ചോദ്യം: ഹജ്ജ് നിര്‍വഹിക്കുന്നതിന് സൗകര്യപ്രദമായ രീതിയില്‍ പിരീഡ് ടൈം നീട്ടുന്നതിന് ടാബ്ലറ്റ് കഴിക്കുന്നത് അനുവദനീയമാണോ?
റമദാനില്‍ വ്രതമനുഷ്ഠിക്കുന്നതിനും ഹജ്ജിന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനും സൗകര്യപ്രദമായ രീതിയില്‍ ആര്‍ത്തവത്തിന്റെ പിരീഡ് മാറ്റം വരുത്താന്‍ ടാബ്ലറ്റ് കഴിക്കുന്നതില്‍ വിരോധമില്ല. ശരീഅത്തിന് വിരുദ്ധമോ അപകടകരമോ അല്ലാത്ത കാലത്തോളം ഇത് അനുവദനീയമാണ്. അപകടകരമല്ലാത്ത മറ്റ് മാര്‍ഗങ്ങളും ഇതിന് ഉപയോഗപ്പെടുത്താവുന്നതാണ്. സ്പെഷ്യലിസ്റ്റുകളായ ഡോക്ടര്‍മാരുടെ ഉപദേശം ഈ വിഷയത്തില്‍ തേടേണ്ടതാണ്.
ആധുനികലോകത്തെ മിക്ക പണ്ഡിതന്മാരും ഇത്തരം ടാബ്ലറ്റുകള് കഴിക്കുന്നത് അനുവദനീയമാണ് എന്നാണ് ഫത്വ നല്‍കിയിരിക്കുന്നത്. കാരണം ശരീഅതില്‍ ഇത് ഹറാമാണ് എന്നതിന് തെളിവില്ല. അതുകൊണ്ട് തന്നെ ഹറാമാണെന്ന് വിധിവരാവുന്ന തരത്തില്‍ ശരീഅത്തിന്റെ ഏതെങ്കിലും ലക്ഷ്യത്തെ അത് ഹനിക്കുന്നതുവരെ ഇത് അനുവദനീയമാകുന്നു. സൗദിയിലെ പ്രശസ്ത പണ്ഡിതനായിരുന്ന അല്‍ബാനി അടക്കമുള്ള സലഫീ പണ്ഡിതരും ഈ അഭിപ്രായത്തെയാണ് പിന്തുണച്ചിരിക്കുന്നത്.
എന്നാല്‍ ഇത്തരം ടാബ്ലറ്റുകള് ആരോഗ്യത്തിന് ഹാനികരമാകുമെങ്കില്‍ അത് ഉപയോഗിക്കാന്‍ പാടില്ല. കാരണം ശരീരത്തെയും ആരോഗ്യത്തെയും ജീവനെയും സംരക്ഷിക്കുന്നത് ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഉള്പെട്ടതാണ്. ഹജ്ജിനിടയില്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് ശരീഅത്ത് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ആ ഇളവുകള്‍ ഉപയോഗപ്പെടുത്താതെ ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യമായ ആരോഗ്യസംരക്ഷണത്തെ അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ല. ഈ വീക്ഷണത്തിനാണ് ആധുനികകാലത്തെ ഒരു പ്രശസ്ത പണ്ഡിതനായ ശൈഖ് ഉസൈമീന്‍ മുന്‍ഗണന നല്‍കുന്നത്.
ചുരുക്കത്തില്‍ ഇത്തരം ടാബ്ലറ്റുകള് ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങള്‍ ഡോക്ടറുടെ ഉപദേശത്തിന്റെ വെളിച്ചത്തില്‍ സൂക്ഷമമായി പഠിച്ച ശേഷമാണ് ഇത് ഉപയോഗിക്കാമോ പറ്റില്ലേ എന്ന് തീരുമാനിക്കേണ്ടത്.