ഹജ്ജിനിടെ ഹാജിമാര്‍ ദുല്‍ഹജ്ജ് എട്ടിനും ദുല്‍ഹജ്ജ് പത്തിനും അയ്യാമുത്തശ്രീഖിനും രാത്രി താമസിക്കുന്ന സ്ഥലമാണ് മിന. ഹറമിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഏഴു കിലോമീറ്റര്‍ അകലത്തിലാണ് മിന. മക്കയില്‍ നിന്ന തുരങ്കം വഴി മിനയിലേക്ക് നാല് കിലോമീറ്റര്‍ ദൂരമാണുള്ളത്. രാപാര്‍ക്കലിന് പുറമേ ജംറയില്‍ കല്ലെറിയുന്നതും ബലിയറുക്കുന്നതും ഇവിടെതന്നെയാണ്. ബലിയറുക്കപ്പെടുന്ന മൃഗങ്ങളുടെ രക്തമൊഴുക്കപ്പെടുന്ന സ്ഥലമെന്ന അര്‍ത്ഥത്തിലാണ് ‘മനാ’ എന്ന പദത്തില്‍ നിന്നുള്ള മിനാ എന്ന പേര് ഈ സ്ഥലത്തിന് ഉപയോഗിക്കാന്‍ തുടങ്ങിയത്. ജനം ഒരുമിച്ചു കൂടുന്ന സ്ഥലമെന്ന അര്‍ത്ഥത്തിലും മിനയെന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഹറമിന്റെ പരിധിക്കുള്ളില്‍ വരുന്ന സ്ഥലമാണ് മിന. ഇവിടെവെച്ച് അല്ലാഹു അടിമകളുടെ പാപം കഴുകിക്കളഞ്ഞ് അവര്‍ക്ക് അനുഗ്രഹം(മന്ന) നല്കുന്നു. ഇതിനെ സൂചിപ്പിക്കുന്നതുമാകാം മിനയെന്ന പേര്. മിന തമ്പുകളുടെ താഴ്വരയാണ്.
ഇബ്റാഹിം നബി പുത്രന് ഇസ്മാഈലിനെ ബലിനല്കാന് കൊണ്ടുവന്ന സ്ഥലവും ഇബ്ലീസിനെ കല്ലെറിഞ്ഞ സ്ഥലവും മിനയാണ്. ഹജ്ജതുല് വദാഇല് പ്രവാചകന്(സ)ക്ക് സൂറത്തുന്നസ്വ്ര്‍ അവതരിച്ചതും രണ്ട് അഖബാ ഉടമ്പടികള്‍ നടന്നതും ഇവിടെ വെച്ചായിരുന്നു.