ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് www.haj.gov.in തുറന്നു. ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലായാണ് വെബ്സൈറ്റുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സൗകര്യമടക്കം ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളുമുള്‍ക്കൊള്ളുന്ന തരത്തില്‍ സമഗ്രമാണിതെന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ന്യൂനപക്ഷ മന്ത്രാലയം, ഹജ്ജ് വകുപ്പ്, ഹജ്ജ് തീര്‍ഥാടനം, അതിന്റെ ചട്ടങ്ങള്‍ നിയന്ത്രണങ്ങള്‍, ഹജ്ജ് യാത്രയില്‍ അനുവദനീയമായതും അനുവദനീയമല്ലാത്തതുമായ കാര്യങ്ങള്‍ എന്നിവയെല്ലാം വെബ്സൈറ്റിലുണ്ട്. ഹജ്ജ് യാത്ര സംഘടിപ്പിക്കുന്ന പ്രൈവറ്റ് ടൂര്‍ ഓപറേറ്റര്‍മാരുടെ വിവരങ്ങളും സൈറ്റിലുണ്ട്.