സ്വഫാ മര്വകള്കിടയില് 394.5 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ട്. സ്വഫാ മര്‍വകള്‍ക്കിടയില്‍ ഓടുന്ന ഈ സ്ഥലത്തിനാണ് മസ്ആ എന്ന് പറയുക. മുമ്പ് കാലത്ത് ഈ മസ്ആ അങ്ങാടിയായി ഉപയോഗിച്ചിരുന്നു. ഇരുവശത്തും കടകളും വീടുകളുമുണ്ടായിരുന്നു. ഇവക്കിടയിലൂടെയായിരുന്നു സഅ്യ് നടത്തിയിരുന്നത്. പള്ളിയുടെ വിപുലീകരണത്തിന്റെ ഭാഗമായി അങ്ങാടിയും വീടുകളും പൊളിച്ചുനീക്കി. അവക്ക് മുകളില്‍ പള്ളിയുടെ തന്നെ ഭാഗമായി രണ്ട് നില കെട്ടിടം പണിതു. ഇപ്പോള്‍ ഇരുനിലകളിലും സഅ്യ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒന്നാം നിലക്ക് 11.75 മീറ്റര്‍ ഉയരവും രണ്ടാം നിലക്ക് 8.5 മീറ്റര്‍ ഉയരവുമാണുള്ളത്. രണ്ട് നിലകളിലുമായി മസ്ആയുടെ ഇപ്പോഴത്തെ വിസ്തൃതി 15780 ച.മീറ്ററാണ്. സ്വഫക്കും മര്‍വക്കും ഇടയിലുള്ള സഅ്യിന് തിരക്ക് കുറക്കാന്‍ വണ്‍വേ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ട്രാക്കുകള്‍ക്കും ഇടയില്‍ രോഗികള്‍ക്കും മറ്റും സഅ്യിനുള്ള പ്രത്യേക സൗകര്യങ്ങളുമുണ്ട്. മസ്ആയില്‍ നിന്ന് പുറത്തുപോകാന്‍ 16 കവാടങ്ങളുണ്ട്. സഅ്യിനിടയില്‍ ഹറമിലേക്കുള്ള പോക്കുവരവ് തടസ്സപ്പെടാതിരിക്കാന്‍ ഏഴ് ഓവര്‍ ബ്രിഡ്ജുകളും എലവേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുകുന്നുകള്ക്കുമിടയില് (ബത്വ്നുല്‍ വാദി) ഹാജറ വേഗത്തിലോടിയ സ്ഥലത്ത് സഅ്യിനിടെ വേഗത്തില്‍ ഓടുക എന്നത് സുന്നത്താണ്. ഈ ഭാഗം തിരിച്ചറിയുന്നതിന്ന് പച്ചലൈറ്റുകള്‍ കൊണ്ട് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. 2010ന് ശേഷം നടന്ന വിപുലീകരണത്തിന്റെ ഭാഗമായി മസ്ആയുടെ വീതി കൂട്ടിയിട്ടുണ്ട്. സഅ്യ് ചെയ്യാന്‍ ഒരു നിലകൂടി സൗകര്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.