സൂര്യാസ്തമയത്തിനു ശേഷം ഹാജിമാര്‍ അറഫിയില്നിന്ന് സാവധാനത്തില്‍ മുസദലിഫയിലേക്ക് പോകുന്നു. അറഫയുടെയും മിനായുടെയും ഇടയിലുള്ള സ്ഥലമാണ് മുസ്ദലിഫ. വഴിയില്‍ ധാരാളം ദിക്റും ദുആയും നല്ലതാണ്. മഗ്രിബും ഇശായും മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് നമസ്കരിക്കേണ്ടത്. മഗ്രിബ് മൂന്നു റക്അത്തും ഇശാ രണ്ട് റക്അത്തുമാണ് നമസ്കരിക്കേണ്ടത്. ജംഉം ഖസ്വ്റും ആക്കണം. തുടര്‍ന്ന് പ്രഭാദം വരെ മുസ്ദലിഫയിലാണ് അന്ന് രാത്രി കഴിച്ചുകൂട്ടേണ്ടതാണ്. പ്രയാസമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രി മിനയിലേക്ക് പുറപ്പെടാവുന്നതാണ്.
പ്രവാചകന് ഇബനു അബ്ബാസിനെ തന്റെ കുടുംബത്തോടൊപ്പം ബലിദിവസം മിനയിലേക്ക് അയച്ചു. അവര്‍ ജംറയില്‍ ഫജ്ര്‍! സമയത്ത് എറിഞ്ഞു. ഇപ്രകാരം റിപ്പോര്‍ട്ടുണ്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ) ബലഹീനരുടെ കാര്യത്തില്‍ അവരെയും കൊണ്ട് ജമഇല്(മുസ്ദലിഫ)നിന്ന് രാത്രി പുറപ്പെടാന്‍ എന്നെ നിയോഗിക്കുകയുണ്ടായി (ബുഖാരി, മുസ്ലിം).
മുസ്ദലിഫയില്‍ രാപാര്‍ത്തവര്‍ സുബ്ഹി അതിന്റെ ആദ്യ സമയത്ത് നിര്‍വഹിച്ച ശേഷം ഖിബ്ലക്ക് നേരെ തിരിഞ്ഞ് ധാരാളം ദിക്റുകളും ദുആകളും നടത്തണം. നേരം പുലര്‍ന്ന ശേഷം സൂര്യന് ഉദിക്കുന്നതിന് മുമ്പായി മുസ്ദലിഫയില്‍ നിന്ന് മിനയിലേക്ക് പുറപ്പെടണം.
മുസ്ദലിഫയില്‍ നിന്നോ മിനയില്‍ നിന്നോ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ എടുക്കാവുന്നതാണ്. മിനയുടെയും മുസ്ദലിഫയുടെയും ഇടയിലുള്ള വാദി മുഹസ്സറിലെത്തിയാല് വേഗത്തില്‍ നടക്കല്‍ സുന്നത്താണ്.