Hajj All Hajj Articles

ത്യാഗം ആഘോഷമാക്കിയ ഇസ്‌ലാമിക സംസ്‌കാരം

മാനവകുലത്തിന് സുപരിചിതമായ ആശയമാണ് പെരുന്നാള്‍. സന്തോഷയും, ആഘോഷവും നിറഞ്ഞൊഴുകുന്ന, പരമാവധി ആഹ്ലാദിക്കുകയും, ആര്‍മാദിക്കുകയും ചെയ്യുന്ന നിമിഷങ്ങളാണ് പെരുന്നാളിന്റേത്. പാര്‍ട്ടി നടത്തിയും, പടക്കം പൊട്ടിച്ചും, മദ്യം കുടിച്ചും, ധൂര്‍ത്തടിച്ചും പെരുന്നാളുകളാഘോഷിക്കുന്ന പല മതാനുയായികളെയും, വ്യക്തികളെയും നമുക്ക് അറിയാവുന്നതാണ്. ആഘോഷങ്ങളിലും, സന്തോഷ പ്രകടനങ്ങളുടെ കെട്ടിലും മട്ടിലും മുഴച്ച് നില്‍ക്കുന്ന ആശയം ‘ഞാന്‍’ ‘ഞങ്ങള്‍’ തുടങ്ങിയവയായിരിക്കും. എന്റെ ദിവസമാണിന്ന്, ഞാനത് വേണ്ടത് പോലെ ആഘോഷിക്കും, ഞങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയാണിത് തുടങ്ങിയവയൊക്കെയാണ് പ്രചോദനങ്ങള്‍.

ഇതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ് ഇസ്‌ലാം സമര്‍പ്പിക്കുന്ന പെരുന്നാള്‍. രണ്ട് പെരുന്നാളുകള്‍ നിശ്ചയിച്ച നാഥന്‍, അവ രണ്ടും ത്യാഗവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. നീണ്ട ഒരു മാസക്കാലത്തെ ഉപവാസം നിര്‍വഹിച്ച ശേഷം, രാത്രി നിന്ന് നമസ്‌കരിച്ചതിന് ശേഷം കടന്ന് വരുന്നതാണ് ഈദുല്‍ ഫിത്വ്ര്‍ അഥവാ ചെറിയ പെരുന്നാള്‍. ഹജ്ജ് നിര്‍വഹിക്കാന്‍ സമ്പത്തും, ആരോഗ്യവും ത്യജിച്ച് ദൈവസന്നിധിയിലെത്തുന്ന ദാസന്മാരില്‍ നിന്നാണ് ബലിപെരുന്നാള്‍ മുളപൊട്ടുന്നത് തന്നെ.

ആഘോഷങ്ങളെ ത്യാഗവുമായി ബന്ധപ്പെടുത്തിയെന്ന് മാത്രമല്ല, പെരുന്നാള്‍ ആഘോഷിക്കേണ്ടത് മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നതിലൂടെയാണ് എന്ന് കൂടി ഇസ്‌ലാം പഠിപ്പിച്ചു. ആഘോഷങ്ങളില്‍ നിന്നുള്ള സന്തോഷം സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതല്ല, ദരിദ്രരുടെ മുറ്റത്ത് വരേണ്യവര്‍ഗം പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ടതല്ല, പുതുപുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് വിശന്ന് വയറൊട്ടി ജീവിക്കുന്നവരുടെ മുന്നിലൂടെ ഗമയില്‍ നടന്ന് പോകലുമല്ല. മറിച്ച് ദരിദ്രരെ സഹായിച്ച്, അഗതിയെ ഊട്ടി, അനാഥന് വസ്ത്രം നല്‍കി ഉള്ളത് പരസ്പരം പങ്ക് വെച്ച് ആഘോഷിക്കുന്നവയാണ് ഇസ്‌ലാമിലെ പെരുന്നാളുകള്‍.

ഇസ്‌ലാം പെരുന്നാളുകള്‍ക്ക് നല്‍കിയ നാമങ്ങള്‍ പരിശോധിച്ച് നോക്കൂ. ചെറിയപെരുന്നാളിന്റെ പിറ കണ്ടത് മുതല്‍ അവന്‍ ഓടിനടക്കുകയാണ്. മൈലാഞ്ചിയണിഞ്ഞ് സുഗന്ധം വീശി നടക്കാനല്ല. മറിച്ച് അല്ലാഹുവിന്റെ പ്രവാചകന്‍ ചര്യയാക്കിയ ദരിദ്രന്റെ അവകാശം അഥവാ ഫിത്വ്ര്‍ സകാത്ത് അര്‍ഹമായവര്‍ക്ക് എത്തിച്ച് നല്‍കാന്‍. ചെറിയ പെരുന്നാളിന്റെ ആണിക്കല്ല് ആ നിര്‍ബന്ധദാനമാണ്. എല്ലാവരും നല്‍കേണ്ട എന്നാല്‍ ദരിദ്രര്‍ മാത്രം സ്വീകരിക്കേണ്ട ദാനം. അതിനാല്‍ ആഘോഷത്തിന് നല്‍കിയ നാമം ഈദുല്‍ ഫിത്വ്ര്‍ അഥവാ ദാനം ചെയ്ത് കൊണ്ട് ഉപവാസം അവസാനിപ്പിച്ച പെരുന്നാള്‍.

ബലിപെരുന്നാള്‍ മലയാളത്തിലും അറബിയിലും ബലിയുടെ പെരുന്നാള്‍ തന്നെയാണ്. ദൈവിക പ്രീതി കാംക്ഷിച്ച് അങ്ങ് കഅ്ബാലയത്തില്‍ മാത്രമല്ല, ഇങ്ങ് ഓരോ കുഗ്രാമങ്ങളിലും ബലികര്‍മം നിര്‍വഹിക്കപ്പെടുന്നു. അതില്‍ നിന്ന് അഗതിക്കും, പട്ടിണിയനുഭവിക്കുന്നവനും മാംസവിതരണം നടത്തുന്നു. ഇവിടെയും ഞാന്‍ എന്നതിന് പകരം നാം എന്ന് ചിന്തിക്കുന്ന, സമൂഹത്തിന് വേണ്ടി പണിയെടുക്കുന്ന മുസ്‌ലിം രൂപപ്പെടുന്നു.

മാനവചരിത്രത്തിന് സുപരിചിതമല്ലാത്ത ആശയമാണ് ഇവ. ത്യാഗം ആഘോഷിച്ച ഇസ്‌ലാമിക സംസ്‌കാരത്തിന് ചരിത്രത്തില്‍ തുല്യതയില്ല. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, മകന്റെ കഴുത്തില്‍ കത്തിവെക്കാന്‍ കല്‍പിക്കപ്പെട്ടതിന് ശേഷം, വിജനമായ മക്കയില്‍ കുടുംബത്തെ ഉപേക്ഷിക്കാന്‍ ആജ്ഞാപിക്കപ്പെട്ടതിന് ശേഷമാണ് പ്രവാചകന്‍ ഇബ്‌റാഹീം(അ) പെരുന്നാള്‍ ആഘോഷിക്കുന്നത്. ശഅ്ബ് അബീത്വാലിബില്‍ ഉപരോധിക്കപ്പെട്ടതിന് ശേഷം, നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, വര്‍ഷങ്ങള്‍ നീണ്ട ത്യാഗനിര്‍ഭരമായ ജീവിതത്തിന് ശേഷമാണ് മുഹമ്മദ്(സ) പെരുന്നാളിന്റെ മധുരം നുകര്‍ന്നത്.

പെരുന്നാള്‍ നല്‍കുന്ന സന്ദേശവും ഇത് തന്നെയാണ്. സ്വന്തത്തിന് വേണ്ടി ജീവിക്കുകയും, എന്ത് നെറികേടുകളും കാണിക്കാന്‍ തയ്യാറാവുന്ന ആധുനിക ജനതക്ക് മുന്നില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ സന്നദ്ധമായ ഒരു തലമുറയെ രൂപപ്പെടുത്തുന്നതാവണം നമ്മുടെ പെരുന്നാള്‍.

About the author

admin