ദുല്‍ഹജ്ജ് എട്ടിന് ‘യൗമുത്തര്‍വിയ’ എന്നും പേരുണ്ട്. പണ്ട് കാലത്ത് മിനയിലും അറഫയിലും വെള്ളം ലഭ്യമായിരുന്നില്ല. അതിനാല്‍ ഹാജിമാര്‍ മക്കയില്‍ നിന്ന് മതിയായ വെള്ളം വഹിച്ചായിരുന്നു അന്നേ ദിവസം മിനയിലേക്ക് പുറപ്പെട്ടിരുന്നത്. അതുകൊണ്ടാണ് വെള്ളം വഹിച്ച് കൊണ്ടു പോകുന്ന ദിവസമെന്ന അര്‍ഥത്തില്‍ ദുല്‍ഹജ്ജ് 8ന് ‘യൗമുത്തര്‍വിയ’ എന്ന നാമം ലഭിച്ചത്. ഹസ്രത്ത് ഇബ്റാഹീം പുത്രബലി സംബന്ധമായി ദര്‍ശിച്ച സ്വപ്നം സത്യമോ മിഥ്യയോ എന്ന ചിന്തയില്‍ മുഴുകിയ ദിവസമായതിനാല്‍ അതിന് പ്രസ്തുത നാമം ലഭിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഈ സ്വപ്നം യാഥാര്‍ഥ്യമാണെന്ന് ദുല്‍ഹജ്ജ് 9ന് ബോധ്യപ്പെട്ടതുകൊണ്ടാണതിന് അറഫാദിനമെന്ന് പേര് ലഭിച്ചത്.
ഹജ്ജിന് ഇഹ്റാം ചെയ്തവര്‍ ദുല്‍ഹജ്ജ് 8ന് മിനയിലേക്ക് പുറപ്പെടണം. ഉംറ കഴിഞ്ഞ് ഇഹ്റാമില്‍ നിന്ന് ഒഴിഞ്ഞവരും മക്കാനിവാസികളും ദുല്‍ഹജ്ജ് 8നാണ് ഹജ്ജിനായി ഇഹ്റാം ചെയ്യേണ്ടത്. ഇങ്ങനെ ഇഹ്റാം ചെയ്യുന്നവര്‍ അവരവരുടെ താമസസ്ഥലത്തുനിന്നാണ് ഇഹ്റാമില്‍ പ്രവേശിക്കേണ്ടത്. ഹറമിന്റെ അടുത്ത് പോയി ഇഹ്റാം ചെയ്യണമെന്നില്ല. സുഗന്ധദ്രവ്യം പൂശുകയും കുളിക്കുകയും ചെയ്യുന്നത് സുന്നത്താണ്. മിനായിലേക്ക് പോകുന്നതിന് മുമ്പ് ത്വവാഫ് പ്രവാചകന് പഠിപ്പിച്ചിട്ടില്ല.
ഈ ദിവസം ളുഹ്റ്, അസര്‍, മഗ്രിബ്, ഇശാ എന്നീ നമസ്കാരങ്ങളും അടുത്ത ദിവസം സുബ്ഹിയും മിനയില്‍ നിര്‍വഹിക്കണം. രാത്രി അവിടെ താമസിക്കുകയും ചെയ്യണം. മിനായില്‍ എല്ലാ നമസ്കാരങ്ങളും അവയുടെ സമയത്താണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ നാലു റക്അത്തുള്ള നമസ്കാരങ്ങള്‍ ചുരുക്കി (ഖസ്റാക്കി) നമസ്കരിക്കണം. മിനായിലേക്ക് ദുല്‍ഹജ്ജ് 8ന് മുമ്പ് പുറപ്പെടലും അനുവദനീയമാണ്. അങ്ങിനെ സ്വഹാബികള്‍ ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഒരാള്‍ ദുല്‍ഹജ്ജ് 8ന് മിനയിലേക്ക് പുറപ്പെട്ടില്ലെങ്കിലും അത് ഹജ്ജിനെ ബാധിക്കില്ല. കാരണം അത് ഹജ്ജിന്റെ സുന്നത്ത് മാത്രമാണ്. സുന്നത്ത് ഉപേക്ഷിക്കുന്നത് നല്ലതല്ല എങ്കിലും ഒരാള്‍ ദുല്‍ഹജ്ജ് 8ന് നേരെ അറഫയിലേക്ക് പോയാലും അയാളുടെ ഹജ്ജ് സാധുവാകുന്നതാണ്. മിനായിലേക്ക് പുറപ്പെടുമ്പോള്‍ കൂടുതലായി തല്‍ബിയത്ത് ചൊല്ലുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത് സുന്നത്താകുന്നു. അനാവശ്യ സംസാരം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.