മക്ക: അല്ലാഹുവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാനെത്തുന്നവര്‍ക്കുള്ള സേവനത്തില്‍ യാതൊരു വിവേചനവും കാണിക്കില്ലെന്ന് സൗദി ആഭ്യന്തര സുരക്ഷാ മന്ത്രാലയം വക്താവ് മന്‍സൂര്‍ അത്തുര്‍കി. മിനയിലെ സുരക്ഷാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിന്റെ സുഗമമായ നിര്‍വഹണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും സുരക്ഷ, ആരോഗ്യം, ഗതാഗതം തുടങ്ങിയ എല്ലാ സംവിധാനങ്ങളും സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ഥാടകരുടെ സുരക്ഷക്കും സേവനത്തിനുമായി ഒരു ലക്ഷം അംഗങ്ങളുള്ള സേനയെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ നിയോഗിക്കുകയും ചെയ്യും. ജംറയില്‍ കല്ലെറിയാല്‍ ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേക സമയം നിശ്ചയിച്ചു കൊടുക്കുകയും അപകട സാധ്യതയുള്ള മേഖലകളില്‍ മികച്ചി രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജിന്റെ സുരക്ഷക്ക് ഒരു ഭീഷണിയുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി. തീവ്രവാദ ഭീകരവാദനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തിന്റെ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. ഇനിയും ഏത് ഭീഷണയും നേരിടാന്‍ തയാറാണ്. ഓരോ ഹാജിയുടെയും സുരക്ഷ വളരെ പ്രധാനമാണ്. അച്ചടക്കമുള്ള ഹജ്ജാണ് രാജ്യം ആസൂത്രണം ചെയ്തത്. അതുകൊണ്ടാണ് അതിര്‍ത്തികവാടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കുന്നതും അനുമതിയില്ലാതെ ഹജ്ജിന് വരുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കുന്നതും. ഈ നടപടി ഫലവത്തായെന്നാണ് കഴിഞ്ഞ വര്‍ഷത്തെ അനുഭവം തെളിയിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഹജ്ജ് മന്ത്രാലയം പ്രതിനിധി ഹാതിം ഖാദി തുടങ്ങിയവരും വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തു.