മിന: ആത്മസമര്‍പ്പണത്തിന്റെ തീര്‍ഥാടനകാലം കടന്ന് ഹാജിമാര്‍ മിനാ താഴ്വരയോട് വിടപറയുന്നു. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തിയായി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പകുതിയിലേറെ തീര്‍ഥാടകര്‍ ഞായറാഴ്ച വൈകുന്നേരത്തോടെ മിനായില്‍നിന്ന് തിരിച്ചു. ബാക്കിയുള്ളവര്‍ തിങ്കളാഴ്ച വൈകുന്നേരം മടങ്ങും. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഹാജിമാര്‍ ഞായറാഴ്ച വൈകുന്നേരത്തോടെ മക്കയിലെ താമസ കേന്ദ്രങ്ങളിലെത്തി. 23.5 ലക്ഷം പേര് പങ്കെടുത്ത ഈ വര്‍ഷത്തെ ഹജ്ജ് അനിഷ്ടസംഭവങ്ങളില്ലാതെയാണ് പര്യവസാനിക്കുന്നത്. ശാന്തമായിരുന്നു കര്‍മഭൂമിയായ മിനാ താഴ്വര. പരദേശികളായെത്തിയവര് ലോകസാഹോദര്യത്തിന്റെ വിളംബരം കുറിച്ച് ഒരുദേശക്കാരായാണ് ഇവിടെനിന്ന് മടങ്ങുന്നത്.
ഹറം വികസനത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായത് ലക്ഷക്കണക്കിന് പേര്‍ക്ക് ഒരേസമയം ഉംറയും ത്വവാഫും നിര്‍വഹിക്കാന്‍ സൗകര്യമായി. കര്‍മപ്രധാനമായ ഹജ്ജിന് സൗദി അധികൃതര്‍ ഒരുക്കിയ സംവിധാനങ്ങളുടെ വിജയം കൂടിയായിരുന്നു ഇത്. കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ലെന്ന് ഹജ്ജ് സെക്യൂരിറ്റി ഫോഴ്സ് മേധാവി മേജര്‍ ഇബ്രാഹിം അല്ബശ്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുറ്റമറ്റ സംഘാടനമാണ് ഇത്തവണ ഉണ്ടായത്. സുരക്ഷക്കും ഹാജിമാരുടെ സേവനത്തിനുംവേണ്ടി മാത്രം ഒരുലക്ഷത്തിലേറെ സേനയെ വിന്യസിച്ചു.
ഇന്ത്യയില്‍നിന്ന് 1,69,940 പേരാണ് ഇത്തവണ എത്തിയത്. 1,75,025 ആയിരുന്നു അനുവദിച്ച ക്വോട്ട. ഇതില്‍ സ്വകാര്യ ഗ്രൂപ്പില്‍ 45,000 പേര്‍ക്കായിരുന്നു അനുമതി. സര്‍ക്കാര്‍ ക്വോട്ടയില്‍ 5,085 പേര്‍ക്ക് കൂടി ഹജ്ജ് നിര്‍വഹിക്കാമായിരുന്നു. ഇന്ത്യയില്‍നിന്ന് ഹജ്ജിനെത്തിയ 65 പേര് മരിച്ചു. രണ്ടു സ്ത്രീകളുടെ പ്രസവവും നടന്നു. ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രായം കൂടിയ തീര്ഥാടകന് ഉത്തര്പ്രദേശുകാരന് അസ്ഗരി (103) ആണ്.
ഹജ്ജ് സേവനമേറ്റെടുത്ത കമ്പനിയുടെ വീഴ്ച കാരണം മലയാളികള്‍ ഉള്‍പ്പെടെ 3000ത്തിലേറെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ വളരെ വൈകിയാണ് പങ്കെടുക്കാനായത്. ഇത് വലിയ പരാതിക്കിടയാക്കി. അതേസമയം, ഇന്ത്യന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ പറഞ്ഞു. ഹജ്ജ് കര്‍മം പൂര്‍ത്തിയായതോടെ ആദ്യഘട്ടത്തില്‍ മദീന വഴി സൗദിയിലെത്തിയവര്‍ സ്വദേശങ്ങളിലേക്ക് മടങ്ങും. രണ്ടാംഘട്ടത്തില്‍ ജിദ്ദ വിമാനത്താവളം വഴി എത്തിയവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുക.