ഹജ്ജിലെ ഏറ്റവും തിരക്കു പിടിച്ച ദിവസമാണ് ദുല്‍ഹജ്ജ് പത്ത്. യൗമുന്നഹ്റ് എന്നും ഈ ദിനത്തിന് പേരുണ്ട്. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.
1) ജംറത്തുല്‍ അഖബയില്‍ കല്ലെറിയുക
ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്ന് മിനായില്‍ എത്തിയാല്‍ ആദ്യമായി ചെയ്യുന്ന കര്‍മമാണ് ജംറത്തുല്‍ അഖബയിലെ കല്ലേറ്. ജംറയുടെ ആടുത്തെത്തിയാല് തല്‍ബിയത്ത് നിര്‍ത്തുകയും കല്ലുകള്‍ ജംറയില്‍ എറിയുകയും ചെയ്യുക. ഏഴുകല്ലുകള്‍ ഒറ്റക്കൊറ്റക്കാണ് എറിയേണ്ടത്. കല്ലുകള്‍ എറിയുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് ചൊല്ലല്‍ സുന്നത്താണ്. കഅ്ബയെ ഇടതുവശത്തും മിനയെ വലത് വശത്തുമാക്കിയാണ് എറിയേണ്ടത്. പ്രവാചകന് സൂര്യോദയത്തിന് ശേഷം പൂര്‍വാഹ്ന സമയത്താണ് എറിഞ്ഞത്.
മുസ്ദലിഫയില്‍ നിന്നും ദുല്‍ഹജ്ജ് 9ന് രാത്രി തിരിച്ചെത്തിയവര്‍ക്ക് നേരം പുലരുന്നതിന് മുമ്പ് തന്നെ ജംറയില്‍ കല്ലെറിയാവുന്നതാണ്. പെരുന്നാളിന്റെ രാത്രിമുതല്‍ മധ്യാഹ്നം വരെയാണ് കല്ലെറിയാനുള്ള സമയം. അയ്യാമുത്തശ്രീഖിന്റെ സൂര്യാസ്തമയം വരെ കല്ലെറിയാവുന്നതാണ്.
2) ബലിയറുക്കല്‍
ജംറത്തുല്‍ അഖബയിലെ കല്ലേറു കഴിഞ്ഞാന്‍ ബലിയറുക്കുന്നവര്‍ അത് ചെയ്യണം. മുതമത്തിഉകള്ക്കും ഖാരിനുകള്ക്കും ബലി നിര്‍ബന്ധമാണ്. അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്യണം. എന്നാല്‍ പ്രായശ്ചിത്തമായി അറുത്ത ബലിമൃഗത്തിന്റെ മാംസം അറുക്കുന്ന ആളുകള്‍ക്ക് ഭക്ഷിക്കാവതല്ല. അത് പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടതാണ്. ബലി കര്‍മം ദുല്‍ഹജ്ജ് പത്തിന് തന്നെ നിര്‍വഹിക്കല്‍ നിര്‍ബന്ധമില്ല. അയ്യാമുത്തശ്രീഖിന്റെ ദിനങ്ങളിലും (ദുല്‍ഹജ്ജ് 11,12,13) ബലിയറുക്കാവുന്നതാണ്. പത്തിന് തന്നെ ബലിയറുക്കുന്നതാണ് ഉത്തമം. ഹറമില്‍ എവിടെയും ബലിയറുക്കാവുന്നതാണ്. സ്വയം ബലിയറുക്കുകയോ അതിന് മറ്റൊരാളെ ഏല്പിക്കുകയോ ചെയ്യാവുന്നതാണ്.
3) മുടിയെടുക്കല്‍
ബലിക്ക് ശേഷം ഹാജിമാര്‍ മുടിമുറിക്കണം. മുടി മുഴുവനായി മുണ്ഡനം ചെയ്യുകയോ വെട്ടുകയോ ആവാം. മുണ്ഡനം ചെയ്യുന്നതാണ് ഉത്തമം. സ്ത്രീകള്‍ മുടിയുടെ അറ്റത്തുനിന്നും കുറച്ചാണ് വെട്ടേണ്ടത്.
4) ത്വവാഫുല്‍ ഇഫാദ
ഹജ്ജിന്റെ നിര്‍ബന്ധ ത്വവാഫാണ് ത്വവാഫുല്‍ ഇഫാദ. ദുല്‍ഹജ്ജ് പത്തിനു നിര്‍വഹിക്കുന്നതാണ് നല്ലത്. അത് പിന്തിക്കുന്നതിനും വിരോധമില്ല. പക്ഷെ, ഹജ്ജിന്റെ പ്രായശ്ചിത്തമില്ലാത്ത ഒരു റുക്ന് ആയതുകൊണ്ടും ഇഹ്റാമില്‍നിന്ന് ഒഴിവാകാന്‍ അത് ഉപാധിയായതുകൊണ്ടും കഴിവതും നേരത്തെ നിര്‍വഹിക്കുന്നതാണ് ഉത്തമം.
5) സഅ്യ്
ഹജ്ജിന്റെ മറ്റൊരു കര്‍മമാണ് സഫാമര്വകള്ക്കിടയിലെ ഓട്ടം. സഅ്യ് എന്നാണ് ഇത് അറിയപ്പെടുന്നത്. ത്വവാഫുല്‍ ഇഫാദക്ക് ശേഷമാണ് സഅ്യ് ചെയ്യേണ്ടത്.
6) തഹല്ലുല്‍
ജംറത്തുല്‍ അഖബയിലെ കല്ലേറും മുടിമുറിക്കലും കഴിഞ്ഞാല്‍ ഹാജിമാര്‍ക്ക് ഇഹ്റാമില്‍ നിന്ന് ഭാഗികമായി ഒഴിയാവുന്നതാണ്. ഇതിന് ഒന്നാം തഹല്ലുല്‍ എന്ന് പറയുന്നു. സ്ത്രീപുരുഷ സംസര്ഗമൊഴികെ ഇഹ്റാമിലുള്ളവര്‍ക്ക് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അവര്‍ക്ക് ചെയ്യാവുന്നതാണ്. ത്വവാഫുല്‍ ഇഫാദകൂടി കഴിഞ്ഞാല്‍ അതും അനുവദനീയമാകും. ഇതിന് രണ്ടാം തഹല്ലുല്‍ എന്ന് പറയും.