Hajj All Hajj Articles

അറഫാ ദിനത്തിന്റെ പ്രാധാന്യം

ഹജ്ജില്‍ ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് അറഫയിലെ നിര്‍ത്തം. അറഫയില്ലാതെ ഹജ്ജില്ല. ഹജ്ജിന്റെ റുക്‌നില്‍പെട്ട ഒന്നാണ് അറഫയില്‍ നില്‍ക്കല്‍. പ്രവാചകന്‍ അരുളി: ‘ഹജ്ജ് അറഫയാകുന്നു.’ അറഫയില്‍ നിര്‍ത്തം എന്നതുകൊണ്ട് ഉദ്ദേശ്യം അറഫയുടെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്നോ ഇരുന്നോ കിടന്നോ വാഹനത്തിലോ സൂര്യാസതമയം വരെ താമസിക്കുക എന്നാണ്.

അറഫാ ദിനമെന്നത് വളരെ പുണ്യകരമായ ഒരു ദിനമാണ്. പ്രവാചകന്‍ പറയുന്നു: ‘അല്ലാഹുവിങ്കല്‍ അറഫാ ദിവസത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു ദിവസമില്ല. അന്ന് അല്ലാഹു ഭൂമിയോട് ഏറ്റവും അടുത്ത് വരും. തുടര്‍ന്ന ആകാശവാസികളോട് ഭൂവാസികളെ കുറിച്ച് അഭിമാനത്തോടെ പറയും: എന്റെ അടിമകളെ നോക്കൂ! ജടപിടിച്ചവരും പൊടി പറ്റിയവരുമായി വിദൂര ദിക്കുകളില്‍ നിന്നും അവര്‍ എന്റെ അടുത്ത് വന്നിരിക്കുന്നു. എന്റെ കാരുണ്യം മാത്രം കാക്ഷിച്ച് കൊണ്ട്. എന്റെ ശിക്ഷയെ അവര്‍ കണ്ടിട്ടില്ല.’

അറഫാ ദിവസമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതും പാപങ്ങള്‍ പൊറുക്കപ്പെടുന്നതും. ആഇശാ(റ)ല്‍ നന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹു അറഫാ ദിവസത്തെക്കാള്‍ കൂടുതല്‍ നരകശിക്ഷയില്‍ നിന്ന് അടിമകളെ മോചിപ്പിക്കുന്ന മറ്റൊരു ദിവസമില്ല. അന്നവര്‍ കൂടുതല്‍ അടുത്തു വരികയും അവരുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാന പൂര്‍വം സംസാരിക്കുകയും ചെയ്യും. ഞാനവര്‍ക്ക് പൊറുത്തുകൊടുത്തതായി നിങ്ങള്‍ സാക്ഷ്യം വഹിക്കുക.’

അറഫ എന്ന പേരിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ആദമും ഹവ്വയും സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലെത്തിയശേഷം പരസ്പരം കണ്ടുമുട്ടി തിരിച്ചറിഞ്ഞ സ്ഥലമാണ് ഇതെന്ന് പറയപ്പെടുന്നു. എന്നാല്‍ അറഫയുടെ യഥാര്‍ഥ ഉദ്ദേശ്യം തന്റെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവേ തിരിച്ചറിയുകയെന്നതാണ്.

അറഫാ ദിവസമാണ് അല്ലാഹു ദീന്‍ പൂര്‍ത്തീകരിച്ചതെന്ന് ഒരു നിവേദനമുണ്ട്. ഈ ദിവസമാണ് സൂറ്ത്തുല്‍ മാഇദയിലെ ‘നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ ഇന്ന് പൂര്‍ത്തീകരിച്ച് തന്നിരിക്കുന്നു’ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശ്യമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അറഫാ ദിനത്തില്‍ നോമ്പിനും വലിയ ശ്രേഷ്ഠതയുണ്ട്. അറഫാ നോമ്പ് കഴിഞ്ഞ് പോയതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങളുടെ പാപങ്ങള്‍ പൊറുക്കുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്.

About the author

admin