Hajj All Udhiyath

ബലിമൃഗങ്ങള്‍

ഒട്ടകം, മാട്, ആട് എന്നിവയാണ് ബലിമൃഗങ്ങള്‍. ഈ മൂന്നു വര്‍ഗങ്ങളില്‍പെട്ടതല്ലാത്ത ജീവികള്‍ ബലികര്‍മത്തിന് യോഗ്യമല്ല. അല്ലാഹു പറയുന്നു: ‘ഓരോ സമുദായത്തിനും നാം ഓരോ ബലിനിയമം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്കേകിയ കന്നുകാലികളില്‍ അവന്റെ നാമമുച്ചരിച്ച് അറുക്കാന്‍വേണ്ടിയാണിത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ നിങ്ങളവനുമാത്രം വഴിപ്പെടുക. വിനയം കാണിക്കുന്നവരെ ശുഭവാര്‍ത്ത യറിയിക്കുക.’

ചെമരിയാടിന് ആറുമാസം പ്രായമായാല്‍ ഉദുഹിയ്യത്തിന് യോഗ്യമായി. കോലാടിന് ഒരു വയസ്സാകണം. ഗോവിന് രണ്ട് വയസ്സും. ഒട്ടകത്തിന് അഞ്ച് വയസ്സ് തികഞ്ഞാലേ ബലിയറുക്കാവൂ. വയസ്സിന്റെ കാര്യത്തില്‍ ആണും പെണും തമ്മില്‍ വ്യത്യസമില്ല. പ്രവാചകന്‍ പറഞ്ഞതായി അബൂഹുറൈറയില്‍ നിന്ന് അഹ്മദും തിര്‍മിദിയും ഉദ്ധരിക്കുന്നു: ‘ചെമ്മരിയാടില്‍ നിന്നുള്ള ‘ജദഅ്’ എത്രയും നല്ല ഉദ്ഹിയ്യത്താകുന്നു’.

ഉഖ്ബതുബ്‌നു ആമിറില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു. അദ്ദേഹം നബി(സ)യോട് പറഞ്ഞു: തിരുദൂതരേ, എനിക്കൊരു ജദഇനെ കിട്ടിയിട്ടുണ്ട്. തിരുമേനി പറഞ്ഞു: അതിനെ ബലിയറുത്തുകൊള്ളുക.

റസൂല്‍(സ) പറഞ്ഞതായി ജാബിര്‍(റ)ല്‍ നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു: ‘മുസിന്നതിനെയല്ലാതെ ബലിയറുക്കരുത്. അതു പ്രയാസകരമാണെങ്കില്‍ ജദഅത്ത് ആയ കോലാടിനെ അറുത്തുകൊള്ളുക.’

അഞ്ചു വയസ്സ് പ്രായമുള്ളതാണ് ഒട്ടകത്തില്‍ മുസിന്നത്ത്. രണ്ട് വയസ്സായതാണ് ഗോവര്‍ഗത്തിലെ മുസിന്നത്ത്. ചെമ്മരിയാട് ഒരു വയസ്സായാല്‍ മുസിന്നത്തായി. അണപ്പല്ല് വരുന്നതുകൊണ്ടാണ് ഈ പ്രായത്തിന് മുസിന്ന (പല്ലുള്ളത്) എന്നു പറയുന്നത്.

About the author

admin