Hajj All Umra

ഉംറയുടെ കാലം

ഏതു കാലത്തും ഉംറ ചെയ്യാമെന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. വര്‍ഷത്തില്‍ ഏത് ദിവസവും അത് നിര്‍വഹിക്കാം. എന്നാല്‍ അറഫാദിവസം, നഹ്‌റിന്റെ ദിവസം, തശ്‌രീഖിന്റെ മൂന്ന് ദിനങ്ങള്‍ എന്നീ അഞ്ച് ദിനങ്ങളില്‍ ഉംറ പാടില്ലെന്നാണ് അബൂഹനീഫയുടെ വീക്ഷണം. അറഫാദിവസവും തുടര്‍ന്നുള്ള മൂന്ന് ദിവസവും ഉംറ കറാഹത്താണ്. (അബൂയൂസുഫ്)

ഹജ്ജിന്റെ മാസങ്ങളില്‍ ഉംറ നിര്‍വഹിക്കാമെന്നതില്‍ എല്ലാവരും യോജിച്ചിരിക്കുന്നു. ഇക്‌രിമ പറഞ്ഞു: ഞാന്‍ അബ്ദുല്ലാഹിബ്‌നു ഉമറിനോട് ഹജ്ജിന് മുമ്പ് ഉംറ ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതിന് യാതൊരു കുഴപ്പവുമില്ല, നബി(സ) ഹജ്ജ് ചെയ്യുന്നതിന് മുമ്പ് ഉംറ നിര്‍വഹിച്ചിട്ടുണ്ട്.

ജാബിര്‍(റ) നിവേദനം ചെയ്യുന്നു: ആഇശ ഋതുമതിയായിരിക്കെ ത്വവാഫൊഴികെയുള്ള ഹജ്ജിന്റെ എല്ലാ കര്‍മങ്ങളും നിര്‍വഹിച്ചു. പിന്നീട് ശുദ്ധിയായപ്പോള്‍ ത്വവാഫും നടത്തി. അവര്‍ പ്രവാചകനോട് പരാതിപ്പെട്ടു: പ്രവാചകരെ, നിങ്ങള്‍ ഹജ്ജും ഉംറയുമായി പിരിഞ്ഞുപോവുകയാണ്. ഞാനാണെങ്കില്‍ ഹജ്ജു മാത്രം. അപ്പോള്‍ പ്രവാചകന്‍ അവരോട് സഹോദരന്‍ അബ്ദുര്‍റഹ്മാനെയും കൂട്ടി തന്‍ഈമിലേക്ക് പോകുവാന്‍ കല്‍പിച്ചു. ദുല്‍ഹജ്ജില്‍ ഹജ്ജിന് ശേഷം ആഇശ അപ്രകാരം ഉംറ നിര്‍വഹിച്ചു.

About the author

admin