ഹറമിന്റെ പുറത്ത് പോവുകയും തന്‍ഈം, ജിഅറാന പോലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇഹ്റാം ചെയ്തുകൊണ്ട് ഉംറ ആവര്‍ത്തിച്ചു ചെയ്യുന്നതിന് ഉംറ മക്കിയ്യ എന്നു പറയുന്നു. ഇതിന് പൂര്‍വികരായ അന്സ്വാരികളുടെയോ മുഹാജിറുകളുടെയോ മാതൃകയില്ലെന്ന് ഇമാം ഇബ്നുതൈമിയ്യ രേഖപ്പെടുത്തുന്നു. ഉംറ മക്കിയ്യയെക്കാള് ത്വവാഫ് വര്‍ദ്ധിപ്പിക്കുന്നതാണ് ശ്രേഷ്ഠമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അബ്ദല്ലാഹ് ബിനു സുബൈര്‍ ഇപ്രകാരം ചെയ്തപ്പോള്‍ സ്വഹാബികള്‍ അത് നിരുള്സാഹപ്പെടുത്തുകയുണ്ടായി. കാരണം ആഇശ(റ) ഹറമിന് പുറത്തുപോയി ഇഹ്റാമില്‍ പ്രവേശിച്ച് തിരിച്ചെത്തി ഉംറ നിര്‍വഹിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. കാരണം ആര്‍ത്തവം കാരണം നഷ്ടപ്പെട്ട ഉംറയാണ് ആഇശ നിര്‍വഹിച്ചത്. അതുകൊണ്ട്തന്നെ ഇത്തരം ഉംറ എന്തെങ്കിലും കാരണം കൊണ്ട് ആദ്യം ഉംറ നിര്‍വഹക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് മാത്രമാണെന്നാണ് സ്വഹാബികള്‍ മനസ്സിലാക്കിയത്. ഉംറ മക്കിയക്കിത് മാതൃകയല്ല. മാത്രമല്ല, ആഇശയുടെ കൂടെ പോയ സഹോദരന് അബ്ദുര്‍റഹ്മാന്‍ ഉംറ നിര്വഹിച്ചിട്ടില്ലായിരുന്നു. ഇബ്നു അബ്ബാസും ഈ വീക്ഷണത്തെയാണ് പിന്തുണച്ചത്.