ഹജ്ജുകാലത്തും അല്ലാതെയും മുസ്ലിംകള് സന്ദര്‍ശിക്കുന്ന ഒരു പുണ്യ നഗരമാണ് മദീന. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറായി സമുദ്ര നിരപ്പില്‍നിന്ന് 625 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മദീന ചെങ്കടലില്‍നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെയാണ്. കിഴക്കും പടിഞ്ഞാറും കറുത്ത കല്ലുകളാല്‍ നിബിഡമാണ്. ആ സ്ഥലങ്ങള്‍ ‘അല്‍ഹര്‍റശ്ശര്‍ഖിയ്യ’, ‘അല്‍ഹര്‍റല്‍ ഗര്‍ബിയ്യ’ എന്നീ പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ചുറ്റുഭാഗത്തും മലകളുണ്ട്.
മദീനയില്‍ മൂന്ന് താഴ്വരകളുണ്ട്. അതിലെ പ്രധാന താഴ്വരയാണ് വാദി അഖീഖ്. അവിടെയാണ് വിശ്വപ്രസിദ്ധമായ മദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്.
അമ്പത് കിലോമീറ്ററാണ് മദീനയുടെ വിസ്തീര്‍ണം. ഉഷ്ണകാലത്ത് അത്യുഷ്ണവും ശൈത്യകാലത്ത് അതിശൈത്യവുമാണ് കാലാവസ്ഥ.
യസ്രിബ് എന്ന പേരിലാണ് മദീന മുമ്പ് അറിയപ്പെട്ടിരുന്നത്. നബി(സ)യും സഹാബികളും മക്കയില്‍ നിന്ന് അങ്ങോട്ട് പലായനം ചെയ്യുകയും അവിടെ ഒന്നാമത്തെ ഇസ്ലാമിക രാഷ്ട്രം സംസ്ഥാപിതമാവുകയും ചെയ്തപ്പോള്‍ അത് ‘മദീനത്തുര്‍റസൂല്‍’ (പ്രവാചകനഗരി) ആയി. ‘അല്‍ മദീനത്തുല്‍ മുനവ്വറ’ (പ്രശോഭിത നഗരം) എന്ന പേരിലാണ് ഇന്നത് അറിയപ്പെയുന്നത്.
ഇബ്റാഹീം(അ) മക്കയെ പവിത്രമായി പ്രഖ്യാപിക്കുകയും അവിടത്തെ നിവാസികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തതുപോലെ നബി(സ) മദീനയെ പവിത്രമായി പ്രഖ്യാപിക്കുകയും അവിടത്തെ നിവാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുകയുണ്ടായി. മദീനയിലെ ‘ഈര്’ മല മുതല്‍ ‘സൗര്‍’ മല വരെയുള്ള സ്ഥലം ഹറമാണെന്ന് നബി(സ) പ്രസ്താവിച്ചതായി അലി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.