്കുകയും ചെയ്തു. അപ്പോൾ മലക്ക് അവരോട് പറഞ്ഞു: ഈ വെള്ളം പാഴായിപ്പോകുമെന്ന് നിങ്ങൾ ഭയപ്പെടേണ്ടതില്ല. ഇവിടെയാണ് അല്ലാഹു വിന്റെ ഭവനം. ഈ കുട്ടിയും അവന്റെ പിതാവും കൂടി അതു നിർമിക്കും. അല്ലാഹു അതിന്റെ ആളുകളെ പാഴാക്കുകയില്ല. ഒരു മണൽകുന്നു പോലെയാകുന്നു ആ ഭവനം. മലവെള്ളം വരുമ്പോൾ ആ കുന്നിന്റെ ഇടഭാഗത്തുകൂടെയും വലഭാഗത്തുകൂടെയും വെള്ളം വന്നു ചേരുന്ന പോലെ.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5