Hajj All Umra

ഉംറ

സന്ദര്‍ശനം എന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്നതില്‍ നിന്നാണ് ഉംറ എന്ന പദമുണ്ടായത്. ഇഹ്‌റാമോടെ കഅ്ബാ സന്ദര്‍ശനം, ത്വവാഫ്, സഅ്‌യ്, മുടിമുറിക്കുകയോ തലമുണ്ഡനം ചെയ്യുകയോ ചെയ്യല്‍ എന്നീ കര്‍മങ്ങള്‍ ചെയ്യുന്നതിനാണ് ഉംറയെന്ന് പറയുന്നത്. ഹജ്ജ് പോലെ തന്നെ ജീവിതത്തില്‍ ഒരിക്കലാണ് ഉംറ ചെയ്യേണ്ടത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ‘നിങ്ങള്‍ ഹജ്ജും ഉംറയും അല്ലാഹുവിന് വേണ്ടി പൂര്‍ത്തീയാക്കി ചെയ്യുക’ (2:196).

പ്രവാചകന്‍ അരുളി: ‘ഒരു ഉംറ മറ്റൊരു ഉംറക്കിടയിലുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്.’ (ബുഖാരി, മുസ്‌ലിം) ഒരിക്കല്‍ ആഇശ(റ) നബിയോട് ചോദിച്ചു: സ്ത്രീകള്‍ക്ക് ജിഹാദ് നിര്‍ബന്ധമാണോ? പ്രവാചകന്‍ പറഞ്ഞു: ‘അവര്‍ക്ക് സമരമില്ലാത്ത ജിഹാദ് നിര്‍ബന്ധമാണ് ഹജ്ജും ഉംറയും’ (അഹ്മദ്). ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: ‘റമദാനിലെ ഒരു ഉംറ ഹജ്ജിന് സമമാണ്.’ (അഹ്മദ്, ഇബ്‌നു മാജ)

അബൂ ഹുറൈറയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു ഉംറ മറ്റൊരു ഉംറക്കിടയിലുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (അഹ്മദ്, ബുഖാരി, മുസ്‌ലിം)

ഉംറ നിര്‍ബന്ധമാകുന്നതിനുള്ള ഉപാധി തന്നെയാണ് ഹജ്ജ് നിര്‍ബന്ധമാകാനും ഉള്ളത്. ഉംറക്ക് പ്രത്യേക കാലമില്ല. ഏതുകാലത്തും ഉംറ നിര്‍വഹിക്കാവുന്നതാണ്. അതുകൊണ്ട് കൂടിയാകാം ഈ കര്‍മത്തിന് ഉംറ എന്ന പേര് സിദ്ധിച്ചത്. ജീവിതം, ജീവിതകാലം, ആയുസ്, വയസ്സ് എന്നീ അര്‍ഥങ്ങളുള്ള ‘ഉംറും’ ‘ഉറയും’ തമ്മില്‍ ബന്ധമുണ്ട്. ഉംറ സ്വതന്ത്രമായും ഹജ്ജിന്റെ കൂടെയും നിര്‍വഹിക്കാവുന്നതാണ്. ഹജ്ജിന്റെ മീഖാത്തുകള്‍ തന്നെയാണ് ഉംറയുടെയും മീഖാത്തുകള്‍. എന്നാല്‍ മക്കാ നിവാസികള്‍ ഉംറക്ക് ഇഹ്‌റാം ചെയ്യുന്നതിന് ഹറമിന്റെ പുറത്തു പോകല്‍ നിര്‍ബന്ധമാണ്.

About the author

admin